ADVERTISEMENT

തെന്നിന്ത്യയിൽ ആദ്യമായി സിനിമയ്ക്കു വേണ്ടി കീബോർഡ് വായിച്ച സംഗീതജ്ഞൻ; എം.എസ്.വിശ്വനാഥന്റെ ഏറ്റവും പ്രിയപ്പെട്ട അക്കോർഡിയൻ പ്ലെയർ; പതിമൂവായിരത്തിലധികം പാട്ടുകൾക്കു വേണ്ടി കീബോർഡും അക്കോർഡിയനും വായിച്ച അതുല്യ പ്രതിഭ– ഈ വിശേഷണങ്ങളെല്ലാം സ്വന്തം പേരിനോടു ചേർത്തുവച്ച തൃശൂർക്കാരന്റെ പേരാണ് കെ.ജെ.ജോയ്. ഒരിക്കൽ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ഗാനരചയിതാവ് ബിച്ചു തിരുമല പറഞ്ഞു, "കെ.ജെ.ജോയ് ഒരു സ്വയം നിർമിത മനുഷ്യനാണ്. സ്വന്തം പ്രയത്നത്തിലൂടെ വളർന്നു വന്ന മ്യൂസിക് ഡയറക്ടർ!" 

ആദ്യം പഠിച്ചത് വയലിൻ ആയിരുന്നെങ്കിലും സ്വയം പഠിച്ചെടുത്ത അക്കോർഡിയനാണ് ജോയിക്ക് സിനിമയിൽ ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്. അതിനെക്കുറിച്ചുള്ള ജോയിയുടെ ഓർമ ഇങ്ങനെ: "അക്കോർഡിയൻ എന്നെ ആരും പഠിപ്പിച്ചതല്ല. റെക്കോർഡ് കേട്ട് തന്നെ പഠിച്ചെടുത്തതാണ്. അന്ന് അക്കോർഡിയൻ പഠിപ്പിച്ചു തരാൻ മാസ്റ്റർമാർ ഇല്ല. ജർമനി, ഓസ്ട്രിയ തുടങ്ങിയിടങ്ങളിലെ വലിയ പ്ലെയേഴ്സിന്റെ റോക്കോർ‍ഡ് വാങ്ങി അതു കേട്ടു വായിക്കാൻ ശ്രമിക്കും. ഒരു ഊഹം വച്ചാണ് പരിശീലനം."  

ആദ്യമായി കെ.ജെ.ജോയ് അക്കോർഡിയൻ വായിച്ചത് എം.എസ്.വിശ്വനാഥനു വേണ്ടിയായിരുന്നു. പക്ഷേ, ആ റെക്കോർഡിങ് സെഷൻ അദ്ദേഹത്തിന് സമ്മാനിച്ചത് നിരാശയും വാശിയുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. "ആദ്യത്തെ റെക്കോർഡിങ്ങിനു കഷ്ടപ്പെട്ടാണ് അക്കോർഡിയൻ വായിച്ചത്. ശാരദ സ്റ്റുഡിയോയിൽ 1967 ജൂലൈ 11നായിരുന്നു ആദ്യ റെക്കോർഡിങ്. അന്നെനിക്ക് 18 വയസാണ് പ്രായം. സ്വന്തമായി അക്കോർഡിയൻ ഇല്ല. വാടകയ്ക്ക് എടുത്താണ് എം.എസ്.വിശ്വനാഥനു വേണ്ടി വായിക്കാൻ പോകുന്നത്. നാലരക്കട്ട ശ്രുതിയായിരുന്നു. എനിക്കൊട്ടും തൃപ്തി തോന്നിയില്ല. കാശ് വാങ്ങാൻ ചെന്നപ്പോൾ സീനിയേഴ്സ് എന്നെ കളിയാക്കി. ഒരു മലയാളി വന്നിട്ടുണ്ട്. എൽ ബോർഡാണ്, എന്നു പറഞ്ഞായിരുന്നു പരിഹാസം. വലിയ വിഷമം തോന്നി. പക്ഷേ, അതായിരുന്നു എന്റെ സ്റ്റെപ്പിങ് സ്റ്റോൺ. ദിവസം അഞ്ചാറു മണിക്കൂർ പ്രാക്ടീസ് ചെയ്യുന്നത് ഞാൻ 12 മണിക്കൂറാക്കി. ആറു മാസത്തിൽ വലിയ മാറ്റമുണ്ടായി. അന്ന് അവർ കളിയാക്കിയതാണ് എന്റെ പിന്നീടുള്ള വിജയത്തിനു കാരണമായത്. " 

തെന്നിന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് കീബോർഡ് പരിചയപ്പെടുത്തത് കെ.ജെ.ജോയ് ആയിരുന്നു. ബോളിവുഡ് സംഗീതസംവിധായകരായ ശങ്കർ ജയ്കിഷനിൽ നിന്നാണ് ജോയ് കീബോർഡ് വാങ്ങുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ: "ബോംബെയിൽ നിന്ന് ശങ്കർ ജയ്കിഷൻ വന്നു. ഒരു എവിഎം പടത്തിനു വേണ്ടിയാണ് വന്നത്. അവരുടെ ഗ്രൂപ്പിൽ ഒരാൾ കീബോർഡ് വായിക്കുന്നതു ഞാൻ കണ്ടു. അതിശയത്തോടെയാണ് ഞങ്ങൾ അതു കണ്ടത്. ഇതു വിൽക്കുന്നുണ്ടോ എന്നു ഞാൻ ചോദിച്ചു. വിൽക്കുന്നുവെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് ഞാൻ അതു വാങ്ങുന്നത്. 20,000 രൂപയ്ക്കാണ് അന്നു ഞാൻ അതു വാങ്ങിയത്. 1969ലായിരുന്നു ഈ സംഭവം. അന്നെന്റെ കയ്യിൽ അത്രയും കാശില്ല. ഞാനെന്റെ കാർ പണയം വച്ചു. അന്നത്തെ 20,000 രൂപയ്ക്ക് മദ്രാസിൽ അരയേക്കർ സ്ഥലം വാങ്ങാം." 

മദ്രാസിൽ അരയേക്കർ സ്ഥലത്തിനു പകരം ആ പണം കൊടുത്ത് കെ.ജെ.ജോയ് വാങ്ങിയത് മലയാളികളുടെ മനസ്സിൽ എന്നന്നേക്കുമുള്ള ഒരിടമായിരുന്നു. സജീവമായ സംഗീതസപര്യയ്ക്ക് അകാലത്തിൽ വന്നെത്തിയ രോഗം വിരാമം ഇട്ടുവെങ്കിലും മലയാളികൾ അദ്ദേഹത്തിന്റെ പാട്ടുകൾ ഏറ്റെടുത്തു. ഏറ്റവും പുതിയ തലമുറയിലേക്കു പോലും അദ്ദേഹത്തിന്റെ സംഗീതം 'കണക്ട്' ആകുന്നതിൽ അദ്ദേഹത്തെ അറിയുന്നവർക്ക് അദ്ഭുതമില്ല. കാരണം, പ്രതിഭകൾ കാലത്തിനപ്പുറത്തേക്ക് യാത്ര ചെയ്യുന്നവരാണ്. കാലത്തിനു പോലും അവരുടെ പ്രതിഭയുടെ പ്രഭ ചോർത്താൻ കഴിയില്ല. 

English Summary:

Musical journey of KJ Joy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com