ADVERTISEMENT

മലയാള ചലച്ചിത്ര സംഗീത ലോകത്തെ ആദ്യ ടെക്നോ മ്യുസിഷ്യൻ കെ.ജെ.ജോയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് ചലച്ചിത്ര താരം മനോജ് കെ.ജയൻ. സംഗീതജ്ഞനായ അച്ഛൻ ജയനുമായി സഹോദര തുല്യമായ ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കെ.ജെ.ജോയെന്ന് അദ്ദേഹം ഒാർമിച്ചു. യൗവനത്തിൽ കെ.ജെ.ജോയുടെ പ്രണയ ഗാനങ്ങളുടെ ആരാധാകനായിരുന്നു താനെന്ന് മനോജ് കെ.ജയൻ ഒാർക്കുന്നു. 

‘എന്റെ കൗമാര, യൗവന കാലഘട്ടത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിട്ടുള്ള പാട്ടുകൾ ജോയേട്ട‌ന്റേതായിരുന്നു. പ്രത്യേകിച്ച് എൻ സ്വരം പൂവിടും ഗാനമേ, കസ്തൂരി മാൻമിഴി തുടങ്ങിയ ഗാനങ്ങളെല്ലാം അദ്ദേഹത്തിന്റെയാണല്ലോ.. അദ്ദേഹം തൊടുന്നതെല്ലാം ഹിറ്റുകളായിരുന്നു. അങ്ങനെയുള്ള ഒരു പ്രത്യേക സംഗീതസംവിധായകനായിരുന്നു അദ്ദേഹം. 

എന്റെ അച്ഛനും കൊച്ചച്ചനുമെല്ലാമായി വളരെ അടുപ്പമായിരുന്നു. ഞാൻ ഇപ്പോഴും ഒാർക്കുന്നുണ്ട്, അച്ഛന്റെ അച്ഛൻ മരിച്ച സമയത്ത് അച്ഛനും കൊച്ചച്ചനും മദ്രാസിൽ നിന്ന് എത്തിയപ്പോൾ കൂടെ കെ.ജെ.ജോയ് ചേട്ടനുമുണ്ടായിരുന്നു. മരണ വിവരമറിഞ്ഞ് അച്ഛന്റെയും കൊച്ചച്ചന്റെയും കൂടെ അദ്ദേഹവും കോട്ടയത്തെ ഞങ്ങളുടെ വീട്ടിലേക്കു വന്നു. അത്രയധികം അച്ഛനും കൊച്ചച്ചനുമായി മാനസികമായി അടുപ്പമുളള ആളായിരുന്നു. 

ഞാൻ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ വലിയ ആരാധകനാണ്. ഞാൻ ഇഷ്ടപ്പെടുന്ന പത്തുപ്രണയ ഗാനങ്ങളെടുത്താൽ അതിലൊന്ന് ജോയേട്ടന്റെ ആയിരിക്കും. പ്രണയ ഗാനങ്ങൾക്ക് അത്രയധികം പ്രാമുഖ്യം കൊടുത്ത് നല്ല രീതിയിൽ ചെയ്തിട്ടുള്ള ആളാണ് ജോയേട്ടൻ. അത്രയും മധുരതരമായ ഗാനങ്ങൾ ഇനിയാർക്കും തരാനാകില്ല. പ്രണയം മനസ്സിൽ നിറ‍ച്ചുനടക്കുന്നവർക്ക് അദ്ദേഹം എക്കാലത്തേക്കും ചെയ്തിട്ടുള്ള വലിയ സംഭാവനകളാണ് ഒരേ രാഗപല്ലവിയും കസ്തൂരി മാൻമിഴി പോലെയുമുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ.

ബോംബെ ബേസ്ഡ് സംഗീതം ശീലിച്ചുവന്ന ഒരാളാണ് അദ്ദേഹമെന്നാണ് ഞാൻ കരുതുന്നത്, അതുകൊണ്ട് പാശ്ചാത്യ ശൈലി അദ്ദേഹത്തിന്റെ ഗാനങ്ങളിൽ കാണാം. ദേവരാജൻ മാഷിന്റേതുപോലുള്ള തനിനാടൻ പാട്ടുകളായിരുന്നില്ല അദ്ദേഹത്തിന്റെത്. സലിൽ ദായും ഇദ്ദേഹവും വേറിട്ട് നിൽക്കും. ശ്യാം സാറിന്റെ പോലുള്ള ഒരു ഛായയിലുള്ള പാട്ടുകളാണ് ജോയേട്ടൻ ചെയ്തിട്ടുള്ളത്. എല്ലാം ഹിറ്റുകളായിരുന്നു. എന്റെ കാലത്ത് ഞാനൊക്കെ ഹൃദയത്തിലേറ്റിക്കൊണ്ട് നടന്ന സംഗീതകാരനാണ്. 

അദ്ദേഹത്തിന്റെ സംഗീതത്തെ താരതമ്യം ചെയ്യാൻ മറ്റൊരു സംഗീതസംവിധായകനില്ല. മനസ്സിലേക്കു പ്രണയത്തെ വലിച്ചിറക്കുന്ന പാട്ടുകൾ ചെയ്യാൻ ഇനി ഒരാൾ ഉണ്ടാകില്ല. അതുപോലെ നല്ല മനുഷ്യ സ്നേഹിയും. എന്റെ അച്ഛനോടൊക്കെ സഹോദര തുല്യമായ സ്നേഹമായിരുന്നു. അച്ഛന് വയ്യാതിരിക്കുകയാണ്. ഇക്കാര്യം ഇതുവരെയും പറഞ്ഞിട്ടില്ല. കുറച്ചുകഴിഞ്ഞ് പറയണം. 

അദ്ദേഹത്തിന് മദ്രാസിൽ മൈലാപ്പൂരിന് അടുത്ത് ഒരു വീടുണ്ട്. ആ വീട് ഷൂട്ടിങിന് കൊടുക്കാറുണ്ട്. ഒരിക്കൽ ശൃംഗാരം എന്ന ചിത്രത്തിന്റെ ഷൂട്ടിന് ഞാൻ അവിടെ പോയട്ടിണ്ട്. അന്ന് അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. കെ.ജെ.ജോയ് തിയറ്റർ എന്നുപറഞ്ഞാൽ ഒരു കാലത്ത് വളരെ പേരുകേട്ട തിയറ്ററാണ്. സർഗവും ചമയവും അടക്കമുള്ള സിനിമകൾ ഡബ്ബ് ചെയ്തത് അവിടെയാണ്. 90കളിൽ ഏത് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ഡബ്ബിങ് എവിടെയാണ് എന്നുചോദിച്ചാൽ ജോയ് തിയറ്ററിലാണെന്നാണ് പറയുക. അത്രമേൽ പേരായിരുന്നു ജോയ് തിയറ്ററിന്. അവിടെയും വച്ച് പല പ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. 

അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് വലിയൊരു നഷ്ടമാണ്. രാവിലെ മരണവാർത്ത കേട്ടപ്പോൾ വലിയ വിഷമമായി. പെട്ടന്ന് ഒാർമ വന്നത് അദ്ദേഹത്തിന്റെ പാട്ടുകളാണ്. അതാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ ഭാഗ്യം അതുതന്നെയാണ്. ചെയ്ത ഗാനങ്ങളുടെ പേരിൽ ഒാർമിക്കപ്പെടുക. ജോയേട്ടന്റെ വിയോഗത്തിൽ ഒരുപാട് ഒരുപാട് വിഷമമുണ്ട്. അദ്ദേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു’.

English Summary:

Manoj K. Jayan remembers KJ Joy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com