‘ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് 2 വയസ്സ്’; മകളുടെ പിറന്നാൾ ആഘോഷമാക്കി നിക്കും പ്രിയങ്കയും
Mail This Article
മകൾ മാൾട്ടി മേരിയുടെ രണ്ടാം പിറന്നാള്‍ ആഘോഷിച്ച് ഗായകന്‍ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള ഹൈനെക് ടോപ്പും പാന്റുമാണ് മാൾട്ടി അണിഞ്ഞിരിക്കുന്നത്. കിരീടമെന്നു തോന്നിപ്പിക്കും വിധത്തിലുള്ള ഹെയൽ ബാൻഡും ധരിച്ചിട്ടുണ്ട്. കൂളിങ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിലുള്ള മാൾട്ടിയുടെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു.
‘ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് 2 വയസ്സ് തികയുന്നു’ എന്ന അടിക്കുറിപ്പോടെ നിക് ജൊനാസ് ആണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ലൊസാഞ്ചലസിൽ വച്ചു നടത്തിയ പിറന്നാള്‍ പാർട്ടിയിൽ നിക്കിന്റെയും പ്രിയങ്കയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പാർട്ടിക്കിടെയുള്ള നിക്കിന്റെയും പ്രിയങ്കയുടെയും പ്രണയചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
2022 ജനുവരിയിലാണ് നിക് ജൊനാസിനും പ്രിയങ്ക ചോപ്രയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്. മകളുടെ ചിത്രങ്ങൾ താരദമ്പതികൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.