ADVERTISEMENT

ഭാനു; മംഗലശ്ശേരി നീലകണ്‌ഠന്റെ നെറുകയിൽ ഒരു പുണ്യതീർഥമായ് പെയ്‌തു വീണവൾ. നീലകണ്ഠന്റെ നീട്ടിവിളിത്തുമ്പത്ത് എന്നുമുണ്ടായിരുന്നു അവൾ. അയാൾ തൊടുത്തുവിട്ട പ്രണയത്തിലും, കലമ്പിത്തീരാത്ത കലഹത്തിലും നല്ലപാതിയായി അവൾ നിറഞ്ഞുനിന്നു. മംഗലശ്ശേരിയെന്ന ആൺപ്രതാപത്തിന്റെ നാലുകെട്ടിനകത്ത് വിളക്കായി തെളിഞ്ഞും എരിഞ്ഞുമടങ്ങിയവൾ.. ഇപ്പോൾ മംഗലശ്ശേരിയെന്ന ആ സ്നേഹവീട് ഉണ്ടായിരുന്നെങ്കിൽ, ഉമ്മറത്തെ ചാരുകസേരയില്‍ മുറ്റത്തെ ഇളവെയിലിലേക്കു നോക്കിയിരിക്കാൻ നീലകണ്ഠൻ ഉണ്ടായിരുന്നെങ്കിൽ ഭാനു ഇപ്പോഴും ആ കോലായിൽ വർത്തമാനത്തിന്റെ പൊതിയഴിച്ചും ഇടയ്ക്കെന്തിനോ കെറുവിച്ചും ഇരിക്കുന്നുണ്ടായിരിക്കും എന്നു കരുതാനാണ് എനിക്കിഷ്ടം. ചിലരങ്ങനെയല്ലേ... ഒടുവിൽ അവനെ പിരിഞ്ഞു പോകുമ്പോഴും ഒരു മണിച്ചിലങ്കയുടെ മൗനമായി മാറുകയായിരുന്നില്ലേ ഭാനു?

‘രാവണപ്രഭു’ എന്ന ചിത്രത്തിലെ  ഗിരീഷ് പുത്തഞ്ചേരിയുടെ ഈ വരികൾ കേൾക്കുമ്പോഴൊക്കെ എന്റെ കാതുകൾ സങ്കടപ്പെടാറുണ്ട്, നീലനെയോർത്ത്.... അസൂയപ്പെടാറുമുണ്ട് സുമംഗലിയായി മരണം വരിച്ച ഭാനുമതിയെയോർത്ത്.. ഭാനു യാത്രയാകുകയാണ് തനിയെ. അടിമുടിയുലഞ്ഞു തുള്ളിയൊരു കർക്കിടകത്തിലായിരുന്നു അവൾ യാത്രയായത്. ഒരു മുറിവാക്കിന്റെ മൗനം ബാക്കി നിർത്തി, പാതി വിടർന്ന ചുണ്ടിന്റെ പുഞ്ചിരിത്തുണ്ടുകളടർത്തി വീഴ്‌ത്തി, നീലന്റെ നെഞ്ചിൽ ഒരിക്കലും മായാത്തൊരു നൊമ്പരം കുത്തിയാഴ്‌ത്തി, അവളങ്ങു പോയി... അയാളെ ഒറ്റയ്‌ക്കാക്കി. ചുരുൾ വീണ കിടപ്പുവിരിയുടെ ചൂടു പറ്റി അവർക്കു രണ്ടു പേർക്കുമിടയിൽ നിന്ന മൂന്നാമതൊരാൾ‌.. മരണം ! നേരം കെട്ട നേരത്ത് ചുണ്ണാമ്പു ചോദിച്ചു വരാറുള്ള ചുടലയക്ഷിയെ പോലെ മരണം കാത്തുനിന്നതു നീലൻ അറിയാതെ പോയി. അതുവരെ അയാൾ നേടിയതും വെട്ടിപ്പിടിച്ചതും വെറുതെ... ഉഗ്രപ്രതാപിയായ മംഗലശ്ശേരി നീലകണ്‌ഠൻ വെറും നീലനായി മാറുന്ന അപൂർവ പരാജയ നിമിഷങ്ങളിലൊന്നായിരുന്നു അത്. പകലണയും മുമ്പേ നിഴലു പിണങ്ങിപ്പോകും പോലെ കൂടെ നടന്ന ഒരാൾ എന്നെന്നേക്കുമായ് കൈവിടുവിച്ചു പോകുന്നു.. 

അവളുടെ  മരണം അയാളെ വേദനിപ്പിക്കുകയല്ല, മറ്റൊരു മുറിവിനും കരയിപ്പിക്കാൻ കഴിയാത്ത വിധം മരവിപ്പിക്കുകയാണ് ചെയ്‌തത്. ഭാനുവിന്റെ മരണം ഏൽപ്പിച്ച മുറിവാഴത്തിൽ മുങ്ങിയമരാനുള്ളതേ ഉണ്ടായിരുന്നുള്ളു അയാൾ നടന്നു കീഴ്‌പ്പെടുത്തിയ ചങ്കുറപ്പിന്റെ ചെങ്കൊടുമുടികൾ. പ്രിയപാതിയുടെ വേർപാടിനെ ഇത്രമേൽ സങ്കടകരമായി വരച്ചുവച്ച മറ്റൊരു ഗാനചിത്രമുണ്ടാകാനിടയില്ല. യേശുദാസിന്റെ അതീവഹൃദ്യമായ ആലാപനം... സുരേഷ് പീറ്റേഴ്സിന്റെ സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ഓരോ കേൾവിയിലും നമ്മുടെ ഹൃദയത്തെ മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. . 

ഗാനം: ആകാശദീപങ്ങൾ സാക്ഷി

ചിത്രം: രാവണപ്രഭു

രചന: ഗിരീഷ് പുത്തഞ്ചേരി

സംഗീതം: സുരേഷ് പീറ്റേഴ്സ്

ആലാപനം: യേശുദാസ്

ആകാശദീപങ്ങൾ സാക്ഷി

ആഗ്നേയശൈലങ്ങൾ സാക്ഷി

അകമെരിയും ആരണ്യതീരങ്ങളിൽ

ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ

മറയുകയായ് നീയാം ജ്വാലാമുഖം (ആകാശ...)

 

ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ

പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ

തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ

സിന്ദൂരരേണുവായണിഞ്ഞിരുന്നൂ

മിഴികളിലൂറും ജപലയമണികൾ

കറുകകളണിയും കണിമഴമലരായ് 

വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ (ആകാശ...)

 

മനസ്സിൽ നീയെപ്പോഴും മന്ത്രാനുഭൂതിയാം

മഞ്ഞിന്റെ വൽക്കലം പുതച്ചിരുന്നൂ

തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും

ഒരു രുദ്രതാളമായ് ചേർന്നിരുന്നു

താണ്ഡവമാടും മനസ്സിലെയിരുളിൽ

ഓർമ്മകളെഴുതും തരള നിലാവേ

വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ (ആകാശ...)

English Summary:

Akashadeepangal Sakshi song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com