ADVERTISEMENT

സംഗീതജ്ഞൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണിയുടെ (47) അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന് തമിഴ് സിനിമ, സംഗീതലോകം. കമൽഹാസൻ, വടിവേലു, അനിരുദ്ധ് രവിചന്ദർ തുടങ്ങി നിരവധി പ്രമുഖരാണ് ഭവതാരിണിയുടെ വേർപാടിൽ അനുശോചനമറിയിച്ചത്. 

‘എന്റെ ഹൃദയം വേദനിക്കുന്നു. പ്രിയ സഹോദരൻ ഇളയരാജയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല. ഞാൻ അദ്ദേഹത്തിന്റെ കൈകൾ ചേർത്തു പിടിക്കുകയാണ്. ഭവതാരിണിയുടെ മരണം സഹിക്കാനോ അംഗീകരിക്കാനോ കഴിയില്ല. പക്ഷേ ഈ വലിയ നഷ്ടം അതിജിവിച്ചേ മതിയാകൂ. ഭവതാരിണിയുടെ കുടുംബത്തോട് എന്റെ അനുശോചനം രേഖപ്പെടുത്തുകയാണ്’, കമൽഹാസൻ എക്സിൽ കുറിച്ചു.  

‘നടുക്കവും ദുഃഖവും അനുഭവിക്കുന്നു. ശാന്തിയിൽ ലയിക്കൂ പ്രിയ ഭവതാരിണി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുന്നു’ എന്നാണ് അനിരുദ്ധ് രവിചന്ദറിന്റെ സമൂഹമാധ്യമ കുറിപ്പ്. ഗായകരായ സുജാത മോഹൻ, കെ.എസ്.ചിത്ര എന്നിവരും ഭവതാരിണിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. 

അർബുദ രാഗത്തെത്തുടർന്നു ചികിത്സയിൽ കഴിയവെ വ്യാഴം വൈകിട്ട് 5 മണിയോടെയാണ് ഭവതാരിണി വിടവാങ്ങിയത്. ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണ് ഏതാനും മാ‌സം മുൻപ് ശ്രീലങ്കയിലേക്കു പോയത്. ഭൗതികശരീരം ഇന്ന് ചെന്നൈയിലെത്തിക്കും. 

പിന്നണിഗാനശാഖയിലും സംഗീതസംവിധാനരംഗത്തും ഏറെ സജീവമായിരുന്നു ഭവതാരിണി. മലയാളത്തില്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ ‘കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍’, പൊന്മുടി പുഴയോരത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ഗാനങ്ങള്‍ ആലപിച്ചു. ആര്‍.ശബരിരാജ് ആണ് ഭര്‍ത്താവ്. അമ്മ: പരേതയായ ജീവാ രാജയ്യ. സംഗീതസംവിധായകരായ കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവർ സഹോദരങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com