ഒന്നായിരുന്നവരെ നാം രണ്ടായി മുറിച്ചു, പുരസ്കാരം കൊണ്ട് അവരെ മുറിപ്പെടുത്തുന്നതെന്തിന്? ബഹുമതി തഴയപ്പെടലാകുമ്പോൾ!
Mail This Article
ശ്രുതിയും താളവും പോലെ ഇഴ ചേർന്നിരുന്നവരായിരുന്നു അവർ. ഒന്നില്ലാതെ മറ്റൊന്നില്ലെന്നപോൽ സംഗീതത്താൽ ബന്ധിക്കപ്പെട്ടവർ. 1960 കൾ മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ, നീണ്ട മുപ്പത്തിയഞ്ചു വർഷം ബോളിവുഡിൽ ഹിറ്റുകൾക്കു പിന്നാലെ ഹിറ്റുകൾ തീർത്ത കൂട്ടുകെട്ട്; ലക്ഷ്മീകാന്ത്–പ്യാരേലാൽ. മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്കറിന്റെയും മുകേഷ് കുമാറിന്റെയും ആശാ ഭോസ്‌ലെയുടെയുമെല്ലാം ശബ്ദത്തിൽ ലക്ഷ്മീകാന്ത്–പ്യാരേലാലിന്റെ സംഗീതം പെയ്തിറങ്ങുമ്പോൾ സിനിമാ കൊട്ടകകൾ നിറഞ്ഞുകവിയാറുണ്ടായിരുന്നു. അയ്യായിരത്തിലേറെ പാട്ടുകളാണ് ഇരുവരും ചേർന്നൊരുക്കിയത്. ഇരുകണ്ണുകൾ പോലെ ഇന്ത്യൻ സംഗീതത്തിനു പ്രിയപ്പെട്ടവർ.
ആ സംഗീതദ്വയത്തെ ഒരു പുരസ്കാരത്തിലൂടെ പിരിക്കാൻ നമുക്കെങ്ങനെയാണ് കഴിയുക? രാജ്യത്തെ ഉന്നതപുരസ്കാരമായ പത്മഭൂഷൺ നൽകി പ്യാരേലാലിനെ ആദരിക്കുമ്പോൾ ലക്ഷ്മീകാന്തിനെ വിസ്മരിച്ചുപോയെതെങ്ങനെയാണ്? നേരത്തേ മരണം കവർന്നുവെന്നതിനാൽ മാത്രം ലക്ഷ്മീകാന്തിനെ പ്യാരേലാലിൽനിന്നു നമ്മളെങ്ങനെയാണ് മാറ്റിനിർത്തുക? ലക്ഷ്മീകാന്തിനെ മറന്നുകൊണ്ട് പ്യാരേലാലിനെ മാത്രം ആദരിച്ചാൽ അതെങ്ങനെയാണ് സമ്പൂർണമാകുക?
പുരസ്കാരത്താൽ മുറിവേറ്റവർ
‘‘സംഗീതത്തിലും വ്യക്തിജീവിതത്തിലും പിരിക്കാനാകാത്തവിധം ഒന്നായിരുന്നു അവർ. എൽ–പിയെന്ന സംഗീതദ്വയമായി ഹിന്ദി സിനിമ അവരെ ആഘോഷിച്ചു. എന്നാൽ ഇക്കൊല്ലത്തെ പത്മഭൂഷൺ പ്രഖ്യാപനം അറിഞ്ഞോ അറിയാതെയോ വിഖ്യാതമായ എൽ–പി കൂട്ടുകെട്ടിനെ തകർത്തുകളഞ്ഞു’’ - കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ ലക്ഷ്മീകാന്തിന്റെ ഭാര്യ ജയാ കുഡാൽക്കർ പറയുന്നു. പ്യാരേലാലിനു കിട്ടിയ അംഗീകാരത്തിൽ പൂർണ സന്തോഷമെങ്കിലും, മരിച്ചുപോയതുകൊണ്ടു മാത്രം ലക്ഷ്മീകാന്ത് അവഗണിക്കപ്പെട്ടതിലെ സങ്കടമാണ് കുടുംബാംഗങ്ങൾ പങ്കുവയ്ക്കുന്നത്. മരണാന്തര ബഹുമതിയായി ലക്ഷ്മീകാന്തിനു പത്മഭൂഷൺ നൽകി ഈ സങ്കടത്തിനു പരിഹാരം കാണണമെന്ന് അവരാവശ്യപ്പെടുന്നു. ബോളിവുഡിലെ പേരുകേട്ട മറ്റൊരു സംഗീതദ്വയമായ ശങ്കർ–ജയ് കിഷന് 1968 ൽ ഒന്നിച്ചാണ് പത്മശ്രീ നൽകിയത്. ഇത്തരം ഉദാഹരണങ്ങൾ മുന്നിലുള്ളപ്പോഴാണ് ലക്ഷ്മീകാന്ത്–പ്യാരേലാലിനെ രണ്ടാക്കി മുറിച്ച് ഒരാളെ മാത്രം ആദരിച്ചത്.
സംഗീതം ലക്ഷ്മീകാന്ത്–പ്യാരേലാൽ എന്ന് ആകാശവാണിയിലെ അനൗൺസ്മെന്റ് കേൾക്കുമ്പോഴും സിനിമാ കൊട്ടകകളിൽ പേരെഴുതി കാണിക്കുമ്പോഴുമെല്ലാം അത് ഒരാളുടെ പേരാണെന്നു കരുതിയിരുന്ന, ഇപ്പോഴും കരുതുന്ന എത്രയോ പേരുണ്ട്. അവരിലൊരാളെ മറന്ന് മറ്റൊരാളെ മാത്രം കാണുന്നത് അജ്ഞതയെന്നേ പറയാനാകൂ.
ഒരു സൗഹൃദം ജനിക്കുന്നു
ബാല്യം വിട്ടുമാറും മുൻപാണ് ലക്ഷ്മീകാന്തും പ്യാരേലാലും സുഹൃത്തുക്കളാകുന്നത്. 1937 ൽ മുംബൈയിൽ ജനിച്ച ലക്ഷ്മീകാന്തിന് ജനനം മുതൽ പട്ടിണിയായിരുന്നു കൂട്ട്. സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ലക്ഷ്മീകാന്തിനെ മാൻഡലിൻ വാദനം പഠിക്കാനയച്ചത് അച്ഛന്റെ സുഹൃത്താണ്. ഹുസൈൻ അലിയും പിന്നീട് ബാൽ മുകുന്ദ് ഇന്ദുർക്കറുമായിരുന്നു ഗുരുക്കന്മാർ. 1940 ലായിരുന്നു പ്യാരേലാലിന്റെ ജനനം. അച്ഛൻ സംഗീതജ്ഞനായ പണ്ഡിറ്റ് രാമപ്രസാദ് ശർമ. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ സംഗീതത്തോടടുത്തു. ഗോവയിലെ പ്രശസ്ത സംഗീതജ്ഞൻ ആന്റണി ഗോൺസാൽവസിനു കീഴിൽ വയലിൻ പരിശീലനത്തിനു ഭാഗ്യം കിട്ടിയിരുന്നു ചെറുപ്പത്തിൽ പ്യാരേലാലിന്. എന്നാൽ നല്ല നാളുകൾ അധികം നീണ്ടില്ല. കുടുംബം സാമ്പത്തികമായി തകർന്നതോടെ അടുത്തുള്ള സ്റ്റുഡിയോകളിൽ വയലിൻ വായിക്കാൻ പോയിത്തുടങ്ങി.
മറുവശത്ത്, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന കാലത്ത് ലക്ഷ്മീകാന്ത് സിനിമകളിൽ ചെറുവേഷങ്ങൾ അഭിനയിക്കുകയും സംഗീതപരിപാടികളിൽ മാൻഡലിൻ വായിക്കാൻ പോകുകയും ചെയ്തിരുന്നു. പ്രശസ്ത സംഗീതസംവിധായകരായ ഹുസ്ന്ലാൽ–ഭഗത്റാമിന്‌റെ സിനിമാ ഓർക്കസ്ട്രയിൽ പതിവായി മാൻഡലിൻ വായിച്ചിരുന്നു ലക്ഷ്മീകാന്ത്. ചെറുപ്രായത്തിൽത്തന്നെ ഓർക്കസ്ട്രയിലിടം പിടിച്ച പയ്യനോട് വാത്സല്യം തോന്നിയ ഹുസ്നുലാൽ അവനെ വയലിൻ വായിക്കാനും പഠിപ്പിച്ചു. ലക്ഷ്മീകാന്തിൻറെ മാൻഡലിൻ പാടവമറിഞ്ഞതോടെ മറ്റ് ഓർക്കസ്ട്രകളിൽനിന്നും ക്ഷണം ലഭിച്ചു തുടങ്ങി. മുതിർന്നവരുടെ ഓർക്കസ്ട്രയിലെ ഒരേയൊരു കുട്ടിക്ക് മൈക്കിനൊപ്പം ഉയരമില്ലാത്ത കാരണത്താൽ അന്നെല്ലാം ഉയരമുള്ള കസേരയിട്ടാണ് ലക്ഷ്മീകാന്തിനെ മാൻഡലിൻ വായിക്കാൻ ഇരുത്തിയിരുന്നത്. സി. രാമചന്ദ്ര, ഹേമന്ത് കുമാർ, ഒ.പി.നയ്യാർ, എസ്.ഡി.ബർമൻ, ശങ്കർ–ജയ് കിഷൻ തുടങ്ങിയ പ്രമുഖർക്കായും ലക്ഷ്മീകാന്ത് മാൻഡലിൻ വായിച്ചു.
ഇതിനിടെ പ്യാരേലാലും റെക്കോഡിങ്ങുകളിൽ വയലിൻ വായിച്ചു തുടങ്ങിയിരുന്നു. 1952 ൽ മുംബൈയിലെ ഫെയ്മസ് സ്റ്റുഡിയോയില്‍ റെക്കോഡിങ് നടക്കുന്നതിനിടെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ ഒരു കൂട്ടം കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടെത്തിയ ലക്ഷ്മീകാന്ത് താനും കളിക്കാൻ കൂടട്ടെയെന്ന് അവരോടു ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്തു. ആ കൂട്ടത്തിലൊരാൾ പ്യാരേലാലായിരുന്നു. കളി കഴിഞ്ഞപ്പോഴേക്കും ഇരുവരും കൂട്ടുകാരായിരുന്നു. അപൂർമായൊരു സൗഹൃദം തുടങ്ങുകയായിരുന്നു അവിടെ. പിന്നീട് ലതാ മങ്കേഷ്കറിന്റെ കുടുംബം നടത്തിയിരുന്ന സുരീൽ കലാകേന്ദ്രയിൽ ഇരുവരും പ്രവേശനം നേടി. അന്ന് ലക്ഷ്മീകാന്തിന് പ്രായം 12. പ്യാരേലാലിന് ഒമ്പതും.
ഹിറ്റുകളുടെ കൂട്ടുകാർ
ഈണങ്ങൾ പരസ്പരം പങ്കുവച്ചും പാടിയും സംഗീതലോകത്തു വളരാൻ ചിറകു തേടിക്കൊണ്ടിരുന്ന കാലം. ഇരുവരുടെയും അവസ്ഥയും കഴിവും അറിയാമായിരുന്ന ലതാ മങ്കേഷ്കർ പല സംവിധായകരെയും പരിചയപ്പെടുത്തി. പക്ഷേ അവസരങ്ങൾ കുറവായിരുന്നു. പലതും കൈയെത്തുംദൂരെവച്ച് കൈവിട്ടുപോയി. അവസരങ്ങൾക്കായി മദ്രാസിലേക്ക് വണ്ടികയറിയെങ്കിലും താമസിയാതെ മുംബൈ തിരികെവിളിച്ചു. അതിനിടെ വിയന്നയിലെ സിംഫണി ഓർക്കസ്ട്രയിലേക്ക് പ്യാരേലാലിന് ക്ഷണം ലഭിച്ചിരുന്നു. പക്ഷേ ചങ്ങാതിയെ വിട്ടുപോകാൻ പ്യാരേലാൽ ഒരുക്കമായിരുന്നില്ല.
ഒടുവിൽ, ലക്ഷ്മീകാന്തിന് ഇരുപത്തിയാറും പ്യാരേലാലിന് ഇരുപത്തിമൂന്നും വയസ്സുള്ളപ്പോൾ, സ്വതന്ത്ര സംഗീത സംവിധാനത്തിനുള്ള വാതിൽ തുറക്കപ്പെട്ടു; 1963 ൽ പരസ്മണി എന്ന ചിത്രത്തിലൂടെ. അതിലെ ‘ഹസ്താ ഹുവാ നൂറാനി ചെഹ് രാ’, ‘വോ ജബ് യാദ് ആയേ’, ‘മേരേ ദിൽ മേ ഹസി സി’ തുടങ്ങിയ ഗാനങ്ങൾ വൻഹിറ്റുകളായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഇരുവർക്കും. എൽ–പി എന്ന ചുരുക്കപ്പേരിൽ അവർ ബോളിവുഡ് വാണു. സംഗീതത്തിൽ ലക്ഷ്മീകാന്തും മ്യൂസിക് അറേഞ്ച്മെന്റിൽ പ്യാരേലാലും എന്നായിരുന്നു സമവാക്യം. 1998 ൽ ലക്ഷ്മീകാന്തിന്റെ മരണംവരെ അത് തുടർന്നു.
പ്രാണനെ മറക്കുവതെങ്ങനെ
ലക്ഷ്മീകാന്തിന്റെ മരണം പ്യാരേലാലിനെ വല്ലാതെ ഉലച്ചിരുന്നു. കാലങ്ങൾക്കുശേഷം തനിച്ച് ഏതാനും പാട്ടുകൾക്ക് സംഗീതമൊരുക്കിയെങ്കിലും മ്യൂസിക് അറേഞ്ചർ എന്ന രീതിയിലായിരുന്നു കൂടുതൽ കാലവും പ്രവർത്തനം. ഈണം നൽകിയ പാട്ടുകൾക്കെല്ലാം ലക്ഷ്മീകാന്ത്–പ്യാരേലാലെന്നു പേരുവയ്ക്കാൻ അദ്ദേഹം മറന്നില്ല. മരിച്ചാലും മറക്കുന്നതെങ്ങനെ ജീവനൊപ്പം ചേർന്ന സുഹൃത്തിനെ!