‘വൈ ദിസ് കൊലവെറി’ എന്റെ ചിത്രത്തെ തകർത്തു, ചിലർ വളർന്നു; ധനുഷിനും അനിരുദ്ധിനുമെതിരെ ഒളിയമ്പെറിഞ്ഞ് ഐശ്വര്യ
Mail This Article
‘വൈ ദിസ് കൊലവെറി ഡി’ എന്ന പാട്ട് ഹിറ്റായത് തന്റെ ആദ്യ ചിത്രമായ ‘3’യുടെ വിജയത്തെ ദോഷകരമായി ബാധിച്ചെന്നു വെളിപ്പെടുത്തി ഐശ്വര്യ രജനികാന്ത്. അടുത്തിടെ പുതിയ ചിത്രമായ ലാൽ സലാമിന്റെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ തുറന്നുപറച്ചിൽ. പാട്ടിന്റെ വിജയം തന്നിൽ വലിയ ആശങ്കയും സമ്മർദവുമുണ്ടാക്കിയെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ സ്വീകാര്യത പാട്ടിനു ലഭിച്ചത് തന്റെ സിനിമയ്ക്കു തിരിച്ചടിയായെന്നും ഐശ്വര്യ കുറ്റപ്പെടുത്തി.
‘വൈ ദിസ് കൊലവെറിയുടെ അപ്രതീക്ഷിത വിജയം എന്നിൽ വലിയ ഞെട്ടലുണ്ടാക്കി. അത് വലിയ സമ്മര്‍ദവും ആശങ്കയുമാണ് എനിക്കു സമ്മാനിച്ചത്. സിനിമയിലൂടെ വേറിട്ട കഥ പറയാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ ആ പാട്ട് സിനിമയെ വിഴുങ്ങിക്കളഞ്ഞു. പാട്ടിനു ലഭിച്ച വലിയ സ്വീകാര്യത അംഗീകരിക്കാൻ എനിക്കു പ്രയാസമായിരുന്നു. ഈ ഗാനം സിനിമയെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. പലരുടെയും വ്യക്തിഗത കരിയറിനെ അത് സഹായിച്ചിട്ടുണ്ടെങ്കിൽ ഞാനതിൽ സന്തോഷിക്കുന്നു.
വളരെ ഗൗരവമേറിയ വിഷയമാണ് ഞാൻ സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ അധികമാരും ആ കഥയെക്കുറിച്ചു ചർച്ച ചെയ്തില്ല. എല്ലാവരും പാട്ട് മാത്രമാണ് ഏറ്റെടുത്തത്, അതിനെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്. എന്നാൽ ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടിവിയിൽ വരുമ്പോഴും നിരവധി പേർ എന്നെ ഫോണിൽ വിളിച്ചു സംസാരിക്കാറുണ്ട്’, ഐശ്വര്യ രജനികാന്ത് പറഞ്ഞു.
2012ലാണ് ധനുഷ് നായകനായെത്തിയ ‘3’ റിലീസ് ചെയ്തത്. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. ‘വൈ ദിസ് കൊലവെറി ഡി’ രാജ്യമാകെ തരംഗമായതോട തെന്നിന്ത്യയിലെ തിരക്കുള്ള സംഗീതജ്ഞനായി അനിരുദ്ധ് അതിവേഗം വളർന്നു. പാട്ട് ആൽബമായി പുറത്തിറക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ ഈണം ലീക്ക് ആയതോടെ ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും അടുത്തിടെ അനിരുദ്ധ് വെളിപ്പെടുത്തിയിരുന്നു. ധനുഷ് തന്നെയാണ് ‘വൈ ദിസ് കൊലവെറി’ക്കു വേണ്ടി വരികൾ കുറിച്ചതും ആലപിച്ചതും.
‘എന്തിനാണ് പെണ്ണേ നിനക്ക് എന്നോട് ഇത്ര ദേഷ്യം’ എന്നാണ് വരികൾ അർഥമാക്കുന്നതെങ്കിലും വായിക്കുമ്പോൾ പല വ്യാഖ്യാനങ്ങൾ ഉണ്ടായേക്കാം. എന്നാൽ പാട്ടിൽ അത് ഗൗരവമായി എടുക്കേണ്ട സംഗതി ആയിരുന്നില്ല. അതുകൊണ്ടു തന്നെ ‘വൈ ദിസ് കൊലവെറി’ പുറത്തു വന്നപ്പോൾ കേട്ടവരെല്ലാം അതേറ്റെടുത്തു.
അനിരുദ്ധ് രവിചന്ദർ ആദ്യമായി ഈണമിട്ട ഈ ഗാനം കോടിക്കണക്കിനു പേരുടെ ഹൃദയമാണു കവർന്നത്. ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നുവെങ്കിലും, ഏറെക്കാലത്തിനു ശേഷവും ഇന്ത്യ മുഴുവൻ ഒരുമിച്ചു പാടിയ പാട്ടായിരുന്നു ‘കൊലവെറി’. ദേശാന്തര വ്യത്യാസമില്ലാതെ ആളുകളുടെ സംഭാഷണങ്ങളിൽ ‘കൊലവെറി’ എന്ന വാക്ക് സുപരിചിതമായി.
ഇപ്പോൾ പാട്ടിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഐശ്വര്യ രജനികാന്തിന്റെ വാക്കുകൾ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. പാട്ട് ചിലരുടെ കരിയർ വളർച്ചയ്ക്കു സഹായിച്ചു എന്ന ഐശ്വര്യയുടെ വെളിപ്പെടുത്തൽ, ധനുഷിനെയും അനിരുദ്ധിനെയും കുറിച്ചുള്ള പരോക്ഷ വിമർശനമാണെന്ന തരത്തിലാണ് ചർച്ചകൾ സജീവമാകുന്നത്.