ഗുൽസാറുണ്ട് നമുക്കൊപ്പം, കേട്ട് മതിവരാത്ത ആ ഗാനവും; മറക്കുവതെങ്ങനെ ലതാജീയുടെ ആത്മഗീതം?
Mail This Article
"പേരും മുഖവും ഓർമയിൽ നിന്നു മാഞ്ഞുപോയാലും ശബ്ദത്തിലൂടെ നിങ്ങൾക്കെന്നെ തിരിച്ചറിയാം; ഓർക്കാൻ ആഗ്രഹമുണ്ടെങ്കിൽ'' എന്ന് ഗുൽസാർ എഴുതിയത് "കിനാര"യിൽ ഹേമമാലിനി അവതരിപ്പിച്ച ആർതി സന്യാൽ എന്ന കഥാപാത്രത്തിനു വേണ്ടി.
കാലം ലതാ മങ്കേഷ്കറുടെ ആത്മഗീതമാക്കി മാറ്റിയെടുത്തു ആ വരികളെ. രണ്ടു വർഷം മുൻപ് ശിവാജി പാർക്കിൽ ലതാജിയുടെ ഭൗതികശരീരത്തെ അഗ്നിജ്വാലകൾ ആവാഹിക്കുമ്പോൾ പശ്ചാത്തലത്തിൽ ആ പാട്ടുണ്ടായിരുന്നു.... അശരീരി പോലെ.
"നാം ഗും ജായേഗാ ചെഹരാ യേ ബദൽ ജായേഗാ മേരി ആവാസ് ഹി പെഹചാൻ ഹേ ഗർ യാദ് രഹേ...''
ശരിക്കും കണ്ണ് നിറഞ്ഞുപോയി ആ നിമിഷങ്ങളിൽ ആ പാട്ട് കേട്ടപ്പോൾ. എൺപതു വർഷം ഹൃദയത്തിൽ കൊണ്ടുനടന്ന ശബ്ദത്തെ ഇതിലും മനോഹരമായി അടയാളപ്പെടുത്താനാകുമോ മറ്റൊരു കവിതയ്ക്ക്?
"വഖ്ത് കെ സിതം ക്യാ ഹസീ നഹി, ആജ് ഹേ യഹാം കൽ കഹീ നഹി, വക്ത് സേ പരേ അഗർ മിൽ ഗയേ കഹി, മേരി ആവാസ് ഹി പെഹചാൻ ഹേ ഗർ യാദ് രഹേ...'' കാലാതീതമായ ഏതോ ഭൂമികയിൽ വച്ച് ഇനിയും നമ്മൾ കണ്ടുമുട്ടിയേക്കാം, അപ്പോഴും താൻ തിരിച്ചറിയപ്പെടുക ഈ ശബ്ദത്തിലൂടെയാവുമെന്ന് വീണ്ടും വീണ്ടും നമ്മുടെ കാതുകളിൽ മന്ത്രിക്കുന്നു ലതാജി.
ശരിയല്ലേ? നമുക്കോരോരുത്തർക്കും തോന്നും ഗുൽസാർ ആ വരികൾ കുറിച്ചത് നമുക്കു വേണ്ടി മാത്രമാണെന്ന്. രാഹുൽ ദേവ് ബർമന്റെ സംഗീതവും ലത-ഭൂപീന്ദർ കൂട്ടുകെട്ടിന്റെ പ്രണയാർദ്രമായ ആലാപനവും ചേർന്നു സൃഷ്ടിക്കുന്ന മായാജാലം.
മധ്യപ്രദേശിലെ വിഖ്യാത വിനോദസഞ്ചാരകേന്ദ്രമായ മാണ്ഡുവിലെ ചരിത്രമുറങ്ങുന്ന കോട്ടയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഗുൽസാർ എഴുതിയ പാട്ടാണ് "നാം ഗും ജായേഗാ''. ഐതിഹ്യങ്ങളിലെ ഇടയകന്യകയായ രൂപ്മതിയും മാണ്ഡു രാജാവ് ബാജ് ബഹാദുറും തമ്മിലുള്ള ദുരന്ത പ്രണയത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന കോട്ടകൊത്തളങ്ങൾ നല്ലൊരു പ്രണയഗാന രംഗത്തിന് അനുയോജ്യമായ പശ്ചാത്തലമൊരുക്കും എന്ന് വിശ്വസിച്ചു ഗുൽസാർ. ഹേമമാലിനിയുടെ ആർതി സന്യാലും ജിതേന്ദ്രയുടെ ഇന്ദറും ലതയുടെയും ഭുപീന്ദറിന്റെയും ശബ്ദങ്ങളിൽ ഒരുമിച്ചൊന്നായി ഒഴുകുമ്പോൾ ഏത് കാമുകീകാമുക ഹൃദയങ്ങളാണ് തരളമാകാതിരിക്കുക?
അധികം യുഗ്മഗാനങ്ങൾ പടിയിട്ടില്ല ലതാജിയും ഭുപിന്ദറും. പക്ഷേ പാടിയ പാട്ടുകളെല്ലാം പവൻ മാർക്ക്. ലതാജിക്ക് ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്ത "ബീത്തി നാ ബിതായേ രേനാ'' (പരിചയ്), "മൗസ''മിലെ ദിൽ ഡൂണ്ട്താ ഹേ (ഡ്യുയറ്റ് വേർഷൻ) എന്നിവ ഉദാഹരണങ്ങൾ. രണ്ടും ഗുൽസാറിന്റെ രചനകൾ. എങ്കിലും "നാം ഗും ജായേഗാ''യുടെ ചാരുത ഒന്നുവേറെ.
പകൽ സന്ധ്യയ്ക്കു വഴിമാറുമ്പോൾ, രാത്രി ഏറെ അകലെയല്ല എന്നറിയുന്നു നാം - "ദിൻ ഡലേ ജഹാം, രാത് പാസ് ഹോ, സിന്ദഗി കി ലോവ് ഊഞ്ഛീ കർ ചലോ, യാദ് ആയേ ഗർ കഭീ, ജീ ഉദാസ് ഹോ...'' ജീവിതത്തിലെ വെളിച്ചം കൊണ്ട് വേണം വരാൻ പോകുന്ന ഇരുളിനെ നിഷ്പ്രഭമാക്കാൻ. വേദനയുളവാക്കുന്ന കാര്യങ്ങൾ എന്തിനോർക്കണം?
ആർ.ഡി.ബർമൻ പോയി, പിന്നാലെ ഭുപീന്ദറും ലതയും. എങ്കിലും ഗുൽസാറുണ്ട് നമുക്കൊപ്പം. കേട്ട് മതിവരാത്ത ഈ ഗാനവും....