ADVERTISEMENT

സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെ ജനകീയനായ ഗായകനാണ് ജീവൻ പത്മകുമാർ. ‘രസാത്തി എൻ ഉസുരു’ എന്ന എ.ആർ.റഹ്മാൻ ഗാനം ആലപിച്ച് ജീവൻ സമൂഹമാധ്യമലോകത്ത് താരമായി. നിരവധി ആരാധകരുമുണ്ട് ഈ യുവഗായകന്. അഞ്ച് വയസ്സുമുതൽ കർണാട്ടിക് സംഗീതം അഭ്യസിച്ചു തുടങ്ങിയ ജീവൻ, ബയോടെക്നോളജിയിൽ ബിരുദവും ഹെൽത്ത് കെയറിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ശേഷം, തന്റെ മേഖല സംഗീതമാണെന്ന‍ു തിരിച്ചറിഞ്ഞ് കലാരംഗത്ത് സജീവമാവുകയായിരുന്നു. മഴവിൽ മനോരമയിലെ ഇന്ത്യൻ വോയ്‌സ് സീസൺ ടൂവിലെ സെക്കന്റ് റണ്ണർ അപ്പ് ആയിരുന്നു ജീവൻ. യുഗപുരുഷൻ, മഹാവീര്യർ, സലാല മൊബൈൽസ് തുടങ്ങിയ ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുമുണ്ട്. പാട്ടുവിശേഷം ജീവൻ പത്മകുമാർ മനോരമ ഓൺലൈനിനോടു പങ്കുവച്ചതിങ്ങനെ:

‘അച്ഛന് പാട്ട് വളരെയധികം ഇഷ്ടമായിരുന്നു. അച്ഛൻ എപ്പോഴും പാട്ടുകേൾക്കും. ഒരുപാട് പാട്ടുകളുടെ ശേഖരവുമുണ്ട് അച്ഛന്. അങ്ങനെയാണ് എനിക്ക് സംഗീതത്തിൽ താൽപര്യം തോന്നിത്തുടങ്ങിയത്. ആ സമയത്ത് വാഴമുട്ടം ചന്ദ്രബാബു സാറിന്റെ അടുത്ത് കർണാട്ടിക് സംഗീതം പഠിക്കാൻ പോയി. എട്ടു വർഷത്തോളം കർണാട്ടിക് പഠിച്ചു. സ്കൂൾ കാലത്ത് മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. ഡിഗ്രിക്കു ചേർന്നപ്പോൾ സംഗീതത്തിൽ ഇടവേള എടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബയോടെക്നോളജി ആണ് പഠിച്ചത്. പോസ്റ്റ് ഗ്രാജുവേഷനും ചെയ്തു. 

Read Also: ബക്കറ്റിലും പാട്ടയിലും സ്ട്രിങ്സ് വച്ച് പോറ്റി തീം മ്യൂസിക്; ചില്ലറക്കാരനല്ല ഭ്രമയുഗത്തിന്റെ സംഗീതജ്ഞൻ

ഡിഗ്രി കഴിഞ്ഞപ്പോഴാണ് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തത്. പല ചാനലുകളിലെയും മത്സരവേദികളിൽ പാടി. അതിനുശേഷമാണ് പാട്ടിനെ കുറച്ചുകൂടി ഗൗരവമായെടുത്ത് സ്റ്റേജ് ഷോകളൊക്കെ ചെയ്തു തുടങ്ങിയത്. പിന്നീട് സിനിമകളിൽ പാടാനും അവസരം ലഭിച്ചു. മമ്മൂക്ക അഭിനയിച്ച യുഗപുരുഷൻ എന്ന സിനിമയിൽ മോഹൻ സിതാര സാറിന്റെ സംഗീതത്തിൽ യേശുദാസ് സാറിന്റെ കൂടെ ഒരു പാട്ട് പാടി. പിന്നെ എട്ടു ദിക്കും മദയാനൈ എന്ന തമിഴ് സിനിമയിലും പാടി. എസ്.രമേശൻ നായർ സാറിന്റെ മകൻ മനു രമേശൻ ആണ് സംഗീതം ചെയ്തത്. പിന്നെ സലാല മൊബൈൽസ്, മഹാവീര്യർ എന്നീ ചിത്രങ്ങളിലും പാട്ട് പാടാൻ അവസരം ലഭിച്ചു. 

ചാനൽ റിയാലിറ്റി ഷോ വേദിയിൽ പാടിയ ‘രാസാത്തി’ എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ആ പാട്ട് കണ്ടു. തുടർന്ന് സോഷ്യൽ മീഡിയ ഫേസ് ഓഫ് ദ് ഇയർ അവാർഡ് ലഭിച്ചു. പാട്ട് കേട്ട് നിരവധി പേർ വിളിച്ചു പ്രശംസിച്ചു. പുരസ്കാരം കൂടെ കിട്ടിയപ്പോൾ ഇരട്ടി മധുരം. സംഗീതപരിപാടികളുമായി ഞാ‍ന്‍ വേദികളിൽ ഏറെ സജീവമാണിപ്പോൾ. കേരളത്തിൽ തന്നെ വിവിധയിടങ്ങളിലായി പരിപാടികൾ അവതരിപ്പിക്കുന്നു. സിനിമകളിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് തിരുവല്ലം ആണ് എന്റെ സ്വദേശം. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. സംഗീതത്തിൽ എനിക്കു പൂർണപിന്തുണയുമായി അവരെല്ലാം ഒപ്പമുണ്ട്.

English Summary:

Interview with singer Jeevan Padmakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com