ADVERTISEMENT

പരസ്പരം കണ്ടിട്ടില്ലാത്ത 60 പേർ ഒത്തുകൂടി, പാട്ടിന്റ പേരിൽ മാത്രം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു പോകണം എന്നു പറഞ്ഞാണു ഗായകൻ പി.ജയചന്ദ്രൻ അവിടെയെത്തിയത്. പോയതോ മണിക്കൂറുകൾ കഴിഞ്ഞ്. കുട്ടികൾ ചെറുപ്പത്തിൽ ചോദിക്കാറില്ലേ...‘നിങ്ങളുടെ കൂടെ എന്നെയും കളിക്കാൻ കൂട്ടാമോ?’ എന്ന്. യാത്ര പറയുംനേരം ജയചന്ദ്രനും ചോദിച്ചു അത്. ‘നിങ്ങളുടെ ഈ വാട്സാപ് ഗ്രൂപ്പിൽ എന്നെയും കൂട്ടുമോ?’‌

സംഗീതത്തിന്റെ ആനന്ദധാരകൾ‍ സംഗമിച്ച് ഒരു സ്നേഹതടാകം രൂപപ്പെടുകയായിരുന്നു. ആ ലയഭംഗിയിൽ ലയിച്ചാണു ഭാവഗായകൻ മണിക്കൂറുകൾ അവർക്കൊപ്പമിരുന്നത്. പാട്ടിനെ സ്നേഹിക്കുന്ന മലയാളികളുടെ പല വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. അവയിലൊന്നായ ‘സിംഫണി’യിലെ അംഗങ്ങളുടെ സംഗമമായിരുന്നു അത്.

Read Also: മുടിയുടെ അറ്റത്ത് എങ്ങനാ സാറേ മുറി പണിയുക? ‘ശല്യക്കാരനായ ആസ്വാദകൻ’ പഠിപ്പിച്ച പാഠം, അക്കഥ ഇങ്ങനെ

സംഗീതത്തോടുള്ള സ്നേഹത്തിനൊപ്പം സാഹോദര്യവുമാണ് ഈ ഗ്രൂപ്പിനെ വേറിട്ടതാക്കുന്നത്. എല്ലാവരും ഒരാൾക്കുവേണ്ടി, ഒരാൾ എല്ലാവർക്കും വേണ്ടി.  ഭേദങ്ങളൊന്നുമില്ല. വീട്ടമ്മമാർ, പത്രപ്രവർത്തകർ, ഡോക്ടർമാർ, അധ്യാപകർ, പുരോഹിതർ, വ്യാപാരികൾ, സംഗീത സംവിധായകർ, പാട്ടുകാർ, എഴുത്തുകാർ... തുടങ്ങി സിനിമാതാരങ്ങൾ വരെ. നടി മല്ലികാ സുകുമാരൻ, ഗായിക ലതാ രാജു, മാധ്യമപ്രവർത്തകരായ റഫീഖ് സക്കറിയ,  സാക്കിർ ഹുഹൈൻ, അധ്യാപകൻ അനിൽ പെണ്ണുക്കര, ജെയിൻ, നാരായണ മൂർത്തി, ജിജി... തുടങ്ങി ഗ്രൂപ്പിന്റെ ഊടും പാവുമായവർ മുതൽ നിശബ്ദ സാന്നിധ്യങ്ങൾ വരെ.

വാട്സാപ് ഗ്രൂപ്പിലെ പേരുകളും ഫോട്ടോകളുമൊക്കെ കുമാരനാശാൻ എഴുതിയതുപോലെ ‘പരമതു നിഴൽപോല ഇന്ദ്രിയങ്ങൾക്ക്’ എന്നു തോന്നിത്തുടങ്ങിയപ്പോഴാണ് ഒന്നു കാണണം, നേരിട്ടു മിണ്ടണം, പാട്ടു കേൾക്കണം എന്നൊക്കെ അംഗങ്ങൾക്കു തോന്നിയത്. ആശയം ഉയർന്നു, പിന്നെ നടപ്പാക്കാനുള്ള വഴികൾ മാത്രമായി ചർച്ച. 2 മാസത്തിനുള്ളിൽ കൊച്ചിയിൽ സംഗമം. ചെന്നൈയിൽനിന്നു ലതാ രാജുവും ഭർത്താവ് ജെ.എം. രാജുവും എത്തി. മൈസൂറിൽനിന്ന് ഒറ്റയ്ക്കു വന്നു ബിന്ദു അന്നയുടെ സ്നേഹം. മറ്റുള്ളവരൊക്കെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്. 

സംഗമത്തിന്റെ ഉദ്ഘാടനത്തിനു മല്ലികാ സുകുമാരന്റെ ക്ഷണം സ്വീകരിച്ചാണു പി.ജയചന്ദ്രൻ മകൾ ലക്ഷ്മിയുമായി എത്തിയത്. ‘സുകുമാരന്റെ ഭാര്യ ക്ഷണിക്കുമ്പോൾ വരാതിരിക്കുവതെങ്ങിനെ’ എന്ന് അദ്ദേഹം. തലകാണിച്ചു മടങ്ങാ‍ൻ വന്ന അദ്ദേഹത്തെ പാട്ടിന്റെയും സ്നേഹത്തിന്റെയും തടവിലിട്ടു ഈ സംഗമം. 

ഒരു വീട്ടകത്തിലെന്നതുപോലെ അദ്ദേഹം വാചാലനായി. ആധുനിക കാലത്തു സംഗീതത്തിനു വന്നിരിക്കുന്ന അപചയത്തെപ്പറ്റി മറയേതുമില്ലാതെ സംസാരിച്ചു, പാട്ടു പാടി. സന്ദർഭത്തിനുചേരുന്ന ‘കാവ്യപുസ്തകമല്ലോ ജീവിതം. ഇതിൽ കണക്കെഴുതാൻ ഏടുകളെവിടെ?’. പാട്ടുകാരിയായ മകൾ ലക്ഷ്മിയുടെ സംഗീത സംവിധാന സംരംഭങ്ങളെപ്പറ്റി പറഞ്ഞു. ലക്ഷ്മിയും പാടി.

പി.ജയചന്ദ്രൻ ∙ചിത്രം മനോരമ
പി.ജയചന്ദ്രൻ ∙ചിത്രം മനോരമ

വർഷങ്ങൾ കൂടി കണ്ടതിന്റെ വലിയ സന്തോഷം ലതാ രാജുവും ജയചന്ദ്രനും പങ്കുവച്ചു. ‘പണി തീരാത്ത വീട്’ സിനിമയിൽ വയലാറിന്റെ രചനയിൽ എം.എസ്..വിശ്വനാഥന്റെ സംഗീതത്തിൽ ഇരുവരും ചേർന്ന് ആലപിച്ച ‘കാറ്റുമൊഴുക്കും കിഴക്കോട്ട്...’ എന്ന പാട്ടു പഠിച്ചു പാടിയ 47 വർഷം മുൻപത്തെ  സുകൃതസ്മരണകളിലേക്കു സഞ്ചരിച്ചു. സംഗീതസംവിധായകർ ഒരു ജാഡയുമില്ലാതെ എത്ര തവണവേണമെങ്കിലും പാടി പഠിപ്പിച്ചു തരുമായിരുന്ന മഹനീയ ശീലങ്ങളുടെ നഷ്ടസ്മരണ. ജയചന്ദ്രന് ആദ്യ സംസ്ഥാന അവാർഡ് കിട്ടിയ ‘നീലഗിരിയുടെ സഖികളേ..’യും ഇതേ ചിത്രത്തിലാണ്.

‘ജയൻ അതു പാടാറായപ്പോഴേക്കും ഞാനും അതു പഠിച്ചു കഴിഞ്ഞിരുന്നു. കാരണം, അടുത്ത പാട്ടു പഠിക്കാനായി വന്നിരുന്ന എന്റെ സാന്നിധ്യത്തിലാണ് എംഎഎസ്‌വി സാർ അതു ജയനെ പഠിപ്പിച്ചത്.’ ലതാ രാജു ഓർമിച്ചു. ലതാ രാജുവിന്റെ ഭർത്താവും ഗായകനും സംഗീത സംവിധായകനുമായ ജെ.എം. രാജുവും ജയചന്ദ്രന്റെ സുഹൃത്താണ്. പക്ഷേ, കാണുന്നത് എത്രയോ വർഷങ്ങൾക്കുശേഷം. അവരും പങ്കു വച്ചു എത്രയോ രസസ്മരണകൾ! 

Read Also: എല്ലാവരും പറഞ്ഞു, ജയചന്ദ്രൻ മികച്ച ഗായകൻ; പക്ഷേ അവസരത്തിന്റെ കാര്യത്തിൽ തഴഞ്ഞു!

ഇളയരാജയുടെ പ്രിയ ഗായിക ലേഖാ ആർ. നായർക്കു ജയചന്ദ്രന്റെ മുന്നിൽ ഇതുവരെ പാടിയിട്ടില്ല എന്ന സങ്കടം. ആ ദുഃഖം ഇനി വേണ്ട. പാടിക്കൊള്ളൂ എന്നു ജയചന്ദ്രൻ. ചിത്രയുടെ ‘രാജഹംസമേ...’യാണു പാടുന്നത് എന്നറിഞ്ഞപ്പോൾ ‘സുശീലയുടെ പാട്ടൊന്നും അറിയില്ലേ’ എന്നൊരു സന്ദേഹം അദ്ദേഹത്തിന്. ഗ്രൂപ്പ് അംഗം പോളിന്റേതായിരുന്നു അടുത്ത ഊഴം. ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന സിനിമയിലെ ‘മെല്ലെ മെല്ലെ...’ എന്ന ഗാനം. ‘പാട്ടുകളെല്ലാം ജോൺസൺ സംഗീതം ചെയ്തതാണല്ലോ’ എന്നു ജയചന്ദ്രന്റെ കമന്റ്.  സ്നേഹനൂലുകൾ മുറിച്ച് ഇറങ്ങാൻ നേരം അദ്ദേഹത്തിന്റെ അഭ്യർഥന. ‘എന്നെക്കൂടി നിങ്ങളുടെ ഗ്രൂപ്പിൽ ചേർക്കുമോ?’ 

പി.ജയചന്ദ്രൻ ∙ചിത്രം മനോരമ
പി.ജയചന്ദ്രൻ ∙ചിത്രം മനോരമ

പാട്ടുകളും പരിചയപ്പെടലുകളും തുടർന്നു. എല്ലാവർക്കും സജീവിന്റെ വക തത്സമയ പ്രൊഫൈൽ കാരിക്കേച്ചർ അപ്രതീക്ഷിത സമ്മാനം. 

എല്ലാ ചമയങ്ങളും അഴിച്ചുവച്ച്, ഒരു പകൽ പാട്ടിൽ കൊരുക്കപ്പെട്ടു പോയവർ, ഇനിയും കാണാനായി മാത്രം പിരിഞ്ഞ സായാഹ്നത്തിനു സംഗീതത്തിന്റെ സൗന്ദര്യം മാത്രമല്ല, സത്യവും ഉണ്ടായിരുന്നു. 

English Summary:

Symphony music group and P Jayachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com