ADVERTISEMENT

അംബാനിക്കുടുംബത്തിൽ കല്യാണമേളങ്ങൾ പെരുമ്പറ മുഴക്കുമ്പോൾ അവിടെ വാനോളം ഉയർന്നു കേട്ട കരുത്തുറ്റ ഒരു പെൺസ്വരമുണ്ട്. ടൺ കണക്കിന് ലഗേജുമായി, ഹോട്ടായി, സ്റ്റൈലായി പ്രൈവറ്റ് ജെറ്റിൽ ജാംനഗർ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ഒരു പെൺപുലി. ബാർബഡോസിന്റെ ഹീറോ, റിയാന! പ്രൈവറ്റ് പാർട്ടികളിൽ ചുരുക്കമായി മാത്രമേ പാടാൻ പോകാറുള്ളു, പോകാൻ നിശ്ചയിച്ചാൽ കട്ടായം പറഞ്ഞ് പ്രതിഫലം കൈപ്പറ്റും. മോഹവില നൽകി തന്നെ കൊത്തിക്കൊണ്ടുപോകാൻ എല്ലാ രാജ്യത്തും ആളുണ്ടെന്ന് അറിയാവുന്നതുകൊണ്ടുതന്നെ അധികം വിലപേശൽ വേണ്ടിവരാറില്ല റിയാനയ്ക്ക്

മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും പ്രീവെഡ്ഡിങ് ആഘോഷവേളയിലാണ് പാട്ടിന്റെ കൊടുങ്കാറ്റായി റിയാന വേദിയിൽ ആഞ്ഞടിച്ചത്. നിയോൺ പച്ച നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രം ധരിച്ചാണ് ഗായിക വേദിയിലെത്തിയത്. റിയാനയും സംഘവും പാടിയാടിത്തിമിർക്കുന്നതിന്റെ ദൃശ്യങ്ങൾ ദശലക്ഷക്കണക്കിനു പ്രേക്ഷകരെ വാരിക്കൂട്ടി. വേദിയിൽ 40 മിനിറ്റോളം പ്രകടനം നടത്തിയ റിയാന, ഈ നേരമത്രയും നഗ്നപാദയായാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ സംസ്കാരത്തോടുള്ള ആദരസൂചകമായാണ് താൻ പാദരക്ഷകൾ അണിയാതെ വേദിയിലെത്തിയതെന്ന് പിന്നീടു റിയാന തന്നെ വെളിപ്പെടുത്തി. 

rihanna-ambani
റിയാന, അനന്ത് അംബാനി–രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷ വേദിയിൽ റിയാന (ഫെയ്സ്ബുക്)

74 കോടിയോളം രൂപ മുടക്കിയാണ് മുകേഷ് അംബാനി റിയാനയെ മകന്റെ വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷ പരിപാടിയിലെത്തിച്ചത്. 

ഗായികയുടെ പവർ പാക്ഡ് പ്രകടനം അതിഥികൾക്ക് വിശിഷ്ടവിരുന്നായി. ആദ്യമായി ഇന്ത്യയിലെത്തുന്ന റിയാന, ഈ രാജ്യം തനിക്ക് ഇഷ്ടമായെന്നും ഇനിയും വരുമെന്നും ഉറപ്പു നൽകിയാണ് മടങ്ങിയത്. റിയാന ഇന്ത്യൻ മണ്ണിൽനിന്നു തിരികെ പോയെങ്കിലും ഗായികയെ ചുറ്റിപ്പറ്റിയുള്ള സമൂഹമാധ്യമചർച്ചകൾ ഒന്നുകൂടി ചൂടുപിടിച്ചിരിക്കുകയാണ്. മൂന്നു ദിവസത്തേക്ക് വേണ്ടി ഇത്രയധികം ലഗേജുകൾ കൊണ്ടുവന്ന റിയാനയെ ട്രോളന്മാരും ഏറ്റെടുത്തു. ഒരു മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള പരിപാടിക്കു വേണ്ടി 74 കോടി മുടക്കിക്കൊണ്ടുവരാൻ റിയാനയ്ക്കെന്താ ഇത്ര പ്രത്യേകത എന്നാണു ചിലർ തിരയുന്നത്. 33 ാം വയസ്സിൽ രാജ്യം വാഴ്ത്തിയ ഹീറോ, ദാരിദ്ര്യത്തിന്റെ പടുകുഴിയിൽനിന്നു ലോകത്തിന്റെ നെറുകയിലെത്തിയ പ്രതിഭ, പീഡകന്റെ നഖക്ഷതമേറ്റിട്ടും തളരാതെ പോരാടിയ കരുത്തുറ്റ വനിത, നിലപാടിന്റെ പെൺസ്വരം, ഒറ്റ ട്വീറ്റ് കൊണ്ട് ലോകത്തെ ഇളക്കിയവൾ... ഇങ്ങനെ പ്രത്യേകതകൾ ഏറെയുണ്ട് റിയാനയ്ക്ക്. വനിതാ ദിനത്തിൽ വായിക്കാം, റിയാന എന്ന പെൺ താരോദയത്തെക്കുറിച്ച്.

rihanna8
റിയാന (ഫെയ്സ്ബുക്)

മറുപടി പറയാതെ പറയുന്ന റിയാന

ബാർബേഡിയൻ ഗായികയും ഗാനരചയിതാവുമാണ് റിയാന. മുഴുവൻ പേര് റോബിൻ റിയാന ഫെന്റി. കരീബിയൻ ദ്വീപ് രാജ്യമായ ബാർബഡോസിൽ ജനിച്ചു വളർന്നു. ദാരിദ്ര്യം നിറഞ്ഞ, കയ്പേറിയ കുട്ടിക്കാലത്തുനിന്ന് പാട്ടുജീവിതത്തിന്റെ മധുരത്തിലേക്ക് റിയാന എത്തിപ്പെട്ടത് അമേരിക്കൻ നിർമാതാവ് ഇവാൻ റോജേഴ്സിലൂടെയാണ്. പാടിത്തെളിഞ്ഞ റിയാന പിന്നീട് അദ്ഭുതകരമായ വളർച്ചയിലേക്ക് അതിവേഗം പാഞ്ഞുകയറുകയായിരുന്നു. കഠിനാധ്വാനം കൊണ്ടും അർപ്പണബോധം കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കിയ ഗായിക പക്ഷേ പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടു. റിയാനയുടെ മുൻപങ്കാളി ക്രിസ് ബ്രൗണ്‍ 2009 ൽ അവരെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന ആരോപണമുയർന്നത് രാജ്യാന്തര തലത്തിൽ വാർത്തയായിരുന്നു. 

Read Also: ഇഷയുടെ വിവാഹത്തിന് ബിയോൺസ്, അനന്തിന്റേതിന് റിയാന; ദശകോടികൾ മുടക്കി അംബാനി ഇറക്കുന്നത് പൊന്നുംവിലയുള്ള ഗായകരെ

പൊതുവിഷയങ്ങളിൽ മുൻപിൻ നോക്കാതെ പ്രതികരിക്കുന്ന സെലിബ്രിറ്റികളില്‍ മുന്നിലുണ്ട് റിയാനയുടെ പേര്. ലിംഗനീതിക്കുവേണ്ടിയും വംശീയ അധിക്ഷേപങ്ങൾക്കും ജനാധിപത്യ ധ്വംസനങ്ങൾക്കും എതിരെയും പലകുറി പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് അവർ. പലപ്പോഴും റിയാനയുടെ പ്രതികരണങ്ങൾ ഒറ്റ വരിയിലോ ചിരിയിലോ വാക്കിലോ ഒതുങ്ങുകയാണ് പതിവ്. എന്നാല്‍ അവയ്ക്കോരോന്നിനും ആയിരം വാക്കുകളെക്കാൾ ആഴവും അർഥവും ഉണ്ടെന്ന് അവരുടെ ആരാധകരും വിമർശകരും ഒരുപോലെ പറയുന്നു.

rihanna6
റിയാന (ഫെയ്സ്ബുക്)

കർഷക സമരത്തിനു പിന്തുണ; വിവാദം

ലോകപ്രശസ്തയാണെങ്കിലും റിയാനയിലേക്ക് ഇന്ത്യക്കാരില്‍ പലരുടെയും കണ്ണുടക്കിയത് 3 വർഷം മുൻപാണ്; കൃത്യമായി പറഞ്ഞാൽ 2021 ഫെബ്രുവരിയിൽ. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കർഷകർ രാപകൽ സമരം ചെയ്തപ്പോൾ ഒറ്റ വരി ട്വീറ്റിലൂടെ കർഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു റിയാന. ‘എന്തുകൊണ്ട് ആരും ഇതേക്കുറിച്ചു ചർച്ച ചെയ്യുന്നില്ല’ എന്ന റിയാനയുടെ ചോദ്യം പ്രമുഖരെയടക്കം ചൊടിപ്പിച്ചത് ചെറുതായൊന്നുമല്ല. അതുവരെ നിശ്ശബ്ദരായിരുന്ന പലരും അന്നു മുതൽ മിണ്ടിത്തുടങ്ങി. സിനിമാ–രാഷ്ട്രീയ–സാംസ്കാരിക രംഗത്തെ ചില പ്രമുഖർ റിയാനയ്ക്കെതിരെ തിരിഞ്ഞു. 

rihanna9
റിയാന (ഫെയ്സ്ബുക്)

ഞങ്ങളുടെ രാജ്യത്തെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാമെന്നും പുറത്തു നിന്നുള്ളവർ അതിൽ തലയിടേണ്ടെന്നും ഗായിക ലതാ മങ്കേഷ്കർ ഉൾപ്പെടെയുള്ളവർ പരസ്യമായി പ്രഖ്യാപിച്ചു. ‌തുടക്കം മുതൽ റിയാനയെ വാക്കുകൾ കൊണ്ടു തളച്ചിടാൻ നോക്കിയ ബോളിവുഡ് താരം കങ്കണ റനൗട്ട് തുടർച്ചയായി ഒളിയമ്പുകളെയ്തുകൊണ്ടിരുന്നു. ഒറ്റ വരി ട്വീറ്റിന് റിയാന ചുരുങ്ങിയത് നൂറു കോടി രൂപയെങ്കിലും പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടാകും എന്നായിരുന്നു കങ്കണയുടെ വിവാദമായ ആരോപണം. മോശം വാക്കുകൾ കൊണ്ട് റിയാനയെ അഭിസംബോധന ചെയ്ത കങ്കണ, ഗായികയെ ‘പോൺ സിങ്ങർ’ എന്നു വിളിച്ചും അപമാനിച്ചു. തുടരെയുള്ള ആക്ഷേപങ്ങൾക്കിടയിൽ സമൂഹമാധ്യമലോകം കുത്തിപ്പൊക്കിയ ബിക്കിനി ചിത്രങ്ങൾ കങ്കണയ്ക്കു തിരിച്ചടിയായതും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

rihanna2
റിയാന (ഫെയ്സ്ബുക്)

കറുപ്പിനെ പ്രണയിക്കുന്ന റിയാന

കറുത്ത മഡോണ എന്ന് അറിയപ്പെടാൻ ആ​ഗ്രഹിക്കുന്ന, ബോബ് മാർലിയുടെ കടുത്ത ആരാധികയായ റിയാനയുടെ നിൽപ്പും നടപ്പും വേഷവും എല്ലാം ഓരോ നിലപാട് പ്രഖ്യാപനങ്ങൾ കൂടിയാണ്. സ്വന്തം വേരിലും നിറത്തിലും അഭിമാനം കൊള്ളുന്ന ഗായിക കൂടിയാണ് അവര്‍. കറുത്തവർഗക്കാരായ സ്ത്രീകളുടെ ചുണ്ടുകൾ ഒരേസമയം പരിഹസിക്കപ്പെടുകയും ലൈംഗികവത്ക്കരിക്കപ്പെടുകയും ചെയ്യുന്നുവെന്നും അത് ഒരിക്കലും ചുവന്ന ലിപ്സ്റ്റിക് ഉപയോഗിച്ച് ആകർഷകമാക്കരുതെന്നും പറഞ്ഞ റാപ്പർ റോക്കിക്ക്, കടും ചുവപ്പ് ലിപ്സ്റ്റിക്കുകൾ വിറ്റഴിക്കുന്ന ഫെന്റി ബ്യൂട്ടി എന്ന കോസ്മെറ്റിക് ബ്രാൻഡിലൂടെയാണ് റിയാന മറുപടി നൽകിയത്. 2017ൽ റിയാനയുടെ ഉടമസ്ഥതയിൽ ആരംഭിച്ച ഫെന്റി ബ്യൂട്ടി വിവാദങ്ങളിലും നിറഞ്ഞിട്ടുണ്ട്. ഫെന്റി ബ്യൂട്ടി സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന ‘മൈക്ക’ എത്തിക്കുന്ന ജാർഖണ്ഡിലെ ഖനികളിൽ ബാലവേല ഉണ്ടെന്ന വാർത്ത പുറത്തു വന്നതോടെയാണ് വിവാദം ഉയർന്നത്. ഖനികളിൽ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചതോടെ, ആ മൈക്ക ഉപയോഗിക്കുന്നതിൽനിന്ന് ഫെന്റി ബ്യൂട്ടി പിന്മാറുമോ എന്നും ചോദ്യങ്ങളുയർന്നു. 

rihanna7
റിയാന (ഫെയ്സ്ബുക്)

ഹൈടെക് ആൻഡ് മോഡേൺ അമ്മ

വസ്ത്രധാരണത്തിന്റെ പേരിൽ പതിവായി പഴി കേൾക്കാറുണ്ട് റിയാന. പല തവണ നഗ്നചിത്രങ്ങൾ പങ്കുവച്ചിട്ടുള്ള റിയാനയുടെ ചില പോസ്റ്റുകൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ തന്നെ സ്വമേധയാ നീക്കം ചെയ്തിട്ടുമുണ്ട്. 2021 ൽ ടോപ്‌ലെസ് ഫോട്ടോഷൂട്ടിൽ ഗണപതി മാലയണിഞ്ഞ റിയാന, മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒരുവിഭാഗം ഇന്ത്യക്കാർ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഗർഭകാലത്ത് റിയാന പങ്കുവച്ച നിറവയർ ചിത്രങ്ങൾ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചതാണ്. പൂർണ നഗ്നയായാണ് ഗായിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. നിറവയർ പ്രദർശിപ്പിച്ച് ഫാഷൻ മാസിക വോഗിന്റെ മുഖചിത്രമായതും ശ്രദ്ധിക്കപ്പെട്ടു. ഇതിൽ വിമർശനസ്വരങ്ങളുയർത്തിയവരോട് തന്റെ ശരീരത്തിൽ അവിശ്വസനീയമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അത് ആഘോഷിക്കപ്പെടേണ്ടതാണെന്നും എന്തിനാണ് മറച്ചു വയ്ക്കുന്നതെന്നുമായിരുന്നു റിയാനയുടെ പ്രതികരണം. തുടർന്ന് ഓസ്കർ വേദിയിലും നിറവയറുമായി റിയാന എത്തി. ഇന്ന് രണ്ട് ആൺകുട്ടികളുടെ അമ്മയാണ് 36 കാരിയായ റിയാന. 2022 മേയിൽ റിയാനയും പങ്കാളി അസാപ് റോക്കിയും ആദ്യ കൺമണിയെ വരവേറ്റു. കുഞ്ഞ് പിറന്ന് മാസങ്ങൾ പിന്നിട്ടപ്പോഴാണ് ലിംഗം ഏതെന്ന് ഗായിക വെളിപ്പെടുത്തിയത്. ഒരു വർഷം പിന്നിട്ടപ്പോൾ മുഖവും പരസ്യപ്പെടുത്തി. തൊട്ടടുത്ത വർഷം ഓഗസ്റ്റിൽ റിയാന രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകി. 

rihanna4
റിയാന (ഫെയ്സ്ബുക്)

പിതാവിനെതിരെയും ഉറച്ച ശബ്ദം

സ്വന്തം പിതാവിനെതിരെയും നിലപാട് കടുപ്പിച്ചിട്ടുണ്ട് റിയാന. പിതാവ് റൊണാൾഡ് ഫെന്റി, തന്റെ പേര് ദുരുപയോഗം ചെയ്യുന്നതെന്നു ചൂണ്ടിക്കാണിച്ച് 2019ലാണ് റിയാന കേസ് ഫയൽ ചെയ്തത്. സ്വന്തം കമ്പനിയുടെ നേട്ടത്തിനായി അനുവാദമില്ലാതെ തന്റെ പേര് ഉപയോഗിച്ചുവെന്നായിരുന്നു പരാതി. പരസ്യത്തിനു വേണ്ടി തന്റെ പേര് ഉപയോഗിച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു റിയാന ആരോപിച്ചു. വിചാരണ ആരംഭിക്കാനിരിക്കെ റിയാന കേസ് പിൻവലിക്കുകയും ചെയ്തു. പിതാവിനും ബിസിനസ് പങ്കാളിക്കും ഒപ്പം കോടതിക്കു പുറത്ത് കേസ് ഒത്തുതീർപ്പാക്കാനാണ് ഗായിക ശ്രമിക്കുന്നതെന്ന വിവരം ആ സമയത്ത് പുറത്തുവന്നിരുന്നു. മദ്യത്തിനും ലഹരിമരുന്നിനും അടിമയായ പിതാവുമായി താൻ അകൽച്ചയിലാണെന്നും തന്റെ പേരുപയോഗിച്ച് പണവും പ്രശസ്തിയും നേടാൻ പിതാവിനു യാതൊരു അധികാരവുമില്ലെന്നും റിയാന തന്നെ പരസ്യ പ്രഖ്യാപനം നടത്തി. 

rihanna5
റിയാന (ഫെയ്സ്ബുക്)

പൊന്നുംവിലയുള്ള പാട്ടുകാരി

ലോകം വിവാദങ്ങളെക്കുറിച്ചു ചർച്ച ചെയ്യുമ്പോഴും അതിനൊന്നും കാതു കൊടുക്കാതെ നേട്ടങ്ങൾ എത്തിപ്പിടിക്കാനായി വിയര്‍പ്പൊഴുക്കുകയായിരുന്നു റിയാന. ലോകത്ത് 152 ദശലക്ഷം ആളുകൾ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന ഗായികയായി അവർ വളർന്നത് അങ്ങനെയാണ്. നാഷനൽ ഹീറോ ആയി ബാർബഡോസ് റിയാനയെ തിരഞ്ഞെടുത്തത് 2021ലാണ്. സ്വതന്ത്ര റിപ്പബ്ലിക് ആയതിന്റെ ആഘോഷങ്ങൾക്കിടെയായിരുന്നു ആ പ്രഖ്യാപനം. ഫോബ്സ് മാഗസിന്റെ, ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലും റിയാന ഉൾപ്പെട്ടു. സ്പോട്ടിഫൈയിലുള്ള റിയാനയുടെ പത്ത് സ്വതന്ത്ര ആൽബങ്ങൾ ഒരു ബില്യനിലധികം സ്ട്രീമുകൾ നേടിയതും വലിയ വാർത്തയായിരുന്നു. ആഗോള തലത്തിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചും സംഗീത ആൽബങ്ങൾ പുറത്തിറക്കിയും കോടികൾ സമ്പാദിച്ച ഗായികയാണ് റിയാന. ലോകഗായകരുടെ ഇടയിലെ ഏറ്റവും സമ്പന്ന എന്ന ഖ്യാതിയും ഈ ബാർബഡോസുകാരിക്കു സ്വന്തം. നിലവിലെ കണക്കുകൾ പ്രകാരം 1.7 ബില്യൻ ഡോളറാണ് റിയാനയുടെ ആസ്തി. 

English Summary:

Singer Rihanna musical journey womens day special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com