ADVERTISEMENT

വനിതാദിനത്തിൽ രണ്ടു പ്രിയ ഗായികമാരുടെ അപൂർവ്വസുന്ദരമായ സൗഹൃദത്തെ കുറിച്ച്.

കൂടെപ്പാടുമ്പോൾ ഉള്ളിലെ ഗായിക ചിലപ്പോൾ ആരാധികയായി വേഷം മാറും. താൻ പോലുമറിയാതെ സംഭവിക്കുന്ന പകർന്നാട്ടം. മൈക്കിനു മുന്നിൽ തൊട്ടരികെ നിന്ന് പാടുന്ന ജാനകിയെ അദ്ഭുതത്തോടെ, ആരാധനയോടെ നോക്കിനിൽക്കും വസന്ത; അടുത്ത വരി പാടേണ്ട കാര്യം പോലും മറന്നുകൊണ്ട്.

ഒരുമിച്ചു പാടിയ പാട്ടുകൾ അങ്ങനെ എത്രയെത്ര. പെട്ടെന്ന് ചുണ്ടിലും മനസ്സിലും ഓടിയെത്തുന്നത് "അന്വേഷിച്ചു കണ്ടെത്തിയില്ല" എന്ന ചിത്രത്തിലെ "പാവനനാം ആട്ടിടയാ" എന്ന ഗാനം. "ഇന്ന് മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ" എന്ന വരിയിലൂടെ പ്രാർഥനാപൂർവം ഒഴുകിപ്പോകുന്ന എസ്.ജാനകിയെ വിസ്മിതനേത്രയായി നോക്കിനിന്നത് ഓർമയുണ്ട്. സ്നേഹവാത്സല്യങ്ങളുടെ ഒരു സാഗരമിരമ്പുന്നുണ്ടായിരുന്നു ആ മുഖത്ത്.

Read Also: ഒരു മണിക്കൂർ പാടാൻ 74 കോടി; ലതാ മങ്കേഷ്കറെ ചൊടിപ്പിച്ചവൾ: റിയാനയെന്ന കരീബിയൻ തീ‌ബോംബ്

"ജാനകിയോടൊപ്പം പാടുമ്പോൾ ടേക്കുകൾ ആവർത്തിക്കപ്പെടണേ എന്നാണ് എന്റെ പ്രാർഥന. അവർ പാടുന്നത് നോക്കിനിൽക്കാമല്ലോ. അങ്ങനെ നോക്കിനിന്ന് എന്റെ ഭാഗം മറന്നുപോകുക വരെ ചെയ്‌തിട്ടുണ്ട്..." വസന്ത ചിരിക്കുന്നു.

എസ്.ജാനകിയും ബി.വസന്തയും. ഏതാണ്ടൊരേ കാലത്ത് തെന്നിന്ത്യൻ സിനിമയിൽ വിവിധ ഭാഷകളിലായി തിളങ്ങിനിന്ന ഗായികമാർ. സ്വാഭാവികമായും സിനിമയിലെ പാട്ടുപന്തയത്തിൽ പരസ്പരം മത്സരിക്കാൻ വിധിക്കപ്പെട്ടവർ. പക്ഷേ ജാനകിയെ ഒരിക്കലും എതിരാളിയായി കണ്ടില്ല വസന്ത. "നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ജാനകിയോടുള്ള എന്റെ സ്നേഹവും ബഹുമാനവും. മൂത്ത സഹോദരിയാണ് എനിക്ക് അവർ; മാനസഗുരുവും. ഇനിയൊരു ജന്മമുണ്ടെങ്കിൽ ജാനകിയുടെ സ്വന്തം അനിയത്തിയായി ജനിക്കാനാണ് എന്റെ ആഗ്രഹം.''

ഒരിക്കൽ ഈ മോഹം പങ്കുവച്ചപ്പോൾ ജാനകി പറഞ്ഞു: "എന്തിന്? ഈ ജന്മം തന്നെ നീയെന്റെ അനിയത്തിയല്ലേ?"

തന്നെക്കാൾ ആറു വയസ്സിന് മൂത്ത പ്രിയഗായികയെ വസന്ത ആദ്യം കണ്ടത് 1950 കളുടെ മധ്യത്തിൽ. ഗുണ്ടൂരിൽ ഒരു ഗാനമേളയ്ക്ക് വന്നതായിരുന്നു ജാനകി. അന്ന് വസന്തയ്ക്ക് പത്തോ പതിനൊന്നോ വയസ്സ് പ്രായം. ജാനകിയാകട്ടെ സിനിമയിൽ പാടിത്തുടങ്ങിയിട്ടുമില്ല. പിൽക്കാലത്ത് തന്റെ ഭർതൃപിതാവായി മാറിയ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് പരിപാടിയിൽ പാടാനെത്തിയതാണ് ജാനകി.

ചന്ദ്രശേഖരൻ മിമിക്രി അവതരിപ്പിക്കും. പരിപാടിയുടെ ഇടവേളകളിൽ ജാനകി പാടും. അന്ന് ജാനകി പാടിയ പാട്ട് ഇന്നും വസന്തയുടെ കാതിലുണ്ട്. "ജനക് ജനക് പായൽ ബാജേ"യിലെ മേരെ യേ ദിൽ ബതാ. കോരിത്തരിച്ചിരുന്നു പോയി ആ പാട്ട് കേട്ട്. ഇന്നും, ഈ പ്രായത്തിലും ആ ആത്മഹർഷം അതേ അളവിൽ അനുഭവിക്കുന്നു ജാനകിയുടെ ഓരോ പാട്ടു കേൾക്കുമ്പോഴും വസന്ത.

സിനിമയിൽ പിന്നണിഗായികയായി ജാനകിയുടെ അരങ്ങേറ്റം 1957 ലായിരുന്നു. വസന്തയുടേത് 1962 ലും. ആദ്യമായി ജാനകിയോടൊപ്പം ഒരു യുഗ്മഗാനം പാടിയത് തെലുങ്ക് ചിത്രമായ ഗുലേബക്കാവലി കഥ (1962) യിലാണെന്ന് ഓർക്കുന്നു വസന്ത -- "ഉന്നദി ചെബുദ വിന്താര നേ നന്നദി'' എന്ന ഗാനം. ജോസഫ് -- വിജയ (ജോസഫ് കൃഷ്ണയും വിജയ കൃഷ്ണമൂർത്തിയും) ആയിരുന്നു സംഗീതസംവിധായകർ. "തുടക്കക്കാരിയുടെ എല്ലാ വേവലാതിയോടെയുമാണ് ഞാൻ അരുണാചലം സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ നിന്നത്. മാത്രമല്ല ഉള്ളിന്റെയുള്ളിൽ ജാനകിയോടുള്ള കടുത്ത ആരാധനയുമുണ്ട്. പലപ്പോഴും അവർ പാടുന്നത് ആസ്വദിച്ച് എന്റെ ഭാഗം പാടാൻ മറന്നുപോകുക വരെ ചെയ്തു അന്ന്. അപ്പോഴെല്ലാം ഒരു ചേച്ചിയെ പോലെ പുറത്തു തട്ടി എന്നെ ആശ്വസിപ്പിച്ചു ജാനകി.'' - വസന്തയുടെ വാക്കുകൾ.

ആദ്യകാലത്ത് പ്രിയഗായികയെ എന്തുപറഞ്ഞാണ് വിളിക്കേണ്ടതെന്നോർത്ത് കുഴങ്ങിപ്പോയിട്ടുണ്ട് വസന്ത. അമ്മ, നിങ്ങൾ എന്നൊക്കെയാണ് വിളിക്കുക. ഇത് പതിവായപ്പോൾ അവർ തന്നെ ഒരിക്കൽ പറഞ്ഞു: "എന്നെ ജാനകി എന്ന് വിളിച്ചാൽ മതി. എന്റെ അനിയത്തിമാരെല്ലാം അങ്ങനെയാണ് വിളിക്കുക. നീയും എന്റെ കൊച്ചനിയത്തിയല്ലേ?'' സന്തോഷം കൊണ്ട് മതിമറന്നുപോയ നിമിഷമായിരുന്നു അതെന്ന് വസന്ത.

"മുതലാളി'' ആണ് മലയാളത്തിൽ വസന്തയുടെ അരങ്ങേറ്റ ചിത്രം. ആദ്യഗാനം പുകഴേന്തിയുടെ സംഗീതത്തിൽ ജാനകി, ശൂലമംഗലം രാജലക്ഷ്മി എന്നിവർക്കൊപ്പം പാടിയ "പുന്നാര മുതലാളി.'' വ്യത്യസ്ത സംഗീത സംവിധായകർക്കു വേണ്ടി വേറെയും നല്ല പാട്ടുകൾ ജാനകിയോടൊപ്പം പാടി വസന്ത; പല പല ഭാഷകളിൽ. പാവനനാം ആട്ടിടയാ (അന്വേഷിച്ചു കണ്ടെത്തിയില്ല), അനന്തശയനാ അരവിന്ദനയനാ (ഖദീജ), കണ്ണിൽ മീനാടും (നീലപ്പൊന്മാൻ), പണ്ട് നമ്മൾ കണ്ടിട്ടില്ല (തറവാട്ടമ്മ) എന്നിവ ഓർക്കുക. "ശരിക്കും ഒരു പെർഫെക്ഷനിസ്റ്റ് ആണ് ജാനകി. എത്ര പാടിയാലും മതിയാവില്ല. സംഗീത സംവിധായകൻ ഉൾപ്പെടെ എല്ലാവരും ഓക്കേ ചെയ്താലും ജാനകി വീണ്ടും പാടിക്കൊണ്ടേയിരിക്കും. ഞങ്ങൾ ഒരുമിച്ചുള്ള പാട്ടുകൾ പത്ത് ടേക്ക് വരെ നീണ്ടു പോയിട്ടുണ്ട്. എനിക്ക് പരാതിയൊന്നുമില്ലായിരുന്നു. അത്രയും തവണ അവർ പാടുന്നത് കേട്ടുകൊണ്ടിരിക്കാമല്ലോ.''

ശബ്ദ നിയന്ത്രണം, ഉച്ചാരണശുദ്ധി, ശ്രുതിശുദ്ധി തുടങ്ങി ആലാപനത്തിന്റെ സർവമേഖലകളിലും താൻ മാതൃകയാക്കിയത് ജാനകിയെ ആയിരുന്നു എന്ന് തുറന്നു സമ്മതിക്കാൻ മടിയില്ല വസന്തയ്ക്ക്. "പാടുമ്പോൾ മൈക്കുമായി എത്ര അകലം പാലിക്കണം എന്ന് പോലും എന്നെ പഠിപ്പിച്ചത് ജാനകിയാണ്. അതുപോലെ ചില പ്രത്യേക അക്ഷരങ്ങൾ ഓരോ ഭാഷയിലും ഉച്ചരിക്കുമ്പോൾ വരുത്തേണ്ട വ്യത്യാസം... അങ്ങനെ സൂക്ഷ്മമായ ഒട്ടേറെ കാര്യങ്ങൾ..''

ഇന്ത്യൻ സിനിമയിൽ ഇത്രയും ശ്വാസനിയന്ത്രണമുള്ള ഗായികമാർ വേറെയില്ലെന്ന് തറപ്പിച്ചു പറയുന്നു വസന്ത. മൂന്നു നാല് വരി ഒറ്റയടിക്ക് ശ്വാസം പിടിച്ചുകൊണ്ട് അനായാസം അവർ പാടുന്നത് കേട്ടാൽ അദ്ഭുതം തോന്നും. മുഖത്ത് ഒരു ഭാവഭേദവും ഉണ്ടാവില്ല അപ്പോൾ. പാട്ടാകട്ടെ ഭാവപൂർണമായിരിക്കുകയും ചെയ്യും. ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത ഒരാളാണ് അങ്ങനെ പാടുന്നത് എന്നോർക്കണം. ദൈവത്തിന്റെ വരദാനം തന്നെയാണ് ജാനകിയുടെ സംഗീതം.

ചെന്നൈ വിട്ട് ജാനകി കുറച്ചു കാലം മുൻപ് ഹൈദരാബാദിലേക്ക് താമസം മാറ്റിയപ്പോൾ ഏറ്റവും ദുഃഖിച്ചത് വസന്ത തന്നെ. "കുടുംബത്തിലെ അടുത്ത ഒരംഗം യാത്ര പറഞ്ഞു പിരിഞ്ഞ പോലെ തോന്നി. ഞങ്ങൾ തമ്മിൽ പങ്കുവെക്കാത്ത രഹസ്യങ്ങൾ ഒന്നുമില്ല. എന്റെ ചെറിയൊരു ഭാവമാറ്റം പോലും അവർക്ക് എളുപ്പം മനസ്സിലാകും. തിരിച്ചും അങ്ങനെ തന്നെ. ചെന്നൈയിൽ വരുമ്പോഴെല്ലാം എന്റെ വീട്ടിൽ വന്നു താമസിക്കാറുണ്ട് ജാനകി. പഴയ കാലം, കഥകൾ, വ്യക്തികൾ എല്ലാം ഞങ്ങളുടെ സംസാരത്തിൽ കടന്നുവരും. ജാനകി പാട്ടു നിറുത്തുകയാണെന്ന് പ്രഖ്യാപിച്ചപ്പോൾ എനിക്ക് വലിയ സങ്കടം തോന്നി. സംഗീതത്തെ ജീവിതം തന്നെയായി കാണുന്ന ഒരാൾക്ക് എങ്ങനെ പാടാതിരിക്കാനാകും? പഴയ പോലെ ആത്മവിശ്വാസം തോന്നുന്നില്ല എന്നാണു അവർ പറഞ്ഞത്. ഒരു ആയുഷ്കാലത്തേക്കുള്ള പാട്ടുകൾ മുഴുവൻ പാടിക്കഴിഞ്ഞു. ഇനി വയ്യ; വിശ്രമിക്കട്ടെ. ആ വാക്കുകൾ അവരുടെ ഹൃദയത്തിൽ നിന്ന് ഒഴുകി വന്നതായിരുന്നു. സത്യം മാത്രമേ ജാനകിക്ക് പറയാനാകൂ. തമാശയ്ക്ക് പോലും ആരെയും വാക്കുകൾ കൊണ്ട് നോവിക്കില്ല അവർ. അവരുടെ ശബ്ദം പോലെ തന്നെ സുതാര്യമാണ് ആ വ്യക്തിത്വവും.'' ജാനകിയെ കുറിച്ച് സംസാരിച്ചു മതിയാകുന്നില്ല വസന്തയ്ക്ക്.

വസന്തയുടെ വാക്കുകൾക്കു മുൻപിൽ വിനയാന്വിതയാകുന്നു എസ്.ജാനകി. ഇത്രയൊക്കെ സ്നേഹിക്കപ്പെടാൻ തനിക്ക് യോഗ്യതയുണ്ടോ എന്നാണവരുടെ സംശയം. മുൻഗാമികളിൽ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവും അതെ അളവിൽ പിൻഗാമികളിലേക്ക് പകരാൻ ശ്രമിച്ചിട്ടേയുള്ളൂ താൻ എന്ന് എളിമയോടെ പറയുന്നു ജാനകി. സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ ലഭിച്ച ആ കരുതൽ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ എസ്.ജാനകി എന്ന ഗായിക തന്നെ ഉണ്ടാകുമായിരുന്നില്ല. സിനിമ ഇന്നത്തെ പോലെ കടുത്ത മത്സരങ്ങളുടെ വിളനിലമായിരുന്നു അന്നും. പക്ഷേ വാശിയേറിയ ആ പന്തയത്തിനിടയിലും മനസ്സിലെ നന്മയുടെ വെട്ടം കെടാതെ സൂക്ഷിച്ചു ചിലരെങ്കിലും."

കുട്ടിക്കാലത്ത് ജാനകിയുടെ പാട്ട് കേൾക്കുമ്പോൾ അവർക്കൊപ്പം ഒരിക്കൽ പാടാൻ കഴിയുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ല വസന്ത. കാലം ആ സ്വപ്നം യാഥാർഥ്യമാക്കി. "മലയാളികൾ ജാനകിയെ അവരുടെ സ്വന്തം നാട്ടുകാരിയെ പോലെ സ്നേഹിക്കുന്നതായി എനിക്കറിയാം. തിരിച്ചങ്ങോട്ടുമുണ്ട് അതേ സ്നേഹം. എന്റെ കാര്യവും വ്യത്യസ്തമല്ല. സ്വന്തം നാടുപോലെയാണ് എനിക്ക് കേരളം. നിങ്ങളുടെ നാട്ടുകാർ കൂടപ്പിറപ്പുകളെപ്പോലെയും."

കാലം മാറുന്നു. സിനിമാലോകവും. നന്മ നിറഞ്ഞ ഈ കൊച്ചു കൊച്ചു ഓർമകൾക്കു മാത്രം മാറ്റു കുറയുന്നില്ല. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു അവ.

English Summary:

Women's day special story on S Janaki and B. Vasantha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com