ADVERTISEMENT

ഷേർഷയിലെ ‘കെ രാതാം ലംബിയാം ലംബിയാം’ എന്ന ഹിറ്റ്‌ ട്രാക്കിന് ചുണ്ടനക്കിയപ്പോഴോ ചുവടുവച്ചപ്പോഴോ ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, അവർ ഇന്ത്യയിൽ വലിയ തരംഗമാകുമെന്ന്. ഇന്ന് 7.9 മില്യൻ ആളുകളാണ് ഇരുവരെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഗാനങ്ങൾക്കൊക്കെയനുസരിച്ച് ചുണ്ടുകളനക്കുമെങ്കിലും ഇവർക്ക് മലയാളം ഗാനങ്ങളോട് പ്രത്യേക ഇഷ്ടമാണ്. മലയാളം പാട്ടുകൾക്കൊപ്പമുള്ള വിഡിയോകളാണ് ഇൻസ്റ്റഗ്രാമിൽ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഇവയ്ക്കെല്ലാം താഴെ കമന്റുകളുമായി മലയാളികൾ കളം പിടിക്കും. ലിപ് സിങ് കണ്ട് അമ്പരന്ന് ‘സത്യം പറയെടാ നീ മലയാളിയല്ലേ’ എന്നു പോലും ചോദിച്ചുപോകുന്നു ചിലർ. 

ലിപസിങ്ക് വിഡിയോകളിലൂടെ ജീവിതം അടിമുടി മാറി മറിഞ്ഞവരാണ് കിലി പോളും നീമയും. ടാൻസാനിയൻ ഇന്ത്യൻ ഹൈ കമ്മിഷന്റെ നേരിട്ടുള്ള ആദരവും ഇവർ നേടി. പരമ്പരാഗത ടാൻസാനിയൻ വസ്ത്രങ്ങളും ഊർജം നിറച്ച ചലനങ്ങളും ഇന്ത്യക്കാരെ പോലും ഞെട്ടിക്കുന്ന രീതിയിലുള്ള ചുണ്ടനക്കവുമായി വൈറൽ ആയി മാറിയ ഈ സഹോദരങ്ങളുടെ സോഷ്യൽ മീഡിയ താരങ്ങൾ എന്ന നിലയിലേയ്ക്കുള്ള വളർച്ച അത്ര എളുപ്പമായിരുന്നില്ല.

ടാൻസാനിയയിലെ ഒരു ഉൾഗ്രാമത്തിലാണ് കിലിയും നീമയും താമസിക്കുന്നത്. കൃഷിയും പശുവളർത്തലും‌ ഉപജീവനമാർഗമായി കണ്ടവർ. ‌കുട്ടിക്കാലം മുതൽ വളരെയേറെ കഷ്ടപ്പാടുകൾക്കു നടുവിലായിരുന്നു കിലിയുടേയും നീമയുടേയും ജീവിതം. കഠിനാധ്വാനത്തിനിടയിലുള്ള ചെറിയ ചില ഇടവേളകളിലാണ് ടിക്ടോക്കും ഇൻസ്റ്റഗ്രാമുമെല്ലാം പരിചയപ്പെട്ടത്. സംഗീതത്തിലും നൃത്തത്തിലുമുള്ള താല്‍പര്യം കൊണ്ട് ടിക് ടോക് വിഡിയോകൾ ചെയ്യാൻ തുടങ്ങി. ആദ്യം കിലി ഒറ്റയ്ക്കായിരുന്നു വിഡിയോ ചെയ്തിരുന്നത്. പിന്നീട് ഇളയ സഹോദരി നീമയെയും ഒപ്പം കൂട്ടി. എന്നാലിപ്പോൾ വീണ്ടും കിലി ഒറ്റയ്ക്കാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. നീമ എവിടെയെന്ന് അന്വേഷിക്കുന്നുണ്ട് ആരാധകരിൽ ചിലർ.

കുട്ടിക്കാലം മുതല്‍ ഇന്ത്യൻ സിനിമകളുടെ ആരാധകനാണ് കിലി. അങ്ങനെയാണ് ഷേർഷയിലെ ഹിറ്റ്‌ ഗാനത്തിനു ചുണ്ടനക്കിയത്. ഞൊടിയിടയിൽ അത് വൈറൽ ആവുകയും ലോകം മുഴുവനുള്ള ബോളിവുഡ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഷേർഷയിലെ താരങ്ങളും കിലിയുടെ വിഡിയോ പങ്കുവയ്ക്കുകയുണ്ടായി. ആദ്യ വിഡിയോ തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. പിന്നീട് കിലിക്കും നീമയ്ക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. റെക്കോർഡ് വേഗത്തിൽ ഇരുവരുടേയും ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയർന്നു. അങ്ങനെ രാജ്യാതിർത്തികൾ കടന്ന് കിലിയും നീമയും അവരുടെ ചുണ്ടനക്കങ്ങളും ചർച്ച ചെയ്യപ്പെട്ടു. വിഡിയോകളിൽ നിന്നു വരുമാനം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.  

മൊബൈൽ ചാർജ് ചെയ്യാൻ സ്വന്തം വീട്ടിൽ കറന്റ്‌ പോലുമില്ലാത്ത കിലിയും പെങ്ങളും തങ്ങൾ വൈറൽ ആയെന്ന വിവരം അറിയുന്നത് ഏറെ വൈകിയാണ്. ഇന്ത്യയോട് അവർക്കുള്ള സ്നേഹം ഇന്ത്യ തിരിച്ചു നൽകുന്നുവെന്നറിഞ്ഞതോടെ അവർ പിന്നീട് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ഇന്ത്യൻ ഗാനങ്ങളും നൃത്തച്ചുവടുകളുമായി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞു. സെലിബ്രിറ്റികളടക്കമുള്ളവരാണ് ഈ സഹോദരങ്ങളെ ഫോളോ ചെയ്യുന്നത്.

‌ഇന്ത്യൻ പാട്ടുകളുടെ വരികളും ഉച്ചാരണവുമെല്ലാം കിലിയും നീമയും പഠിക്കുന്നത് രണ്ട് മുതൽ നാല് ദിവസം വരെ എടുത്താണ്. ഓരോ വാക്കിന്റേയും അർഥം ഇന്റർനെറ്റിന്റെ സഹായത്തോടെ മനസ്സിലാക്കിയ ശേഷം വിഡിയോകൾ ചെയ്യും. ഇന്ത്യക്കാർ തരുന്ന സ്നേഹത്തിനു മുമ്പിൽ തങ്ങളുടെ കഷ്ടപാട് നിസാരമായാണു തോന്നുന്നതെന്ന് കിലി പോൾ പലതവണ പറഞ്ഞിട്ടുണ്ട്. 

ദാരിദ്ര്യം മുതൽ അജ്ഞാത സംഘത്തിന്റെ ആക്രമണം വരെ നേരിട്ടാണ് കിലിയും നീമയും തങ്ങളുടെ വിജയ യാത്ര തുടരുന്നത്. ഏകദേശം രണ്ട് വർഷം മുൻപ് കിലിക്കു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായി. അഞ്ചംഗ സംഘം വടിയുപയോഗിച്ച് തന്നെ അടിച്ചുവെന്നും അഞ്ച് സ്റ്റിച്ചുകളുണ്ടെന്നും അറിയിച്ച് ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രം കിലി പോൾ പോസറ്റ് ചെയ്തിരുന്നു. 

‌അജ്ഞാതരുടെ ആക്രമണങ്ങൾക്കു മുമ്പിൽ കിലി തളർന്നില്ല. വീണ്ടും വിഡിയോകൾ പുറത്തിറക്കി. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിൽ വിജയ് യേശുദാസ് ആലപിച്ച ‘തൂമഞ്ഞു വീണ വഴിയേ.. വെൺതൂവൽ വീശുമഴകേ...’ എന്ന ഗാനത്തിന്റെ ലിപ്സിങ്ക് വിഡിയോ ആണ് കിലി ഏറ്റവുമൊടുവിലായി പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. ചുണ്ടനക്കങ്ങൾക്കു പുറമേ, പ്രിയപ്പെട്ട പാട്ടുകൾക്കൊപ്പം ചുവടുവയ്ക്കുന്നതും പതിവാക്കിയിരിക്കുകയാണ് കിലി പോൾ. ഉടൻ തന്നെ ഇന്ത്യയിൽ വരുമെന്നും ഇന്ത്യക്കാർ നൽകുന്ന സ്നേഹം നേരിട്ടനുഭവിക്കാൻ ആഗ്രഹമുണ്ടെന്നും കിലി പറയുന്നു. 

English Summary:

Life journey of viral stars Kili Paul and Neema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com