എഴുതിയതിൽ പലതും പ്രചരിച്ചത് മറ്റുള്ളവരുടെ പേരിൽ, യേശുദാസിനും പറ്റിപ്പോയി ആ പിഴവ്! പക്ഷേ
Mail This Article
മലയാള സിനിമാഗാനങ്ങളുടെ പൂക്കാലം. പി. ഭാസ്ക്കരനും വയലാറും ഒഎന്‍വി കുറുപ്പും പരന്നൊഴുകുകയാണ്. അവിടെ മറ്റൊരാളിന് ഇടമില്ലെന്ന് ആസ്വാദകരും സംഗീതജ്ഞരും വിധി എഴുതിക്കഴിഞ്ഞു. എന്നിട്ടും പാട്ടിന്റെ ഒരു കുമ്പിള് തീർഥവുമായെത്തിയ ഹരിപ്പാട്ടുകാരന് മഹാനദിയായി കരകവിഞ്ഞൊഴുകി. ആസ്വാദകരെ പുളകമണിയിച്ചും സംഗീതജ്ഞരെ കോരിത്തരിപ്പിച്ചും പാട്ടെഴുത്തിന്റെ ശ്രീത്വമായി പരിണമിച്ചു. തലമുറകളിലൂടെ അതിങ്ങനെ ഒഴുകി ഒഴുകി നീങ്ങുകയാണ്. ശ്രീകുമാരന്‍ തമ്പി കണ്ട ആയിരം പൂര്ണ്ണചന്ദ്രന്മാരെക്കാള് ശോഭയുണ്ട് ആ പാട്ടുകള്‍ക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ഇമ്പമുള്ള പാട്ടുകള്‍ എഴുതി ചേര്‍ക്കാതെ നമ്മുടെ സംഗീതശാഖയുടെ ചരിത്രം തന്നെ പൂര്‍ണമാകുക അസാധ്യം.
ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ പോലെ വിലയിരുത്തപ്പെടേണ്ടതാണ് ആ പാട്ടെഴുത്തുകാരന്റെ രംഗപ്രവേശന കാലവും. തന്നെ അംഗീകരിക്കാനും കൈപിടിക്കാനും മടിച്ചവര്‍ക്ക് വരികളിലൂടെ മറുപടി നല്കി. മാറ്റി നിര്‍ത്തിയവര്‍ക്കും ഒഴിവാക്കാന്‍ ശ്രമിച്ചവര്‍ക്കും സംഭവിച്ചത് വലിയ നഷ്ടങ്ങള്‍. പാട്ടെഴുത്തിന്റെ പക്വതയും ചെറുപ്പത്തിന്റെ തെളിമയും തമ്പിയുടെ മുഖമുദ്രയായി. 1971ല്‍ 'വിലയ്ക്കുവാങ്ങിയ വീണ'യിലെ ഗാനങ്ങള്‍ക്കു തമ്പി മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടിയത് മറ്റൊരു ചരിത്രമായി. 1969ല്‍ ആരംഭിച്ച സംസ്ഥാന പുരസ്കാരം ആദ്യം ഗാനരചനയ്ക്കു നേടിയത് വയലാര്‍, തൊട്ടടുത്ത വര്‍ഷം പി.ഭാസ്ക്കരന്‍ അതിനും പിന്നാലെ ശ്രീകുമാരന്‍ തമ്പിയും. തന്നിലെ പ്രതിഭ നിസ്സാരക്കാരനല്ലെന്ന് അദ്ദേഹം തന്നെ തെളിയിച്ചു. പിന്നീടങ്ങോട്ട് എത്രയെത്ര നല്ല പാട്ടുകള്‍. അത് മലയാളിയുടെ വികാരവിചാരങ്ങളുടെയും ഗൃഹാതുരതയുടെയും അക്ഷരങ്ങളായി പരിണമിച്ചു.
പാട്ടെഴുത്തിന്റെ കൈപിടിച്ച് നടക്കുമ്പോഴും കവിത ശ്രീകുമാരന്‍ തമ്പിയുടെ മുഖമുദ്രയായിരുന്നു. കവിത എനിക്കു വേണ്ടിയും പാട്ട് മറ്റുള്ളവര്‍ക്കു വേണ്ടിയുമാണ് ഞാനെഴുതുന്നതെന്ന് അദ്ദേഹം പലപ്പോഴും തുറന്നു പറഞ്ഞു. അപ്പോഴും ആ പാട്ടുകളില്‍ പലതും കവിതയുടെ ജീവന് തുടിക്കുന്ന വരികളായിരുന്നു. അതുകൊണ്ടുതന്നെയാകാം അക്കാലത്തെ പാട്ടെഴുത്തിലെ മഹാരഥന്മാര്ക്കൊപ്പം ശ്രീകുമാരന്‍ തമ്പിയും അതിവേഗത്തില്‍ ഇടം പിടിച്ചത്. ശ്രീകുമാരന്‍ തമ്പി എഴുതിയ പല ഗാനങ്ങളും വയലാറിന്റേതെന്ന നിലയില്‍ പ്രചരിക്കപ്പെട്ടു. സാക്ഷാല്‍ ഗാനഗന്ധര്‍വനു പോലും ഈ പിശക് സംഭവിച്ചപ്പോള്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
1966ല്‍ എം.എസ്.ബാബുരാജിന്റെ സംഗീതത്തില്‍ 'കാട്ടുമല്ലിക'യിലൂടെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടെഴുത്തിലേക്കുള്ള സിനിമാ പ്രവേശനം. പാട്ടുകളൊക്കെ ഹിറ്റായതോടെ ശ്രീകുമാരന്‍ തമ്പി എന്ന എഴുത്തുകാരന് ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, എം.ബി.ശ്രീനിവാസന്, എം.കെ.അര്ജുനന് തുടങ്ങിയ സംഗീതസംവിധായകര്‍ക്കൊപ്പം ചേര്‍ന്നപ്പോഴൊക്കെ മലയാളിയുടെ ഹൃദയസ്സരസ്സില് ആ പാട്ടുകള്‍ പ്രണയ പുഷ്പങ്ങളായി വിടര്‍ന്നു. ശ്രീകുമാരന്‍ തമ്പി തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്ന് സംഗീതസംവിധായകരും വാശി പിടിച്ചു. പിന്നെയെല്ലാം ആ പാട്ടുപോലെ ചരിത്രം.
കാട്ടുമല്ലികയുടെ പാട്ടുവസന്തം കേരളത്തെ സുഗന്ധപൂരിതമാക്കിയത് കുറച്ചൊന്നുമല്ല. എം.എസ്.ബാബുരാജെന്ന സംഗീതരാജന്റെ മേല്‍വിലാസമായിരുന്നു അതിന്റെ പ്രധാന കാരണം. ഇതേ കാലത്തു തന്നെയാണ് വയലാര്‍ സലീല്‍ ചൗധരി കൂട്ടുകെട്ടില്‍ പിറന്ന 'ചെമ്മീനി'ലെ ഗാനങ്ങള്‍ കേരളത്തില്‍ വലിയ ഓളം സൃഷ്ടിക്കുന്നത്. മാനസമൈനേയും പെണ്ണാളെ പെണ്ണാളെയുമൊക്കെ മലയാളി ഹൃദയത്തിലേറ്റി ആഘോഷമാക്കുകയാണ്. പി.ഭാസ്ക്കരന്‍ ചിദംബരനാഥ് കൂട്ടുകെട്ടില്‍ പിറന്ന 'പകല്‍ക്കിനാവ്' എന്ന ചിത്രത്തിലെ ഗാനങ്ങളാണ് മറ്റൊരുവശത്ത്. പകല്ക്കിനാവിന് സുന്ദരമാകും, കേശാദിപാദം തൊഴുന്നേന്‍ കേശവ തുടങ്ങിയ ഗാനങ്ങളും മലയാളി പാടി നടക്കുകയാണ്. ഒഎന്‍വി ദേവരാജന്‍ കൂട്ടുകെട്ടിന്റെ 'കരുണ'യിലെ വാര്‍ത്തിങ്കള്‍ത്തോണിയേറി, എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ എന്നിങ്ങനെയുള്ള ഗാനങ്ങളും ഇതേ കാലഘട്ടത്തിന്റെ മേല്‍വിലാസമായിരുന്നു. പാട്ടിന്റെ നല്ലകാലത്തിന്റെ ഈ തുടക്കത്തില്‍ എങ്ങനെയാണ് പുതിയൊരു എഴുത്തുകാരനെ മലയാളിക്ക് സ്വീകരിക്കാന്‍ കഴിയുക? പി.ഭാസ്ക്കരനും വയലാറും ഒഎന്‍വിയും തൊടുന്നതൊക്കെ മുത്തുകളാണ്. അവരുടെ പാട്ടുകളൊക്കെ മത്സരിച്ച് ഹിറ്റുകളാകുന്നുമുണ്ട്. അപ്പോഴും അവര്‍ക്കിടയിലേക്ക് എം.എസ്.ബാബുരാജെത്തുമ്പോള് ഒരിടം മലയാളി ബാക്കിവച്ചിരുന്നു. അതോടെ കാട്ടുമല്ലികയിലെ തുടക്കക്കാരനായ ശ്രീകുമാരന്‍ തമ്പിയും പാട്ടുപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി. ചിത്രത്തിലെ താമരത്തോണിയില്‍ താലോലമാടി താനേ തുഴഞ്ഞുവരും പെണ്ണേ എന്ന പ്രണയഗാനം ചെറുപ്പക്കാര്‍ ആഘോഷമാക്കി. അപ്പോഴും ശ്രീകുമാരന്‍ തമ്പിക്ക് തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിയുമോ എന്ന് സംശയം പ്രകടിപ്പിച്ചവരും ഏറെയാണ്. ഒരു വേനല്‍മഴപോലെ ഈ പാട്ടെഴുത്തുകാരനും മിന്നി മറയുമെന്ന് പലരും അടക്കം പറഞ്ഞു. എന്തായാലും വന്കോട്ടകളുടെ വാതില്‍ തുറന്നു വന്ന തേനൂറുന്ന പാട്ടുകളായിരുന്നു പിന്നീട് ശ്രീകുമാരന്‍ തമ്പിയിലൂടെ മലയാളി കേട്ടതൊക്കെയും.