ആ നാക്കുളുക്കൽ ഗാനം ആലപിച്ചത് യേശുദാസല്ല: രഹസ്യം വെളിപ്പെടുത്തി ഔസേപ്പച്ചൻ
Mail This Article
'പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു താളം'... ഉണ്ണികളെ ഒരു കഥപറയാം എന്ന ചിത്രത്തിൽ യേശുദാസ് ആലപിച്ച മനോഹരമായ ഈ ഗാനം ആരംഭിക്കുന്നത് ഒരു ടങ് ട്വിസ്റ്ററോടെയാണ്.
കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം
കരളിലുമലരിതളുതിരുമൊരളികുലമിളകിയചുരുളലകം
ആഹാകളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം
കരളിലുമലരിതളുതിരുമൊരളികുലമിളകിയചുരുളലകം
ഇത് പലതവണ പാടിയും പറഞ്ഞും നാക്കുളുക്കാത്ത മലയാളികൾ ചുരുക്കമാണ്. ചിത്രത്തിൽ യേശുദാസിന്റെ ശബ്ദത്തിൽ പാട്ടാരംഭിക്കും മുമ്പ് കാണിക്കുന്ന സീനിൽ മോഹൻലാലാണ് ഈ ടങ്ട്വിസ്റ്റർ പാടി അവതരിപ്പിക്കുന്നത്. എന്നാൽ പാട്ടിൻറെ ഓഡിയോ കാസറ്റിൽ കേൾക്കുന്നത് മറ്റൊരു ശബ്ദമാണ്. യേശുദാസിന്റെ തന്നെ ശബ്ദമാണത് എന്നാണ് പലരും കരുതിയിരുന്നതെങ്കിലും ഗാനത്തിന് സംഗീതം നൽകിയ ഔസേപ്പച്ചനാണ് ആ ടങ്ട്വിസ്റ്റർ പാടിയിരിക്കുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആ ഗാനരംഗത്തെക്കുറിച്ച് ഔസേപ്പച്ചൻ പറയുന്നത് ഇങ്ങനെയാണ്:
‘‘ആ പാട്ടിന്റെ താളത്തിൽ ഒരു ടങ്ട്വിസ്റ്റർ വേണമെന്ന് പറഞ്ഞിരുന്നു അങ്ങനെയാണ് :'കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം' എന്ന് തുടങ്ങുന്ന ടങ്ട്വിസ്റ്റർ കമ്പോസ് ചെയ്യുന്നത്. അങ്ങനെ പാട്ടുപാടാനായി ദാസേട്ടനെത്തി. വരികൾ പാടിയ ശേഷം അവസാനം ടങ്ട്വിസ്റ്റർ പാടാം എന്നായിരുന്നു ദാസേട്ടൻറെ തീരുമാനം. എന്നാൽ പാടിക്കഴിഞ്ഞപ്പോൾ അതേ സ്പീഡിൽ ടങ്ട്വിസ്റ്റർ പാടാൻ ദാസേട്ടന് ബുദ്ധിമുട്ട് തോന്നി. ഇതേ സിനിമയിൽ മറ്റ് 4 പാട്ടുകൾ കൂടി ദാസേട്ടൻ പാടുന്നുണ്ട്. അതുകൊണ്ട് അടുത്ത പാട്ടിൻറെ റെക്കോഡിങ്ങിനെത്തുമ്പോൾ പാടാം എന്നായി ദാസേട്ടൻ. അന്ന് മടങ്ങുമ്പോൾ ഈ ടങ്ട്വിസ്റ്റർ മറ്റൊരു ഗാനമേളയിൽ പാടുന്നതിനായി ദാസേട്ടൻ കുറിച്ചെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ആ ഗാനമേളസംഘത്തിലെ മാനുവൽ എന്ന കീബോഡിസ്റ്റിന് മാത്രമേ അത് താളത്തിൽ പാടാൻ കഴിഞ്ഞുള്ളു. അടുത്ത ദിവസം വളരെ കോൺഫിഡൻസോടെ ദാസേട്ടനെത്തുകയും സ്ഫുടമായി ആ ടങ്ട്വിസ്റ്റർ പാടുകയും ചെയ്തു. എന്നാൽ പാടിക്കഴിഞ്ഞപ്പോൾ ദാസേട്ടനതിൽ തൃപ്തി തോന്നിയില്ല. ഒടുവിൽ നിൻറെ ശബ്ദവും എന്റെ ശബ്ദവും ഏകദേശം ഒരുപോലെയാണെന്ന് പറഞ്ഞ് അത് എന്നോട് പാടാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാനത് പാടിയത്. എന്നാൽ എന്റെ ശബ്ദമാണ് ഓഡിയോ കാസറ്റിലുള്ളതെന്ന് പലർക്കും അറിയില്ല. സിനിമിയിൽ വളരെ മനോഹരമായി ലാൽ അത് പാടിയിട്ടുണ്ട്.’’