ഇളയരാജ പാട്ടുകളുടെ പകര്‍പ്പവകാശം: വാദം കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി
Mail This Article
സംഗീതജ്ഞൻ ഇളയരാജയുടെ പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച് റെക്കോർഡിങ് കമ്പനി നൽകിയ അപ്പീലിൽ വാദം കേൾക്കുന്നതിൽ നിന്നു മദ്രാസ് ഹൈക്കോടതി ജഡ്ജി പിന്മാറി. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കവെ ജസ്റ്റിസ് ആര്‍.സുബ്രഹ്‌മണ്യം, കേസ് മറ്റൊരു ബെഞ്ചിന് ലിസ്റ്റ് ചെയ്യുന്നതിനു ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാന്‍ റജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
ഇളയരാജ ഈണം പകർന്ന 4500ലധികം പാട്ടുകളിൽ അദ്ദേഹത്തിനു പ്രത്യേക അവകാശം നൽകിയ 2019ലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എക്കോ റെക്കോർഡിങ് കമ്പനിയാണ് കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. മലേഷ്യ ആസ്ഥാനമായ ആഗി മ്യൂസിക്, എക്കോ റെക്കോഡിങ്, ആന്ധ്രയിലെ യൂണിസിസ് ഇൻഫോസൊല്യൂഷന്‍സ്, മുംബൈയിലെ ഗിരി ട്രേഡിങ് എന്നീ കമ്പനികൾക്കെതിരെ ഇളയരാജ 2013ൽ നൽകിയ കേസിലായിരുന്നു കോടതി ഉത്തരവ്.
താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ തന്റെ അനുവാദം കൂടാതെ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കമ്പനികളെ തടയണമെന്നായിരുന്നു ഇളയരാജയുടെ ആവശ്യം. 1957ലെ പകര്‍പ്പവകാശ നിയമപ്രകാരം പൂര്‍ണമായോ ഭാഗികമായോ കൈമാറിയ പാട്ടുകൾക്കുമേൽ സംഗീതസംവിധായകർക്ക് അവകാശമുണ്ടെന്ന് 2019ൽ കോടതി നിരീക്ഷിച്ചു.
അഴിച്ചുപണികൾ നടത്തിയതിലൂടെ പാട്ടുകള്‍ക്കു മുറിവേറ്റിട്ടുണ്ടെന്നു സംഗീതജ്ഞർക്കു ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണെന്നും കോടതി വെളിപ്പെടുത്തിയിരുന്നു. ഇളയരാജ സംവിധാനം ചെയ്ത പാട്ടുകളുടെ പകര്‍പ്പവകാശം വിവിധ നിര്‍മാതാക്കളില്‍നിന്നു സ്വന്തമാക്കിയ എക്കോ റെക്കോഡിങ്ങിന് അത് ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സുമന്തിന്റെ സിംഗിൾ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.