നീയെന്റെ പ്രാർഥന കേട്ടു; അന്ന് ഒറ്റപ്പാട്ട് പാടി അപ്രത്യക്ഷയായ മേരി ഷൈല, അരനൂറ്റാണ്ടിനിപ്പുറം വീണ്ടുമിതാ ആ സ്വരം!
Mail This Article
‘നീയെന്റെ പ്രാർഥന കേട്ടു നീയെന്റെ മാനസം കണ്ടു’! കേട്ടവരാരും മറക്കാനിടയില്ല ആ പെൺസ്വരത്തെ. പാട്ട് പുറത്തിറങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടെങ്കിലും ആ പുതുമ ഇപ്പോഴും ചോർന്നുപോയിട്ടില്ല. മാത്രവുമല്ല, ഔദ്യോഗിക പ്രാർഥനാഗീതമായി ഈ ഗാനം വിവിധയിടങ്ങളിൽ ആലപിക്കപ്പെടുകയും ചെയ്യുന്നു. ശബ്ദം ചിരപരിചിതമായെങ്കിലും ആ ശബ്ദത്തിനുടമയെ പലർക്കും അറിയില്ല, അല്ലെങ്കിൽ പലരും മറന്നുപോയിരിക്കുന്നു എന്നതാണു സത്യം. ഒറ്റപ്പാട്ടിലൂടെ മലയാളിഹൃദയങ്ങളെ കവർന്നെടുന്ന ആ ഗായികയുടെ പേര് മേരി ഷൈല! ഇന്ന് പാട്ടിൽ നിന്നെല്ലാമകന്ന് സാധാരണ വീട്ടമ്മയായി ബെംഗളൂരുവിൽ സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു അവർ.
‘നീയെന്റെ പ്രാർഥന കേട്ടു’ എന്ന ഗാനം വർഷങ്ങൾക്കിപ്പുറം ഷൈല വീണ്ടും ആലപിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പ്രശസ്ത സംഗീതഗവേഷകൻ രവി മേനോൻ ആണ് വിഡിയോ പുറത്തുവിട്ടത്. ആ പാട്ടിനെക്കുറിച്ചും മേരി ഷൈല എന്ന ഗായികയെക്കുറിച്ചും മുൻപ് രവി മേനോൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
രവി മേനോന്റെ കുറിപ്പിൽ നിന്ന്:
ആ പാട്ടൊന്ന് വിഡിയോയിൽ പാടിത്തരുമോ എന്ന ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം നിശ്ശബ്ദയാകുന്നു മേരി ഷൈല. പിന്നെ എന്റെ കൈകൾ രണ്ടും സ്നേഹപൂർവം ചേർത്തുപിടിച്ചു പറയുന്നു: "പാടാം, നിങ്ങൾക്കു വേണ്ടി എവിടെയും എപ്പോഴും പാടാം. എങ്ങോ മറഞ്ഞുകിടന്ന എന്നിലെ ഗായികയെ പുറത്തു കൊണ്ടുവന്ന് വീണ്ടും പാട്ടിന്റെ ലോകത്തെത്തിച്ചത് നിങ്ങളല്ലേ?"
ഹൃദയത്തിൽ നിന്നുതിർന്ന ആ വാക്കുകൾ ഇതാ ഈ നിമിഷവും എന്റെ കണ്ണുകൾ ഈറനാക്കുന്നു.
മറക്കാനാവാത്ത കൂടിക്കാഴ്ചയായിരുന്നു അത്. കാറ്റു വിതച്ചവൻ (1973) എന്ന സിനിമയ്ക്കു വേണ്ടി അമ്പതു വർഷം മുൻപ് റെക്കോർഡ് ചെയ്‌ത ഗാനം എനിക്കു വേണ്ടി വീണ്ടും പാടുമ്പോൾ പഴയ ഇരുപതുവയസ്സുകാരി ഷൈലയിൽ പുനർജനിച്ചതു പോലെ. അതേ മാധുര്യം, അതേ ഭാവദീപ്തി, അതേ ശ്രുതിശുദ്ധി....
"വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം,
വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം,
നീയെന്റെ പ്രാർഥന കേട്ടു നീയെന്റെ മാനസം കണ്ടു
ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ
അഴലിൻ കൂരിരുൾ മാറ്റി.......''
സിനിമയ്ക്കു വേണ്ടി ആദ്യമായും അവസാനമായും പാടി റെക്കോർഡ് ചെയ്ത പാട്ട് ഇത്ര കാലത്തിനു ശേഷം വീണ്ടും പാടുമ്പോൾ എന്തെന്തു വികാരങ്ങളാകും ആ മനസ്സിനെ വന്നു മൂടിയിരിക്കുക എന്നോർക്കുകയായിരുന്നു ഞാൻ. എത്രയെത്ര മുഖങ്ങളാകും ആ പാട്ടിനൊപ്പം ഗായികയുടെ ഓർമയിൽ തെളിഞ്ഞിരിക്കുക? പല്ലവി പാടിനിർത്തിയ ശേഷം ഷൈല (ഇന്ന് ഷൈല സതീഷ്) പറഞ്ഞു: "ഇരുപതാം വയസ്സിൽ പാടിയ പാട്ടല്ലേ? വരികളൊക്കെ മറന്നുതുടങ്ങി. കാറ്റു വിതച്ചവൻ എന്ന സിനിമയുടെ സംവിധായകൻ റവ.സുവിശേഷമുത്തു, സംഗീതസംവിധായകരായ പീറ്റർ-രൂബൻ, ഗാനരചയിതാവ് പൂവച്ചൽ ഖാദർ, ആർ.കെ.ശേഖർ, ഗായകൻ ജെ.എം.രാജു... ഇവരൊക്കെ റെക്കോർഡിങ്ങിനു ഭരണി സ്റ്റുഡിയോയിൽ എത്തിയിരുന്നു എന്നാണ് ഓർമ. പാട്ട് കേട്ട് അഭിനന്ദിച്ചു എല്ലാവരും. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വലിയ സന്തോഷം തോന്നി...''
പക്ഷേ പിന്നീടൊരിക്കലും സിനിമയിലേക്കു തിരിച്ചുചെന്നില്ല ഷൈല. തന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ് സിനിമാക്കാലമെന്നു പറയും അവർ. ‘ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു നാൾ സിനിമയിൽ പാടിയത്. ഒരിക്കലും അതൊരു ഉപജീവനമാർഗമാക്കണം എന്ന് ആലോചിച്ചിട്ടില്ല. ഇന്നും കുറേപ്പേർ എന്റെ പാട്ട് ഓർത്തിരിക്കുന്നു എന്നതുതന്നെ അദ്ഭുതകരമായ അറിവാണെനിക്ക്’, ഷൈല പറയുന്നു.
മേരി ഷൈലയെ കണ്ടെത്താൻ കഴിയുമെന്നു പ്രതീക്ഷിച്ചതല്ല. ഏറ്റവുമടുപ്പമുണ്ടായിരുന്നവർക്കു പോലും അറിയില്ലായിരുന്നു പഴയ പാട്ടുകാരി ഇപ്പോൾ എവിടെയാണെന്ന്. 1970 കളുടെ ഒടുവിൽ സഹപ്രവർത്തകൻ സതീഷിന്റെ ജീവിതപങ്കാളിയായി ക്രിസ്ത്യൻ ആർട്സിനോടു വിടപറഞ്ഞ ശേഷം ചെന്നൈയിൽ നിന്ന് അപ്രത്യക്ഷയായതാണ് ഷൈല. വിജ്ഞാന ഭണ്ഡാരമായി വാഴ്ത്തപ്പെടുന്ന ഇന്റർനെറ്റിൽ പോലുമില്ല ഷൈലയുടെ ജീവിതരേഖ; പേരിനൊരു ഫോട്ടോ പോലും. ഇത്രയും വലിയൊരു ഹിറ്റ് ഗാനം മലയാളികൾക്കു സമ്മാനിച്ചു കടന്നുപോയ പാട്ടുകാരി എവിടെ പോയി മറഞ്ഞിരിക്കണം? കൗതുകവും ദുരൂഹതയും നിറഞ്ഞ ചോദ്യം!
ബെംഗളൂരുവിൽ ലിംഗരാജപുരത്ത് ഭർത്താവ് സതീഷിനൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന ഷൈലയെ ഒടുവിൽ കണ്ടെത്തിയത് ഫെയ്സ്ബുക്കിന്റെ സഹായത്തോടെ. മകൾ സഞ്ജന സതീഷ് യൂട്യൂബിൽ അമ്മയുടെ പാട്ടിനെ കുറിച്ചു പോസ്റ്റ് ചെയ്ത ഒരു കമന്റിൽ നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. ഫെയ്സ്ബുക്കിൽ കണ്ടുമുട്ടിയപ്പോൾ സഞ്ജന പറഞ്ഞു: "അമ്മയ്ക്ക് സന്തോഷമാകും. പഴയ ഓർമകൾ തിരിച്ചുപിടിക്കാനുള്ള അവസരമല്ലേ?'' മൂന്നു പെൺമക്കളാണ് സതീഷ് - ഷൈല ദമ്പതിമാർക്ക്. സുകന്യ, സഞ്ജന, ശരണ്യ. മൂന്ന് പേരും വിവാഹിതർ. ദാമ്പത്യത്തിലേക്കു പ്രവേശിച്ച ശേഷം പാട്ടിന്റെ വഴിയിലേക്കു തിരികെ പോയില്ല ഷൈല. കുട്ടികളെ വളർത്തുന്ന തിരക്കിൽ അതിനു സമയം കിട്ടിയില്ല എന്നതാണു സത്യം. എങ്കിലും പാട്ടിനോടുള്ള സ്നേഹം ഷൈല കൈവിട്ടിരുന്നില്ല. അപൂർവമായി പള്ളിയിലെ ക്വയറിൽ പാടും. മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ഒന്നിനു ശബ്ദം പകർന്ന ഗായികയാണ് തെല്ലൊരു സഭാകമ്പത്തോടെ മുന്നിൽ നിന്നു പാടുന്നതെന്നു തിരിച്ചറിഞ്ഞവർ കുറവായിരുന്നു ബെംഗളൂരുവിലെ കൂട്ടായ്മകളിൽ. ഷൈല അക്കാര്യം ആരോടും വെളിപ്പെടുത്താൻ പോയതുമില്ല. ഒരേയൊരു സിനിമാ പാട്ട് പാടി അപ്രത്യക്ഷയായ തന്നെ ആര് ഓർത്തിരിക്കാൻ?
ഇടയ്ക്കൊരിക്കൽ ഭർത്താവ് സതീഷ് ഔദ്യോഗിക ആവശ്യത്തിനു കേരളത്തിൽ പോയി തിരിച്ചുവന്നപ്പോഴാണ് ആ ധാരണ തിരുത്തേണ്ടിവന്നത്. ഏതോ നാട്ടിൻപുറത്തുകൂടി കാറിൽ കടന്നു പോകവേ സതീഷിന്റെ കാതിലേക്കു പരിചിതമായ ഒരു ശബ്ദം ഒഴുകിയെത്തുന്നു. വണ്ടി നിർത്തി ശ്രദ്ധിച്ചപ്പോൾ, അദ്ഭുതം. ഭാര്യയുടെ പാട്ടാണ്. "തൊട്ടടുത്തുള്ള ഒരു സ്‌കൂൾ അസംബ്ലിയിൽ പ്രാർഥനാഗീതമായി കുട്ടികൾ വാഴ്ത്തുന്നു, വാഴ്ത്തുന്നു ദൈവമേ എന്ന പാട്ട്. സതീഷ് എനിക്ക് വേണ്ടി ഫോണിൽ റെക്കോർഡ് ചെയ്തു. ഇവിടെ വന്ന് അത് കേൾപ്പിച്ചുതന്നപ്പോൾ എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല. ഇത്ര കാലത്തിനു ശേഷവും ആ പാട്ട് ജീവിക്കുന്നുവെന്നോ? ശരിക്കും കണ്ണു നിറഞ്ഞുപോയി. ''ഷൈലയുടെ മക്കൾക്കും അതൊരു അദ്ഭുതകരമായ അറിവായിരുന്നു. അമ്മയെ വീണ്ടും സംഗീതത്തിലേക്കു തിരിച്ചുകൊണ്ടുവരണമെന്ന് സുകന്യയും സഞ്ജനയും ശരണ്യയും തീരുമാനിക്കുന്നത് അന്നാണ്. 2007 ൽ ഷൈലയുടെ പാട്ടു കൂടി ഉൾപ്പെടുത്തി ഒരു ഭക്തിഗാന ആൽബം പുറത്തിറക്കുന്നു അവർ. "കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങിയാണ് അന്ന് ഞാൻ പാടിയത്. പിന്നെ പാടിയിട്ടില്ല.''