ADVERTISEMENT

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ വിനൈൽ റെക്കോർഡ് പ്രകാശനം ചെയ്ത് ഗായിക ബോംബെ ജയശ്രീ. ബോംബെ ജയശ്രീയുടെ വസതിയിൽ വച്ചായിരുന്നു പ്രകാശന ചടങ്ങ്. ഇതിന്റെ വിഡിയോ വിനീത് ശ്രീനിവാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഗായികയുടെ മകൻ അമൃത് രാംനാഥ് ആണ് വർഷങ്ങൾക്കു ശേഷത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. 

വിനീത് ശ്രീനിവാസൻ പങ്കുവച്ച വിഡിയോ ദൃശ്യങ്ങൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ദീർഘകാലത്തിനു ശേഷം ബോംബെ ജയശ്രീയെ സ്ക്രീനിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്നു ചികിത്സയിലായിരുന്ന ഗായിക, ആരോഗ്യം വീണ്ടെടുത്തു വരികയാണ്. ശാരീരിക അസ്വസ്ഥതകൾ പ്രകടമാണെങ്കിലും മുഖത്തെ പ്രസരിപ്പ് മാഞ്ഞിട്ടില്ലെന്നു ആരാധകർ പറയുന്നു. 

കഴിഞ്ഞ വർഷം മാർച്ചിലാണ് മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്നു ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഗീതപരിപാടിയുമായി ബന്ധപ്പെട്ടു ലണ്ടനിലെത്തിയ ഗായികയെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് ജയശ്രീ ആരോഗ്യം വീണ്ടെടുത്തത്. 

ആശുപത്രി മുറിയിൽ അമ്മയ്ക്കു കൂട്ടിരിക്കവെയാണ് അമൃത്, ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിനു വേണ്ടി പാട്ടൊരുക്കിയത്. സംഗീതത്തിന്റെ ശക്തിയാലാണ് അമ്മ ജീവിതത്തിലേക്കു മടങ്ങി വന്നതെന്ന് അമൃത് പറയുന്നു. ചിത്രത്തിനു വേണ്ടി ബോംബെ ജയശ്രീയും ഒരു ഗാനം എഴുതിയിട്ടുണ്ട്. 

ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ഹൃദയം ഒരുക്കിയ മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്. വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നിവിൻ പോളി തുടങ്ങിയവരും വേഷമിടുന്നു. ഏപ്രിൽ 11ന് ‘വർഷങ്ങൾക്കു ശേഷം’ പ്രദർശനത്തിനെത്തും.

English Summary:

Bombay Jayashri releases the vinyl records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com