ആ ‘കടുംനീലനിമിഷത്തിന്റെ’ വേദനയിൽ അവർ വേർപിരിഞ്ഞു; നിറങ്ങളോടായിരുന്നോ മൈക്കിൾ, നിന്റെ പ്രണയം?
Mail This Article
ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു...
‘ആർട്ടിസ്‌റ്റ്’ എന്ന ചിത്രം കണ്ടപ്പോഴാണ് കെ.എസ്.ചിത്ര പാടിയ ഈ വരികൾ ആദ്യമായി കേൾക്കുന്നത്, ഗായത്രിയെയും മൈക്കിളിനെയും പരിചയപ്പെടുന്നതും. മുൻപരിചയമുള്ള പല ക്യാംപസ് പ്രണയങ്ങളെയും ഓർമിപ്പിച്ചു അവർ. ആളൊഴിഞ്ഞ തണൽമരച്ചോട്ടിലെ കണ്ടുമുട്ടലുകൾ.. ആൾത്തിരക്കിലെ കണ്ടിട്ടുംകാണാതിരിപ്പുകൾ... മിണ്ടലുകൾ... മിണ്ടാതിരിപ്പുകൾ... പക്ഷേ മറ്റെല്ലാം മറന്നുകൊണ്ടുള്ള അവരുടെ ഒത്തുചേരൽ ശരിക്കും അമ്പരപ്പിച്ചു... ജീവിതത്തിൽ അത്ര ധൈര്യമുള്ള അനുരാഗികൾ വളരെ അപൂർവമായിരിക്കുമെന്ന് ആത്മഗതം കൊള്ളുകയും ചെയ്‌തു...
ഗായത്രി.... തമിഴ് ബ്രാഹ്‌മണ സമുദായത്തിലെ ഇരുപതു തികയാത്ത പെൺകുട്ടി. എഴുത്തിനോടും വരയോടുമുള്ള കൗതുകം അവളെ എത്തിക്കുന്നത് ഒരു ഫൈൻ ആർട്‌സ് കോളജിന്റെ മുറ്റത്താണ്. അവിടെ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു അവൾ ജീവിതത്തിൽ കാണാനിരിക്കുന്ന ഏറ്റവും വലിയ കൗതുകം... മൈക്കിൾ.... ചിത്രകഥയിലെ രാജകുമാരനായിരുന്നു മൈക്കിൾ.. ഫ്ലാറ്റിലെ തന്റെ ചിത്രമെഴുത്തുമുറിയിലേക്ക് ആദ്യമായി ഗായു കടന്നുവരുമ്പോൾ മൈക്കിളിനു തോന്നിയിരിക്കണം, ഇവളാണ് ഇനിയുള്ള കാലമത്രയും അവന്റെ പ്രണയക്കാഴ്‌ചകളുടെ കാലിഡോസ്‌കോപ്പെന്ന്. ‘എന്റെ ഛായാചിത്രം വരയ്‌ക്കാമോ’ എന്നു കുസൃതിയോടെ ചോദിക്കുന്ന ഗായുവിനെ ചുമരിനോടു ചേർത്തുനിർത്തി ഒരു ക്യാൻവാസിലെന്ന പോലെ മൈക്കിൾ അവളുടെ ചുണ്ടിൽ വരച്ച പ്രണയചിത്രം പോലെ മനോഹരമായിരുന്നിട്ടുണ്ടാവില്ല, അതുവരെ അവൻ വരച്ച ചിത്രങ്ങളൊന്നും.
പക്ഷേ എത്ര വേഗമാണ് അവരുടെ പ്രണയം ഒരു അബ്‌സ്‌ട്രാക്‌ട് ചിത്രമെന്നപോലെ നിറസങ്കീർണമായത്... ദുർവിധി അടിച്ചേൽപിക്കുന്ന ഒത്തുതീർപ്പുകൾക്കൊന്നും വഴങ്ങാതെ, ഒന്നിനെയും കൂട്ടാക്കാതെ മൈക്കിൾ വരച്ചുകൊണ്ടേയിരുന്നു... കാഴ്‌ച നഷ്‌ടപ്പെട്ടിട്ടും മോഹിപ്പിച്ചുകൊണ്ടേയിരുന്നു അവന്റെ ക്യാൻവാസ്. വിലയേറിയ ചായക്കോപ്പുകൾ വാങ്ങാൻ വേറെ വഴിയില്ലാതാകുമ്പോൾ മനസ്സില്ലാമനസ്സോടെയാണ് ഗായു സുഹൃത്തിന്റെ വീട്ടിലെ തട്ടുമ്പുറത്ത് പൊടിപിടിച്ചു കിടന്ന നീല പെയിന്റ് അവന് എത്തിച്ചുകൊടുക്കുന്നത്.
പ്രദർശനം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് മൈക്കിൾ സുഹൃത്ത് പറഞ്ഞറിയുന്നത്, തന്റെ എല്ലാ ചിത്രങ്ങൾക്കും ഒരേ നിറമാണെന്ന്. അത്രയും കാലം പല നിറങ്ങളെന്നു വിശ്വസിപ്പിച്ചു ഗായു നൽകിയത് ഒരേ നീല നിറം തന്നെയായിരുന്നുവെന്ന്.
ആ കടുംനീലനിമിഷത്തിന്റെ വേദനയിൽ മൈക്കിളും ഗായുവും വേർപിരിയുമ്പോൾ മനസ്സു നൊമ്പരപ്പെടുന്നുണ്ടായിരുന്നു. മൈക്കിളിലേക്ക് ഇനി തനിക്കൊരു മടങ്ങിവരവില്ലെന്നു സങ്കടപ്പെട്ട് ഗായു പിൻനടക്കുകയാണ് പിന്നീട്... അപ്പോഴും അവൾ അവനെ കുറ്റപ്പെടുത്തിയിരിക്കില്ല... അല്ലെങ്കിലും അവൾക്കെന്നേ അറിയാമായിരുന്നു, എക്കാലവും അവന്റെ പ്രണയം നിറങ്ങളോടു മാത്രമായിരുന്നുവെന്ന്.
ഗാനം: ഇളവെയിൽ വിരലുകളാൽ
ചിത്രം: ആർട്ടിസ്റ്റ്
രചന: റഫീഖ് അഹമ്മദ്
സംഗീതം: ബിജിബാൽ
ആലാപനം: കെ.എസ്.ചിത്ര
ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു.. (2)
നിഴലുകലെഴുതി സന്ധ്യകൾ
പലനിറമൊന്നായി രാവുകൾ
പേലവമൊരു പീലിതുമ്പായി മാറി ഞാനും
പാറുന്നു കിളികളിതോരോരോ
ചായങ്ങൾ കുടയുമ്പോലെങ്ങോ
മായുന്നു മുഴുവനുമാകാതെ
തീരത്തിൽ തിരയുടെ കോലങ്ങൾ
ചാലിപ്പൂ മറവികൾ ഓർമ്മകളിൽ
നെഞ്ചിൻ തളികയിൽ ഒരു പുതുരാഗം
തീർക്കുംപോലെ (2)
ഭാവങ്ങൾ വരയുകയാണല്ലോ
ഈ മണ്ണിൽ ഋതുവിരലാൽ ആരോ
മാരിക്കാർ മുകിലിലുമേതേതോ
രൂപങ്ങൾ തെളിയുകയാണല്ലോ
പോരുന്നു ഒരുപിടി നിറവുമായി
രാവിന്റെ പടവുകൾ കയറും മേഘം
ദൂരെ വാനിൽ (2)