കോൺഗ്രസിൽ അഴിച്ചുപണി; എഐസിസി നന്ദിപറയേണ്ടതു കേരളത്തിലെ ബിജെപിയോട്

sudhakaran
കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റെടുത്ത ചടങ്ങിൽ രമേശ് ചെന്നിത്തല, കെ.ബാബു, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, വി.ഡി. സതീശൻ എന്നിവർ. ചിത്രം:മനോരമ
SHARE

കേരളത്തിൽ ഇപ്പോൾ അഴിച്ചുപണികളുടെ കാലം. തിരഞ്ഞെടുപ്പിൽ സാമാന്യം മോശംരീതിയിൽ തോറ്റ കോൺഗ്രസിൽ അത് ഏതാണ്ടു പൂർത്തിയായി. കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ.സുധാകരനും പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയ്ക്കു പകരം വി.ഡി.സതീശനും എത്തി. തിരഞ്ഞെടുപ്പു തോൽവിക്കു മുൻനേതാക്കൾ വില നൽകണമെന്നും അവരെ മാറ്റിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നുമുള്ള തോന്നലുകളാണ് ഈ മാറ്റങ്ങൾക്കു കാരണം. 

എഐസിസി നേതൃത്വം നേരിട്ടാണു മാറ്റങ്ങൾ നടത്തിയത്. അതിൽ ചെറിയൊരദ്ഭുതം ഇല്ലാതില്ല; പൊതുവേ ദുർബലമായ എഐസിസിക്കു പെട്ടെന്ന് ഇത്ര ആജ്ഞാശക്തി എവിടെനിന്നു കിട്ടി? കോൺഗ്രസ് ശക്തമായ മറ്റു സംസ്ഥാനങ്ങളിൽ, ഉദാഹരണത്തിനു രാജസ്ഥാൻ, എഐസിസിയുടെ തീട്ടുരം ഓടുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം, മറുകണ്ടത്തിൽ വിമതകോൺഗ്രസുകാരെ കാത്തു ബിജെപിയുണ്ട്. കേരളത്തിൽ ഈ അഴിച്ചുപണി വിജയകരമായി പൂർത്തിയാക്കിയതിന് എഐസിസി നന്ദിപറയേണ്ടതു കേരളത്തിലെ ബിജെപിയോടാണ്. തിരഞ്ഞെടുപ്പിൽ അവർക്കു സീറ്റില്ലെന്നു മാത്രമല്ല, കാര്യമായ വോട്ടുചോർച്ചയും നടന്നു. വിമതസ്വഭാവമുള്ള കോൺഗ്രസുകാർക്ക് ഇപ്പോൾ ബിജെപി ഒരു ഓപ്ഷൻ അല്ല. അതുകൊണ്ട് എഐസിസിക്ക് തീരുമാനങ്ങൾ ബിജെപിയെ ഭയക്കാതെ അച്ചട്ടായി കേരളത്തിൽ നടപ്പാക്കാൻ സാധിച്ചു.

അഴിച്ചുപണികൊണ്ടുമാത്രം പരിഹരിക്കാവുന്നതാണോ കോൺഗ്രസിന്റെ കേരളത്തിലേയും പൊതുവേയുമുള്ള പ്രശ്നങ്ങൾ എന്നതാണ് അടുത്ത ചോദ്യം. കോൺഗ്രസിന് ആശയപരമായി കെട്ടുറപ്പില്ലാതായിട്ടു കാലം കുറച്ചായി. താൻ പൂണൂലിട്ട ബ്രാഹ്മണനാണെന്നു രാഹുൽ ഗാന്ധി ഓർമിപ്പിക്കുമ്പോൾ, അപ്പുറത്തുള്ളത് 24 കാരറ്റ് ഹിന്ദുത്വം പറയുന്ന ബിജെപിയാണ്. ജനാധിപത്യത്തിൽ ജനങ്ങൾ വോട്ടുചെയ്യുന്നതു വ്യത്യസ്തതകളിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കാനാണ്; അല്ലാതെ ദുർബലാനുകരണങ്ങൾക്കല്ല. 

കോൺഗ്രസിലെ ആദ്യകാല ഗ്രൂപ്പ് പോരാട്ടങ്ങൾ വ്യക്തികളിൽ അധിഷ്ഠിതമായിരുന്നില്ല, അവ ആശയങ്ങൾ തമ്മിലുള്ളതായിരുന്നു. ഉദാഹരണത്തിന് 1907ൽ സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസിലെ ആദ്യപിളർപ്പിനു വഴിവച്ചതു മിതവാദികളും തീവ്രവാദികളും തമ്മിലുള്ള ആശയസംഘർഷമായിരുന്നു. കോൺഗ്രസിന്റെ ചരിത്രത്തിൽ വഴിത്തിരിവായ 1955ലെ ആവഡി സമ്മേളനം അംഗീകരിച്ച സോഷ്യലിസത്തെ ഉയർത്തിക്കാട്ടിയ രാഷ്ട്രീയപ്രമേയം വർഷങ്ങളോളം കോൺഗ്രസിനു ജനസമ്മതി നേടിക്കൊടുത്തു. 

ns-madhavan
എൻ.എസ്. മാധവൻ

ഇപ്പോൾ എഐസിസി സമ്മേളനങ്ങൾതന്നെ സമയത്തിനു നടക്കുന്നില്ല; രാഷ്ട്രീയപ്രമേയം എന്ന വാക്കുപോലും കേൾക്കാതായി. നേതൃത്വത്തിന്റെയും ആശയങ്ങളുടെയും അഭാവത്തിൽ കോൺഗ്രസുകാർ നട്ടംതിരിയുന്നു. നേതാക്കൾ വായിൽതോന്നുന്നതു വിളിച്ചുപറയുന്നു. ഇത്തരം അവസരത്തിൽ ‘എ’യ്ക്കു പകരം ‘ബി’യെ കൊണ്ടുവന്നാൽ കാര്യങ്ങൾ നന്നാകും എന്ന നിഷ്കളങ്കവും  അതേസമയം മൂഢവുമായ വിശ്വാസമാണു കോൺഗ്രസിലെ അഴിച്ചുപണികളുടെ പിന്നിൽ. നിർഭാഗ്യവശാൽ, അടുത്ത എഐസിസി സമ്മേളനത്തിലും കോൺഗ്രസിനു മുന്നോട്ടു വഴികാണിക്കുന്ന ഒരു രാഷ്ട്രീയപ്രമേയം ഉണ്ടാകാൻ ഇടയില്ല; പകരം രാഹുൽ ഗാന്ധിയെ പ്രസിഡന്റാക്കുക എന്ന ഒറ്റ അജൻഡ മാത്രമേ കാണൂ.

ആശയത്താൽ കൊച്ചിയുടെ ആകാശം തുറന്നൊരാൾ

തന്റെ ജോലി യഥാസമയത്തും അഴിമതിയില്ലാതെയും ഭരണഘടന അനുശാസിക്കുന്ന രീതിയിലും ചെയ്താൽ തന്നെ ഉദ്യോഗസ്ഥർ സ്തുത്യർഹസേവനം അനുഷ്ഠിച്ചെന്നു പറയാം. അവരിൽ നിന്നു ജനജീവിതത്തെ മാറ്റിമറിക്കുന്ന പ്രവൃത്തികൾ പ്രതീക്ഷിച്ചുകൂടാ; അതു രാഷ്ട്രീയനേതൃത്വത്തിനു പറഞ്ഞിട്ടുള്ളതാണ്. അപൂർവമായി ചില ഉദ്യോഗസ്ഥർ രാജ്യത്തെ അഗാധമായി ബാധിക്കുന്ന കാര്യങ്ങൾ നടപ്പാക്കിയെന്നുവരും. അക്കൂട്ടത്തിൽ ആദ്യം ഓർമവരുന്ന പേര് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ ശുദ്ധീകരിച്ച ടി.എൻ. ശേഷന്റേതാണ്. ധവളവിപ്ലവം കൊണ്ടുവന്ന വർഗീസ് കുര്യനും ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതങ്ങളെ സ്പർശിച്ചു. ഇ. ശ്രീധരനും സാം പിത്രോദയുമാണു മറ്റു പേരുകൾ. 

VJ Kurian
വി.ജെ. കുര്യൻ

കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) മാനേജിങ്‌ ഡയറക്ടർ പദവിയിൽ നിന്ന് അടുത്തിടെ വിരമിച്ച വി.ജെ.കുര്യൻ കേരളത്തിനു നൽകിയ സേവനങ്ങൾ ഒരു ഉദ്യോഗസ്ഥൻ എന്നതിനെക്കാൾ ഉപരിയാണ്; അദ്ദേഹത്തിന്റെ ഒരാശയം കേരളത്തിന്റെ സഞ്ചാരഭൂപടം മാറ്റി. 1990കളിൽ സർക്കാർ- സ്വകാര്യപങ്കാളിത്തത്തോടെ വിമാനത്താവളം തുടങ്ങുക എന്നതു ഭ്രാന്തമായ കിനാവായിരുന്നു; കാരണം, അന്നു പൊതുമേഖലയിലല്ലാതെ വിമാനത്താവളങ്ങൾ ഇന്ത്യയിൽ അനുവദിച്ചിരുന്നില്ല. വില്ലിങ്ഡൺ ദ്വീപിൽ നാവികസേനയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന കൊച്ചൊരു വിമാനത്താവളം കേരളത്തിന്റെ കാവാടമായ കൊച്ചിക്ക് ഒട്ടും പറ്റിയതായിരുന്നില്ല. വ്യോമയാനരംഗത്തു കേരളത്തിന്റെ ശക്തമായ സാന്നിധ്യം അറിയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. കൊച്ചിയിൽ പുതിയ വിമാനത്താവളത്തിനു കേന്ദ്രസർക്കാർ പദ്ധതിക്കും സാധ്യതയില്ലായിരുന്നു. 

എറണാകുളം കലക്ടറായിരുന്ന കുര്യന് അപ്പോഴാണ് ഇത്തരമൊരു ആശയം തോന്നിയത്. അതു നടപ്പാക്കാൻ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ അനുമതി നൽകി. കക്ഷിരാഷ്ടീയത്തിന് അതീതമായി മാറിമാറിവന്ന മുഖ്യമന്ത്രിമാരെല്ലാം നെടുമ്പാശേരി വിമാനത്താവളത്തെ ഉള്ളഴിഞ്ഞു പി‌ന്താങ്ങി. അത്ര ശക്തമായ ആശയമായിരുന്നു അത്. പദ്ധതി നടപ്പാക്കാൻ പണം വേണം. സംസ്ഥാന സർക്കാരിന്റെ കയ്യിലൊതുങ്ങുന്നതായിരുന്നില്ല നിർമാണച്ചെലവ്. അപ്പോഴാണു വ്യക്തികളിൽ നിന്ന്, പ്രത്യേകിച്ചു ഗൾഫിലെ മലയാളികളിൽ നിന്നു നിക്ഷേപം സമാഹരിക്കാം എന്ന ആശയം കുര്യൻ നടപ്പാക്കിയത്. 19,000 ഓഹരിക്കാരുള്ള സിയാൽ ശരിക്കും ജനകീയ പങ്കാളിത്തമുള്ള വിമാനത്താവളമാണ്. ഭൂമി ഏറ്റെടുക്കുക ദുഷ്കരമായിരുന്നു, കാരണം, ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക കുറവാണ്. ഏറ്റവും ദുർഘടമായ ഈ ഘട്ടം കുര്യൻ തരണം ചെയ്തതു ഭൂമി ഏറ്റെടുക്കുന്നവരുടെ ജീവനോപായം ഉറപ്പുവരുത്തിയായിരുന്നു. ഉദാഹരണത്തിന്, വിമാനത്താവളത്തിലെ ടാക്സി സർവീസ് അവരുടെ കുത്തകയാക്കി. 

വിമാനത്താവളം പ്രാവർത്തികമായപ്പോൾ കൊച്ചിയും കേരളത്തിലെ വിനോദസഞ്ചാരമേഖലയും മാറി. ചാർട്ടർ വിമാനങ്ങൾ യാത്രക്കാരെ നിറച്ചെത്തിയപ്പോൾ കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്കു വലിയ കുതിപ്പുണ്ടായി. ഇന്ന് 50 മുതൽ 150 ലക്ഷം വരെ യാത്രക്കാർ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളിൽ ഏഷ്യ-പസിഫിക് മേഖലയിലെ ഏറ്റവും മികച്ച വിമാനത്താവളമാണു സിയാൽ. ഇന്ത്യയിൽ  തിരക്കിന്റെ കണക്കിൽ എട്ടാമതും. സിയാലിന്റെ വിജയം കണ്ണൂരിൽ ആ മാതൃക നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു ധൈര്യം നൽകി. ആധുനിക കൊച്ചിയുടെ പിതാവ് എന്നു വിശേഷിപ്പിക്കുന്നതു കൊച്ചി തുറമുഖത്തിന്റെ നിർമാതാവ് സർ റോബർട്ട് ബ്രിസ്റ്റോയെയാണ്. ബ്രിസ്റ്റോ കടൽ വഴിയുള്ള യാത്രയ്ക്കായി കൊച്ചിയെ നവീകരിച്ചെങ്കിൽ, വി.ജെ. കുര്യൻ കൊച്ചിക്കായി ആകാശത്തെ തുറന്നിട്ടു.       

സ്കോർപ്പിയൺ കിക്ക്

ഇന്നലെ ബവ്റിജസ് ഔട്‌ലറ്റുകൾ തുറന്നു; വലിയ തിരക്ക്. സാമൂഹിക അകലം പാലിച്ചു വരിനിന്ന് ആവശ്യക്കാർ.

കേരളത്തിലെ രാഷ്ട്രീയപാർട്ടികൾക്കു വീണ്ടും മാതൃകയായി മദ്യം ഉപയോഗിക്കുന്നവർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA