ADVERTISEMENT

സ്വാതന്ത്ര്യമുള്ള മാനേജ്മെന്റ് വരട്ടെ

ടി.എം.ബാവ (ചീഫ് ജനറൽ മാനേജർ, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്, വളപട്ടണം, കണ്ണൂർ)

പ്രഫഷനൽ മാനേജ്മെന്റ് വരണം. അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാരും യൂണിയനുകളും അനുവദിക്കുകയും ചെയ്യണം. വെറുതേ കിടക്കുന്ന ബസുകൾ തൂക്കിവിറ്റ്, കിട്ടുന്ന പണംകൊണ്ട് കെഎസ്ആർടിസിയുടെ ബാധ്യത കുറയ്ക്കണം. തുരുമ്പിച്ചു നശിക്കുന്നതിനെക്കാൾ നല്ലതാണത്. കെഎസ്ആർടിസിയുടെ ഭൂമിയും കോംപ്ലക്സുകളും വരുമാന വർധനയ്ക്കുപയോഗിക്കണം. ബിഒടി വ്യവസ്ഥയിൽ വ്യാപാര സമുച്ചയങ്ങളുണ്ടാക്കട്ടെ. പുതിയ ബസ് വാങ്ങാനും ബസ് സ്റ്റാൻഡ് കോംപ്ലക്സുകളുണ്ടാക്കാനും സംസ്ഥാന സർക്കാർ ബജറ്റ് വിഹിതം നൽകുന്നതു മനസ്സിലാക്കാം. പക്ഷേ, ശമ്പളവും പെൻഷനും നൽകാൻ സർക്കാർ സഹായം നൽകരുത്. ഒരു ബസിന് എത്ര തൊഴിലാളികൾ വേണമെന്നു തീരുമാനിച്ച്, ബാക്കിയുള്ളവരെ മറ്റിടങ്ങളിൽ പുനരധിവസിപ്പിക്കുകയോ ആനുകൂല്യങ്ങൾ നൽകി ഒഴിവാക്കുകയോ ചെയ്യണം.

നടത്തിപ്പുലാഭം കണ്ടെത്തണം

കെ.വിനോദ് നാരായണൻ (മുൻ പ്രസിഡന്റ്, നോർത്ത് മലബാർ, ചേംബർ ഓഫ് കൊമേഴ്സ്)

ksrtc-bus-2

ഏതു സ്ഥാപനവും മുന്നോട്ടു പോകുന്നതുപോലെ നടത്തിപ്പുലാഭം കണ്ടെത്താൻ കെഎസ്ആർടിസിക്കു കഴിയണം. എങ്കിൽ മാത്രമേ നഷ്ടമില്ലാതെ പിടിച്ചുനിന്ന്, മുന്നോട്ടുപോകാനാകൂ. പല വിഭാഗങ്ങൾക്കും യാത്രാഇളവ് കെഎസ്ആർടിസി നൽകുന്നുണ്ട്. ഇതിന്റെ ബാധ്യത കെഎസ്ആർടിസിക്കു നൽകാതെ, ധനസഹായം സർക്കാർ നൽകണം. കാലത്തിന് അനുയോജ്യമാംവിധം പ്രഫഷനൽ മാനേജ്മെന്റ് സംവിധാനം ഉണ്ടാകണം. പരമാവധി ചെലവ് കുറച്ച് സർവീസ് നടത്താനുതകും വിധം പ്രഫഷനലിസം നടപ്പാക്കാൻ സാധിക്കണം. ചാർജ് വർധന കാലാകാലങ്ങളിൽ ഉണ്ടാകണം. ചെലവു കൂടുന്നതിനനുസരിച്ച് ചാർജ് വർധിപ്പിക്കാത്തതാണു കടുത്ത പ്രതിസന്ധിക്കു കാരണം. ബസ് വ്യവസായം തകരാൻ കാരണവും ഇതാണ്. 

ദീർഘദൂരം ഓടിയാൽ മതി

കെ.എസ്. വിജയൻ (മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ, കെഎസ്ആർടിസി)

∙ ഓർഡിനറി സർവീസ് വേണ്ട

ഓർഡിനറി, സിറ്റി സർവീസുകളിൽനിന്ന് കെഎസ്ആർടിസി മാറിനിൽക്കുകയും പൂർണമായും ദീർഘദൂര– മധ്യദൂര സർവീസുകളിലേക്കു ശ്രദ്ധിക്കുകയും വേണം. ഓർഡിനറി സർവീസുകളുടെയും സിറ്റി സർവീസുകളുടെയും ചുമതലയിലേക്ക് സ്വകാര്യബസുകളെ മാറ്റണം. ഇപ്പോൾ കെഎസ്ആർടിസി വിഭാവനം ചെയ്തിട്ടുള്ള ഫീഡർ സർവീസുകളായി പ്രവർത്തിക്കേണ്ടതു സ്വകാര്യബസുകളാണ്. ഇടറോഡുകളിൽ സർവീസ് നടത്തി സ്വകാര്യബസുകൾ പ്രധാന റോഡുകളിലേക്ക് യാത്രക്കാരെയെത്തിക്കുക. ഇപ്പോൾ സ്വിഫ്റ്റ് സർവീസുകൾ പോലെ കൃത്യതയും ശുദ്ധിയുമുള്ള ദീർഘദൂര സർവീസുകൾ കെഎസ്ആർടിസി നടത്തുക. 

∙ അനുപാതം 1:5 ആക്കണം

ബസ് – ജീവനക്കാർ അനുപാതം 1: 8.3ൽ നിന്ന് 1: 5ൽ എത്തിക്കാൻ കഴിയണം. സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തണം. കെഎസ്ആർടിസി വർക്‌ഷോപ്പിൽ 14 കാറ്റഗറികളിലാണ് ആളെ നിയമിക്കുന്നത്. ഇതു െമക്കാനിക് എന്ന ഒറ്റ കാറ്റഗറിയിലേക്കു ചുരുക്കണം. മെക്കാനിക് ആയി വരുന്നയാൾക്ക് തന്നെ ബസിന്റെ ബൾബ് മാറ്റിയിടാൻ ഐടിഐയിൽ വിട്ട് 3 മാസത്തെ പരിശീലനം നൽകണം. ഇലക്ട്രിഷ്യൻ എന്ന തസ്തികയിൽ പ്രത്യേകം ആളെ നിയമിക്കേണ്ട. മെക്കാനിക് ആയി വരുന്നയാളെ 14 കാറ്റഗറിയിലെയും തൊഴിൽ പരിശീലിപ്പിക്കണം.

∙ ഡ്രൈവർക്കും വേണം പ്രമോഷൻ

ksrtc-bus-3

എന്നും ഒരേ ജോലിചെയ്തു വലഞ്ഞ ഡ്രൈവർ പ്രായമെത്തിയാലും ഡ്രൈവറായിത്തന്നെ ജോലിചെയ്യേണ്ടിവരുന്നുവെന്നതും പ്രമോഷൻ ഇല്ലെന്നതും ഒരു പ്രശ്നമാണ്. ഡ്രൈവർക്കു നിശ്ചിത വർഷം കഴിഞ്ഞാൽ വർക്‌ഷോപ്പിൽ തസ്തികയുണ്ടാക്കി പ്രമോഷൻ നൽകണം. വർക്‌ഷോപ്പിൽ വരുന്ന മെക്കാനിക്കിന് ഹെവിലൈസൻസ് എടുപ്പിച്ച് നിശ്ചിത കാലയളവ് കഴിഞ്ഞാൽ ഡ്രൈവറായി പ്രമോഷൻ നൽകണം. കണ്ടക്ടറായി വരുന്നവർക്ക് മികവനുസരിച്ച് ക്ലറിക്കൽ തസ്തികകളിലും നിയമനം നൽകണം. മിനിസ്റ്റീരിയൽ ജീവനക്കാരെ നേരിട്ട് എടുക്കേണ്ടതില്ല.

∙ ഇ ഗവേണൻസ്

ടിക്കറ്റ് മെഷീനും കേന്ദ്ര സെർവറുമായി കണക്ട് ചെയ്താൽ ഏതൊക്കെ ബസിൽ ഏതൊക്കെ പോയിന്റിൽ നിന്നാണു യാത്രക്കാർ കയറുന്നതെന്നും ഏതൊക്കെ റൂട്ടിൽ തിരക്കുണ്ടെന്നും കൃത്യമായി ഒരു ക്ലിക്കിൽ അറിയാം. പാസഞ്ചർ ഡേറ്റയില്ലാതെ ഇനിയുള്ള കാലത്ത് ട്രാഫിക് പ്ലാനിങ് അസാധ്യമാണ്. നഷ്ടം കൂടാൻ ഒരു കാര്യമതാണ്. മാത്രമല്ല, ബസിന്റെ പാർട്സിനും എൻജിനും വരെ കമ്പനികൾ വാറന്റി നൽകുന്നുണ്ട്. എത്ര ലക്ഷം കിലോമീറ്റർ വരെ ഇതു ലഭിക്കുമെന്നുള്ള കൃത്യമായ ഡേറ്റ സൂക്ഷിക്കാത്തതിനാൽ പലപ്പോഴും പുതിയതു വാങ്ങേണ്ടിവരുന്നു. ലക്ഷങ്ങളാണ് ഇൗ കണക്കിൽ ചോരുന്നത്.

∙ലോക്കൽ പർച്ചേസ് തടയണം

ഓരോ ഡിപ്പോയെയും പരസ്പരം കണക്ട് ചെയ്താൽ ഒരു ഡിപ്പോയിൽ ഒരു ടയറോ സ്പെയർ പാർട്സോ ഇല്ലെങ്കിൽ ഏതു വർക്​ഷോപ്പിലാണ് ഉള്ളതെന്നു നെറ്റ്‌വർക്കുള്ള കംപ്യൂട്ടറിൽ നിന്നറിയാം. അവിടെനിന്നും അടുത്ത ബസിൽ വരുത്തിക്കാം. ലോക്കൽ പർച്ചേസിൽ അഴിമതിയുടെ പൂരമാണു നടക്കുന്നത്. ഇതു തടയണം.

∙ ഡീസൽ കണക്ക്

കൊച്ചിയിലെപ്പോലെ പ്രധാന ഡിപ്പോകളിലെത്തുന്ന ഡീസലിന്റെ കണക്കുപോലും കടലാസിലാണ് എഴുതുന്നത്. ഇതു മാറണം. കംപ്യൂട്ടർവൽകൃത സമൂഹത്തിൽ ഇത്തരം ഡീസൽ ചോർച്ചകൾ ഒഴിവാക്കാൻ ഒരു ക്ലിക്കിന്റെ സമയം മതി.

∙ ഡിപ്പോകളിൽ ബാങ്ക്

ദിവസവും ലക്ഷങ്ങളുടെ വരുമാനമെത്തുന്ന കെഎസ്ആർടിസി ഡിപ്പോകളിൽ കെഎസ്ആർടിസിയുമായി കൺസോർഷ്യം ഒപ്പിട്ട ബാങ്കുകളുടെ ശാഖ തുടങ്ങണം. വരുമാനം ഓരോ കണ്ടക്ടറും ഇൗ ശാഖയിൽ അടച്ചാൽ മതി. ഇലക്ട്രോണിക് ടിക്കറ്റ് മെഷിനിൽ ഒറ്റ സെക്കൻഡിൽ ഇൗ കണക്കു കിട്ടും. ബാങ്കിൽ അടച്ച പണത്തിന്റെ രസീത് ഓഫിസിൽ സൂക്ഷിച്ചാൽ മതി. പണം എണ്ണിത്തിട്ടപ്പെടുത്താൻ വേണ്ട ജീവനക്കാരുടെ തസ്തിക തന്നെ ഒഴിവാക്കാം.

സ്വകാര്യ പങ്കാളിത്തം ഉത്തേജനമാകും

ഡി.ധനുരാജ് (ചെയർമാൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്, കൊച്ചി)

സിയാൽ മാതൃകയിൽ കെഎസ്ആർടിസി – സ്വകാര്യ പങ്കാളിത്തം കെഎസ്ആർടിസിക്ക് ഉത്തേജനം നൽകും. എയർ ഇന്ത്യയുടെ കാര്യത്തിൽ ആവാമെങ്കിൽ എന്തുകൊണ്ടു കെഎസ്ആർടിസിക്ക് അതിനു കഴിയില്ല. ആരോടും കണക്കുപറയേണ്ടാത്ത രീതി അതോടെ അവസാനിക്കും. ഓപ്പറേഷൻ മാർഗരേഖയുണ്ടാക്കണം.

സ്വകാര്യ മേഖലയ്ക്കു കൂടി പങ്കാളിത്തമുള്ളതായിരുന്നു കേരളത്തിലെ പൊതുഗതാഗതം. എന്നാൽ, കെഎസ്ആർടിസിയെ രക്ഷിക്കാൻ കുറെക്കാലമായി സ്വകാര്യ മേഖലയെ ഇല്ലാതാക്കുകയാണ്. ഇതുമൂലം പൊതുഗതാഗതത്തിന്റെ ഭാരം മുഴുവൻ കെഎസ്ആർടിസി താങ്ങേണ്ടി വരുന്നു. ഉള്ള സർവീസുകൾ കാര്യക്ഷമമായി നടത്താൻ ഇതുമൂലം കെഎസ്ആർടിസിക്കു കഴിയുന്നില്ല.  കെഎസ്ആർടിസിയുടെ ഇന്നത്തെ നിലയിൽ എത്ര പരിശ്രമിച്ചാലും നന്നാക്കാൻ പരിമിതിയുണ്ട്. കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കാൻ ജീവനക്കാരെ പ്രാപ്തരാക്കുക എന്നതാണു പ്രതിവിധി. കാര്യക്ഷമമായി നടത്താൻ കഴിയുന്ന സർവീസുകൾ മാത്രം കെഎസ്ആർടിസി ഏറ്റെടുക്കുക. 

മാറാനുണ്ട് ഏറെ

റിയർ അഡ്മിറൽ കെ.മോഹനൻ (റിട്ട.), കണ്ണൂർ

കെഎസ്ആർടിസിയെ സ്വകാര്യവൽക്കരിക്കണം. എല്ലായിടത്തും ഇപ്പോൾ സ്വകാര്യ ബസ് സർവീസുണ്ട്. അവയെല്ലാം ലാഭത്തിലാണു താനും. കെഎസ്ആർടിസിക്കു മാത്രം നഷ്ടം എങ്ങനെയുണ്ടാകുന്നു? തീർത്തും കെടുകാര്യസ്ഥതയാണു നടക്കുന്നത്. മൊത്തം ഉടച്ചുവാർക്കണം. ബസ് വൃത്തിയാക്കാൻ ഒട്ടേറെ തൊഴിലാളികളുണ്ട്. പക്ഷേ, വൃത്തിയുടെ കാര്യത്തിൽ കെഎസ്ആർടിസി എവിടെ നിൽക്കുന്നു. കെഎസ്ആർടിസി ബസ് കേടായി വഴിയിൽ കിടന്നാൽ റീഫണ്ടില്ല. പകരം ബസ് വരുന്നതു വരെ കാത്തിരിക്കണം. സ്വകാര്യ ബസ് ആണെങ്കിൽ, കണ്ടക്ടറും ഡ്രൈവറുമൊക്കെ ഇറങ്ങി ടയർ മാറ്റിയിടും. 

English Summary: KSRTC Financial Crisis, Public Opinion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com