ADVERTISEMENT

കഴിഞ്ഞ ഓഗസ്റ്റിൽ ബിഹാറിൽ ജാർഖണ്ഡ് അതിർത്തിയോടു ചേർന്ന കൈമൂർ ജില്ലയിൽ അനധികൃത തോക്കുനിർമാണശാല പൊലീസ് പൂട്ടിച്ചു. ഫാക്ടറി നടത്തിപ്പുകാരനടക്കം 3 പേരെ അറസ്റ്റ് ചെയ്തു. വനമേഖലയോടു ചേർന്ന ഈ ആയുധശാല മാവോയിസ്റ്റുകൾക്കുവേണ്ടി പ്രവർത്തിക്കുന്നതാണെന്നു പൊലീസ് കണ്ടെത്തി. ‘സ്വന്തമായി’ തോക്കുഫാക്ടറി വരെ നടത്തുന്നവരായി രാജ്യത്തു മാവോയിസ്റ്റുകൾ വളർന്നിരിക്കുന്നു!

ചൈനയിൽനിന്നുവരെ ഇന്ത്യയിലെ മാവോയിസ്റ്റുകൾക്ക് ആയുധങ്ങൾ എത്തുന്നുണ്ട്. സിആർപിഎഫ് സ്റ്റേഷനുകൾ ആക്രമിച്ചും തട്ടിക്കൊണ്ടുപോകുന്ന ഉദ്യോഗസ്ഥരിൽനിന്നുമെല്ലാം മാവോയിസ്റ്റുകൾ ആയുധങ്ങൾ സംഭരിക്കുന്നു. നാടൻതോക്കുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കേരളത്തിലേക്കുള്ള തോക്കുവഴി

കേഡർ സ്ഥാനക്രമം അനുസരിച്ചാണു മാവോയിസ്റ്റുകൾക്ക് ആയുധങ്ങൾ നൽകുന്നത്. ഉത്തരേന്ത്യൻ വനങ്ങളിൽ തുടക്കക്കാർക്ക് അമ്പുംവില്ലുമാണ് ആയുധം. നേതൃനിരയിൽ മുകളിലേക്കു പോകുന്തോറും നാടൻതോക്ക്, ഇൻസാസ്, എകെ 47 തോക്കുകൾ എന്നിങ്ങനെ ആയുധങ്ങളുടെ നിലവാരം കൂടും. നേതാക്കൾ കീഴടങ്ങുകയോ പിടിയിലാകുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോൾ ആയുധങ്ങൾ നഷ്ടമാകുമെന്നതു കണക്കിലെടുത്താണ് ഈ നിയന്ത്രണമെന്നു പൊലീസ് പറയുന്നു.

മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽനിന്ന് ഒഡീഷ, ആന്ധ്രപ്രദേശ് വഴി കർണാടക വനത്തിലേക്കും അവിടെനിന്നു കാട്ടുപാതകളിലൂടെ വയനാട്ടിലേക്കും ആയുധങ്ങളെത്തുന്നു.. ‘കുറിയർ’ എന്നറിയപ്പെടുന്ന സന്ദേശവാഹകരിലൂടെ ആയുധങ്ങൾ കടത്താൻ പ്രാദേശിക സഹായവും ലഭിക്കുന്നു. പശ്ചിമഘട്ട സോണൽ സെക്രട്ടറി ബി.ജി.കൃഷ്ണമൂർത്തിയും കബനിദളത്തിലെ സാവിത്രിയും കർണാടക വനാതിർത്തിയിലാണ് ആയുധങ്ങളുമായി പൊലീസ് പിടിയിലായത്.

മറുനാട്ടിൽനിന്ന് തനി‘നാടൻ’

കണ്ണൂർ കരിക്കോട്ടക്കരിയിൽ കഴി‍ഞ്ഞയാഴ്ച മാവോയിസ്റ്റുകളിൽനിന്നു പിടിച്ചെടുത്തവയിൽ നാടൻ തോക്കുമുണ്ട്. വയനാട് ലക്കിടി ഉപവൻ റിസോർട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി.ജലീലിന്റെ കയ്യിൽനിന്നു തോക്ക് കണ്ടെടുത്തിരുന്നു. 2017ൽ പാലക്കാട് അഗളി പൊലീസ് പിടികൂടിയ കാളിദാസൻ എന്ന മാവോയിസ്റ്റിന്റെ പക്കലും നാടൻതോക്കുണ്ടായിരുന്നു.

തിരഞ്ഞെടുപ്പുകാലത്ത് ഉത്തരേന്ത്യയിൽ ഉണ്ടാക്കുന്ന നാടൻതോക്കുകളാണ് കേരളത്തിൽ മാവോയിസ്റ്റുകളുടെ കയ്യിലെത്തുന്നതെന്ന് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. ഉത്ത‍ർപ്രദേശ്, ഗുജറാത്ത്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ തദ്ദേശീയ തോക്കുനിർമാതാക്കളേറെ. 6,000 – 10,000 രൂപയാണു വില. അനധികൃത തോക്ക് നിർമാണത്തിനു കുപ്രസിദ്ധമായ ബിഹാറിലെ മുംഗർ ജില്ലയിൽനിന്നു മാവോയിസ്റ്റുകൾ തോക്ക് കൈക്കലാക്കുന്നുണ്ടെന്നു ‌പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

Maoist

കാശു വാരാൻ ക്വാറികൾ

പശ്ചിമഘട്ടം തുരന്നെടുക്കുന്ന കരിങ്കൽ ക്വാറികളോട് മാവോയിസ്റ്റുകൾക്കു പൊതുവേ എതിർപ്പാണ്. എന്നാൽ, ക്വാറികൾ കൊണ്ടു മാവോയിസ്റ്റുകൾക്ക് ഉപകാരമുണ്ടുതാനും. കാട്ടിൽനിന്ന് അധികദൂരം യാത്രചെയ്യാതെതന്നെ ‘റവല്യൂഷനറി ടാക്സ്’ പിരിക്കാമെന്നതാണ് ഒന്ന്. അട്ടിമറി നടത്താനാവശ്യമായ സ്ഫോടകവസ്തുക്കൾ ക്വാറികളിൽനിന്നു സംഭരിക്കാമെന്നതു രണ്ടാമത്തെ കാരണം. ബോംബ് നിർമാണത്തിലടക്കം പരിശീലനം ലഭിച്ചവർ കേരളത്തിലെ മാവോയിസ്റ്റ് സംഘത്തിലുണ്ട്.

മനുഷ്യാവകാശം ലംഘിക്കരുത്

മാവോയിസ്റ്റുകൾ ജനങ്ങൾക്കിടയിൽ നിരന്തരം സാന്നിധ്യമറിയിച്ച് പ്രകോപനം സൃഷ്ടിക്കുന്നതായാണു പൊലീസ് പറയുന്നത്. എന്നാൽ, ഈ വാദം വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിനു സ്വീകാര്യതയുണ്ടാക്കാനുള്ള മുൻകൂർ ജാമ്യമെടുക്കലാണെന്നു മനുഷ്യാവകാശ സംഘടനകൾ സംശയിക്കുന്നു.

maoist

ആദിവാസികോളനികൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയപ്രചാരണമാണു മാവോയിസ്റ്റുകൾ നടത്തുന്നതെന്നും നിരപരാധികളെ ഉപദ്രവിക്കാറില്ലെന്നും മനുഷ്യാവകാശപ്രവർത്തകർ പറയുന്നു. മറ്റു രാഷ്ട്രീയസംഘടനകളിൽപെട്ടവർ ഉൾപ്പെടുന്ന ഗുരുതര കേസുകളിൽ പോലും നടപടികളെടുക്കാൻ മടിക്കുന്ന പൊലീസ്, മാവോയിസ്റ്റുകളോടു പുലർത്തുന്ന സമീപനം ന്യായീകരിക്കാവുന്നതല്ലെന്നും ചൂണ്ടിക്കാട്ടുന്നു. മാവോയിസ്റ്റുകൾ പിടിയിലായാൽ ഒരിക്കലും പുറംലോകം കാണില്ലെന്ന് ഉറപ്പാക്കാൻ യുഎപിഎ പോലുള്ള വകുപ്പുകൾ ചുമത്തുന്നതായും അവർ പറയുന്നു. നിരോധിതസംഘടനയിൽപെട്ടവർക്കും നീതിപൂർവമായ വിചാരണ ഉറപ്പുവരുത്തണം. കേരളത്തിൽ നടന്ന മാവോയിസ്റ്റ് കൊലകൾ വ്യാജ ഏറ്റുമുട്ടലാണെന്നും മർദിതജനത നേരിടുന്ന ചൂഷണം ഇല്ലാതാക്കി മാവോയിസ്റ്റുകളുടെ പ്രശ്നങ്ങളിൽ രാഷ്ട്രീയപരിഹാരം കാണുകയാണു വേണ്ടതെന്നും മനുഷ്യാവകാശപ്രവർത്തകർ പറയുന്നു.

എന്നാൽ, നിയമവാഴ്ചയും ജനാധിപത്യവും സായുധകലാപത്തിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരോടു വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സർക്കാരിന്.

സർക്കാരിന്റെ ബദൽവഴി; നിരീക്ഷണം, വികസനം, ക്ഷേമം

വർധിച്ചുവരുന്ന മാവോയിസ്റ്റ് സാന്നിധ്യത്തിനു തടയിടാൻ നിരീക്ഷണവും പരിശോധനയും വ്യാപകമാക്കാനാണു സർക്കാരിന്റെ നീക്കം. വികസനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിൽനിന്നു യുവാക്കളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും.

വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ പൊലീസ് സാന്നിധ്യം ശക്തമാക്കും. മാവോയിസ്റ്റുകളെക്കുറിച്ചു വിവരം നൽകുന്നവർക്കുള്ള പാരിതോഷികത്തുക ഉയർത്തുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.

പട്ടികവർഗക്കാർക്കുള്ള പദ്ധതികൾ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാൻ കലക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. ഗോത്രവർഗ മേഖലകളിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കും. റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികളും ചികിത്സാരംഗത്തെ അപര്യാപ്തതയും പരിഹരിക്കും. പോഷകാഹാരക്കുറവ് ഇല്ലാതാക്കും.

രാമു തിരിച്ചെത്തി; 4 ലക്ഷം എഫ്ഡി; മാസം 4000 രൂപ

രാമു (ലിജേഷ്) എന്ന മാവോയിസ്റ്റിനെ പൊലീസ് തിരിച്ചെത്തിച്ചിട്ടുണ്ട്. കർണാടക വിരാജ്പേട്ട സ്വദേശിയായ രാമുവിന്റെ അച്ഛനും അമ്മയും മലയാളികളാണ്. 2014 മുതൽ 2021 വരെ വനത്തിൽ കഴിഞ്ഞ രാമുവിന് കീഴടങ്ങൽ പാക്കേജിന്റെ ഭാഗമായി 3.94 ലക്ഷം രൂപ ബാങ്കിൽ സ്ഥിരനിക്ഷേപമായി (എഫ്ഡി) സർക്കാർ നൽകി. വാടകവീടിനു പുറമേ 3 വർഷത്തേക്കു പ്രതിമാസം 4000 രൂപയും നൽകുന്നുണ്ട്. രാമു വീടു നിർമിക്കുന്ന സ്ഥലം സുരക്ഷാകാരണങ്ങളാൽ പൊലീസ് വെളിപ്പെടുത്തിയില്ല.

(പരമ്പര അവസാനിച്ചു)

English Summary:

Writeup about Kerala suspected Maoists encounter series3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com