ADVERTISEMENT

വികസനത്തെ പ്രകൃതിസൗഹൃദവഴികളിലേക്കു തിരിച്ചുവിടാനാകുമോ? യുഎൻ ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28–ാം സമ്മേളനം ദുബായിൽ ഇന്നു തുടങ്ങുമ്പോൾ പ്രതീക്ഷകളേറെയാണ്. കാലാവസ്ഥമാറ്റത്തെ നേരിടാൻ ലോകത്തെ സജ്ജമാക്കുന്ന സമ്മേളനത്തിൽ 200 രാജ്യങ്ങളുടെ പങ്കാളിത്തമാണുള്ളത്. 70,000 പേരെയാണ് കോൺഫറൻസ് ഓഫ് പാർട്ടീസ് (സിഒപി–28) എന്ന പേരിലുള്ള സമ്മേളനം പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ഭാവിക്കും വരുംതലമുറകളുടെ അതിജീവനത്തിനുമുള്ള ഒത്തുചേരലാണിത്. 

ആഗോളതലത്തിൽ വേണ്ട നിയന്ത്രണങ്ങളും തിരുത്തലുകളും, ഇതിനാവശ്യമായ ധനസമാഹരണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ നിർണായക ദൗത്യമാണ് ഈ സമ്മേളനത്തിനുള്ളത്. മനുഷ്യനും പ്രകൃതിക്കും ജീവജാലങ്ങൾക്കുമിടയിൽ ഭൂമിയിലെ ശേഷിക്കുന്ന വിഭവങ്ങളുടെ തുല്യമായ പങ്കുവയ്പ് സാധ്യമാക്കുക എന്നതും പ്രധാനമാണ്. 

സുനിത നാരായൺ. ചിത്രം: മനോരമ
സുനിത നാരായൺ. ചിത്രം: മനോരമ

ലോകത്തെ ഏറ്റവും വലിയ പെട്രോൾ ഉൽപാദക രാജ്യങ്ങളിലൊന്നിൽ നടക്കുന്നു എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ വൈരുധ്യം. ഭൂമിക്കു ചൂടു പിടിക്കുകയാണ്. കാർബൺ ഇന്ധനങ്ങൾ ഭൂമുഖത്തുനിന്ന് ഇല്ലായ്മ ചെയ്തില്ലെങ്കിൽ കാലാവസ്ഥമാറ്റത്തിലൂടെ മനുഷ്യരാശിയുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നു ശാസ്ത്രസമൂഹം മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. എത്രയും വേഗം പെട്രോളിയത്തിനു കടിഞ്ഞാണിടുക  എന്നതാണ് ഉച്ചകോടിയുടെ പരമമായ ലക്ഷ്യം. എന്നാൽ, എടുത്തുചാടി അങ്ങനെയൊരു തീരുമാനമെടുക്കാനും കഴിയില്ല.  2030 ആകുമ്പോഴേക്കും ലോകത്തെ കൽക്കരി, പെട്രോൾ, ഡീസൽ തുടങ്ങി ഖനിജ (ഫോസിൽ) ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്; സൗരോർജം, കാറ്റ്, ജലം തുടങ്ങിയവ ഉപയോഗിച്ചുള്ള ഊർജ ഉൽപാദനം രണ്ടും മൂന്നും മടങ്ങ് വർധിപ്പിക്കാനും. 

ചൂടേറുന്ന ഭൂമിക്കായി വേണം സമന്വയം 

ലോകത്തെ ഏറ്റവും ചൂടേറിയ വർഷമായി 2023നെ സമ്മേളനം പ്രഖ്യാപിച്ചേക്കും. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐപിസിസി) ആറാമത്തെ റിപ്പോർട്ടിലും ഭൂമിക്കു ചൂടേറുന്ന കാര്യം വ്യക്തമാക്കിയിരുന്നു. ഓരോ വർഷവും താപനത്തോത് ഉയരുന്നതിനൊപ്പം പ്രകൃതിദുരന്തങ്ങളും മരണങ്ങളും ഏറുന്നു. പാരിസിൽ 2015ൽ ചേർന്ന 21–ാം ഉച്ചകോടിയിൽ പങ്കെടുത്ത 196 രാജ്യങ്ങളും ചില ധാരണകളിലും കരാറുകളിലും എത്തിച്ചേർന്നിരുന്നു. ആഗോള താപനത്തോത് വ്യവസായ യുഗത്തെ അപേക്ഷിച്ച് ശരാശരി 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ കാക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. 

sun

സിമന്റ് ഉൽപാദനം ഇന്ത്യയ്ക്ക് വെല്ലുവിളി 

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിമന്റ് ഉൽപാദക രാഷ്ട്രമാണ് ഇന്ത്യ. ഏറ്റവുമധികം ഹരിതഗൃഹ വാതകം അന്തരീക്ഷത്തിലേക്കു തള്ളിവിടുന്ന വ്യവസായമാണത്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമെന്ന നിലയിൽ, ഏഴു വർഷത്തിനുള്ളിൽ സിമന്റ് ഉൽപാദനം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കേണ്ട സ്ഥിതിയുമുണ്ട്. കാർബൺ ഡയോക്സൈഡ് കുറച്ച്, എങ്ങനെ സിമന്റ് ഉൽപാദനം കൂടുതൽ പരിസ്ഥിതിസൗഹൃദമാക്കാം എന്നതാണ് ഇന്ത്യയ്ക്കുള്ള വെല്ലുവിളി. പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഗവേഷണരംഗത്ത് വലിയ തുക ഇന്ത്യ മുടക്കേണ്ടി വരും. സാങ്കേതികവിദ്യ സൗജന്യമായി നൽകി വികസിത രാജ്യങ്ങൾക്ക് ഇന്ത്യയെ സഹായിക്കാനാകും. പക്ഷേ, അവരതു ചെയ്യുന്നില്ല. അതിനു മാറ്റമുണ്ടാക്കാനും ഉച്ചകോടി പ്രേരകമായേക്കും. 

പരമാവധി ഊർജം ആവശ്യമുള്ള മണിക്കൂറുകളിൽ ഇന്ത്യയിലെ വൈദ്യുതി ഉപയോഗം 240 ഗിഗാ വാട്സ് കടന്ന സാഹചര്യത്തിൽ കൽക്കരി വേണ്ടെന്ന് ഒറ്റയടിക്കു തീരുമാനിക്കാൻ നമുക്കു കഴിയില്ല. 10 വർഷത്തിനിടെ രാജ്യത്തെ കൽക്കരി ഉപയോഗം ഏറെ വർധിച്ചു. ഇപ്പോഴത് 101.20 കോടി ടണ്ണാണ്. 2030ൽ 150 കോടി ടണ്ണാകും. ഭൂഗർഭ ഖനികളെ അപേക്ഷിച്ച്, തുറന്ന ഖനികളിൽ നിന്നുള്ള കൽക്കരി ഖനനം പ്രകൃതിക്കും ഭൗമോപരിതലത്തിനും വരുത്തുന്ന നാശം കൂടി കണക്കിലെടുക്കണം.

ദുരന്തങ്ങൾ ചെറുക്കാൻ ആഗോളനിധി 

പെട്രോൾ ഉപയോഗം മൂലം ലോകത്തു ചൂടു വർധിച്ച്, തീവ്രമഴയും പ്രളയങ്ങളും കൃഷിനാശവും ഉഷ്ണതരംഗങ്ങളും ഉണ്ടായി കോടിക്കണക്കിനു രൂപയുടെ നാശം സംഭവിക്കുന്നതിനു നഷ്ടപരിഹാരം നൽകാൻ ആഗോളനിധി രണ്ടു വർഷം മുൻപു രൂപീകരിച്ചിരുന്നു. ഇതിലേക്കു സമ്പന്നരാജ്യങ്ങളും കാർബൺ കൂടുതലായി പുറന്തള്ളുന്ന ചൈന പോലെയുള്ള രാജ്യങ്ങളും നൽകേണ്ട തുക (ഒരുപരിധിവരെ കാർബൺ പാപപ്പരിഹാരത്തുക) എത്രയെന്ന് ഈ സമ്മേളനത്തിലെങ്കിലും തീരുമാനിക്കേണ്ടതുണ്ട്. 

കൂടിയ അളവിൽ കാർബൺ പുറത്തുവിട്ടിട്ടുള്ള യുഎസും യൂറോപ്പും കാലാവസ്ഥമാറ്റ ഫണ്ടിലേക്ക് ഉദാരമായ സംഭാവന നൽകാൻ ബാധ്യസ്ഥരാണെന്നതിൽ സംശയമില്ല. പാവപ്പെട്ട രാജ്യങ്ങൾ എല്ലാം സഹിക്കണമെന്ന നിലപാട് ഇന്നത്തെ അവസ്ഥയ്ക്കു യോജിച്ചതല്ല. വൻകിട ശക്തികളുടെ നിലപാടിൽ മാറ്റം ഉണ്ടാകുമെന്നാണ് ഉച്ചകോടിയുടെ പ്രതീക്ഷ.

 കാലാവസ്ഥാ നിധിയുടെ സഹായത്താൽ അടിസ്ഥാനവികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വളർച്ച നേടാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. പക്ഷേ, സമ്പന്നരാജ്യങ്ങൾ ഇപ്പോഴും പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കാൻ പൂർണമനസ്സു കാട്ടിയിട്ടില്ല. ഇനിയും വഴങ്ങാൻ കൂട്ടാക്കാത്ത അവരെ പിണക്കാതെ എങ്ങനെ ഇത്തരം വ്യവസ്ഥകളുടെ ഭാഗമാക്കാം എന്നതാണ് പ്രധാന വെല്ലുവിളി. 

വേണം മീഥെയ്നിനും മൂക്കുകയർ 

ആഗോള താപനം രൂക്ഷമാക്കുന്നതിൽ കാർബൺ ഡയോക്സൈഡിനെക്കാൾ 28 മടങ്ങാണ് മീഥെയ്ൻ വാതകം വഹിക്കുന്ന പങ്ക്. നഗര ജൈവമാലിന്യങ്ങളിൽനിന്നാണ് മീഥെയ്നിന്റെ വലിയൊരു പങ്കും അന്തരീക്ഷത്തിലെത്തുന്നത്. ഇതിന്റെ അളവു കുറയ്ക്കാനും നടപടിവേണം. നെൽക്കൃഷിക്കായി നിലം ഉഴുമ്പോഴും മറ്റും ധാരാളം മീഥെയ്ൻ അന്തരീക്ഷത്തിലെത്തുന്നുണ്ടെന്നു പഠനങ്ങൾ പറയുന്നു. മീഥെയ്ൻ പുറത്തേക്കു വരാത്ത കൃഷിരീതികളെപ്പറ്റി ഇന്ത്യയും മറ്റും ആലോചിക്കുന്നു. 149 രാജ്യങ്ങൾ ഒപ്പിട്ട 2021 ലെ മീഥെയ്ൻ നയം ഇപ്പോൾതന്നെ കാലാവസ്ഥാ കരാറുകളുടെ ഭാഗമാണ്. 2030 ആകുമ്പോഴേക്കും അന്തരീക്ഷത്തിലക്കു തള്ളുന്ന കാർബൺ തോത് 35% കുറയ്ക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.

ചൂളയ്ക്കും സ്റ്റൗവിനും നിയന്ത്രണം വരുമോ ?

അന്തരീക്ഷത്തിലേക്കു കാർബൺ ഏറ്റവുമധികം തള്ളുകയും വായുമലിനീകരണത്തിനു കാരണമാവുകയും ചെയ്യുന്ന ഡീസൽ വാഹനങ്ങൾ, ഇഷ്ടികച്ചൂള, മണ്ണെണ്ണ സ്റ്റൗ, കപ്പൽ ഗതാഗതം തുടങ്ങിയവയുടെ കാര്യത്തി‍ൽ നിയന്ത്രണങ്ങൾ വന്നേക്കും.  ഇതിനാവശ്യമായ സാങ്കേതികവിദ്യകളും കരാറുകളും ദുബായിൽ രൂപപ്പെടുമെന്നാണ് പ്രതീക്ഷ. 

നാശനഷ്ടങ്ങൾക്കുള്ള ദുരിതാശ്വാസ നിധി വലിയ തോതിൽ വർധിപ്പിക്കാൻ ഉച്ചകോടി ലക്ഷ്യമിടുന്നു. ഹരിത സാങ്കേതിക വിദ്യകളുടെ വർധിച്ച ചെലവു താങ്ങാനുള്ള പ്രാപ്തി പല വികസ്വര രാജ്യങ്ങൾക്കുമില്ല. സമ്പന്നരാജ്യങ്ങൾ ഇക്കാര്യത്തിൽ സഹായിക്കുമെന്നാണു പ്രതീക്ഷ. കാർബൺ നികുതികളും മറ്റും ഏർപ്പെടുത്തി അവർ തുക കണ്ടെത്തുമെന്നും കരുതുന്നു.

ദക്ഷിണാർധ ഗോളത്തിലുള്ള പാവപ്പെട്ട രാജ്യങ്ങളെ കാലാവസ്ഥമാറ്റത്തിനായി സജ്ജമാക്കാനുള്ള സഹായം ഉത്തരാർധ ഗോളത്തിലെ സമ്പന്ന രാജ്യങ്ങളിൽനിന്നു വന്നേ പറ്റൂ.

വാക്കു പാലിക്കുന്ന രാജ്യമായി ഇന്ത്യ 

പാരിസ് കരാറിൽ ഒപ്പിട്ട ഇന്ത്യ ആഗോള താപനത്തിനെതിരെ പല കർമപദ്ധതികളും നടപ്പാക്കിയെന്നത് എടുത്തുപറയേണ്ട നേട്ടമാണ്. 2005– 2016 കാലത്ത് കാർബൺ പുറന്തള്ളൽ 24% കുറച്ച രാജ്യം എന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തം. വൈകാതെ നമ്മുടെ ഊർജത്തിന്റെ 43% വരെ പാരമ്പര്യേതര സ്രോതസ്സിൽ നിന്നായിരിക്കും ഉൽപാദിപ്പിക്കുക.

പാരമ്പര്യേതര ഊർജ ഉൽപാദനം ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. ന്യൂഡൽഹിയിൽ നടന്ന ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിൽ ഈ ലക്ഷ്യത്തിലേക്കു നീങ്ങാൻ മറ്റു രാജ്യങ്ങളെ പ്രചോദിപ്പിക്കാനും ഇന്ത്യയ്ക്കു കഴിഞ്ഞു. 

കൂളിങ് വെബ് സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ഊർജച്ചെലവിൽ പരമാവധി ചൂട് നിയന്ത്രിക്കത്തക്കവിധം കെട്ടിടങ്ങളും മറ്റും രൂപകൽപന ചെയ്യുന്നത് ഉൾപ്പെടെ ഒട്ടേറെ മികച്ച നിർദേശങ്ങളുമായാണ് ദുബായിലേക്ക് ഇന്ത്യ എത്തുന്നത്.

കാർബൺ പുറന്തള്ളലിൽ പിന്നിലുള്ള ഇന്ത്യ കാലാവസ്ഥമാറ്റത്തെ നേരിടാനുള്ള നടപടികളിൽ മുന്നിലാണെന്നതും അഭിമാനാർഹമാണ്.

hill

തീവ്രകാലാവസ്ഥ: ഇന്ത്യ കണക്കെടുക്കണം

ഇന്ത്യയിൽ അടുത്തകാലത്ത് വർധിച്ച തോതിൽ അനുഭവപ്പെടുന്ന തീവ്രമഴയും ഉരുൾപൊട്ടലും കൃഷിനാശവും മറ്റും കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമാണെന്നു കരുതപ്പെടുന്നു. ഇന്ത്യൻ കാലാവസ്ഥാകേന്ദ്രം ഇതു സംബന്ധിച്ച വ്യക്തമായ കണക്കെടുപ്പ് നടത്തി ഈ രീതിയിൽ പ്രശ്നം അവതരിപ്പിക്കണം. ആഗോളതലത്തിൽ നമുക്കു സഹായം ലഭിക്കാൻ അത് ആവശ്യമാണ്. തീവ്രകാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാനും പദ്ധതികളുണ്ടാകണം. 

ഇന്ത്യയിൽ മാത്രം മരണം 2923 

കാലാവസ്ഥമാറ്റങ്ങളുടെ ഫലമായി കഴിഞ്ഞ വർഷം ഇന്ത്യയിൽ 2923 പേർക്കു ജീവൻ നഷ്ടപ്പെട്ടു. 18.4 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചു. 92,500 കന്നുകാലികൾ ചത്തു. വ്യവസായ യുഗത്തിനു തുടക്കമിട്ട 1760 മുതൽ സമ്പന്നരാജ്യങ്ങൾ പുറത്തുവിട്ട ഇന്ധനപ്പുക കാലാവസ്ഥയെ മാറ്റിമറിച്ചതിന്റെ തിക്തഫലം ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ട കർഷകരാണ് അനുഭവിക്കുന്നത്. തുല്യാവകാശം അഥവാ ഇക്വിറ്റി എന്ന ഘടകം ഉച്ചകോടിയിൽ ചർച്ച ചെയ്യണമെന്ന ആവശ്യമുയരുന്നത് ഈ സാഹചര്യത്തിലാണ്. റവന്യു വരുമാനത്തിന്റെ നാലിലൊന്നും ഇത്തരം നാശനഷ്ടങ്ങൾക്കു നൽകേണ്ട സ്ഥിതിയിലേക്കാണ് പല രാജ്യങ്ങളും പോകുന്നത്. ജി 20 കൂട്ടായ്മയിൽ പ്രമുഖ സ്ഥാനമുള്ള രാജ്യം എന്ന നിലയിൽ, ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കുന്ന കരാറുകൾ വേണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു.  

(ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ ഡയറക്ടർ ജനറലായ ലേഖിക ദുബായ് ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവാണ്)

English Summary:

Global Climate Summit begins today in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com