ADVERTISEMENT

നവകേരള സദസ്സ് കേരളത്തിലാകെ ചർച്ചയാകുമ്പോൾ അതു നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സു തുറക്കുന്നു. മന്ത്രിമാർ സഞ്ചരിക്കുന്ന ബസിൽ വച്ച് മുഖ്യമന്ത്രി മലയാള മനോരമയ്ക്കു നൽകിയ അഭിമുഖം.

മുസ്‌ലിം ലീഗിന്റെ കോട്ടയായ മലപ്പുറത്തു കൂടിയാണല്ലോ നവകേരള സദസ്സ് കടന്നുപോകുന്നത്.  എന്താണ് പ്രതികരണം? 

എല്ലാ മണ്ഡലങ്ങളിലും അഭൂതപൂർവമായ ജനപങ്കാളിത്തമാണുള്ളത്. ജനങ്ങൾ ഇതിനെ നെഞ്ചേറ്റിക്കഴിഞ്ഞു. അതിൽ യുഡിഎഫ്–എൽഡിഎഫ് വ്യത്യാസമില്ല.  

പരാതികൾക്കു പരിഹാരം കണ്ടെത്താൻ സ്വീകരിച്ച പ്രായോഗിക നടപടികൾ പറയാമോ?

സദസ്സിനെത്തുന്ന എല്ലാവരും പരാതികളുമായി വരുന്നവരല്ല. നാടിന്റെ പൊതുവായ അഭിവൃദ്ധിയാണ് അവരാഗ്രഹിക്കുന്നത്.   അപേക്ഷകളും പരാതികളും പരിഹരിക്കാൻ കൃത്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

മങ്കടയിലെ നവകേരള സദസ്സിനിടെ പരിയാപുരം സ്വദേശിയായ ഭിന്നശേഷിക്കാരൻ കോഴിപ്പാട്ടിൽ അമൻ ഫാരിസ് മുഖ്യമന്ത്രി പിണറായി വിജയന് ഹസ്തദാനം നൽകുന്നു. മാതാവ് ആരിഫയോടെപ്പം ചക്രക്കസേരയിലാണ് അമൻ മുഖ്യന്ത്രിയെ കാണാനെത്തിയത്.
മങ്കടയിലെ നവകേരള സദസ്സിനിടെ പരിയാപുരം സ്വദേശിയായ ഭിന്നശേഷിക്കാരൻ കോഴിപ്പാട്ടിൽ അമൻ ഫാരിസ് മുഖ്യമന്ത്രി പിണറായി വിജയന് ഹസ്തദാനം നൽകുന്നു. മാതാവ് ആരിഫയോടെപ്പം ചക്രക്കസേരയിലാണ് അമൻ മുഖ്യന്ത്രിയെ കാണാനെത്തിയത്.

നവകേരള സദസ്സ് സർക്കാരും എൽഡിഎഫും പ്രഖ്യാപിക്കും മുൻപു പ്രതിപക്ഷത്തോടു ചർച്ചചെയ്തിരുന്നെങ്കിൽ അവർ പങ്കെടുക്കുമായിരുന്നെന്ന് ഇപ്പോൾ തോന്നുന്നോ? 

ഈ പരിപാടി പൂർണമായും സർക്കാർ പരിപാടിയാണ്. അതിൽ പങ്കെടുക്കണം, വിജയിപ്പിക്കണം എന്ന നിലപാടു മാത്രമേ എൽഡിഎഫ് എടുത്തിട്ടുള്ളൂ. അതേ നില യുഡിഎഫിനും സ്വീകരിക്കാവുന്നതായിരുന്നു. 41 മണ്ഡലങ്ങളിൽ അവരുടെ എംഎൽഎമാർക്കു നേതൃത്വം കൊടുക്കാനും അധ്യക്ഷത വഹിക്കാനും കഴിയുമായിരുന്നില്ലേ?

മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ കടുത്ത ധാർഷ്ട്യമായാണല്ലോ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ചിത്രീകരിക്കുന്നത് ? 

പ്രതിപക്ഷനേതാവിന് ആ സ്ഥാനത്തിരിക്കാനുള്ള അർഹതയില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ലോകകേരള സഭ ബഹിഷ്കരിക്കാൻ മുന്നിൽ നിന്നത് അദ്ദേഹമാണ്. തിരുവനന്തപുരത്തു നടന്ന ‘കേരളീയ’ത്തിൽ എന്തു രാഷ്ട്രീയമാണ്? ഇതു രണ്ടും നടന്നതുകൊണ്ട് എൽഡിഎഫിന് എന്തെങ്കിലും മെച്ചമോ യുഡിഎഫിനു ദോഷമോ ഉണ്ടായോ?

കോഴിക്കോട് പടനിലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കൊണ്ടു പോകുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഹെൽമറ്റ് കൊണ്ട് അടിക്കാൻ ശ്രമിക്കുന്നു.
കോഴിക്കോട് പടനിലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കൊണ്ടു പോകുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഹെൽമറ്റ് കൊണ്ട് അടിക്കാൻ ശ്രമിക്കുന്നു.

കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നശേഷവും അതു ജീവൻരക്ഷാപ്രവർത്തനമായി മുഖ്യമന്ത്രി ആവർത്തിച്ചതിൽ വൈരുധ്യമില്ലേ? 

ഞാൻ പറഞ്ഞതു പറഞ്ഞതു തന്നെയാണ്. അൽപം മുൻപു ബസിനെ കരിങ്കൊടി കാണിക്കുന്നത് നിങ്ങൾ കണ്ടില്ലേ. റോഡരികിൽ നിന്ന് അങ്ങനെ കാണിച്ചതു ജനാധിപത്യപരമായ പ്രതിഷേധമാണെന്നു വേണമെങ്കിൽ പറയാം. ബസിന്റെ മുന്നിലേക്കു ചാടി വീഴുന്നതും അവരെ തള്ളിമാറ്റുന്നതുമാണ് അന്നു ഞാൻ കണ്ടത്. അതു  ചെയ്തിരുന്നില്ലെങ്കിൽ ജീവൻ അപകടത്തിലാകുമായിരുന്നു. 

മന്ത്രിമാരെല്ലാം ഒരു മാസത്തോളം ഒരുമിച്ചു യാത്ര നടത്തുന്നതിന്റെ അനുഭവം എന്താണ് ? 

ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ്. സാധാരണ ഒരുമിച്ചു തമാശകൾ പങ്കിടാനൊന്നും സമയം കിട്ടാത്തവരാണല്ലോ  ഞങ്ങൾ. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനൊപ്പം ഞങ്ങൾക്കും ഇതു നല്ല അനുഭവമാണ്.  

നവകേരള സദസ്സ് യാത്രയ്‌ക്ക് ഉപയോഗിക്കുന്ന ബസ്. ചിത്രം: മനോരമ
നവകേരള സദസ്സ് യാത്രയ്‌ക്ക് ഉപയോഗിക്കുന്ന ബസ്. ചിത്രം: മനോരമ

ഒരു മാസത്തിലേറെ മുഖ്യമന്ത്രിയും മന്ത്രിമാരും മാറിനിൽക്കുന്നത് സർക്കാരിന്റെ പ്രവർത്തനത്തെ ഒട്ടും ബാധിക്കില്ലെന്നാണോ? 

മന്ത്രിമാരുടെ ഓഫിസ് പൂർണ സജ്ജമാണ്. ആകെയുള്ള പ്രശ്നം മന്ത്രിയെ കണ്ട് നിവേദനം കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനു കഴിയുന്നില്ല എന്നുള്ളതാണ്. അതുകൊണ്ട് പ്രശ്നങ്ങൾക്കു പരിഹാരം ഇല്ലാതാകുന്നില്ല. 

ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള എൽഡിഎഫിന്റെ രാഷ്ട്രീയദൗത്യം കൂടിയല്ലേ നവകേരള സദസ്സ് ? 

അത് എല്ലാറ്റിനും രാഷ്ട്രീയനിറം ചാർത്തുന്നതുകൊണ്ടുള്ള പ്രശ്നമാണ്. ഒരു രാഷ്ട്രീയമാനവും ഇതിനില്ല. 

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നവകേരള സദസ്സ് ഒരു രാഷ്ട്രീയ മാമാങ്കമാണെന്നാണ് വിമർശകരുടെ ആരോപണം. സ്പോൺസർഷിപ്പും ജനങ്ങളിൽ ഒരു വിഭാഗത്തിൽനിന്നു സമാഹരിക്കുന്നതല്ലേ? 

നമ്മുടെ നാട്ടിൽ അങ്ങനെ എന്തെല്ലാം പരിപാടികൾ നടത്തുന്നു. ആളുകളെ ബുദ്ധിമുട്ടിച്ചോ നിർബന്ധം ചെലുത്തിയോ ഒന്നും ചെയ്യുന്നില്ല.

മന്ത്രിമാരുടെ ബസിനെ അഭിവാദ്യം ചെയ്യാൻ കുട്ടികളെ റോഡിൽ ഇറക്കുന്നതിനെ ഹൈക്കോടതിയും വിമർശിച്ചു. വാത്സല്യനിധിയായ മുത്തച്ഛൻ കൂടിയായാണല്ലോ മുഖ്യമന്ത്രി.

കുട്ടികളെ ബുദ്ധിമുട്ടിച്ച് അണിനിരത്തേണ്ടതില്ലെന്നു ഞാൻ പറഞ്ഞിരുന്നു. എന്നാൽ, കേരളത്തിന്റെ മന്ത്രിസഭ ആകെ ജനങ്ങളുടെ അടുത്തേക്ക് ഇറങ്ങുമ്പോൾ കാണാൻ കുട്ടികൾക്കു താൽപര്യം ഉണ്ടാകില്ലേ. വർഷങ്ങൾ കഴിഞ്ഞാലും ഇത് അവർ ഓർത്തിരുന്നെന്നു വരും. 

മലപ്പുറം എടപ്പാൾ തുയ്യത്തെ ഗവ. എൽപി സ്കൂൾ വിദ്യാർഥികളെ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന ബസിന് അഭിവാദ്യമർപ്പിക്കാൻ റോഡരികിൽ നിർത്തിയപ്പോൾ.
മലപ്പുറം എടപ്പാൾ തുയ്യത്തെ ഗവ. എൽപി സ്കൂൾ വിദ്യാർഥികളെ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന ബസിന് അഭിവാദ്യമർപ്പിക്കാൻ റോഡരികിൽ നിർത്തിയപ്പോൾ.

മട്ടന്നൂരിലെ  പ്രസംഗം നീണ്ടുപോയതിനെ മുഖ്യമന്ത്രി വിമർശിച്ചത് തെറ്റിദ്ധാരണ കൊണ്ടാണെന്ന് കെ.കെ.ശൈലജ വിശദീകരിച്ചല്ലോ? 

അതു കഴിഞ്ഞ അധ്യായമാണല്ലോ. വീണ്ടും ആ ചർച്ചയിലേക്കു പോകേണ്ട കാര്യമില്ല. 

മുസ്‌ലിം ലീഗിനെ യുഡിഎഫിന്റെ അവിഭാജ്യഘടകമായിട്ടാണ് സിപിഎമ്മും വിലയിരുത്താറുള്ളത്. അതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ? 

ഒരു മാറ്റവും ഇല്ല. അത്തരം ഒരു സൂചനയും നൽകുന്നില്ല. യുഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മുസ്‌ലിംലീഗ്. ലീഗുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചർച്ച വരുമ്പോൾ അവർ മുന്നണി മാറിക്കളയും എന്ന പ്രചാരണം തുടങ്ങും. അതു പ്രധാനമായും മാധ്യമങ്ങൾ സൃഷ്ടിക്കുന്നതാണ്. യഥാർഥത്തിൽ യുഡിഎഫ് വിട്ട് മറ്റൊന്നിലേക്കു പോകാൻ ലീഗ് ആലോചിക്കുന്നില്ല. യുഡിഎഫിന്റെ പ്രധാനഭാഗമായ ലീഗ് അതുവിട്ട് ഇങ്ങോട്ടു വരട്ടെ എന്ന മോഹം ഞങ്ങൾ വച്ചു പുലർത്തുന്നുമില്ല.  

ലീഗിനോടുള്ള നിലപാട് പാർട്ടിയിൽ വലിയ ചർച്ചകൾക്കു വിധേയമായതാണ്. അതിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴുണ്ടോ? 

ആ നിലപാടിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇല്ല. ലീഗ് കൂടി പോയാൽ എന്താകും യുഡിഎഫിന്റെ നില എന്ന വേവലാതിയിൽ  മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഒരു കാര്യമാണത്. 

സിപിഎമ്മിന്റെ ചില വേദികളിലേക്കു ലീഗിനു കിട്ടിയ ക്ഷണം, കേരള ബാങ്ക് ഡയറക്ടർ നിയമനം ഇതെല്ലാമാണല്ലോ അഭ്യൂഹങ്ങൾ ശക്തമാക്കിയത്? 

കേരള ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് മലപ്പുറം ജില്ലയുടെ പ്രതിനിധിയായി ഒരു ലീഗ് നേതാവ് വരുന്നതിൽ ഒരാശ്ചര്യവുമില്ല. അത് അവർ അവകാശപ്പെടുന്നതിൽ തെറ്റുമില്ല. 

മലപ്പുറത്ത് നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ. (മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം) (Photo: Facebook, @PinarayiVijayan)
മലപ്പുറത്ത് നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ. (മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം) (Photo: Facebook, @PinarayiVijayan)

ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ മന്ത്രിമാരുടെ പ്രവർത്തനം പോരെന്ന വിമർശനത്തെ എങ്ങനെ കാണുന്നു ? 

ഈ പ്രചാരണം ബോധപൂർവം അഴിച്ചുവിടുന്നതാണ്. ചില മാധ്യമങ്ങൾ അതിൽ നല്ല പങ്കു വഹിച്ചിട്ടുണ്ട്. ഓരോ മന്ത്രിമാരും മികവുറ്റ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. കോവിഡിനെ മികവോടെ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു കെ.കെ.ശൈലജ. അവർക്കു നല്ല അംഗീകാരം കിട്ടിയതാണ്. അവർ മാറി വീണാ ജോർജ് വന്നപ്പോൾ അതേ മികവു പുലർത്താനാകുമോ എന്ന സംശയം ചിലർക്കുണ്ടായി. കാര്യങ്ങൾ ഭംഗിയായി നടക്കുന്നില്ലേ. ഒരു ഉദാഹരണം പറഞ്ഞതാണ്. 

ലാവ്‌ലിൻ കാലം മുതൽ  വിവാദങ്ങളും ആക്ഷേപങ്ങളും പിണറായി വിജയനു പുത്തരിയല്ല. കുടുംബം കൂടി ആരോപണങ്ങൾക്കു വിധേയമാകുന്നത് മുഖ്യമന്ത്രിയെ ബാധിക്കുന്നുണ്ടോ ? 

ഇതെല്ലാം നേരത്തേ തുടങ്ങിയതല്ലേ. ‘കമല ഇന്റർനാഷനൽ’ ഓർമയില്ലേ. എന്റെ ഭാര്യയ്ക്ക് അങ്ങനെ ഒരു സ്ഥാപനമുണ്ടോ. പക്ഷേ, ഇപ്പോൾ ചില ഏജൻസികളുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തനം. കേട്ട ഒരു കാര്യം പറയാം. ഒരു ബസിൽ ഒരു സ്ത്രീയെ തയാറാക്കി നിർത്തുന്നു, എന്നിട്ട് ചാനൽ മൈക്കിനോടു പ്രതികരിക്കുന്നു. സർക്കാരിനെതിരെ അവർ പറയുന്ന അധിക്ഷേപങ്ങളെല്ലാം ജനങ്ങളുടെ അഭിപ്രായമായി കാണിക്കുന്നു. പഠിപ്പിച്ചു വിട്ടിരിക്കുകയാണ്. ഇങ്ങനെ പലതും നടക്കുന്നുണ്ട്  

മകൾ വീണാ വിജയനും എക്സാലോജിക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ വിധിക്കെതിരെ കോടതിയെ സമീപിക്കാഞ്ഞത് എന്തുകൊണ്ട് ? 

അതെല്ലാം കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി വന്നതല്ലേ. കമ്പനിയുമായി ബന്ധപ്പെട്ട തീരുമാനമാണെങ്കിൽ ആ കമ്പനിയെ കേൾക്കേണ്ടേ? കമ്പനിയുടെ കാര്യം പറയുക മാത്രമാണ് ഉദ്ദേശ്യമെങ്കിൽ എന്തിനാണ് ഇന്നയാളുടെ മകൾ എന്നു പറഞ്ഞത്? 

ആ പരാമർശം നീക്കാൻ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് സംശയം? 

അപ്പോൾ അതു നിങ്ങൾക്കെല്ലാം കൊട്ടിഘോഷിക്കാമല്ലോ. ചില കാര്യങ്ങൾ അത്ര ഗൗരവത്തിൽ ഞാൻ സാധാരണ കാണാറില്ല. ഈ  വിഷയവും അങ്ങനെ തന്നെ. തെറ്റായ ഒരു പ്രചാരണം വന്നാൽ ഇതുവരെയുണ്ടാക്കിയത് എല്ലാം തകർന്നു പോകുമെന്നാണ് ചിലർ   വിചാരിക്കുന്നത്. ആ ധാരണ എനിക്കില്ല. 

ചില കാര്യങ്ങളിൽ അതതു സമയത്തുതന്നെ വ്യക്തത വരുത്തുകയല്ലേ ചെയ്യേണ്ടത് ? 

ഇത്തരം കാര്യങ്ങളിൽ ഞാൻ സ്വീകരിക്കുന്നത് ഈ നിലയാണ്. 

മോദി–പിണറായി ധാരണ എന്ന ആരോപണം പ്രതിപക്ഷം സ്ഥിരമായി ഉന്നയിക്കുന്നുണ്ടല്ലോ ? 

ഇടതുപക്ഷം പൊതുവിൽ സ്വീകരിക്കുന്ന നിലപാട് സംഘപരിവാറിനു രുചിക്കുന്നതല്ല എന്നത് ആർക്കാണറിയാത്തത്?

രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും എൽഡിഎഫിനെതിരെ മത്സരിക്കുന്നതിൽ എന്താണ് സിപിഎം നിലപാട്?  ഇടതുകക്ഷികളും കോൺഗ്രസും ഇന്ത്യാ മുന്നണിയുടെ ഭാഗമാണല്ലോ ? 

അതിന്റെ ഔചിത്യം കോൺഗ്രസ് തീരുമാനിക്കേണ്ടതാണ്. ബിജെപിക്കെതിരെ മത്സരിക്കുന്നു എന്നു പറഞ്ഞിട്ട് എൽഡിഎഫിനെതിരെ മത്സരിക്കാൻ രാഹുൽ ഗാന്ധി തന്നെ വരുന്നതു ശരിയോ എന്ന് അവർ  തീരുമാനിക്കണം. 

മന്ത്രിമാരുടെ കൂട്ടായ യാത്ര, ഒറ്റബസ് ഇതെല്ലാം മുഖ്യമന്ത്രിയുടെ ആശയങ്ങളാണോ ? 

വേറെ ആരും ഇക്കാര്യത്തിൽ ഉപദേശിച്ചിട്ടില്ല. ഇതു ഞാൻ വളരെ നേരത്തേ കണ്ടതാണ്. മറ്റു പരിപാടികൾ പൂർത്തിയാക്കി  ഇതിലേക്കു കടക്കുകയായിരുന്നു. 

മലപ്പുറം ജില്ലയിലെ നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.അബ്ദുറഹിമാൻ, കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, കെ.രാധാകൃഷ്ണൻ, ആന്റണി രാജു എന്നിവർ സമീപം. (മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം) (Photo: Facebook, @PinarayiVijayan)
മലപ്പുറം ജില്ലയിലെ നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.അബ്ദുറഹിമാൻ, കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, കെ.രാധാകൃഷ്ണൻ, ആന്റണി രാജു എന്നിവർ സമീപം. (മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം) (Photo: Facebook, @PinarayiVijayan)

സദസ്സിൽ എല്ലാം മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുകയാണെന്ന വിമർശനം ഉണ്ടല്ലോ ? 

അതു ദോഷൈകദൃക്കുകളുടെ വിമർശനമാണ്. 21 മന്ത്രിമാർക്കും റോളുണ്ട്. എല്ലാ പരിപാടിയിലും ഞാൻ സംസാരിക്കുന്നുണ്ടെന്നതു ശരിയാണ്. മൂന്നു മന്ത്രിമാർ അതിനു മുൻപു സംസാരിക്കും. അതു മാറിമാറിവരും.  

ജനങ്ങളുടെ അടുത്തേക്ക് ഇങ്ങനെ ഇപ്പോൾ എത്തിച്ചേരുന്ന മുഖ്യമന്ത്രി എന്തിനാണ് വൻ സുരക്ഷാവ്യൂഹത്തിന്റെ സേവനം തേടിയിരുന്നത്? സെക്രട്ടേറിയറ്റിലാണെങ്കിൽ മാധ്യമപ്രവർത്തകർക്കു പോലും നിയന്ത്രണങ്ങളാണല്ലോ? 

അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്കു സെക്രട്ടേറിയറ്റിൽ പ്രവേശിക്കുന്നതിൽ മറ്റു പ്രശ്നങ്ങളില്ല. സുരക്ഷയുടെ കാര്യത്തിൽ പൊലീസിന്റെ നിർദേശങ്ങളെയും മുന്നറിയിപ്പുകളെയും പാടേ മാറ്റിനിർത്താൻ കഴിയില്ല. അതിൽ നമ്മൾ വല്ലാതെ ഇടപെടാൻ പോകുന്നതു ശരിയല്ല. ഇതു മറ്റൊരു തരത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ്. രണ്ടും രണ്ടായി കാണുകയാണ് വേണ്ടത്.

English Summary:

CM Pinarayi Vijayan's interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com