ADVERTISEMENT

ജമ്മു കശ്മീരിനു ഭരണഘടനാപരമായി ഉണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച സുപ്രീം കോടതി വിധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുന്നു.

എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കംമുതൽ ജമ്മു കശ്മീരിലെ പ്രക്ഷോഭങ്ങളെ അടുത്തറിയാൻ സാധിച്ചിട്ടുണ്ട്. അതു കേവലം രാഷ്ട്രീയ പ്രശ്നമായി കാണാത്ത പ്രത്യയശാസ്ത്ര ചട്ടക്കൂടാണ് എന്റേത്. ഡോ. ശ്യാമപ്രസാദ് മുഖർജിക്ക് നെഹ്റു മന്ത്രിസഭയിൽ സുപ്രധാന വകുപ്പുണ്ടായിരുന്നു. അദ്ദേഹത്തിനു ദീർഘകാലം സർക്കാരിന്റെ ഭാഗമാകാമായിരുന്നു. എന്നിട്ടും കശ്മീർ പ്രശ്നത്തിന്റെ പേരിൽ അദ്ദേഹം രാജിവച്ചു. അദ്ദേഹത്തിന്റെ പ്രയത്നവും ത്യാഗവും കോടിക്കണക്കിന് ഇന്ത്യക്കാരെ കശ്മീരുമായി ബന്ധിപ്പിച്ചു. 

ജമ്മു കശ്മീരിൽ സംഭവിച്ചത് അവിടെ താമസിക്കുന്നവരോടും രാജ്യത്തോടും ചെയ്ത വലിയ വഞ്ചനയാണെന്നു ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. ഈ കളങ്കം, ജനങ്ങളോടു ചെയ്ത  അനീതി, ഇല്ലാതാക്കാൻ എനിക്കു കഴിയുന്നതെല്ലാം ചെയ്യണമെന്നു ഞാൻ ആഗ്രഹിച്ചു. 

അടിസ്ഥാനപരമായി അനുച്ഛേദം 370ഉം 35(എ)യും വലിയ പ്രതിബന്ധങ്ങളായിരുന്നു. അതിന്റെ ദുരിതമനുഭവിക്കുന്നവർ പാവപ്പെട്ടവരും അധഃസ്ഥിതരുമായിരുന്നു. ഈ അനുച്ഛേദങ്ങൾ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഇന്ത്യയിലെ മറ്റുള്ളവർക്കു ലഭിച്ച അവകാശങ്ങളും വികസനവും ഒരിക്കലും ലഭ്യമാവില്ലെന്നാണ് ഉറപ്പാക്കിയത്. ഇവമൂലം ഒരേ രാജ്യത്തിലെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കപ്പെട്ടു. 

പതിറ്റാണ്ടുകളായി ഈ വിഷയം അടുത്ത് കണ്ടിട്ടുള്ളയാളെന്ന നിലയിൽ, അതിന്റെ പ്രത്യേകതകളെയും സങ്കീർണതകളെയും കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നു. ഒരു കാര്യം വ്യക്തമായിരുന്നു. കശ്മീരിലെ ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു; അവരുടെ ശക്തിയുടെയും നൈപുണ്യത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വികസനത്തിനു സംഭാവന നൽകാൻ അവർ താൽപര്യപ്പെടുന്നു. കുട്ടികൾക്കു മെച്ചപ്പെട്ട ജീവിതനിലവാരം അവർ ആഗ്രഹിക്കുന്നു.

അങ്ങനെ ജമ്മു കശ്മീരിലെ ജനങ്ങളുടെ ആശങ്ക മനസ്സിലാക്കി അവരുടെ വിശ്വാസം വളർത്താനും വികസനം ന‌ടപ്പാക്കാനും ഞങ്ങൾ പ്രാധാന്യം നൽകി.

2014 ൽ ഞങ്ങൾ അധികാരമേറ്റതിനു തൊട്ടുപിന്നാലെയുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ കശ്മീർ താഴ്‌വരയിൽ വൻ നാശനഷ്ടമുണ്ടായി. സ്ഥിതി വിലയിരുത്താൻ ഞാൻ ശ്രീനഗർ സന്ദർശിച്ചു. പുനരധിവാസത്തിനു പ്രത്യേക സഹായമായി 1000 കോടി രൂപ നൽകി. 

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യവും ജനം ആഗ്രഹിക്കുന്നു എന്ന് എനിക്കു മനസ്സിലായി. അതേ വർഷം ജമ്മു കശ്മീരിൽ നമുക്ക് നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി ദീപാവലി ആഘോഷിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. ദീപാവലി ദിനം ജമ്മു കശ്മീരിലായിരിക്കാനും തീരുമാനിച്ചു.

അവിടത്തെ വികസനം കൂടുതൽ ശക്തിപ്പെടുത്താനായി മന്ത്രിമാർ ഇടയ്ക്കിടെ അവിടെ ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഈ സന്ദർശനങ്ങൾ ജമ്മു കശ്മീരിൽ സൗഹാർദം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. 2014 മേയ് മുതൽ 2019 മാർച്ച് വരെ 150 ലധികം മന്ത്രിതലസന്ദർശനങ്ങൾ നടന്നു. 2015 ലെ പ്രത്യേക പാക്കേജ് ജമ്മു കശ്മീരിന്റെ വികസന ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ സുപ്രധാന ചുവടുവയ്പ്പായിരുന്നു. അടിസ്ഥാനസൗകര്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വിനോദസഞ്ചാര പ്രോത്സാഹനം, കരകൗശല വ്യവസായത്തിനുള്ള പിന്തുണ എന്നിവയ്ക്ക് ഊന്നൽ നൽകി.

യുവജനങ്ങളുടെ സ്വപ്നങ്ങൾ ജ്വലിപ്പിക്കുന്നതിനായി കായികരംഗത്തിന്റെ കരുത്തു ഞങ്ങൾ ഉപയോഗപ്പെടുത്തി. പ്രാദേശിക ഫുട്ബോൾ ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഏറ്റവും സവിശേഷമായ കാര്യം. അതിന്റെ ഫലങ്ങൾ മികച്ചതായിരുന്നു. പ്രതിഭാധനയായ ഫുട്‌ബോൾ താരം അഫ്‌ഷാൻ ആഷിഖിന്റെ പേരാണ് എന്റെ മനസ്സിലേക്കു വരുന്നത്- 2014 ഡിസംബറിൽ ആ പെൺകുട്ടി ശ്രീനഗറിൽ കല്ലേറു നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു. പ്രോത്സാഹനം ലഭിച്ചപ്പോൾ അവൾ കാൽപന്ത‌ിലേക്കു തിരിഞ്ഞു. ഫിറ്റ് ഇന്ത്യ സംഭാഷണങ്ങളിലൊന്നിൽ അവളുമായി സംവദിച്ചത് ഞാൻ ഓർക്കുന്നു.

പ്രദേശത്തിന്റെ സർവതോമുഖമായ വികസനത്തിനായുള്ള അന്വേഷണത്തിന്റെ മറ്റൊരു നിർണായക ചുവടു വയ്പായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പ്. 2019 ഓഗസ്റ്റ് 5 എന്ന തീയതി ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും മനസ്സിലും പതിഞ്ഞിരിക്കുന്നു. അനുച്ഛേദം 370 റദ്ദാക്കാനുള്ള ചരിത്രപരമായ തീരുമാനം അന്നാണു നമ്മുടെ പാർലമെന്റ് കൈക്കൊണ്ടത്.  സ്ത്രീകൾ, ഗോത്രവർഗക്കാർ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്ക് അർഹതപ്പെട്ടതു ലഭിച്ചിരുന്നില്ല. അതോടൊപ്പം, ലഡാക്കിന്റെ താൽപര്യങ്ങൾ തീർത്തും അവഗണിക്കപ്പെട്ടിരുന്നു.

പാർലമെന്റിന്റെ തീരുമാനം എല്ലാം മാറ്റിമറിച്ചു. ത്രിതല പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നു, ബിഡിസി തിരഞ്ഞെടുപ്പ് നടന്നു, വിസ്മരിക്കപ്പെട്ട അഭയാർഥി സമൂഹങ്ങൾ വികസനത്തിന്റെ ഗുണഭോക്താക്കളായി.  അഴിമതിയും സ്വജനപക്ഷപാതവുമില്ലാതെ സർക്കാരിലെ ജോലി ഒഴിവുകളിൽ നിയമനം നടത്തി. വിനോദസഞ്ചാര രംഗത്തെ മുന്നേറ്റവും എടുത്തു പറയണം. 

ഇന്നലത്തെ സുപ്രീം കോടതി വിധി, ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന സങ്കൽപത്തിനു കരുത്തേകുകയാണ്.

English Summary:

Jammu and Kashmir verdict of the Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com