ADVERTISEMENT

കഴി‍ഞ്ഞ 11ന് ബംഗ്ലദേശ് പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റ ഷെയ്ഖ് ഹസീന ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.  തുടർച്ചയായി നാലാം തവണ (ആകെ അഞ്ചാം തവണ)യാണ് അവർ ഈ പദവിയിലെത്തുന്നത്. ഹസീനയെ ആദ്യം വിളിച്ച് അഭിനന്ദിച്ചവരിലൊരാൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അതൊരു അഭിനന്ദനം മാത്രമായിരുന്നില്ല, ബംഗ്ലദേശിലെ പുതിയ സർക്കാരിനു തന്റെ പൂർണപിന്തുണയുണ്ടെന്ന പ്രഖ്യാപനം കൂടിയായിരുന്നു. ‘തിരഞ്ഞെടുപ്പു വിജയകരമായി നടന്നതിനു ബംഗ്ലദേശിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ബംഗ്ലദേശുമായി ശാശ്വതവും ജനോപകാരപ്രദവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്’ എന്നും നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ചൈനയാണ് ഹസീനയെ അഭിനന്ദിക്കാൻ ആദ്യമെത്തിയ മറ്റൊരു പ്രമുഖരാജ്യം.

മുഖ്യപ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) വിട്ടുനിന്ന തിരഞ്ഞെടുപ്പിൽ അവാമി ലീഗ് വൻവിജയം നേടുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. ഹസീന രാജിവച്ച് കാവൽ സർക്കാരിനു കീഴിൽ വോട്ടെടുപ്പു നടത്തണമെന്ന ആവശ്യം തള്ളിയതിനെത്തുടർന്നാണ്, തടവിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബിഎൻപി തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചത്.

300ൽ 223 സീറ്റാണ് അവാമി ലീഗ് നേടിയത്. പാർലമെന്റിൽ പാർട്ടിക്കു കൂടുതൽ ആധിപത്യം നൽകുന്ന ഉജ്വലജയം എന്നു പറയാമെങ്കിലും, ഇതു നിയമാനുസൃത തിരഞ്ഞെടുപ്പും ജയവുമായി അംഗീകരിക്കാൻ പാശ്ചാത്യലോകം തയാറാകുമോ എന്ന ചോദ്യം പ്രധാനം. ഔദ്യോഗിക കണക്കുകൾ പ്രകാരം വെറും 40 ശതമാനമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ പോളിങ് (ബംഗ്ലദേശിലെ ഡെയ്‌ലി സ്റ്റാർ പത്രത്തിന്റെ കണക്കിൽ യഥാർഥ പോളിങ് ശതമാനം 27.5 മാത്രമാണ്- പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ബഹിഷ്കരിച്ച 1996ലെ വിവാദ തിരഞ്ഞെടുപ്പിനു ശേഷം ഏറ്റവും കുറഞ്ഞ പോളിങ്). ഈ തിരഞ്ഞെടുപ്പിന്റെ നിയമസാധുതയെ പാശ്ചാത്യലോകം ചോദ്യം ചെയ്തിട്ടില്ലെങ്കിലും, ബംഗ്ലദേശിലെ ‘ജനാധിപത്യ ശോഷണ’ത്തെക്കുറിച്ചുള്ള ആശങ്കകൾ യുഎസും യൂറോപ്യൻ യൂണിയനും ഒരിക്കലും ഒളിച്ചുവച്ചിട്ടില്ല. ചൈനയോടും റഷ്യയോടും ബംഗ്ലദേശിനുള്ള അടുപ്പം യുഎസിന് ഇഷ്ടമല്ലെന്നും വ്യക്തം. ഹസീനയുടെ ജയം അംഗീകരിക്കുന്നെന്ന ഇന്ത്യയുടെ നിലപാടിനോടു യുഎസ് തൽക്കാലം പ്രതികരിച്ചിട്ടില്ല. മേഖലയിലെ നയതന്ത്ര സമവാക്യങ്ങളിൽ എന്താണു വരാനിരിക്കുന്നതെന്നു കണ്ടറിയണം. അതെന്തായാലും, ബംഗ്ലദേശിനും ഇന്ത്യയ്ക്കും മാത്രമല്ല, ഉപഭൂഖണ്ഡത്തിനുതന്നെ ആശങ്കയ്ക്കു വകയുണ്ടെന്നു വ്യക്തം.

സിലിഗുരിയിലെ കുരുക്കിന് പരിഹാരമാകുമോ ?

ഇന്ത്യയെ സംബന്ധിച്ച്, ഷെയ്ഖ് ഹസീനയുടെ ഈ ജയം സ്ഥിരതയുടെയും സുരക്ഷയുടെയും സന്ദേശമാണ്. തീവ്രവാദ പ്രവർത്തനങ്ങളെ കർക്കശമായി അടിച്ചമർത്തിയ ഭരണാധികാരിയാണു ഹസീന. പുറംനാടുകളുമായുള്ള ഗതാഗതബന്ധം വിപുലീകരിക്കുന്നതു സംബന്ധിച്ച നരേന്ദ്ര മോദിയുടെ സ്വപ്നങ്ങൾ കണക്കിലെടുക്കുമ്പോൾ, സ്വാഭാവിക സുഹൃത്തായാണു ഹസീനയെ ഇന്ത്യ കാണുന്നത്. 

കുപ്പിക്കഴുത്ത് പോലെയുള്ള സിലിഗുരി ഇടനാഴി മൂലം ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതം പരിഹരിക്കാൻ ബംഗ്ലദേശിലേക്കുള്ള റെയിൽപാത വീണ്ടും തുറന്നുകിട്ടേണ്ടതുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ എട്ടു സംസ്ഥാനങ്ങളിലുള്ളവർക്കു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കരമാർഗം സഞ്ചരിക്കാൻ  ഈ കുപ്പിക്കഴുത്തല്ലാതെ വഴിയില്ല. ബംഗ്ലദേശിലൂടെയുള്ള റെയിൽപാത ഇന്ത്യയ്ക്കു തുറന്നുകിട്ടിയാൽ കൊൽക്കത്തയിൽനിന്നു ത്രിപുരയിലെ അഗർത്തലയിലേക്കുള്ള ദൂരം 1600ൽ നിന്നു വെറും 500 കിലോമീറ്ററായി കുറയും. ചരക്കുനീക്കത്തിന് ഇപ്പോൾതന്നെ ബംഗ്ലദേശിലെ ചത്തോഗ്രാം, മോംഗ്ല തുറമുഖങ്ങളിൽ ഇന്ത്യൻ കപ്പലുകൾക്കു പ്രവേശനമുണ്ട്.

അടിസ്ഥാനസൗകര്യങ്ങൾ കണക്കിലെടുക്കുമ്പോഴും, പുതിയ കൂട്ടുകെട്ടുകൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ശേഷി പരീക്ഷിക്കാൻ പറ്റിയ അവസരം എന്ന നിലയിലായാലും, മേഖലയിലെ വൻശക്തിയാകാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇടം ബംഗ്ലദേശ് തന്നെയാണ്. ബംഗ്ലദേശിൽ റഷ്യൻ സഹകരണത്തോടെ നിർമിക്കുന്ന റൂപ്പുർ ആണവനിലയവും പ്രതിരോധരംഗത്ത് ജപ്പാന്റെ സഹായത്തോടെ ബംഗ്ലദേശ് നടപ്പാക്കാനിരിക്കുന്ന പദ്ധതികളുമെല്ലാം ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്തുന്ന അവസരങ്ങളുമാണ്.

ബംഗ്ലദേശിൽ ചൈന വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയോടുള്ള പ്രതിബദ്ധതയിൽനിന്നു ഷെയ്ഖ് ഹസീന വ്യതിചലിച്ചിട്ടില്ല. മേഖലയിൽ ചൈനയുടെ സ്വാധീനം വർധിച്ചുവരികയും നമ്മളുമായി ഉറച്ച ബന്ധം നിലനിർത്തിയിരുന്ന മാലദ്വീപിനെപ്പോലുള്ള രാജ്യങ്ങളെ ചൈന സമ്മർദത്തിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബംഗ്ലദേശുമായുള്ള കൂട്ടുകെട്ട്  ഏറെ വിലപ്പെട്ടതാണ്. അതു നഷ്ടപ്പെടുത്താൻ നമ്മൾ തയാറാകില്ല. ഇന്ത്യ–ചൈന വഴക്ക് തൽക്കാലം കണ്ടില്ലെന്നു നടിക്കുന്ന സമീപനമാണു ഹസീനയുടേത്. ദക്ഷിണേഷ്യയിലെ ഭരണാധികാരികളിൽ ഹസീനയ്ക്കു മാത്രമേ അത്തരം നിലപാടുള്ളൂ. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ‘ഒരൊറ്റ ചൈന’ നയത്തെ ബംഗ്ലദേശ് അനുകൂലിക്കുന്നുണ്ടെന്നതു വസ്തുതയാണ്. അതേസമയം, മേഖലയിൽ സമാധാനം നിലനിർത്താനും തീവ്രവാദത്തെ ചെറുക്കാനും രാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര വ്യാപാരവും വിനിമയങ്ങളും ഉറപ്പുവരുത്താനുമുള്ള പാശ്ചാത്യലോകത്തിന്റെ ശ്രമങ്ങളെ ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലദേശ് പിന്തുണയ്ക്കുന്നുമുണ്ട്.

തന്ത്രപരമാകണം നയതന്ത്രവും

യഥാർഥ പരീക്ഷണങ്ങളെ ഹസീന നേരിടാനിരിക്കുന്നതേയുള്ളൂ. സാമ്പത്തികസ്ഥിതി തന്നെയാകും ആദ്യതലവേദന. കോവിഡും യുക്രെയ്ൻ യുദ്ധവും മൂലം വിദേശ കരുതൽശേഖരം മുൻപത്തെക്കാൾ കുറവാണ്. അടവു മുടങ്ങിയ കടങ്ങളും അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടി എടുത്ത കനത്തവായ്പകളും രാജ്യത്തിന്റെ സാമ്പത്തികാരോഗ്യത്തെ ബാധിക്കുന്നുമുണ്ട്. പാശ്ചാത്യലോകത്തുനിന്ന് ഉണ്ടായേക്കാവുന്ന ഉപരോധത്തെക്കുറിച്ചുള്ള ആശങ്കകളും ധാക്കയിലെ പുകമഞ്ഞുപോലെ ബംഗ്ലദേശിനെ പൊതിഞ്ഞുനിൽക്കുന്നു. ബംഗ്ലദേശിന്റെ കയറ്റുമതിയുടെ 80 ശതമാനവും തുണിത്തരങ്ങളാണ്. വസ്ത്രവ്യവസായവും ഉപരോധഭീഷണിയുടെ നിഴലിലാണ്. രാജ്യത്ത് ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ ക്ഷാമം സൃഷ്ടിക്കാൻ വിദേശശക്തികളുടെ സഹായത്തോടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി ഗൂഢാലോചന നടത്തുന്നുണ്ടെന്നു കഴിഞ്ഞമാസം തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഹസീന പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മേൽപറഞ്ഞ ആശങ്കകളെല്ലാം യാഥാർഥ്യമാകുമോയെന്ന്  അറിയാനിരിക്കുന്നതേയുള്ളൂ. വോട്ടർമാർക്കു നൽകിയ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കണമെങ്കിൽ നാണ്യപ്പെരുപ്പം പിടിച്ചുനിർത്താൻ ഉടനടി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ബംഗ്ലദേശ് മാറിയിട്ടുണ്ട്. വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്നു ബംഗ്ലദേശ് 2026 നവംബറോടെ ഔദ്യോഗികമായി പുറത്തുകടക്കുമെന്നാണു പ്രതീക്ഷ.

തിളച്ചുമറിയുന്ന പ്രശ്‌നങ്ങൾ വേറെയുമുണ്ട്. ബിഎൻപി നേതാക്കളും പ്രവർത്തകരുമായി എണ്ണായിരത്തോളം പേർ ജയിലിലാണ്. ജയിലിൽ കടുത്ത പീഡനത്തിന് ഇരയാകുന്നതായി അവർ പറയുന്നു. ഇനി സ്ഥിതി അതിലും വഷളായേക്കും. 2018ൽ ബിഎൻപിക്കു പാ‍ർലമെന്റിൽ എട്ടു സീറ്റ് ഉണ്ടായിരുന്നു. ഇക്കുറി പാർലമെന്റിൽ ഭരണപക്ഷമല്ലാതെ കാര്യമായുള്ളത് സ്വതന്ത്രരായി മത്സരിച്ചു ജയിച്ചവരാണ്. അവരാകട്ടെ മിക്കവാറും സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചു മത്സരത്തിനിറങ്ങിയ അവാമി ലീഗ് വിമതരും (അവർ 62 പേരുണ്ട്). ശക്തമായ പ്രതിപക്ഷം ഇല്ലാതായതോടെ സർക്കാരിന് എതിർശബ്ദങ്ങളും ഉണ്ടാവില്ല. വിയോജിക്കുന്നവർ അപകടത്തിലാവും എന്നതാണു സ്ഥിതി. ഈ സ്ഥിതിവിശേഷം രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ കൂടുതൽ അപകടത്തിലാക്കുന്നു. സുസ്ഥിര വികസനത്തെക്കുറിച്ചു പഠിക്കുന്ന സിറ്റിസൻസ് പ്ലാറ്റ്‌ഫോം ഒക്ടോബറിൽ ബംഗ്ലദേശിൽ നടത്തിയ സർവേയിലെ കണ്ടെത്തൽ പ്രകാരം, അഴിമതിയും സ്വജനപക്ഷപാതവുമാണ് വികസനത്തിനുള്ള മുഖ്യതടസ്സങ്ങളെന്നാണു രാജ്യത്തെ 70 ശതമാനത്തോളം ചെറുപ്പക്കാരും കരുതുന്നത്. ഷെയ്ഖ് ഹസീന തിരഞ്ഞെടുപ്പിൽ ജയിച്ചെന്നതു നേരുതന്നെ. പക്ഷേ, ബംഗ്ലദേശിന്റെ ഭാവി നിർണയിക്കേണ്ട ചെറുപ്പക്കാരുടെ ഹൃദയം കീഴടക്കുന്നതിൽ അവർ തോൽക്കുകയാണ് എന്നു തന്നെയാണു സൂചന. 

ബംഗ്ലദേശിനോടു സ്വീകരിക്കേണ്ട നിലപാടിൽ ഇന്ത്യയും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഷെയ്ഖ് ഹസീന ഭരണത്തിൽ തുടരുന്നതു നമുക്ക് ആശ്വാസമായിരിക്കാം. പക്ഷേ, ഭാവി കണക്കിലെടുക്കണം. മാറ്റം നിരന്തരം തുടരുന്ന പ്രക്രിയയാണ്. എന്തും സംഭവിക്കാം. അതിനെ നേരിടാൻ നമ്മൾ തയാറായിരിക്കണം. ബംഗ്ലദേശിലെ മുഖ്യപ്രതിപക്ഷമായ ബിഎൻപിയുമായി ദൂരംപാലിച്ചാണ് ഇതുവരെ ഇന്ത്യ നിന്നിട്ടുള്ളത്. ബിഎൻപിക്കു പാക്കിസ്ഥാനോടുണ്ടായിരുന്ന ചായ്‌വ് നമ്മൾ മറന്നിട്ടില്ല. പക്ഷേ, ഇത്തരം നയതന്ത്രസമീപനം എപ്പോഴും ഗുണകരമാകണമെന്നില്ല. പ്രതിപക്ഷം എന്നും പ്രതിപക്ഷത്തുതന്നെ ഇരിക്കണമെന്നില്ല. അയൽരാജ്യങ്ങളിൽ അവിചാരിതമായി ഭരണമാറ്റങ്ങളുണ്ടാകുമ്പോൾ ഇത്തരം നിലപാട് നമുക്കു ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. നേപ്പാളിൽ കഴിഞ്ഞതവണ കെ.പി.ഒലി അധികാരത്തിലേറിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത് ഓർക്കുക. ശ്രീലങ്കയിൽ ഒരു ഘട്ടത്തിൽ മഹിന്ദ രാജപക്സെയെ നമുക്കു കൈവിടേണ്ടി വന്നു. ഏറ്റവുമൊടുവിൽ മാലദ്വീപിൽ സ്വച്ഛശാന്തമായ ബന്ധത്തിനിടയിലാണ് അപ്രതീക്ഷിതമായി പ്രശ്‌നമുണ്ടായത്. 

ബംഗ്ലദേശിനോടുള്ള ബന്ധം എക്കാലത്തും ഇന്ത്യയ്ക്ക് ഏറെ വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ, ‘അവിടെ എന്തെങ്കിലും സംഭവിക്കട്ടെ, അന്നേരം നോക്കാം’ എന്ന നിലപാടു സ്വീകരിക്കാനാകില്ല.

വനിതകളിൽ മുന്നിൽ ഹസീന

ലോകത്തു നിലവിലുള്ള വനിതാ ഭരണാധികാരികളിൽ ഏറ്റവുമാദ്യം അധികാരമേറിയത് ഷെയ്ഖ് ഹസീനയാണ് (1996ൽ). തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ വനിതാ ഭരണാധികാരികളിൽ കൂടുതൽകാലം ഭരണം നടത്തിയതും ഹസീന തന്നെ (ഇന്നലെ വരെ 20 വർഷവും 44 ദിവസവും). നിലവിൽ ഏഷ്യയിൽ മൂന്നു വനിതാ ഭരണാധികാരികൾ മാത്രമാണുള്ളത്: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവും തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്‌വെന്നും പിന്നെ ഷെയ്ഖ് ഹസീനയും.

English Summary:

Writeup about Sheikh Hasina sworn in as Bangladesh Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com