ADVERTISEMENT

പാക്കിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിനു തിരിച്ചടിയായി ഇറാനിലേക്കു പാക്ക് വ്യോമാക്രമണം ഉണ്ടായതോടെ  പശ്ചിമേഷ്യയിലെ പോരാട്ടമേഖല വിസ്തൃതമായിരിക്കുന്നു. മൂന്നുമാസം മുൻപ് ഇസ്രയേലിനെ ഹമാസ് ആക്രമിച്ചതോടെ തുടങ്ങിയതാണ് മേഖലയിലെ പോരാട്ടം. പ്രാദേശിക കളിക്കാരായ ഇസ്രയേൽ, ഹമാസ് നിയന്ത്രിത പലസ്തീൻ, ഇറാൻ, സിറിയ, ഇറാഖ്, ജോർദാനിലെയും ലബനനിലെയും ഹിസ്ബുല്ലകൾ, യെമനിലെ ഹൂതികൾ എന്നിവരും വിദേശശക്തികളായ യുഎസും ബ്രിട്ടനുമാണ് കളത്തിലുണ്ടായിരുന്നത്. തൽപരകക്ഷികളും കാഴ്ചക്കാരും ഇടയിൽപ്പെട്ട് ഉഴലുന്നവരുമായി ഈജിപ്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യുഎഇ, ഒമാൻ, കുവൈത്ത് എന്നിവർ. ആഭ്യന്തരയുദ്ധത്തിൽ വശംകെട്ട്, സമീപവാസികളായ സുഡാനും മറ്റു വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളും. മധ്യപൂർവദേശം വീണ്ടും കടുത്ത അരക്ഷിതാവസ്ഥയിലേക്കു വീഴുന്നു.

ഇറാനും പാക്കിസ്ഥാനും പരസ്പരം ആക്രമിച്ചതോടെ പശ്ചിമേഷ്യയിലെ പോരാട്ടങ്ങൾക്കു രണ്ടു പുതിയ മാനങ്ങളാണ് രൂപപ്പെട്ടത്. ഒന്ന്, പോരാട്ടം പ്രദേശത്തെ രണ്ടു ദേശീയ സൈന്യങ്ങൾ തമ്മിലെന്ന നിലയിലേക്ക് എത്തി. രണ്ട്, പശ്ചിമേഷ്യയിലെ പോരാട്ടം ദക്ഷിണേഷ്യയിലേക്കും വ്യാപിച്ചിരിക്കുന്നു. 

Read more: യുദ്ധകാഹളം മുഴക്കി 4 രാജ്യങ്ങൾ; മൂന്നാംലോകയുദ്ധ ആശങ്ക, വിചിത്ര കണ്ടെത്തലുമായി ദുരൂഹവാദക്കാരും!

ദേശീയ സൈന്യങ്ങൾ നേരിട്ട് രംഗത്ത്

എഴുപതുകളുടെ അവസാനംവരെ പശ്ചിമേഷ്യൻ യുദ്ധങ്ങൾ മിക്കവയും ദേശീയ സൈന്യങ്ങൾ തമ്മിലായിരുന്നു. ഇസ്രയേൽ ഒരു വശത്തും അറബ് രാജ്യങ്ങളുടെ സൈന്യങ്ങൾ മറുവശത്തും. മിക്കവയും വ്യക്തമായ വിജയത്തിൽ അവസാനിക്കുകയോ വൻശക്തികളുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിലെത്തുകയോ ചെയ്തു. അവയുടെ ബാക്കിപത്രമെന്നവണ്ണം ദേശീയ സൈന്യങ്ങൾ തമ്മിൽ നടന്ന എൺപതുകളിലെ ഇറാൻ–ഇറാഖ് യുദ്ധം, 1990–91ലെ കുവൈത്ത് മോചനയുദ്ധം, 2003ൽ യുഎസിന്റെ നേതൃത്വത്തിൽ നടന്ന ഇറാഖ് യുദ്ധം എന്നിവ വിസ്മരിക്കുന്നില്ല. ഈ യുദ്ധങ്ങളിൽ ഇറാൻ– ഇറാഖ് യുദ്ധമൊഴിച്ചുള്ളവ വിദേശശക്തികൾ നേരിട്ടു സൈന്യവുമായെത്തി നടത്തിയവയാണ്. 

രണ്ടു പതിറ്റാണ്ടായി ചിത്രം മാറിവരികയായിരുന്നു. ഹിസ്ബുല്ല, ഹൂതികൾ, ഹമാസ്, കുർദ് എന്നിവയുടെ സായുധസംഘങ്ങളും ഭീകരസംഘടനയായ ഐസും പരസ്പരമോ അല്ലെങ്കിൽ ഏതെങ്കിലും ദേശീയ സൈന്യവുമായോ വിദേശ സൈന്യവുമായോ പോരാടുകയായിരുന്നു. ഈ പ്രദേശത്തെ ദേശീയ സൈന്യങ്ങൾ തമ്മിലുള്ള പോരാട്ടം വിരളമായേ നടന്നിട്ടുള്ളൂ. ഇപ്പോൾ ഇറാൻ സൈന്യം പാക്കിസ്ഥാനിലേക്കും തിരിച്ചും ആക്രമണം നടത്തിയത് വീണ്ടും ദേശീയ സൈന്യങ്ങൾ തമ്മിൽ നേരിട്ടുള്ള യുദ്ധത്തിനു വഴിതെളിക്കുമോയെന്ന ആശങ്കയുണ്ടാക്കിയിരിക്കുന്നു. 

പിന്നണിയിൽനിന്ന് മുന്നണിയിലേക്ക്  

മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി, ഒരംഗീകൃത അണ്വായുധരാജ്യം (പാക്കിസ്ഥാൻ) തങ്ങളുടെ സൈനികശക്തി പ്രയോഗിച്ചിരിക്കുന്നു എന്ന പ്രത്യേകതകൂടി ഇത്തവണയുണ്ട്. 

അഫ്ഗാനിസ്ഥാനിലും ഒരു പരിധിവരെ പശ്ചിമേഷ്യയിലും കശ്മീർ വിഘടനവാദികളിലൂടെ ഇന്ത്യയിലും പിന്നണിയിൽനിന്നു  കളിച്ചിരുന്ന പാക്ക് സൈന്യം ഇപ്പോൾ പശ്ചിമേഷ്യയിലെ സംഘട്ടനങ്ങളിൽ നേരിട്ടൊരു കളിക്കാരനായിരിക്കുന്നു. 

പഴയ ഒളിപ്പോർ സംഘങ്ങൾ പലതും ദേശീയ സൈന്യങ്ങളായി മാറിയതിന്റെ ബാക്കിപത്രമാണ് ഇപ്പോൾ കാണുന്നതെന്നും പറയാം. ഇതിനു തുടക്കമിട്ടതും പാക്കിസ്ഥാനാണ്. അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയ സോവിയറ്റ് സൈന്യത്തെ തുരത്താൻ യുഎസ് സഹായത്തോടെ ആദ്യം മാടമ്പിയുദ്ധപ്രഭുക്കളെയും പിന്നീടു ഭീകരസംഘങ്ങളെയും ഒടുവിൽ താലിബാനെയും വളർത്തിയതു പാക്കിസ്ഥാനാണ്. തൊണ്ണൂറുകളുടെ പകുതിയിൽ കാബൂൾ പിടിച്ചെടുത്തതോടെ, ആധുനികകാലത്ത് ദേശീയഭരണം പിടിച്ചെടുക്കുന്ന ആദ്യ സായുധസംഘമായി താലിബാൻ. 2001ൽ പുറത്താക്കപ്പെട്ടെങ്കിലും, യുഎസിന്റെ അഫ്ഗാൻ പിന്മാറ്റത്തോടെ ഒന്നരദശകത്തിനുശേഷം കാബൂളിൽ താലിബാൻ തിരിച്ചെത്തി. 

ഇതിനിടയിലാണ് പലസ്തീൻ പ്രദേശമായ ഗാസയിൽ ഹമാസ് അധികാരത്തിലെത്തിയതും ഇസ്രയേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിനു മുതിർന്നതും. യെമനിലെ 70 ശതമാനത്തിലധികം പ്രദേശവും ഹൂതികളുടെ അധീനതയിലാണ്. തലസ്ഥാനമായ ബെയ്റൂട്ട് ഉൾപ്പെടെ ലബനന്റെ മൂന്നിലൊന്നോളം പ്രദേശം ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലും. അഫ്ഗാനിസ്ഥാൻ കൂടാതെ പലസ്തീൻ, യെമൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ ഭൂരിഭാഗമോ നല്ലൊരു ഭാഗമോ പഴയ സായുധസംഘങ്ങളുടെ അധീനതയിലായിരിക്കുന്നു. 

ഒന്നിലധികം ശത്രുക്കൾ, ഒരേസമയം പോരാട്ടം

പരമ്പരാഗത ദേശീയ സൈന്യങ്ങൾ ഒന്നിലധികം പോരാട്ടമുഖങ്ങൾ തുറക്കാൻ വൈമുഖ്യം കാട്ടിയിരുന്നവരാണ്. എന്നാൽ, പശ്ചിമേഷ്യയിലെ സായുധസംഘങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന രാജ്യങ്ങൾക്കും ഒന്നിലധികം ശത്രുക്കളുമായി വിവിധ മുന്നണികളിൽ പോരാടാൻ മടിയില്ല.  

ഹൂതികളുടെ കാര്യം നോക്കുക. ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിലേക്കു ചെറിയതോതിലും ചെങ്കടലിൽ യുഎസ് സഖ്യത്തിനെതിരെ വലിയതോതിലും ആക്രമണം നടത്തുകയാണവർ. ഒരേസമയം ഇസ്രയേലിലും സിറിയയിലും ആക്രമണം നടത്താൻ മടിയില്ലെന്നു ഹിസ്ബുല്ല പലതവണ തെളിയിച്ചു.  ഇതിനെയെല്ലാം കടത്തിവെട്ടിയാണ് ഇറാൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇംഗ്ലിഷ്–യുഎസ്–ഇസ്രയേൽ അച്ചുതണ്ടിനെതിരെ ഒരു വശത്തും ഐഎസ് സംഘങ്ങൾക്കെതിരെ ഇറാഖിലെ കുർദ് പ്രദേശത്തും സിറിയയിലും പാക്കിസ്ഥാൻ അതിർത്തിയിലും പോർമുഖം തുറന്നിരിക്കുന്നു. 

ഇസ്രയേൽ ചാരസംഘടന മൊസാദിന് ഇറാഖിലെ കുർദ് പ്രദേശത്തും സിറിയയിലും താവളങ്ങളുണ്ടെന്നും അവിടെനിന്നു ലഭിച്ച വിവരങ്ങൾ ഐഎസ് സംഘത്തിനു കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അവർ ഇറാനിൽ ജനറൽ സുലൈമാനിയുടെ കബറിടത്തിൽ ബോംബാക്രമണം നടത്തി 90 പേരെ വധിച്ചെന്നുമാണ് ഇറാന്റെ ആരോപണം. (യുഎസും ഇസ്രയേലും പഴയ അൽക്വയ്ദയെ തകർക്കാനെന്ന പേരിൽ മുൻപു പലവട്ടവും തങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഇപ്പോൾ ഇടയ്ക്കിടെയും ഐഎസ് സംഘത്തിനു പ്രോത്സാഹനം നൽകിയിട്ടുണ്ടെന്ന് ഇറാൻ വിശ്വസിക്കുന്നു.) കബറിടത്തിലെ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. 

ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനെതിരെ പോരാടുന്ന ജയ്ഷെ അൽ അദ്ൽ എന്ന സുന്നി സംഘത്തിനു ബലൂച് പ്രവിശ്യയിലെ പന്ജ്ഗൂർ എന്ന സ്ഥലത്തു താവളം നൽകിയെന്നാണ് പാക്കിസ്ഥാനെതിരെ ഇറാൻ ആരോപിക്കുന്നത്. ഇറാൻ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഇവിടെയാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്. ഏതാനും മാസങ്ങൾക്കിടെ ഇറാൻ–പാക്ക് അതിർത്തിയിൽ നടന്ന രണ്ടു വൻ ബോംബാക്രമണങ്ങളിൽ പതിനഞ്ചിലധികം സുരക്ഷാസൈനികർ കൊല്ലപ്പെട്ടതാണ് ഇറാനെ പ്രകോപിപ്പിച്ചത്. 

ഇറാൻ രണ്ടും കൽപിച്ചു രംഗത്തിറങ്ങിയിരിക്കുകയാണ്. മുൻപു ശത്രുക്കളായിരുന്ന സൗദി അറേബ്യ, യുഎഇ എന്നീ പ്രമുഖ ഗൾഫ് രാജ്യങ്ങളുമായി കൈകോർക്കാൻ തയാറാണെന്ന് അവർ തെളിയിച്ചുകഴിഞ്ഞു. ഇവരെല്ലാരുമായി വ്യോമയാനബന്ധത്തിനും നയതന്ത്രബന്ധത്തിനുമുള്ള ചർച്ചകൾ പുരോഗമിക്കവേയാണ് ഹമാസ്– ഇസ്രയേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതും പശ്ചിമേഷ്യ വീണ്ടും വിപുലമായ യുദ്ധഭൂമിയായതും.

ആരാണ് ഹീറോ, ആരാണ് വില്ലൻ എന്നാർക്കും വ്യക്തമാകാത്ത നാടകമാണ് പശ്ചിമേഷ്യയിൽ നടക്കുന്നത്. അതിലേക്കു  ദക്ഷിണേഷ്യയും വലിച്ചിഴക്കപ്പെടുകയാണോ?

പുകയുന്ന ബലൂച് പ്രശ്നം 

ബലൂച് ഗോത്രസമൂഹം വസിക്കുന്ന ബലൂച് മേഖല മൂന്നു രാജ്യങ്ങളിലായി പടർന്നുകിടക്കുന്നു. വടക്കൻ മേഖല അഫ്ഗാനിസ്ഥാനിലും പടിഞ്ഞാറൻ മേഖലയായ സിസ്തൻ–ബലൂചിസ്ഥാൻ ഇറാനിലും ശേഷിക്കുന്നതു പാക്കിസ്ഥാനിലും സ്ഥിതി ചെയ്യുന്നു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാൻ പ്രകൃതിവാതക–ധാതുനിക്ഷേപം കൊണ്ടു സമ്പന്നമെങ്കിലും അവികസിതം. സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യമുയർത്തി 1970കളിൽ നടന്ന പ്രക്ഷോഭത്തെ പാക്ക് സൈന്യം അടിച്ചമർത്തി. 

   ബലൂച് വിഘടനവാദ സംഘടനകൾ മേഖലയിലെ ചൈനീസ് പദ്ധതികൾക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ട്. ബലൂച് ഗോത്രം സുന്നികളായതിനാൽ ഷിയാ രാജ്യമായ ഇറാനിലും വിവേചനം നേരിടുന്നു. സിസ്തൻ– ബലൂചിസ്ഥാൻ ഇറാനിലെ ഏറ്റവും അവികസിതമായ മേഖലയാണ്. അവിടെയും വിഘടനവാദം ശക്തം. 

English Summary:

Writeup about Iran- Pak conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com