ADVERTISEMENT

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാദിനത്തിൽ കൊൽക്കത്തയിൽ സർവമതറാലി നടത്തുകയായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഞ്ചു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച ദീദി, കാളിഘട്ട് ക്ഷേത്രത്തിൽ ആരതിയും നടത്തി. മുസ്‌ലിം, ക്രിസ്ത്യൻ പള്ളികളും ഗുരുദ്വാരയും സന്ദർശിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു കാഹളം മുഴക്കുന്ന ബിജെപിയെ ബംഗാളിൽ പിടിച്ചുകെട്ടാൻ മമത വീണ്ടും ഇറങ്ങുകയാണ്; മമതയെ മമതയാക്കിയ തെരുവുകളിലേക്ക്. റാലികളോട്, കാൽനട യാത്രകളോട് അപാരമായ പ്രിയമുണ്ട് അവർക്ക്. സിപിഎമ്മിന്റെ ക്രുരമർദനങ്ങൾക്കുപോലും സമരങ്ങളുടെ മുൻനിരയിൽനിന്ന് അവരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

മൂന്നു തവണയായി മുഖ്യമന്ത്രിയാണെങ്കിലും ഏതു നിമിഷവും തെരുവിലേക്ക് ഇറങ്ങാൻ സദാസജ്ജയാണ് ദീദി. കേന്ദ്ര സർക്കാരിനെതിരെയാണെങ്കിലും സിബിഐക്ക് എതിരെയാണെങ്കിലും സമരമാണ് അവരുടെ രീതി. അതുകൊണ്ടുതന്നെ ആരോഗ്യസംരക്ഷണത്തിനും മമത പ്രാധാന്യം നൽകുന്നു. കൊൽക്കത്തയിലാണെങ്കിൽ ട്രെഡ്മിൽ നടത്തം പതിവ്. മറ്റു ജില്ലകളിലാണെങ്കിൽ ആറു മുതൽ പത്തു കിലോമീറ്റർ വരെ പുലർച്ചെ നടക്കും.  

ഇന്ത്യാ മുന്നണിയുടെ സെന്റർ ഫോർവേഡായ മമതയുടെ ജീവിതവും രാഷ്ട്രീയവും ആർക്കും പിടികൊടുക്കാത്തതാണ്. സമരം മാത്രമല്ല, കഥയും കവിതയും പാട്ടും പിയാനോ വായനയും പുസ്തകരചനയും ചിത്രംവരയും നിത്യജീവിതത്തിന്റെ ഭാഗം. മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുൻ ഖർഗെയെ അപ്രതീക്ഷിതമായി നിർദേശിച്ച ദീദി, അടുത്തനിമിഷം എന്തുചെയ്യുമെന്ന് പത്തും ഇരുപതും വർഷം ഒന്നിച്ചു ജോലി ചെയ്തവർക്കുപോലും അറിയില്ല. കൊൽക്കത്ത മേയർ സ്ഥാനവും മന്ത്രിസ്ഥാനവും ഒരുമിച്ചു വഹിക്കുന്ന ഫിർഹാദ് ഹക്കീമിനെപ്പോലുള്ള മുതിർന്ന നേതാക്കൾക്കെതിരെ അഭിഷേക് ബാനർജിയുടെ അനുഗ്രഹത്തോടെ പാർട്ടിയിലെ ചെറുപ്പക്കാർ ‘ഒരാൾക്ക് ഒരു സ്ഥാനം’ എന്ന മുദ്രാവാക്യവുമായി തിരുത്തൽവാദം നടത്തിയപ്പോൾ അതു കണ്ടതാണ്. പാർട്ടിയുടെ ദേശീയസമിതി ഉടൻ പിരിച്ചുവിട്ട്, പാർട്ടിയുടെ ഏക ഭാരവാഹിയായി മമത മാറിയതോടെ തിരുത്തൽവാദികൾ വിരണ്ടു പിന്മാറി. 

ന്യൂനപക്ഷവോട്ടുകൾ ചിതറാതിരിക്കാൻ സഖ്യനീക്കം

യുപിയും മഹാരാഷ്ട്രയും കഴിഞ്ഞാൽ കൂടുതൽ എംപിമാരെ (42 പേർ) ലോക്സഭയിലേക്ക് അയയ്ക്കുന്ന ബംഗാളിൽ പരമാവധി സീറ്റാണ് മമതയുടെ ലക്ഷ്യം. ബിജെപി ഇതരപാർട്ടികൾ ഒന്നിക്കണമെന്ന മമതയുടെ ആവശ്യം ഇന്ത്യാ മുന്നണിയുടെ വിജയസാധ്യതകൂടി മുന്നിൽകണ്ടാണ്. സിപിഎം സഖ്യത്തിനില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോൺഗ്രസുമായുള്ള സഖ്യസാധ്യതയും തുലാസിൽ. 

മുസ്‌ലിം വോട്ടർമാർ തൃണമൂൽ കോൺഗ്രസിനെ ഉപേക്ഷിക്കുകയാണെന്ന ഭയം മമതയ്ക്കുണ്ട്. ന്യൂനപക്ഷങ്ങൾക്കു നിർണായക സ്വാധീനമുള്ള സാഗർദിഗി ഉപതിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ കോൺഗ്രസിലെ ബൈറൺ ബിശ്വാസ് വിജയിച്ചതു മമതയ്ക്കു വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, അതിവേഗം ഇടപെട്ട മമത ജയിച്ച സ്ഥാനാർഥിയെ തൃണമൂലിലേക്കു കൊണ്ടുപോയി. മണിക്കൂറുകൾക്കകം മന്ത്രി ഗുലാം റബ്ബാനിയെ മാറ്റി ന്യൂനപക്ഷവകുപ്പ് ഏറ്റെടുത്തു. 5000 കോടിയുടെ പദ്ധതികൾ ന്യൂനപക്ഷങ്ങൾക്കുവേണ്ടി പ്രഖ്യാപിക്കുകയും ചെയ്തു. 

മമത ബാനർജി (File Photo: JOSEKUTTY PANACKAL / MANORAMA)
മമത ബാനർജി (File Photo: JOSEKUTTY PANACKAL / MANORAMA)

ഒറ്റനോട്ടത്തിൽ കോൺഗ്രസും സിപിഎമ്മും ദുർബലമെങ്കിലും അവർക്കൊപ്പം പോകുന്ന ന്യൂനപക്ഷ വോട്ടുകൾ ബിജെപിക്കു ഗുണകരമാകുമെന്നു മമതയ്ക്കറിയാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 7.5% വോട്ടു മാത്രമാണ് കോൺഗ്രസ്– സിപിഎം സഖ്യത്തിനു ലഭിച്ചത്. 48 ശതമാനമാണ് തൃണമൂലിന്റെ വോട്ടുവിഹിതം. 27% വരുന്ന മുസ്‌ലിം വോട്ടാണ് മമതയുടെ കരുത്ത്. ഹൂഗ്ലിയിലെ ഫർഫു ഷെരീഫിലെ അബ്ബാസ് സിദ്ദിഖി രൂപംകൊടുത്ത ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) ഉദയവും മമതയെ ആശങ്കപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ദീദി ശ്രമിക്കുന്നത്. അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനു മമതയുമായി സഖ്യം വേണ്ടെന്ന നിലപാടാണെങ്കിലും കോൺഗ്രസിന്റെ അവസാനവാക്കായ ഹൈക്കമാൻഡിൽ ദീദി സമ്മർദം ചെലുത്തുമെന്ന് ഉറപ്പ്. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റ് നേടിയ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടിരുന്നു. പക്ഷേ, രാമക്ഷേത്രത്തിലെ പ്രതിഷ്ഠയോടെ വീണ്ടും ശക്തിയാർജിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. 

താഴെത്തട്ടിൽ നേരിട്ട് ബന്ധം; വേഗത്തിൽ തീരുമാനം

വിദ്യാർഥികാലംതൊട്ടുള്ള സംഘടനാ പ്രവർത്തനത്തിൽനിന്നു ലഭിച്ച ബന്ധങ്ങളും അറിവുമാണ് മമതയുടെ കരുത്ത്. പഴയ ബന്ധങ്ങൾ ഭരണത്തിൽ ഇപ്പോഴും അവർ സമർഥമായി ഉപയോഗിക്കുന്നു. അപാര ഓർമശക്തി മാത്രമല്ല; വിവരങ്ങളറിയാൻ സ്വന്തമായുള്ള നെറ്റ്‌വർക്കും മമതയുടെ സവിശേഷതയാണ്. രാഷ്ട്രീയത്തിന്റെ ആദ്യകാലങ്ങളിൽ ബ്ലോക്കുകളിലും പഞ്ചായത്തുകളിലുമുണ്ടായ സൗഹൃദങ്ങൾ മമത പ്രയോജനപ്പെടുത്തുന്നു. സർക്കാർ സംവിധാനങ്ങളെക്കാളും പാർട്ടി നെറ്റ്‌വർക്കിനെക്കാളും പലപ്പോഴും മമത ആശ്രയിക്കുന്നത് മുർഷിദാബാദിലോ 24 പർഗാനാസിലോ പലചരക്കുകട നടത്തുന്ന, രാഷ്ട്രീയത്തിൽ സജീവമല്ലാത്ത ആളെയായിരിക്കും. 

രാജ്യത്തെ ഏറ്റവും കരുത്തയായ മുഖ്യമന്ത്രിമാരിൽ ഒരാളാണെങ്കിലും വന്നവഴി മറക്കാത്തതാണ് മമതയുടെ വിജയങ്ങളുടെ ആധാരം. കാളിഘട്ടിലെ ഓടിട്ട കൊച്ചുവീട്ടിലാണ് ഇപ്പോഴും താമസം. പാർട്ടി നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും പലവട്ടം ആവശ്യപ്പെട്ടെങ്കിലും താമസം മാറാൻ തയാറായില്ല. ദ്രവിച്ച മേൽക്കൂരയും മറ്റും മാറ്റാൻ ഏതാനും വർഷം മുൻപ് അറ്റകുറ്റപ്പണി നടന്നപ്പോൾ മാത്രമാണ് മമത സർക്കാർ അതിഥി മന്ദിരത്തിൽ കുറച്ചുദിവസം താമസിച്ചത്. ഇപ്പോഴും വലിയ മഴ പെയ്താൽ ഇഷ്ടിക  നിരത്തി അതിൽ ചവിട്ടിവേണം മുഖ്യമന്ത്രിയുടെ വീട്ടിലേക്കുകയറാൻ. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ഈ വർഷം വിദേശയാത്ര നടത്തിയത്.  അപ്പോഴും കരയുള്ള വെള്ളസാരിതന്നെ വേഷം. 

തീരുമാനമെടുക്കുന്നതിൽ മമതയുടെ വേഗത്തെ രാഷ്ട്രീയ എതിരാളികൾപോലും രഹസ്യമായി അംഗീകരിക്കും. ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ ദുരന്തമുണ്ടായപ്പോൾ അപകടത്തിന്റെ തീവ്രത പുറത്തറിയും മുൻപ് നൂറോളം ആംബുലൻസുകൾ കൊൽക്കത്തയിൽനിന്നു മമതയുടെ നിർദേശപ്രകാരം ഡോക്ടർമാരും നഴ്സുമാരും സഹിതം പുറപ്പെട്ടിരുന്നു. ഒഡീഷ മന്ത്രിമാർ സംഭവസ്ഥലത്ത് എത്തും മുൻപേ അപകടത്തിൽപ്പെട്ടവരെ വാരിയെടുത്ത് ആംബുലൻസുകൾ കൊൽക്കത്തയിലെ ആശുപത്രികളിലെത്തി. പല സംസ്ഥാനങ്ങളും എന്തുചെയ്യണമെന്ന് ആലോചിക്കും മുൻപായിരുന്നു മമതയുടെ ഇടപെടലുകൾ.

ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്നതിലും മമതയുടെ സാമർഥ്യം പല മുഖ്യമന്ത്രിമാർക്കും ഇല്ല. ഉദ്യോഗസ്ഥർക്കു സ്വാതന്ത്ര്യം നൽകുന്നതിനൊപ്പം സർക്കാർ നയങ്ങൾക്കൊപ്പം അവരെ നിർത്തുന്നതിലും മമത വിജയിച്ചു. സ്ഥിരം വിശ്വസ്തരില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരും മാറിക്കൊണ്ടിരിക്കും. 

പഴയസംഭവങ്ങളും ഫയലുകളും ഓർത്തെടുക്കാൻ പ്രത്യേക മിടുക്ക്. അതിനാൽ ഉദ്യോഗസ്ഥർക്കു മമതയെ കബളിപ്പിക്കുക എളുപ്പമല്ല. ഐഎഎസിലും മറ്റും കേന്ദ്ര ഡപ്യൂട്ടേഷൻ അനുവദിക്കുന്നത് അത്യപൂർവമായാണ്. ബംഗാളിലെത്തുന്ന ഉദ്യോഗസ്ഥർ ബംഗാളിൽ ജോലി ചെയ്യണമെന്നതാണ് മമതയുടെ നയം. 

mamata-anandaboss
മമത ബാനർജിയും ബംഗാൾ ഗവർണർ ആനന്ദബോസും..

രാഷ്ട്രീയ എതിരാളികളുമായുള്ള ചർച്ചകളുടെ പാലം എപ്പോഴും തുറന്നിട്ടിരിക്കുന്നു. അവരുടെ രാഷ്ട്രീയവും അതാണ്. ബിജെപിയെ നഖശിഖാന്തം എതിർക്കുമ്പോഴും ഗരിയാഹട്ടിലെ കടകളിൽപോയി പ്രധാനമന്ത്രിക്കുള്ള കുർത്തകൾ അവർ തിരഞ്ഞെടുക്കുന്നു. തേനൂറുന്ന ഹിമസാഗർ മാമ്പഴം അയച്ചുകൊടുക്കുന്നു. ഗവർണർ ഡോ. സി.വി.ആനന്ദബോസിനെ വെല്ലുവിളിക്കുമ്പോഴും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ക്ഷേമം അന്വേഷിക്കുന്നു. രാജ്ഭവനിൽ കേരള ഭക്ഷണമുണ്ടാക്കാൻ പ്രത്യേകം പാചകക്കാരനെ ദീദിതന്നെ ഏർപ്പാടാക്കി. അവലോകനയോഗങ്ങളിൽ ഉദ്യോഗസ്ഥരെ നിർത്തിപ്പൊരിക്കുമ്പോഴും വീട്ടിൽനിന്നു തയറാക്കിക്കൊണ്ടുവന്ന സമൂസ അവർക്കു വിതരണം ചെയ്യുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ, ബംഗാളിൽ മമത നടത്തുന്ന നീക്കങ്ങൾക്കു സവിശേഷ പ്രാധാന്യമുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ പ്രകടനം മമതയ്ക്കു മാത്രമല്ല; ഇന്ത്യാ മുന്നണിക്കും അതീവ നിർണായകം.

English Summary:

Writeup about Mamata Banerjee carried out an 'all-faith' rally in Kolkata amid ram temple consecration ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com