ADVERTISEMENT

സംസ്ഥാനത്തിന്റെ ആവശ്യങ്ങളോടുള്ള കേന്ദ്ര അവഗണനയെക്കുറിച്ചു പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ് കേരളം. സംസ്ഥാന സർക്കാരിന് അതിനു തക്കതായ കാരണമുണ്ടാകാമെങ്കിലും കുറ്റം കേന്ദ്രത്തിന്റേതു മാത്രമോ?. ‘ക്ഷേമപദ്ധതി’കളുടെ മറവിൽ പരിധിയില്ലാതെ പണം കടം വാങ്ങുകയും വരവു നോക്കാതെ ചെലവഴിക്കുകയുമാണോ കേരളം? ഭീമമായ നഷ്ടമുണ്ടാക്കുന്ന പൊതുമേഖലയെ മാത്രം ആശ്രയിക്കാനും അതു കൊട്ടിഘോഷിക്കാനും നികുതിദായകരിൽനിന്നു കിട്ടുന്ന പണമെടുത്ത് അവിടെയുള്ളവർക്കു ശമ്പളം കൊടുത്തുകൊണ്ടിരിക്കാനും എല്ലാക്കാലത്തും സംസ്ഥാനത്തിനു കഴിയുമോ? ഫെഡറലിസത്തെക്കുറിച്ചുള്ള രാഷ്ട്രീയ നിലപാടുകൾ പൊതുവേ ശരിയെങ്കിലും, ചില ഗൗരവമേറിയ തയാറെടുപ്പുകൾ നടത്തി സ്വന്തം നിലപാടുകൾ യുക്‌തിപൂർവം അവതരിപ്പിക്കേണ്ട സമയമല്ലേ ഇത്?

സംസ്ഥാനത്തിന്റെ പരാതി പ്രധാനമായും മൂന്നു കാര്യങ്ങളിലാണ്: 1. ധനകാര്യ കമ്മിഷൻ ഗ്രാന്റ്, 2. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, 3. സാമ്പത്തിക ഉത്തരവാദിത്ത, ബജറ്റ് മാനേജ്‌മെന്റ് (എഫ്ആർബിഎം) നിയമം അനുശാസിക്കുന്ന കടമെടുക്കൽ പരിധി. ആദ്യ രണ്ടെണ്ണത്തെക്കുറിച്ചു പരിശോധിക്കാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. 


ടി.നന്ദകുമാർ
ടി.നന്ദകുമാർ

അരവിന്ദ് പനഗാരിയ അധ്യക്ഷനായി 16-ാം ധനകാര്യ കമ്മിഷൻ രൂപീകരിച്ചുകഴിഞ്ഞു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിലെ നികുതി വിതരണം, സംസ്ഥാനങ്ങൾക്കുള്ള വിഹിതം എന്നിവയെക്കുറിച്ചു ശുപാർശ നൽകുകയാണ് കമ്മിഷന്റെ പ്രധാന ദൗത്യം. കേരളത്തിനും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും കമ്മിഷനും കേന്ദ്ര സർക്കാരും മെച്ചപ്പെട്ട പരിഗണന നൽകേണ്ടത്  അത്യാവശ്യമാണെന്ന വാദം ഞാൻ ആവർത്തിക്കുന്നു. 

കേരള വിഹിതം ഇനിയും കുറയാം

പതിനഞ്ചാം ധനകാര്യ കമ്മിഷനിൽ ചില വിവാദ നിബന്ധനകളുണ്ടായിരുന്നു. വീതിച്ചുകിട്ടേണ്ട മിച്ചവിഹിതത്തിന്റെ 1.92% മാത്രം ലഭിച്ച കേരളത്തിനു മൊത്തവിഹിതത്തിൽ നഷ്ടം സംഭവിച്ചു. മുൻ ധനകാര്യ കമ്മിഷന്റെ കാലത്ത് ഇത് 2.5 ശതമാനമായിരുന്നു. എന്നാൽ, ‘റവന്യു കമ്മി’ ഗ്രാന്റായി കൂടുതൽ തുക ലഭിച്ചതു കേരളത്തിനാണ്.

മുൻപുണ്ടായിരുന്ന വിവാദവ്യവസ്ഥകൾ പതിനാറാം ധനകാര്യ കമ്മിഷന്റെ നിബന്ധനകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിബന്ധനകൾ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകളിൽ അധിഷ്ഠിതമാണ്. 15-ാം ധനകാര്യ കമ്മിഷന്റെ 6,7,8 ഖണ്ഡികകളിലുണ്ടായിരുന്ന പ്രത്യേക പരാമർശങ്ങൾ പതിനാറാം ധനകാര്യ കമ്മിഷൻ ഒഴിവാക്കി. താഴെപ്പറയുന്ന കാര്യങ്ങളാണ് വിഭവങ്ങളുടെ വീതംവയ്ക്കലിന് 15–ാം ധനകാര്യ കമ്മിഷൻ സൂചികയായി ഉപയോഗിച്ചത്. വരുമാനാന്തരം: 45%, വിസ്തീർണം: 15%, ജനസംഖ്യ: 15%, ജനസംഖ്യാ നിയന്ത്രണ സൂചകങ്ങൾ: 12.5%, വനവും പരിസ്ഥിതിയും: 10%, നികുതി, ധനപരമായ പരിശ്രമങ്ങൾ: 2.5%. 

money

2011ലെ ജനസംഖ്യാ കണക്കുകൾ ഒരു പ്രധാന പ്രശ്നമായാണ് അന്നു കണ്ടത്. 1971ലെ ജനസംഖ്യാ കണക്കുകൾ ഉപയോഗിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. 16-ാം ധനകാര്യ കമ്മിഷനും 2011ലെ ജനസംഖ്യാ കണക്കുകളും സമാന സൂചികകളും തന്നെ ഉപയോഗിക്കാനാണ് എല്ലാ സാധ്യതയും. വരുമാനാന്തരം (ദാരിദ്ര്യ അനുപാതം) കഴിഞ്ഞ ധനകാര്യ കമ്മിഷൻ കണക്കാക്കിയതിലും കൂടുതലാകും. പലതലങ്ങളിലുള്ള ദാരിദ്ര്യത്തെ ( multi dimensional poverty index*) അടിസ്ഥാനമായി ഉപയോഗിക്കാൻ കമ്മിഷൻ തീരുമാനിച്ചാൽ, കേരളത്തിന് ഇനിയും കുറഞ്ഞ വിഹിതമേ ലഭിക്കൂ. കാരണം, ബിഹാർ (33.8), ജാർഖണ്ഡ് (28.8), മേഘാലയ (27.8), ഉത്തർപ്രദേശ് (22.9), മധ്യപ്രദേശ് (20.6) എന്നിവയെ അപേക്ഷിച്ച് കേരളത്തിലെ ദാരിദ്ര്യനിരക്ക് 0.55% എന്നാണു കണക്കാക്കുന്നത്. ദാരിദ്ര്യ അനുപാതവും ജനസംഖ്യയും ഒരുമിച്ചു പരിഗണിച്ചാലും, 15-ാം ധനകാര്യ കമ്മിഷനിൽനിന്നു ലഭിച്ചതിലും കൂടുതലൊന്നും കേരളത്തിനു ലഭിക്കാൻ സാധ്യതയില്ല; കുറയാനുള്ള സാധ്യതകളുണ്ടുതാനും. 

രാഷ്ട്രപതിയാണ് ധനകാര്യ കമ്മിഷന്റെ വിജ്ഞാപനം നടത്തുന്നതെന്നതിനാൽ ‘സംസ്ഥാനത്തിനെതിരായ കേന്ദ്രവിവേചനമെന്ന മുറവിളി’കൊണ്ട് കമ്മിഷനിൽ കാര്യമായ സ്വാധീനം ചെലുത്താനായേക്കില്ല. സമാനമനസ്കരായ മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന്, വ്യത്യസ്തമായ സൂത്രവാക്യം ആവശ്യമാണെന്നു ബോധ്യപ്പെടുത്തുംവിധം വാദങ്ങൾ അവതരിപ്പിക്കാൻ മുൻകയ്യെടുക്കുന്നതു ചിലപ്പോൾ ഫലപ്രദമായേക്കാം. വരുമാന സ്രോതസ്സെന്ന നിലയിൽ സെസിനെ അനിയന്ത്രിതമായി കേന്ദ്രം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമൂലമുള്ള പ്രത്യാഘാതം വളരെ വലുതാണ്. (2011–12ൽ മൊത്തവരുമാനത്തിന്റെ 10.4% ആയിരുന്ന സെസ് 2021–22ൽ 28.1 ശതമാനമായി ഉയർന്നു). ഇതു തുടർന്നാൽ സംസ്ഥാനങ്ങൾക്കായി വീതിക്കാവുന്ന തുക വളരെക്കുറയും. ഇതുകൊണ്ടു കേന്ദ്രത്തിനു ഗുണമുണ്ടാകുമെങ്കിലും സംസ്ഥാനങ്ങൾക്ക് ഒരുപാട് ധനവിഹിതം നഷ്ടമാകും.

ദാരിദ്ര്യത്തിനു നൽകുന്ന വെയ്റ്റേജ് 45% ആയി തുടർന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു കുറഞ്ഞ വിഹിതമേ ലഭിക്കൂ എന്നതിൽ സംശയമില്ല. താരതമ്യേന മികച്ച സ്ഥിതിയിലുള്ള സംസ്ഥാനങ്ങളിൽനിന്നു ദരിദ്ര സംസ്ഥാനങ്ങൾക്കു സഹായം ആവശ്യമാണെന്ന വാദം അവഗണിക്കാനാവില്ലെങ്കിലും, മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങൾക്കു ഇതൊരു പിഴയാണെന്നു തോന്നാൻ ശക്തമായ കാരണങ്ങളുണ്ട്. താരതമ്യേന മെച്ചപ്പെട്ട സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അഭിലാഷങ്ങൾ വ്യത്യസ്തമാണ്. അവയും അവഗണിക്കാനാകില്ല. ഈ സംസ്ഥാനങ്ങൾക്ക് അവരുടേതായ പ്രത്യേക പരിപാടികൾക്കു പണം വേണം. 

ദരിദ്ര സംസ്ഥാനങ്ങൾക്കു കൂടുതൽ തുക അനുവദിക്കുന്നതിനു ധനകാര്യ കമ്മിഷനു മതിയായ ന്യായീകരണമുണ്ടാകും. എന്നാൽ, നിതി ആയോഗ് വഴിയും കൂടുതൽ വിഭവങ്ങൾ ഇതേ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന കേന്ദ്ര സർക്കാർ നടപടി ആശങ്കയുയർത്തുന്നു. നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ നിശ്ചലരാക്കി ‘ദേശീയ ശരാശരി ഉയർത്തുക’ എന്ന സമീപനം കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളുടെ വികസനത്തെ ബാധിക്കും. ധനകാര്യ കമ്മിഷൻ ശുപാർശകളിലൂടെയും കേന്ദ്ര സർക്കാർ പദ്ധതികളിലൂടെയും വിഭവങ്ങൾ പങ്കിടുന്നതിനുള്ള നിലവിലെ സൂത്രവാക്യങ്ങൾക്ക് അപകടസാധ്യതയുണ്ട്. മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന വിഭവങ്ങളുടെ വിഹിതം കുറഞ്ഞുകൊണ്ടേയിരിക്കും. ഇതു ദേശീയതലത്തിൽ വികസനപ്രവർത്തന വൈകല്യത്തിലേക്കും രാഷ്ട്രീയ വാഗ്വാദങ്ങളിലേക്കും നയിക്കാം. 

കേരളത്തിന് എന്തുചെയ്യാനാകും? 

ദേശീയ വിഭവങ്ങളിൽനിന്നു കിട്ടുന്ന വിഹിതം തുടർച്ചയായി ശോഷിക്കുന്നെന്ന പ്രശ്നം പല സംസ്ഥാനങ്ങൾക്കുമുള്ള പൊതുപരാതിയാണ്. കേരളം കഴിയുന്നതും വേഗം ആവശ്യമായ വിവരങ്ങൾ ശേഖരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ റിപ്പോർട്ട് തയാറാക്കണം. സമാനസ്ഥിതിയിലുള്ള സംസ്ഥാനങ്ങളുമായി ചേർന്നു തങ്ങളുടെ വാദം അവതരിപ്പിക്കാൻ പൊതു സമവാക്യം കണ്ടെത്തുകയും വേണം. ‘ഇര’ എന്നു സ്വയം വിശേഷിപ്പിക്കുന്നതിനു പ്രാദേശിക ആകർഷണീയതയുണ്ടാകാം. പക്ഷേ, ദേശീയതലത്തിൽ അതുകൊണ്ട് പ്രയോജനമില്ല. 

finance

    ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത, പരിസ്ഥിതി സംരക്ഷണം, ജനങ്ങളുടെ നൈപുണ്യാധിഷ്ഠിത ജ്ഞാനനിർമിതി (സ്‌കൂളുകൾ, കോളജുകൾ, ഐടിഐകൾ, പോളിടെക്‌നിക്കുകൾ എന്നിവ വഴി) എന്നിവയിലൂടെ 'വികസിത് ഭാരതി’ൽ അർഥവത്തായ ഒരു സ്ഥാനത്തിനായി കേരളം വാദിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങൾക്കു കേരളം ട്രെൻഡ് സെറ്ററാകണം. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും സ്‌മാർട് ക്ലാസ്‌റൂം, മികച്ചതും നൂതനവുമായ അധ്യാപനം, ഡിജിറ്റൽ ലൈബ്രറികൾ തുടങ്ങിയവ വേണ്ടേ? രാജ്യാന്തര നിലവാരത്തിലുള്ള നൈപുണ്യമുള്ളവരെ സൃഷ്ടിക്കുന്ന ഐടിഐകളും പോളിടെക്നിക്കുകളും കേരളത്തിൽ ഉണ്ടാകേണ്ടേ? ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മതിയായ നിക്ഷേപം കേരളത്തിനു ലഭിക്കേണ്ടേ? 'വികസിത് ഭാരത്' ദേശീയ സങ്കൽപമാണെങ്കിൽ, 2047 ലക്ഷ്യമാക്കിയുള്ള ‘വികസിത കേരള’ കാഴ്ചപ്പാട് എന്താണ്? ആഗോളതലത്തിൽ ഏറ്റവും മികച്ചതിനടുത്ത് എവിടെയെങ്കിലും ആയിരിക്കാൻ കേരളം ലക്ഷ്യമിടേണ്ടതല്ലേ? 

മലയാളികളുടെ സംരംഭകത്വ മനോഭാവത്തെ ഉപയോഗപ്പെടുത്തി ലോകമികവിലേക്ക് ഉയരുന്ന കാര്യത്തിൽ കേരളം ഗൗരവതരമായ കുറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്തിന് ഏറ്റവും മികവുറ്റതു ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ സ്വകാര്യമേഖലയുടെ പങ്കാളിത്തം അത്യാവശ്യമാണ്. ആഗോളമികവിലേക്കുയരാനുള്ള ഇത്തരം സുവ്യക്തമായ വികസനകാഴ്ചപ്പാടിനാണ് ധനകാര്യ കമ്മിഷനിൽ നിന്നും കേന്ദ്രത്തിൽ നിന്നുമുള്ള പിന്തുണ ആവശ്യപ്പെടേണ്ടതും ലഭിക്കേണ്ടതും. 

പാഴ്ച്ചെലവുകളെ ന്യായീകരിക്കാൻ ‘അവഗണന’ എന്ന വാദം ഉപയോഗിക്കുന്നതു കേരളത്തിനാകെ നഷ്ടമുണ്ടാക്കും. ഉൽപാദനക്ഷമമല്ലാത്തതും അനാവശ്യവുമായ ചെലവുകൾക്കുമേൽ കേരളം സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ടതുണ്ട്. കാര്യക്ഷമതയില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള അമിതാഭിനിവേശം തന്നെ പാളിച്ചകൾ നിറഞ്ഞതാണ്. സാമ്പത്തിക പ്രവർത്തനങ്ങളിലെ പല മേഖലകളിൽനിന്നു സർക്കാർ ഒഴിഞ്ഞുമാറി, അത് ഏറ്റെടുത്തു നടത്താൻ സ്വകാര്യ സംരംഭങ്ങളെ പ്രാപ്തമാക്കണം. സ്വകാര്യസംരംഭമെന്നു പറയുമ്പോൾ എത്രയോ ചെറിയ സംരംഭങ്ങളും ആവാം. ആദ്യഘട്ടമെന്ന നിലയിൽ, ഈ മേഖലകളിൽ നിക്ഷേപം വരാനും ഇവിടെ സംരംഭകർക്കു സമാധാനമായി വ്യവസായം നടത്താനും പറ്റിയ രീതിയിൽ നയപരവും നിയമപരവുമായ ഇക്കോസിസ്റ്റം തയാറാക്കണം 

graph

‘സംസ്ഥാനത്തിന് അധിക വിഭവസമാഹരണത്തിനായി സമഗ്രമായ നിർദേശം സമർപ്പിക്കാൻ’ കേരള സർക്കാർ ധനമന്ത്രിയുടെ അധ്യക്ഷതയിൽ പതിനാലംഗ വിദഗ്ധ സമിതി രൂപീകരിച്ചെന്നാണു വാർത്ത. രാജ്യത്തെ വളരെ പ്രമുഖരായ സാമ്പത്തികശാസ്ത്രജ്ഞർ സമിതിയിലുണ്ട്. കമ്മിറ്റിയിലെ ചില അംഗങ്ങൾ അവരുടെ മേഖലകളിലെ മികവേറിയ വിദഗ്ധരാണ്. ധനകാര്യ കമ്മിഷനിൽ നിന്നും കേന്ദ്രത്തിൽ നിന്നും കൂടുതൽ വിഭവങ്ങൾ നേടാനുള്ള വഴികൾ നിർദേശിക്കാൻ അവരോട് അഭ്യർഥിക്കേണ്ടതല്ലേ? ഉൽപാദനക്ഷമമല്ലാത്ത ചെലവുകൾ ഇല്ലാതാക്കുന്നതിനും ഭാവിപരിപാടികൾക്കായി വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുമുള്ള ഗൗരവമായ ശ്രമത്തിൽ അവരുടെ അഭിപ്രായം ചോദിക്കേണ്ടതല്ലേ? കേരളവികസനത്തിൽ വലിയ പങ്കുവഹിക്കാൻ സ്വകാര്യ മൂലധനം നേടാനുള്ള വഴികൾ അവർ നിർദേശിക്കേണ്ടതല്ലേ? അതോ കേരളത്തിലെ ജനങ്ങളിൽനിന്ന് കൂടുതൽ നികുതി പിരിക്കാനുള്ള വഴികളെക്കുറിച്ചു മാത്രം ചിന്തിച്ചാൽ മതിയോ? 

‘റവന്യു കമ്മി’യുള്ള സംസ്ഥാനങ്ങൾക്കു പുതിയ ധനകാര്യ കമ്മിഷനിൽനിന്നു കാര്യമായ പിന്തുണ ലഭിച്ചേക്കില്ലെന്നു കേരളം തിരിച്ചറിയേണ്ടതുണ്ട്. റവന്യു കമ്മി സംസ്ഥാനത്തിന്റെ പ്രയോഗക്ഷമതയുടെ പ്രശ്നമായി ധനകാര്യ കമ്മിഷൻ വ്യാഖ്യാനിച്ചാൽ കേരളത്തിന്റെ കാര്യം പരുങ്ങലിലാവും. ഉയർന്ന വിഹിതത്തിനായി സംസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാമെങ്കിലും, ചെലവു നിയന്ത്രിക്കുന്നതിലെ പരാജയം കേന്ദ്ര സർക്കാരിന് 1991ൽ അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യത്തിലേക്കു കേരളത്തെ നയിച്ചാൽ സാമ്പത്തിക മേഖലയിൽ പരിഷ്‌കാരങ്ങൾ തീർത്തും അനിവാര്യമാകും! ഇതു മനസ്സിലാക്കി പ്രവർത്തിച്ചാൽ കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഗുണം ചെയ്യും. 

(മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ലേഖകൻ കേന്ദ്ര കാർഷിക, ഭക്ഷ്യ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് ചെയർമാനുമായിരുന്നു)

English Summary:

Writeup about Central governments neglect of Kerala governments needs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com