അവർ യൂറോപ്പിലേക്ക് പറന്നു; അർമീനിയയിൽ വീണു
Mail This Article
പട്ടാമ്പി സ്വദേശിയായ യുവാവ് ആറു മാസം മുൻപു ‘യൂറോപ്പിലേക്കു’ യാത്രതിരിച്ചു. ദുബായ് വഴി അർമീനിയൻ തലസ്ഥാനമായ യേരവാനിലേക്ക്. 21 ദിവസത്തെ സന്ദർശകവീസ. പശ്ചിമേഷ്യൻ രാജ്യമായ അർമീനിയയിൽ താൽക്കാലിക ജോലിക്ക് ഏജന്റുമാർക്കു കൊടുത്തതു നാലു ലക്ഷം രൂപ. അവിടെനിന്നു യൂറോപ്പിലേക്കു (പോളണ്ട്) കൊണ്ടുപോകുമെന്നാണ് ഏജന്റ് നൽകിയ ഉറപ്പ്. പക്ഷേ, യേരവാനിലെത്തിയതോടെ ദുരിതം തുടങ്ങി. ജോലി ശരിയായില്ല. പണം വാങ്ങിയവരുടെ പൊടിപോലുമില്ല. നൂറുകണക്കിനു മലയാളികളെ അവിടെ കണ്ടു; അവരുടെ ദുരിതങ്ങളും. ഒടുവിൽ 10,500 ഇന്ത്യൻ രൂപയ്ക്കു സമാനമായ പണം വിമാനത്താവളത്തിൽ പിഴയൊടുക്കി നാട്ടിലേക്കു മടങ്ങി. ഇപ്പോൾ ചെന്നൈയിൽ വസ്ത്രവിപണനശാലയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്നു. ഒപ്പം മൂന്നു കൂട്ടുകാരുമുണ്ട്. വീട്ടുകാരെ കടക്കെണിയിലാക്കിയതിന്റെ വിഷമംകൊണ്ടു നാട്ടിലേക്കു പോകാനാകില്ല.
അർമീനിയൻ മോഹക്കെണിയിൽ കുരുങ്ങിയവരിൽ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യൻ യുവാക്കളുണ്ട്. ഇവരെ കെണിയിലാക്കി വഞ്ചിച്ചവരിൽ ഭൂരിഭാഗവും മലയാളി ഏജന്റുമാർ. അവർ നാട്ടിലും അർമീനിയയിലുമായി കോടികൾ സമ്പാദിച്ചു വിലസുന്നു. ആയിരക്കണക്കിനു യുവാക്കളും അവരുടെ കുടുംബങ്ങളും കടബാധ്യതയുടെ കണ്ണീർക്കെണിയിലും.
നാമമാത്ര ശമ്പളം, ദുരിതജീവിതം
നടുക്കുന്ന പല അർമീനിയൻ യാഥാർഥ്യങ്ങളും പുറത്തുപറഞ്ഞതു മലപ്പുറം തിരൂർ സ്വദേശിയാണ്. നാലരലക്ഷം രൂപ നഷ്ടപ്പെട്ടു തിരിച്ചെത്തിയ ഇദ്ദേഹം ഏജന്റുമാർക്കെതിരെ പൊലീസിൽ പരാതി നൽകി. യുവാവിന്റെ വാക്കുകൾ: കബളിപ്പിക്കപ്പെട്ടെന്നു സഹോദരങ്ങളെ ബോധ്യപ്പെടുത്താനായതിനാൽ എനിക്കു വീട്ടിലെത്താനായി. പിതാവിനോടു വിവരം പറഞ്ഞിട്ടില്ല. 25,000 രൂപ പോലും വിമാന ടിക്കറ്റിനു വേണ്ടാത്ത, നാമമാത്ര ശമ്പളം ലഭിക്കുന്ന രാജ്യത്തേക്കാണ് ഏജന്റുമാർ രണ്ടര മുതൽ അഞ്ചര വരെ ലക്ഷം രൂപ കമ്മിഷൻ വാങ്ങി ആളുകളെ കൊണ്ടുപോകുന്നത്. മര്യാദയ്ക്കു ഭക്ഷണമില്ല, നല്ല താമസസൗകര്യമില്ല. നാട്ടിലെ ഏജന്റിന് ആദ്യം പണം കൊടുക്കണം. അയാൾ പറയുന്നയാൾ അർമീനിയയിൽ കാത്തിരിക്കും. ഏതെങ്കിലുമൊരു മുറിയിലാക്കി അയാളും മുങ്ങും. പിന്നെ ജീവിതം ദുരിതമയമാണ്.’
ഡമ്മി ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും
സന്ദർശക വീസയിൽ പോകുമ്പോൾ മടക്കടിക്കറ്റും ഹോട്ടൽമുറി ബുക്കിങ്ങും വേണം. അങ്ങോട്ടുള്ള ടിക്കറ്റ് മാത്രമാണ് ആദ്യം ഏജന്റ് ലഭ്യമാക്കുക. വിമാനത്താവളത്തിലെത്തിയാലേ മടക്കടിക്കറ്റിന്റെയും ഹോട്ടൽ ബുക്കിങ്ങിന്റെയും വിശദാംശങ്ങൾ ഇമെയിലിൽ തരൂ. വിനോദയാത്രയ്ക്കു പോകുന്നതാണെന്നും ഉടൻ തിരിച്ചുവരുമെന്നും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോടു പറയണം. അർമീനിയയിൽ എത്തിയാലുടൻ ഏജന്റുമാർ മടക്കടിക്കറ്റും റൂം ബുക്കിങ്ങും റദ്ദാക്കും.
മുൻപു കബളിപ്പിക്കപ്പെട്ടവരിൽ ചിലരും പിന്നീട് ഏജന്റുമാരായി. മടങ്ങിവന്നശേഷം പണത്തിനായി അർമീനിയയിലെ ഏജന്റിനെ വിളിച്ചപ്പോൾ ‘ഇതെന്റെ ബിസിനസാണ്. മൂന്നോ നാലോ ആളുകളെ ഇങ്ങോട്ടയയ്ക്കൂ. നല്ല കമ്മിഷൻ തരാം’ എന്നായിരുന്നു മറുപടി.
കറവപ്പശുക്കളായി ഇന്ത്യക്കാർ
അർമീനിയയിലെ വിചിത്ര കാഴ്ചകൾ വിമാനത്താവളം മുതൽ കാണാം. 21 ദിവസ വീസ കാലാവധി കഴിഞ്ഞ നൂറുകണക്കിനു പേർ യേരവാൻ വിമാനത്താവളത്തിൽ ക്യൂ നിൽക്കുന്നു. പകുതിയിലധികം മലയാളികൾ. പാസ്പോർട്ടിൽ ‘ഡീപോർട്ട്’ ചെയ്ത സീൽ അടിക്കുന്നത് ഒഴിവാക്കാൻ പിഴയടയ്ക്കണം. മറ്റു വിദേശ തൊഴിൽ സാധ്യതകൾക്കു ദോഷകരമാകുമെന്നതിനാൽ അവിടെനിന്നു മടങ്ങുന്നവരിൽ ഭൂരിഭാഗവും പിഴയൊടുക്കും. ഏഴും എട്ടും മണിക്കൂർ ക്യൂ നിന്നാലേ കാര്യം നടക്കൂ. ഇത്തരത്തിൽ ലഭിക്കുന്ന പിഴ അർമീനിയയ്ക്കു വലിയ വരുമാനമാർഗമായിട്ടുണ്ട്.
അവിടെ വീടുകളും വലിയ കെട്ടിടങ്ങളും ഇന്ത്യയിൽനിന്നുള്ളവരെ താമസിപ്പിക്കുന്ന ഹോസ്റ്റലുകളാക്കി നല്ല വരുമാനം നേടുന്ന തദ്ദേശവാസികളും ഏറെ. താൻ താമസിച്ച ഹോസ്റ്റലിൽ മാത്രം അറുപതോളം മലയാളികളുണ്ടായിരുന്നെന്നു തിരൂർ സ്വദേശി പറഞ്ഞു.
യൂറോപ്പെന്ന സ്വപ്നത്തിൽ കഠിനജീവിതം തുടർന്ന്
വീസ കാലാവധി അവസാനിച്ചിട്ടും ഭൂരിഭാഗംപേരും എങ്ങനെയും അവിടെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു. എന്നെങ്കിലും യൂറോപ്പിലേക്കു കടക്കാമെന്നാണ് പ്രതീക്ഷ. അനധികൃതമായി തുടരുന്നവർക്ക് എന്തെങ്കിലും ജോലി വാങ്ങിക്കൊടുത്ത് കമ്മിഷൻ പറ്റുന്ന മലയാളികളും അർമീനിയയിലുണ്ട്. 300 മുതൽ 400 വരെ യുഎസ് ഡോളറാണു കമ്മിഷൻ. മുപ്പതിനായിരം രൂപയിൽ താഴെയാണ് മിക്കവർക്കും ശമ്പളം. ചെലവുകഴിഞ്ഞു നാട്ടിലേക്കയയ്ക്കാൻ പതിനായിരം രൂപ പോലുമുണ്ടാകില്ല. മലപ്പുറം കൊണ്ടോട്ടി സ്വദേശിക്കു പെട്രോളിയം സ്ഥാപനത്തിലാണു ജോലി. അതും ആഴ്ചയിൽ മൂന്നു ദിവസം മാത്രം. ഏജന്റിനു മൂന്നു ലക്ഷം രൂപ നൽകിയാണു പോയത്. 6 മാസംകൊണ്ട് യുവാവിനു വീട്ടിലേക്കയയ്ക്കാനായതു 30,000 രൂപ മാത്രം.
മെഡിക്കൽ ആനുകൂല്യവും തൊഴിൽ സുരക്ഷയും ഒന്നുമില്ല. ദുരിതമനുഭവിക്കുന്നവരിൽ ഒട്ടേറെ മലയാളി സ്ത്രീകളുമുണ്ട്. അർമീനിയയിൽ തുടരുന്നവരോടു യൂറോപ്യൻ വീസ ഉടൻ ലഭിക്കുമെന്നും കാത്തിരിക്കൂ എന്നും ഏജന്റുമാർ ആവർത്തിക്കുന്നുണ്ട്. റഷ്യയിലേക്കു റോഡ് മാർഗം വിടാമെന്നുവരെയാണ് വാഗ്ദാനം.
രേഖകളില്ലാതെ കഴിയുന്നത് കാൽലക്ഷത്തോളം പേർ
സ്ഥിരംജോലിക്കുള്ള വീസയോടെ അർമീനിയയിലുള്ള ഇന്ത്യക്കാർ നൂറോളം പേർ മാത്രം. എന്നാൽ, നിയമവിരുദ്ധമായി ഒട്ടേറെപ്പേർ അർമീനിയയിൽ എത്തുന്നുണ്ടെന്നും ‘ക്രൂരരും വിശ്വസിക്കാനാകാത്തവരുമായ’ ഏജന്റുമാരാണ് ഇതിനു പിന്നിലെന്നും 2023 ഒക്ടോബറിലെ രേഖയിൽ പറയുന്നു. കാൽലക്ഷത്തോളം ഇന്ത്യക്കാർ അർമീനിയയിൽ രേഖകളില്ലാതെ കഴിയുന്നുവെന്നാണ് അനൗദ്യോഗിക വിവരം. നിർമാണത്തൊഴിലാളികളായും ഡ്രൈവർമാരായുമെല്ലാം ഇന്ത്യക്കാർ നിറയുന്നതു തദ്ദേശവാസികളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്നതിലുള്ള എതിർപ്പും അവിടെ ഉയർന്നുതുടങ്ങിയിട്ടുണ്ട്.
അർമീനിയയിലേക്കുള്ള മനുഷ്യക്കടത്ത് ഇന്ത്യൻ അധികൃതരുടെ ശ്രദ്ധയിലുണ്ട്. വിമാനത്താവളത്തിൽ ചോദ്യംചെയ്യുമ്പോൾ വിനോദസഞ്ചാരത്തിനു പോകുകയാണെന്നു രേഖകൾ സഹിതം ഉറപ്പിച്ചുപറയുന്നവരെ എങ്ങനെ തടയും?
കുരുക്കിലായവർക്ക് വാട്സാപ് ഗ്രൂപ്പുകൾ
അർമീനിയയിൽ കുരുക്കിലായവരുടെ വാട്സാപ് ഗ്രൂപ്പുകളുണ്ട്. ‘അർമീനിയൻ മലയാളീസ്’, ‘അർമീനിയൻ നമ്മൾ’, ‘അർമീനിയൻ ഇന്ത്യൻസ്’ തുടങ്ങി പല പേരുകൾ. കബളിപ്പിക്കപ്പെട്ടതിന്റെ കഥകളും ദുരിതങ്ങളും ഓരോരുത്തരും പങ്കുവയ്ക്കുന്നു. കൂട്ടായ്മയുടെ ചെയർമാന്റെ കഴിഞ്ഞ ജനുവരി അഞ്ചിലെ പോസ്റ്റിൽ വിഷയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അതെ, ഇവർ കാക്കുകയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടികൾക്കായി.
പേരു കൊടുക്കരുതേ...
അർമീനിയയിൽ അകപ്പെട്ട പത്തിലധികം പേർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. എല്ലാവർക്കും ഒരൊറ്റ അപേക്ഷ: പേരും വീട്ടുവിവരങ്ങളും പത്രത്തിൽ കൊടുക്കരുത്. വന്നാൽ വീട്ടിലും നാട്ടിലുമറിയും.
എന്തുകൊണ്ട് അർമീനിയ ?
യൂറോപ്പിലേക്കു കടക്കുകയെന്ന മോഹമാണു യൂറോപ്പിനോടു ചേർന്നുകിടക്കുന്ന അർമീനിയയിലേക്കു പോകാൻ യുവാക്കളെ പ്രേരിപ്പിക്കുന്നത്.
കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന അർമീനിയൻ തൊഴിലാളികളെ കിഴക്കൻ യൂറോപ്പിലെ പല രാജ്യങ്ങളിലെയും ഏജൻസികൾ അനധികൃതമായി കടത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് ഇന്ത്യൻ യുവാക്കളും പോയിരുന്നത്. എന്നാൽ യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ ആ രാജ്യങ്ങളിലേക്കു വൻതോതിൽ അഭയാർഥിപ്രവാഹമുണ്ടായി. ഇതോടെ അനധികൃത ഏജൻസികൾക്കു പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അതോടെ അർമീനിയയിൽനിന്നുള്ള കടത്തു നിലച്ചു.
അർമീനിയ
യൂറോപ്പിനോടു ചേർന്നുകിടക്കുന്ന ഏഷ്യൻ രാജ്യം. മുൻപു സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. തുർക്കി, ഇറാൻ, അസർബൈജാൻ, ജോർജിയ തുടങ്ങിയവ അയൽ രാജ്യങ്ങൾ. ഇന്ത്യ– അർമീനിയ ബന്ധത്തെക്കുറിച്ചുള്ള 2023 ഒക്ടോബറിലെ രേഖപ്രകാരം മൂവായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ ആ രാജ്യത്തുണ്ട്. യേരവാൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലും 5 സ്വകാര്യ യൂണിവേഴ്സിറ്റികളിലുമായാണു പഠനം.
നൊമ്പരമായി സൂരജ്
ഏഴു മാസം മുൻപാണു തൃശൂർ കൊരട്ടി കട്ടപ്പുറം സ്വദേശി സൂരജ് (27) അർമീനിയയിൽ കൊല്ലപ്പെട്ടത്. യൂറോപ്പ് വീസ സംബന്ധിച്ച് ഏജന്റുമായുണ്ടായ തർക്കത്തിനിടയിലായിരുന്നു കൊലപാതകം. ചാലക്കുടിക്കാരനായ സുഹൃത്തിനു കുത്തേറ്റു. തിരുവനന്തപുരം സ്വദേശി ‘ഡോക്ടർ’ എന്നുവിളിക്കുന്ന ഏജന്റിനു മൂന്നു ലക്ഷം രൂപയിലേറെ നൽകിയാണ് സൂരജ് 2023 ഫെബ്രുവരിയിൽ അർമീനിയയിലേക്കു പോയത്. യൂറോപ്യൻ വീസ ലഭ്യമാക്കണമെങ്കിൽ പിന്നെയും ലക്ഷങ്ങൾ വേണമെന്നായി ‘ഡോക്ടർ.’ ഇതോടെയായിരുന്നു തർക്കം.
സൂരജിന്റെ മരണവാർത്ത സമൂഹമാധ്യമത്തിൽ വന്നതിനടിയിൽ ചിന്തിപ്പിക്കുന്ന ഒരു കമന്റ് ഉണ്ടായിരുന്നു. അർമീനിയയിൽ മെഡിക്കൽ ബിരുദത്തിനു പഠിക്കുന്ന മലയാളിയുടെ ആ കമന്റ് ഇങ്ങനെ: ‘‘യൂറോപ്പിലേക്കു പോകാൻ ദയവു ചെയ്ത് ഇവിടേക്കു വരരുത്. ഇവിടെനിന്നു യൂറോപ്പിലേക്കു പോകാൻ പണ്ടു സാധിക്കുമായിരുന്നു. ഇന്നത് അസാധ്യം. ഇവിടത്തെ ജോലിക്കാരുടെ ദയനീയസ്ഥിതി എനിക്കു നേരിട്ടറിയാം. ഇവിടെ മെച്ചപ്പെട്ട സ്ഥിതിയാണെന്ന് ഏജന്റുമാർ പറയുന്നെങ്കിൽ അതു പച്ചക്കള്ളമാണ്.’’