ബജറ്റിൽ ക്ഷേമം നാമമാത്രം
Mail This Article
ഇന്നലെ കേരളം കേട്ട സംസ്ഥാന ബജറ്റിൽ പ്രഥമ പ്രാധാന്യം എന്തിനാണ്? കേന്ദ്രത്തിനു കേരളത്തോടുള്ള തുടർ അവഗണനയുടെ തെളിവെടുപ്പിനോ അതോ ആ അവഗണനയോടുള്ള പ്രതിഷേധമെന്നോണം നയംമാറ്റി, സ്വകാര്യ നിക്ഷേപകർക്കായി വിരിക്കുന്ന ചുവന്ന കമ്പളത്തിനോ? അതെന്തായാലും, രണ്ടര മണിക്കൂർ നീണ്ട ബജറ്റ് ജനത്തിനു നൽകുന്ന ആശ്വാസം നാമമാത്രമാണ്.
‘സ്വകാര്യ മേഖലയുടെ സഹായത്തോടുകൂടി പുതിയ വികസന മാതൃകകൾ നമുക്കു സൃഷ്ടിക്കേണ്ടതുണ്ട്’ എന്ന പ്രഖ്യാപനത്തോടെ സ്വകാര്യ നിക്ഷേപകരെ സർക്കാർ വിരുന്നുവിളിക്കുന്നതു കാണുമ്പോൾ സിപിഎം ദശാബ്ദങ്ങളായി പിന്തുടർന്നുപോന്ന സ്വകാര്യനിക്ഷേപ വിരുദ്ധ നിലപാട് ഓർമിക്കാതെയെങ്ങനെ? സാമ്പത്തിക ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നൊക്കെ കേട്ടാൽ കലിതുള്ളിയിരുന്ന പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടുമാറ്റം കൗതുകകരമാണ്. എന്നാലത്, കേന്ദ്ര അവഗണനകൊണ്ടുള്ള സാമ്പത്തികഞെരുക്കത്തിനു മറുപടിയെന്ന പേരിൽകൂടി അവതരിപ്പിക്കുന്നതിൽ ഇരട്ടത്താപ്പു കാണുന്നവരുണ്ട്.
സ്വകാര്യമേഖലയെ പരമാവധി പദ്ധതികളിൽ സഹകരിപ്പിക്കുകയാണ് ബജറ്റ്. വിദ്യാഭ്യാസ, ആരോഗ്യ, കായിക മേഖലകളിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായി ജനങ്ങളിൽനിന്നു പണം സ്വരൂപിക്കാനായുള്ള മൂന്നു ഫണ്ട് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചും സ്വകാര്യ നിക്ഷേപം ആകർഷിച്ചും സ്പെഷൽ ഡവലപ്മെന്റ് സോണുകൾ സൃഷ്ടിക്കും. പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനും മുതിർന്ന പൗരർക്കും തുണ വേണ്ടവർക്കുമായി ‘കെയർ സെന്ററുകൾ’ സ്ഥാപിക്കാനും സർക്കാർ ആശ്രയിക്കുന്നതും സ്വകാര്യ പങ്കാളിത്തത്തെത്തന്നെ.
വിദേശ സർവകലാശാലകളോടും സ്വകാര്യ സർവകലാശാലകളോടുമുള്ള അനുകൂല നിലപാടും ശ്രദ്ധേയമായി. വ്യവസായ സൗഹൃദ സംസ്ഥാനമാകുന്നതിലും നിക്ഷേപകരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതിലും കേരളം പ്രതിജ്ഞാബദ്ധമാണെന്നാണു പറഞ്ഞുപോരുന്നതെങ്കിലും അതാണോ യാഥാർഥ്യമെന്ന ആത്മപരിശോധനയും ഇതിനൊപ്പം ആവശ്യമായിവരുന്നുണ്ട്.
അതേസമയം, അതിസാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഈ ബജറ്റിൽ തീരെയില്ല. സാമൂഹികക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല. ക്ഷേമപെൻഷൻ അടുത്ത സാമ്പത്തികവർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കുന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തുക വർധിപ്പിക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ക്ഷേമപെൻഷനിൽ 100 രൂപയുടെ വർധനയെങ്കിലും പ്രതീക്ഷിച്ചവരെ ഇതു നിരാശരാക്കുമെന്നു തീർച്ച. 5 മാസത്തെ ക്ഷേമപെൻഷൻ, ശമ്പളപരിഷ്കരണം, പെൻഷൻ പരിഷ്കരണം, യുജിസി ശമ്പളം തുടങ്ങിയവയുടെ കുടിശിക പ്രതീക്ഷിച്ചവരെ കണ്ട ഭാവം നടിച്ചില്ല, ബജറ്റ്.
പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിച്ച്, പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതു ശ്രദ്ധേയ തീരുമാനംതന്നെയാണ്. മറ്റു സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികൾകൂടി പഠിച്ചാവും ഇതു നടപ്പാക്കുക. അവസാനം വാങ്ങുന്ന അടിസ്ഥാനശമ്പളത്തിന്റെ പകുതി തുക മാസംതോറും കിട്ടുന്ന പങ്കാളിത്ത പെൻഷൻ രീതിയാണ് ആന്ധ്ര നടപ്പാക്കിയത്. മിക്ക ബിജെപി ഇതര സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്കു പോയെങ്കിലും ആന്ധ്ര വേറിട്ടവഴി സ്വീകരിക്കുകയായിരുന്നു.
ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചതു സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ചെറിയ ആശ്വാസമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്, 2019 ജൂലൈ മുതൽ പ്രാബല്യത്തോടെ 11–ാം ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോൾ പ്രഖ്യാപിച്ചതല്ലാതെ പുതിയ സർക്കാർ വന്നശേഷം ഡിഎ വർധന അനുവദിച്ചിട്ടേയില്ല. ഈ വർഷം ജൂലൈയാകുന്നതോടെ നിലവിലെ ശമ്പളപരിഷ്കരണം 5 വർഷം പൂർത്തിയാകുകയും ചെയ്യും. കഴിഞ്ഞ പരിഷ്കരണത്തിൽവന്ന ശമ്പളവർധനയിൽ ഏറിയ പങ്കും അന്നു കുടിശികയുണ്ടായിരുന്ന ഡിഎ ഗഡുക്കൾ അടിസ്ഥാനശമ്പളത്തിൽ ലയിപ്പിച്ചതിലൂടെയുള്ളതായിരുന്നു.
റബറിനു കിലോയ്ക്ക് 250 രൂപ സ്ഥിരവിലയാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പാക്കാത്ത എൽഡിഎഫ് ഇപ്പോൾ പത്തു രൂപ മാത്രം കൂട്ടിയതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്? മറ്റു പല മേഖലകളിലെ കർഷകർക്കും ഇതുപോലെ നാമമാത്ര ആനുകൂല്യങ്ങൾ മാത്രമാണു നൽകിയതെന്ന പരാതിയും ഉയരുന്നുണ്ട്. വ്യാപാരമേഖലയെ ബജറ്റ് മറന്നുവെന്ന പരാതിയും ശക്തമാണ്.
സംസ്ഥാനത്തു വ്യാപിക്കുന്ന പുതുതലമുറ വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും ‘വർക്ക് നിയർ ഹോം’ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനു മൂലധന സബ്സിഡിയും പലിശ സബ്സിഡിയും ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നത് അഭിനന്ദനീയമാണ്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പ്രോജക്ടുകളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ ഇടർച്ചയുണ്ടാവരുത്.
ധനമന്ത്രി നിർമല സീതാരാമന്റെ കേന്ദ്ര ബജറ്റ് അവതരണത്തിലെ അവകാശവാദങ്ങളും രാഷ്ട്രീയ താൽപര്യങ്ങളുമൊക്കെ ചോദ്യം ചെയ്തവർ അറിഞ്ഞിരുന്നോ, മൂന്നു ദിവസത്തിനുശേഷമുള്ള സംസ്ഥാന ബജറ്റിനെക്കുറിച്ചും അതൊക്കെത്തന്നെ പറയാമെന്ന്!