ADVERTISEMENT

പിഎസ്‌സി എന്ന ഭരണഘടനാസ്ഥാപനത്തിൽ നിക്ഷിപ്തമായ ഉത്തരവാദിത്തം ഏറെ വലുതാണ്. ആ സ്ഥാപനത്തിലുള്ള എല്ലാവരും ആ ചുമതല കുറ്റമറ്റു നിർവഹിക്കുന്നുണ്ട് എന്നാണു നാം കരുതിപ്പോരുന്നതും. എന്നാൽ, മാന്യമായൊരു തൊഴിലിനുവേണ്ടി കഷ്ടപ്പെട്ടു മത്സരപ്പരീക്ഷയെഴുതി കാത്തിരിക്കുന്നവരെ സർക്കാർ സംവിധാനങ്ങൾതന്നെ  വിഡ്ഢികളാക്കുന്നതിന്റെ മറ്റൊരു ഉദാഹരണംകൂടി ഇതാ പുറത്തുവന്നിരിക്കുന്നു. 

പൊലീസ് എസ്ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉൾപ്പെടുത്തിയുള്ള പിഎസ്‌സിയുടെ ചുരുക്കപ്പട്ടികയാണ് സംസ്ഥാനത്തെ തെ‍ാഴിലന്വേഷകരിൽ സംശയം ജനിപ്പിക്കുന്നത്. കായികപരീക്ഷയിൽ പങ്കെടുക്കാതെതന്നെ പട്ടികയിൽ ഉൾപ്പെട്ടവരുടെ റജിസ്റ്റർ നമ്പറുകളടക്കം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പരാതി നൽകിയതിനു പിന്നാലെ പിഎസ്‌സി പട്ടിക പിൻവലിച്ചെങ്കിലും ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഇപ്പോഴും ബാക്കിനിൽക്കുന്നു. ഇത്തരം പിഴവുകളിൽ ക്രമക്കേടിനുള്ള വാതിൽ ചിലപ്പോഴെ‍ങ്കിലും തുറന്നുകിടക്കുന്നുവെന്ന സംശയവും ഗൗരവമുള്ളതാണ്.

സംസ്ഥാനത്തെ ഒട്ടേറെ യുവജനങ്ങൾ പിഎസ്‌സി വഴി തൊഴിൽ കാത്തുനിൽക്കുന്നതിനിടെയാണ് ഈ ഗുരുതരപിഴവ് ‘മലയാള മനോരമ’ പുറത്തുകെ‍ാണ്ടുവന്നത്. സബ് ഇൻസ്പെക്ടർ (ഓപ്പൺ / മിനിസ്റ്റീരിയൽ / കോൺസ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പൺ / കോൺസ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകൾ ജയിച്ചവർക്കായിരുന്നു കായികക്ഷമതാപരീക്ഷ. തുടർന്നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലാണു വൻതോതിൽ അനർഹരും ഉൾപ്പെട്ടത്. ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തിയാണു നിയമനം. ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉദ്യോഗാർഥികൾ സംശയമുന്നയിച്ചതിനു പിന്നാലെ 28ന് അതു പിൻവലിക്കുകയായിരുന്നു. 

ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ വിഭാഗത്തിൽ കായികപരീക്ഷാ ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട 928 പേരിൽ 726 പേരും പരീക്ഷ പാസായതാണ് (78% വിജയം) സംശയം ജനിപ്പിച്ചത്. കടുപ്പമേറിയ പരീക്ഷ സാധാരണഗതിയിൽ പകുതിപ്പേർപോലും പാസാകാറില്ല. കായികപരീക്ഷയിൽ പങ്കെടുക്കാതിരുന്ന ഒട്ടേറെപ്പേർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വിശദ പരിശോധനയിൽ വ്യക്തമാവുകയും ചെയ്തു.

പട്ടിക അപ്‍ലോഡ് ചെയ്തപ്പോൾ സംഭവിച്ച ക്ലറിക്കൽ പിഴവാണെന്നും മനസ്സിലായ ഉടൻ പിൻവലിച്ചെന്നും തിരുത്തിയതിനുശേഷം പുനഃപ്രസിദ്ധീകരിക്കുമെന്നുമെ‍ാക്കെ പിഎസ്‍സി വിശദീകരിക്കുന്നുണ്ടെങ്കിലും ഇത്ര ലളിതമായി കൈകഴുകാവുന്ന പിഴവാണോ ഉണ്ടായിരിക്കുന്നത്? രണ്ടോ മൂന്നോ തവണ സൂക്ഷ്മപരിശോധന നടത്തിയശേഷമാണ് പട്ടിക പുറത്തിറക്കാറുള്ളത് എന്നിരിക്കെ, എങ്ങനെയാണ് ഈ ഗുരുതര പിഴവു സംഭവിച്ചതെന്നാണ് ഉദ്യോഗാർഥികളുടെ ചോദ്യം. 

കേരളത്തിൽ സർക്കാർ ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 40 ലക്ഷത്തോളമെന്നാണ് ഏകദേശ കണക്ക്. അഭ്യസ്തവിദ്യരായ ഒട്ടേറെ ചെറുപ്പക്കാരുടെ സുരക്ഷിതഭാവിയിലേക്കുള്ള പടിവാതിലാണ് പിഎസ്‌സി പരീക്ഷകളും അതുവഴിയുള്ള സർക്കാർ ജോലിയും. ഊണും ഉറക്കവും ഉപേക്ഷിച്ചു സ്വയം സമർപ്പിച്ചു പഠിച്ചവരാണ് ഓരോ റാങ്കുപട്ടികയിലും മുന്നിലെത്തുന്നത്. അതുകെ‍‍ാണ്ടുതന്നെ, പട്ടികയിലുണ്ടാവുന്ന പിഴവുകൾക്കു നമ്മുടെ യുവജനങ്ങളു‍ടെ ഭാവിസ്വപ്നങ്ങളുടെതന്നെ വിലയുണ്ട്. ഈ അടിസ്ഥാനവസ്തുത തിരിച്ചറിയാതെ, നിരുത്തരവാദിത്തത്തോടെയാണോ പിഎസ്‌സി പ്രവർത്തിക്കുന്നത്? 

കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ് സർക്കാരാണ്. അവിടേക്കുള്ള ഒരേയെ‍ാരു വാതിലാണ് പിഎസ്‌സി. ആ സ്ഥാപനത്തിൽ കൃത്രിമങ്ങൾ ആരോപിക്കപ്പെടുമ്പോൾ, നമ്മുടെ ചെറുപ്പക്കാരുടെ പ്രതീക്ഷകൾക്കു മങ്ങലേൽക്കുന്നു. കേരളം ഉപേക്ഷിച്ചു മറുനാടു തേടാൻ അത്തരമെ‍ാരു സാഹചര്യം കൂടുതൽപേരെ നിർബന്ധിതരാക്കും. 

പിഎസ്‌സി പരീക്ഷകളുമായും റാങ്ക് ലിസ്റ്റുകളുമായും ബന്ധപ്പെട്ട് പല ക്രമക്കേടുകളും വിവാദങ്ങളുമെ‍ാക്കെ ഇതിനകം ഉണ്ടായ സാഹചര്യത്തിൽ ഇപ്പോഴുണ്ടായ വലിയ പിഴവ് നോട്ടക്കുറവിന്റെ പട്ടികയിൽപ്പെടുത്തി എഴുതിത്തള്ളാനാവില്ല. സംശയങ്ങൾക്ക് എത്രയുംവേഗം വിശ്വാസ്യമായ മറുപടി നൽകേണ്ട ഉത്തരവാദിത്തം പിഎസ്‌സിക്കുണ്ട്. സമാനപ്രശ്നം മറ്റു പട്ടികകളിലും സംഭവിച്ചിട്ടുണ്ടോയെന്നു പിഎസ്‍സി സൂക്ഷ്മപരിശോധന നടത്തണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നതിന്റെ ഗൗരവമറിഞ്ഞുള്ള നടപടികളാണു സർക്കാരിൽനിന്നുണ്ടാകേണ്ടത്.

English Summary:

Editorial about PSC list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com