ADVERTISEMENT

2023 നവംബർ ഏഴിനു ബെംഗളൂരു നഗരത്തിൽ വെള്ളപ്പൊക്ക സമാന അവസ്ഥയായിരുന്നു. അന്ന് 24 മണിക്കൂറിനിടെ 7 സെന്റിമീറ്റർ മഴ തുടർച്ചയായി പെയ്തപ്പോൾ നഗരം വെള്ളക്കെട്ടിലമർന്നു നിശ്ചലമായി. വെറും നാലു മാസത്തിനുശേഷം അതേ നഗരം കുടിവെള്ളമില്ലാതെ വലയുന്നു. 

വെള്ളപ്പൊക്കവും വരൾച്ചയും തുടർക്കഥയാകുമ്പോൾ അതെന്തുകൊണ്ട് എന്ന ചോദ്യവും പരിഹാരനിർദേശങ്ങളും പ്രസക്തമാണ്. ഇതേ പ്രതിസന്ധി കേരളത്തിലെ ഏതൊരു പ്രദേശവും നാളെ നേരിടുമെന്നതിൽ സംശയമില്ല. കാലാവസ്ഥമാറ്റം മഴയുടെ അളവിനെയും വിതരണക്രമത്തെയും അന്തരീക്ഷ താപനിലയെയുമൊക്കെ ബാധിച്ചിരിക്കുന്നു. ആകെ മഴയുടെ അളവിൽ വലിയ വ്യത്യാസമില്ലെങ്കിലും മഴദിനങ്ങളുടെ എണ്ണം കുറയുന്നു; അതിതീവ്രമഴ അസാധാരണമല്ലാതാകുന്നു. കോഴിക്കോട്ടു കഴിഞ്ഞവർഷം 108 ദിവസമാണ് മഴ പെയ്തത്. ദീർഘകാല ശരാശരി നോക്കുമ്പോൾ ഏകദേശം 125 മഴദിനങ്ങളാണ് ഒരുവർഷം വേണ്ടത്. ചില പ്രദേശങ്ങളിൽ ഒറ്റദിവസം 14 സെന്റിമീറ്റർവരെ തീവ്രമഴ പെയ്തപ്പോൾ ഏതാനും കിലോമീറ്റർ അകലെയുള്ളിടങ്ങളിൽപോലും മഴ ലഭ്യമാകാത്ത അവസ്ഥയുമുണ്ടായി.  

തുടർച്ചയായതും ശക്തവുമായ മഴ നീരൊഴുക്ക് കൂട്ടുന്നു, മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും ഇടയാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ കിനിഞ്ഞിറങ്ങലും അതുവഴിയായ ഭൂജലപരിപോഷണവും കുറയുന്നു. വ്യാപകമായ മലിനീകരണവും നദികളുടെയും തണ്ണീർത്തടങ്ങളുടെയും കയ്യേറ്റവും സ്ഥിതി രൂക്ഷമാക്കുന്നു. വേഗത്തിലുള്ള നഗരവൽക്കരണം ഞെരുക്കുന്നത് പ്രദേശത്തെ ഹരിതാവരണത്തെയും ജലസമ്പത്തിനെയുമാണ്. 50 വർഷത്തിനിടെ ബെംഗളൂരുവിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ നഗരവിസ്തൃതിയുടെ എട്ടു ശതമാനത്തിൽനിന്ന് 87 ശതമാനമായി വർധിച്ചെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ചെറുകാടുകളും മരങ്ങളും അടങ്ങിയ സസ്യാവരണം 68 ശതമാനത്തിൽനിന്നു മൂന്നു ശതമാനമായി ചുരുങ്ങി. ജലവിതാനത്തിൽ 79 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം നഗരത്തിലെ ജനസംഖ്യയിൽ പത്തു വർഷത്തിനിടെ 40 ലക്ഷത്തിന്റെ വർധനയുണ്ടായി. 

ബെംഗളൂരു നഗരത്തിലെയും നഗരപ്രാന്തങ്ങളിലെയും തടാകങ്ങൾക്കെല്ലാം കൂടി 4160 കോടി ലീറ്റർ ജലം ഉൾക്കൊള്ളാനാകും എന്നതു പരിഗണിക്കുമ്പോൾതന്നെ പ്രതിദിനം 100 കോടി ലീറ്റർ മലിനജലം ഇവയിലേക്കു തള്ളുന്നു എന്നകാര്യവും വിസ്മരിക്കരുത്. വർധിച്ച കോൺക്രീറ്റ്‌വൽക്കരണവും റോഡ് നിർമാണവും ഭൂമിനികത്തലും നഗരത്തിന്റെ പച്ചപ്പുതപ്പിനെ നശിപ്പിച്ചതിനൊപ്പം നഗരത്തിന്റെ ജീവനാഡികളായ തടാകങ്ങളുടെ പരസ്പര ബന്ധിത ശൃംഖലയെ തകർക്കുകയും ചെയ്തു. ഭൂമിയുടെ ഉള്ളറകളിലേക്കു മഴവെള്ളം എത്തുന്നതു കുറഞ്ഞു; തൽഫലമായി നഗരത്തിന്റെ ജലാവശ്യകതയിൽ പകുതിയോളം തരുന്ന കിണറുകൾ വറ്റി.

കയ്യിലുള്ള വെള്ളം കേരളം കരുതിവയ്ക്കണം

ഇപ്പറഞ്ഞ സാഹചര്യങ്ങളെല്ലാം ഏതു പ്രദേശത്തിനും ബാധകമാണ്. പ്രശ്നകാരണങ്ങളിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും സാഹചര്യത്തിൽ വലിയ വ്യത്യാസമില്ല. ഭൂപ്രകൃതിയുടെയും മഴക്കാലത്തിന്റെയും പ്രത്യേകതമൂലം കേരളത്തിൽ ഇതേ സാഹചര്യം ഉണ്ടാവാനുള്ള സാധ്യത വളരെ അകലെയല്ല. കാലാവസ്ഥമാറ്റം തടയാനും ലഘൂകരിക്കാനുമുള്ള പ്രവർത്തനങ്ങൾക്കു പുറമേ  കാലാവസ്ഥാവ്യതിയാനത്തിന്റെ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് അതിനോടു പൊരുത്തപ്പെടുകയും വേണം. 

കാലാവസ്ഥമാറ്റത്തിനനുസരിച്ച് നമ്മുടെ ജീവിത– കൃഷിരീതികളിൽ മാറ്റംവേണം. ജലപുനരുപയോഗ സാധ്യതകൾ കണ്ടെത്തണം. ഉപയോഗിച്ച വെള്ളം പൂർണമായും മലിനീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ ശുദ്ധീകരിച്ചു പുനരുപയോഗിക്കണം. ഈ വെള്ളം കുടിക്കാനും അടുക്കള ആവശ്യങ്ങൾക്കുമൊഴിച്ച് മറ്റെല്ലാ കാര്യങ്ങൾക്കും പറ്റും. ജലം ഏറെ വേണ്ടിവരുന്ന കൃഷിമേഖലയിൽ ജല സേചനത്തിനു ശുദ്ധീകരിച്ച മലിനജലം ഒരു പരിധിവരെ ഉപയോഗിക്കാം. രാജ്യത്തെ ആകെ ജല ഉപയോഗത്തിന്റെ 70 ശതമാനത്തോളം ജലസേചന ആവശ്യങ്ങൾക്കാണെന്നതിനാൽ ഇതിന്റെ പ്രസക്തിയേറെ. മഴവെള്ള സംഭരണവും ഭൂജല പരിപോഷണവും നാം ഏറെക്കാലമായി ചർച്ച ചെയ്യുന്നതാണെങ്കിലും വ്യക്തമായ ആസൂത്രണത്തോടെ കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. മഴ വരുമ്പോൾ വേനലിനെ മറക്കുകയും കടുംവേനലിൽ പരിഹാരമാർഗങ്ങളില്ലാതെ  ഉഴലുകയും ചെയ്യുകയാണു പതിവ്.

ഡോ. മനോജ് പി.സാമുവൽ
ഡോ. മനോജ് പി.സാമുവൽ

അനുയോജ്യ ഇടങ്ങളിൽ കുടിവെള്ളാവശ്യത്തിന് അടച്ചുറപ്പുള്ള ചെറു പുരപ്പുറ മഴവെള്ള സംഭരണികളും ജലസേചനത്തിന്  വലിയ പടുതാക്കുളങ്ങളും ആകാം. വിവിധ കാര്യങ്ങൾക്കുള്ള ജലാവശ്യകത കണക്കുകൂട്ടി വേണം ഇത്തരം സംഭരണികൾ നിർമിക്കാൻ. പെയ്യുന്ന മഴയുടെ അളവും പുരപ്പുറത്തിന്റെ അല്ലെങ്കിൽ ഭൂമിയുടെ വിസ്‌തൃതിയും അറിയാമെങ്കിൽ എത്ര അളവിലാണ് ജലലഭ്യത എന്നു കണക്കാക്കാം. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തടിസ്ഥാനത്തിൽ രൂപീകരിക്കുന്ന ജലബജറ്റ് സൂക്ഷ്മതലത്തിലെ ജലാവശ്യകതയും ജലലഭ്യതയും തുലനം ചെയ്തു തയാറാക്കുന്ന രേഖയാണ്. കൃഷിക്കും കുടിക്കാനും ഗാർഹികാവശ്യങ്ങൾക്കും ഒപ്പം മൃഗസംരക്ഷണം, ടൂറിസം, ഫിഷറീസ് തുടങ്ങിയ മേഖലകളിലേക്കുള്ള ആവശ്യങ്ങളും മഴ, ഭൂജലം, ഉപരിതലജലം, ഒഴുകിപ്പോകുന്ന വെള്ളം തുടങ്ങിയവയും പരിഗണിച്ചാണ് ജലബജറ്റ് തയാറാക്കുന്നത്. ഭാവിയിലെ ജലസംരക്ഷണത്തിനും വിതരണത്തിനും സുസ്ഥിര വിനിയോഗത്തിനും ഇത് അടിസ്ഥാന രേഖയാകുമെന്നതിൽ സംശയമില്ല.

ഭൂമിയുടെ ഉള്ളറകളിലേക്കു വെള്ളമെത്തിക്കാൻ വായ കീറിക്കൊടുക്കുന്ന മഴക്കുഴികൾ തുടങ്ങിയ ഏതു ഭൂജലപരിപോഷണ മാർഗങ്ങൾ അവലംബിക്കുമ്പോഴും സ്ഥലത്തിന്റെ പ്രത്യേകതയും ചരിവും മഴയുടെ അളവും അവിടുത്തെ കൃഷിസമ്പ്രദായങ്ങളുമൊക്കെ പരിഗണിക്കണം. കുന്നിൻചരിവുകളിലും മറ്റും മണ്ണ്-ജല സംരക്ഷണ മാർഗങ്ങൾ  പ്രധാനപ്പെട്ടതാണെങ്കിലും അനുയോജ്യമായ രൂപകൽപനയില്ലാതെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഒരുപക്ഷേ  ഗുണത്തേക്കാളേറെ ദോഷം ചെയ്യും. 

പഞ്ചായത്തുതലത്തിൽ നിരീക്ഷണം വേണം

കാലാവസ്ഥമാറ്റം പ്രവചിക്കാനുള്ള സംവിധാനങ്ങളും മുന്നറിയിപ്പു സംവിധാനങ്ങളും വികസിപ്പിക്കുകയും അതിനനുസരിച്ച്  ഒരുക്കങ്ങൾ നടത്തുകയും വേണം. വെള്ളപ്പൊക്കവും വരൾച്ചയും മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ പ്രതിരോധസംവിധാനങ്ങൾ  കൂടുതൽ കാര്യക്ഷമമായി ആവിഷ്‌കരിക്കാനാവും. ഈ വിവരങ്ങൾ കൃത്യമായും സമയബന്ധിതമായും ബന്ധപ്പെട്ട ഏജൻസികളിലേക്കും സമൂഹത്തിലേക്കും എത്തിക്കാനും കഴിയണം. (മൊബൈൽ ആപ്പായോ എസ്എംഎസ് അലർട്ട്  സംവിധാനമായോ മറ്റോ). പ്രവചന സംവിധാനങ്ങൾ വികസിപ്പിക്കുമ്പോഴുള്ള പ്രധാന വെല്ലുവിളി പ്രാദേശികതലത്തിലുള്ള കാലാവസ്ഥ വിവരങ്ങൾ ലഭ്യമല്ലെന്നതാണ്. അതുകൊണ്ടുതന്നെ പഞ്ചായത്തുതലത്തിൽ ഓട്ടമാറ്റിക് കാലാവസ്ഥാ  നിരീക്ഷണ സംവിധാനങ്ങൾ നിലവിൽ വരേണ്ടതുണ്ട്. 

മഴസ്ഥിതിയും താപനിലയും ബാഷ്പീകരണത്തോതും അടക്കമുള്ള വിവരങ്ങൾ കൃത്യമായും ക്രമമായും രേഖപ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും കൈമാറാനും കഴിയണം. അടുത്ത തലമുറയ്ക്കു നമുക്കു കൈമാറ്റം ചെയ്യാൻ കഴിയുന്ന വലിയ സമ്പത്താണ് ഇത്തരം വിവരസഞ്ചയം.

നിർമിതബുദ്ധിയും ഇലക്ട്രോണിക് സെൻസറുകളും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചു വിളയുടെ തത്സമയ ജലാവശ്യകതയറിഞ്ഞ് ജലസേചനം നടത്താനുള്ള സംവിധാനങ്ങൾ വേണം. വരൾച്ച സാധ്യതയുള്ള ഇടങ്ങളിൽ വെള്ളമധികമായി വേണ്ട വിളകൾ ഒഴിവാക്കാം.

കാസർകോട്ടെ സുരങ്കകൾപോലെ പരമ്പരാഗത അറിവുകളും വിദ്യകളും കണ്ടെത്തി മെച്ചപ്പെടുത്തി പ്രചരിപ്പിക്കണം. പങ്കാളിത്ത ജലസേചനവും ജലസംരക്ഷണവും പ്രോത്സാഹിപ്പിക്കണം. ജലസാക്ഷരത സ്കൂൾ-കോളജ് പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കണം. 

ജലമലിനീകരണം തടയാൻ ജാഗ്രതാസമിതികൾ വേണം. വെള്ളം മലിനമാക്കുന്നവർക്ക് ഉയർന്ന പിഴ ചുമത്തണം. ജല ആവശ്യം കുറഞ്ഞ വ്യവസായങ്ങൾക്കും ഫ്ലാറ്റുകൾക്കും കെട്ടിടങ്ങൾക്കുമൊക്കെ വൈദ്യുതി- ജലക്കരങ്ങളിൽ കുറവുവരുത്താം. അമിത ഭൂജലചൂഷണം നടത്തുന്നവയ്ക്കു പിടി വീഴണം.  

പാടവും കാവും കാടും തോടും കുളവുമൊക്കെ ചേരുന്ന പ്രകൃതിദത്ത ജലസംഭരണ പരിപോഷണ വിതരണ സംരക്ഷണ ശൃംഖലകളെ തകർക്കുന്ന വികസന പ്രവർത്തനങ്ങൾക്കു നിയന്ത്രണം വേണം. ഓരോ മാസത്തിലും ഓരോ പ്രദേശത്തും ചെയ്യാനുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾ അക്കമിട്ട് അടയാളപ്പെടുത്തി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കണം. ജലലഭ്യതയ്ക്കനുസരിച്ചു കൃഷിയിലും വിഭവ ഉപയോഗത്തിലും മാറ്റം വേണം. ഈ വരണ്ട വേനൽക്കാലത്തിനപ്പുറം ഒരു നീരുറവയുണ്ടെന്ന പ്രത്യാശയോടൊപ്പം കാലാവസ്ഥമാറ്റവും നമ്മുടെ പ്രവർത്തനങ്ങളുമൊക്കെ അതിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവും പ്രധാനമാണ്. മഴവെള്ള സംഭരണം, ഭൂജലപരിപോഷണം, ജലമലിനീകരണം തടയൽ, ജലപുനരുപയോഗം, മിതമായ ജലഉപയോഗം എന്നീ പഞ്ചശീലങ്ങളാകട്ടെ നമ്മുടെ നാളെകളെ ഉണർത്തുന്നത്. ഈ തിരഞ്ഞെടുപ്പുകാലത്ത് ഇവ മുദ്രാവാക്യമാക്കി ‘ജലസമാധാനം’ സൃഷ്‌ടിക്കുന്നവർക്കാകട്ടെ നമ്മുടെ വോട്ട്.

(കോഴിക്കോട് സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ)

English Summary:

Writeup about water crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com