കേന്ദ്രവേട്ട ചെറുത്തുനിൽക്കാൻ പ്രതിപക്ഷം; ഇന്ത്യാസഖ്യ റാലി ഇന്ന് ഡൽഹിയിൽ; 28 പാർട്ടികൾ പങ്കെടുക്കും
Mail This Article
ന്യൂഡൽഹി ∙ പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെ, ഇന്ത്യാസഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനം ഇന്നു ഡൽഹിയിൽ നടക്കും. ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രാവിലെ 10 മുതൽ ഉച്ചയ്ക്കു 2 വരെ രാംലീല മൈതാനത്തു നടക്കുന്ന റാലിയിൽ 28 പാർട്ടികൾ പങ്കെടുക്കുമെന്നു കോൺഗ്രസ് അറിയിച്ചു.
റാലിയുടെ പശ്ചാത്തലം
∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റിനെതിരെയാണ് ആദ്യം റാലി പ്രഖ്യാപിച്ചതെങ്കിലും വ്യക്തികേന്ദ്രീകൃതമാക്കാതെ സഖ്യത്തിന്റെ കൂട്ടായ പ്രതിരോധമെന്ന ധാരണയിലേക്കു പിന്നീട് നേതാക്കളെത്തി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ ഇന്ത്യാസഖ്യത്തിന്റെ മറ്റ് ഒട്ടേറെ നേതാക്കളും ജയിലിലാണ്.
∙ ആദായനികുതി വകുപ്പ് കോൺഗ്രസിനു തുടർച്ചയായി നോട്ടിസ് അയയ്ക്കുന്നു. കഴിഞ്ഞദിവസം 1823 കോടി രൂപയുടെ പുതിയ നോട്ടിസെത്തി.
∙ 11 കോടി രൂപ കുടിശിക ആവശ്യപ്പെട്ട് സിപിഐക്കും ആദായനികുതി നോട്ടിസ് ലഭിച്ചു. റിട്ടേണിൽ പഴയ പാൻകാർഡ് നമ്പർ ഉപയോഗിച്ചെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
∙ ബാങ്ക് അക്കൗണ്ട് വിവരം റിട്ടേണിൽ രേഖപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ 2016–17ലെ നികുതിയിളവ് നേരത്തേ റദ്ദാക്കിയിരുന്നു. 15.59 കോടി രൂപ അടയ്ക്കണമെന്നു നോട്ടിസും അയച്ചിരുന്നു. കേസ് ഡൽഹി ഹൈക്കോടതിയിലാണ്.
∙ തീർപ്പായ കേസിൽ കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് തനിക്കു വീണ്ടും നോട്ടിസ് അയച്ചെന്ന് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാർ അറിയിച്ചു.
ഇ.ഡിക്കു മുന്നിൽ ഒരു മന്ത്രി കൂടി
ഡൽഹി മദ്യനയക്കേസിൽ മന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ കൈലാഷ് ഗെലോട്ടിനെക്കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ആഭ്യന്തര, ഗതാഗത, നിയമ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഗെലോട്ടിന്റെ ചോദ്യംചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു.