മദ്യനയക്കേസ്: ‘പണം വാങ്ങി, തെളിവുണ്ട്’: കേജ്‌രിവാളിനെതിരെ ഹൈക്കോടതി
Mail This Article
ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി കടുത്ത പരാമർശങ്ങളോടെ തള്ളി. മദ്യനയവുമായി ബന്ധപ്പെട്ട് കേജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും തെളിവുകൾ വ്യക്തമാക്കുന്നുവെന്നു ജസ്റ്റിസ് സ്വർണ കാന്ത ശർമ വിധിയിൽ പറഞ്ഞു. ‘നയരൂപീകരണത്തിലും അതിനു പ്രത്യുപകാരം ആവശ്യപ്പെടുന്നതിലും അദ്ദേഹം ഭാഗമായിരുന്നു’– കേജ്‌രിവാളിനും ആംആദ്മി പാർട്ടിക്കും (എഎപി) തിരിച്ചടിയായ വിധിയിൽ പറയുന്നു.
മാർച്ച് 21ന് അറസ്റ്റിലായ കേജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് എഎപി അറിയിച്ചു. അറസ്റ്റ് നടപടി അംഗീകരിക്കുന്നതിനു തുല്യമാകുമെന്നതിനാൽ കേജ്‌രിവാൾ ഇതുവരെ ജാമ്യാപേക്ഷ നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
എഎപി കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന വിജയ് നായർ 100 കോടി രൂപ സൗത്ത് ഗ്രൂപ്പ് എന്ന മദ്യക്കമ്പനിയിൽനിന്നു സ്വീകരിച്ചെന്നും കേജ്‌രിവാളിനും എഎപിക്കും വേണ്ടിയാണിതെന്നു സാക്ഷിമൊഴിയിൽ വ്യക്തമാണെന്നും ഉത്തരവിൽ പറയുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ (പിഎംഎൽഎ) 70–ാം വകുപ്പ് കേസിൽ ബാധമാണ്. കമ്പനികളുടെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വകുപ്പാണിത്. തിരഞ്ഞെടുപ്പു സമയത്തെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന വാദം കോടതി തള്ളി. കള്ളപ്പണക്കേസിലെ അറസ്റ്റിനും കോടതി നടപടികൾക്കും തിരഞ്ഞെടുപ്പു സമയം ബാധകമല്ലെന്നും വിലയിരുത്തി.
മാപ്പുസാക്ഷിമൊഴി നിലനിൽക്കും
മാപ്പുസാക്ഷികളുടെ മൊഴികളിലാണ് കേജ്‌രിവാളിനെതിരെ ആരോപണമുള്ളതെന്നും ഇതിനു പ്രത്യുപകാരമെന്ന നിലയിലാണ് അവരെ ജയിലിൽനിന്നു മോചിപ്പിക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകുകയും ചെയ്തതെന്നുമുള്ള വാദവും കോടതി തള്ളി. ‘മാപ്പുസാക്ഷികളുടെ മൊഴി കോടതിയാണ് രേഖപ്പെടുത്തിയത്; അന്വേഷണ ഏജൻസിയല്ല. അതിനാൽ തന്നെ അതു നിലനിൽക്കുന്നു.’ തിരഞ്ഞെടുപ്പിൽ ആരു ടിക്കറ്റ് നൽകിയെന്നതും ഇലക്ടറൽ ബോണ്ട് ആരു വാങ്ങിയെന്നതും കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും ജസ്റ്റിസ് ശർമ വ്യക്തമാക്കി.