മമത സർക്കാരിന് തിരിച്ചടി; 24,000 അധ്യാപകരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
Mail This Article
കൊൽക്കത്ത∙ ബംഗാളിൽ 2016 ൽ നടന്ന സ്കൂൾ അധ്യാപക നിയമനം കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. ഇതോടെ 24,000 പേർക്ക് തൊഴിൽ നഷ്ടപ്പെടും. സർക്കാരിൽനിന്നു കൈപ്പറ്റിയ ശമ്പളം നാലാഴ്ചക്കുള്ളിൽ ഇവർ തിരികെ അടയ്ക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പണം വാങ്ങിയാണു നിയമനം നടന്നതെന്നു കണ്ടെത്തിയ കോടതി നിയമനരീതിയെക്കുറിച്ച് 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ സിബിഐയോട് ആവശ്യപ്പെട്ടു. നേരത്തേ ബംഗാൾ മന്ത്രി പാർഥ ചാറ്റർജി ഉൾപ്പെടെയുള്ളവരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച് താംലൂക്ക് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന അഭിജിത് ഗംഗോപാധ്യായയാണ് സ്കൂൾ നിയമന കുംഭകോണക്കേസിൽ സിബിഐ അന്വേഷണത്തിന് നേരത്തേ ഉത്തരവിട്ടിരുന്നത്.
ഉദ്യോഗാർഥികളുടെ ഒഎംആർ ഷീറ്റുകൾ പരിശോധിച്ചതിൽ ഉത്തരം രേഖപ്പെടുത്താത്തവർക്കു നിയമനം നൽകിയതായി കോടതി കണ്ടെത്തി. 24,640 ഒഴിവുകളിലേക്കു 23 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്. 25,753 നിയമന ഉത്തരവുകൾ നൽകിയതായി ഏതാനും പരാതിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ബംഗാൾ സെൻട്രൽ സ്കൂൾ സർവീസ് കമ്മിഷൻ 2016 ൽ നടത്തിയ അധ്യാപക ഇതര നിയമനവും കോടതി റദ്ദാക്കി. നിയമനത്തിനായി പുതിയ പാനൽ രൂപീകരിക്കാൻ കോടതി കമ്മിഷനോട് ആവശ്യപ്പെട്ടു.
കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും ബിജെപി നേതാക്കൾ കോടതിയെ സ്വാധീനിക്കുകയാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ജോലി നഷ്ടപ്പെട്ടവർക്കൊപ്പം സർക്കാർ നിൽക്കുമെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.