ADVERTISEMENT

തലസ്ഥാന നഗരത്തിന്റെ പകിട്ടുള്ള തിരുവനന്തപുരത്തിനോ അതോ എംപിയായ ശശി തരൂരിനോ ഗ്ലാമർ കൂടുതലെന്നു ചോദിച്ചാൽ വോട്ടർമാർ കുഴങ്ങും. ആ ‘തരൂർ ഇഫക്ടിനെ’ ഇത്തവണ മറികടക്കാൻ എൽഡിഎഫിന്റെ ജനകീയ മുഖമായ പന്ന്യൻ രവീന്ദ്രനോ ബിജെപിയുടെ ഐടി മുഖം രാജീവ് ചന്ദ്രശേഖറിനോ കഴിയുമോ എന്നതാണ് ഇനിയങ്ങോട്ടു തലസ്ഥാനം ചർച്ച ചെയ്യുന്നത്.

Read Also: ജനങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ‘ജനപ്രതിനിധി’ ഒപ്പമുണ്ടാകണം; വയനാട്ടിലെ പോരിൽ മനസ്സുതുറന്ന് ആനി രാജ...

2009 ൽ അപരിചിതനായി വന്ന് തിരുവനന്തപുരം കീഴടക്കിയ തരൂർ പിന്നീടങ്ങോട്ട് മണ്ഡലവുമായി അത്രമേൽ താദാത്മ്യം പ്രാപിച്ചു. ആ ജൈത്രയാത്ര എൽഡിഎഫിനെയാണു വല്ലാതെ ക്ഷീണിപ്പിച്ചത്. കഴിഞ്ഞ രണ്ടു തവണയും മൂന്നാം സ്ഥാനത്തായി. തരൂരിനു പറ്റിയ എതിരാളിയെ കണ്ടെത്താൻ പോലും കഴിയുന്നില്ലെന്ന ചർച്ച സിപിഐക്കു നീറ്റലായി. കണ്ണൂരുകാരനെങ്കിലും തലസ്ഥാനവുമായി ഇഴുകിച്ചേർന്ന പന്ന്യൻ രവീന്ദ്രനെ നിർബന്ധപൂർവം സ്ഥാനാർഥിയാക്കി. 75 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ സംസ്ഥാന നേതൃനിരയിൽ നിന്ന് ഒഴിവാക്കിയ നേതാവിനെ തന്നെ അഭിമാനം കാക്കാനായി സിപിഐക്ക് അഭയം പ്രാപിക്കേണ്ടി വന്നു. തൃശൂർ ദേശമംഗലം കൊണ്ടയൂരിൽ ജനിച്ച് രാജ്യത്തെ പ്രമുഖ ടെക്നോക്രാറ്റായി വളർന്ന് കേന്ദ്രമന്ത്രിപദം വരെ എത്തിയ രാജീവ് ചന്ദ്രശേഖറിനെ തരൂരിന് ഒത്ത എതിരാളിയായി ബിജെപി അവതരിപ്പിക്കുന്നു.

‘തിര്വോന്തരംകാർ’ അല്ലാത്ത ഈ മൂന്നു പേരാണ് ശ്രീപത്മനാഭന്റെ മണ്ണ് പിടിക്കാൻ ഇറങ്ങുന്നത്. ഭരണത്തിന്റെ ഗുണദോഷ വിചാരങ്ങൾ തൊട്ട് സാമുദായിക ഘടകങ്ങൾ വരെ വിധി നിർണയിക്കുന്ന ഇവിടെ തുല്യ പ്രാധാന്യമുള്ളതാണ് സ്ഥാനാർഥിയുടെ വ്യക്തി സവിശേഷതകൾ. സംഘടനാ ദൗർബല്യങ്ങളും സ്വന്തം പാളയത്തിലെ പ്രശ്നങ്ങളും അലട്ടിയ 2019 ലും 99,989 വോട്ടിന്റെ വൻഭൂരിപക്ഷത്തിനു തരൂർ ജയിച്ചു കയറിയത് അതിനു തെളിവാണ്. എതിർ പ്രചാരണങ്ങൾ തുടങ്ങിക്കഴിഞ്ഞതോടെ അതേ സ്വാധീനം നിലനിർത്താൻ തരൂരിന് കഴിയുമോ എന്നത് ഉറ്റുനോക്കപ്പെടും. ഇതുവരെ വിശ്വപൗര പ്രതിഛായയുള്ള കോൺഗ്രസ് നേതാവായാണ് തരൂർ മത്സരിച്ചതെങ്കിൽ ഇത്തവണ കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വം നൽകുന്ന സംഘടനാപരമായ ആധികാരികതയോടു കൂടിയാണ് വരവ്.

പരിചയപ്പെടുന്നവർക്കെല്ലാം ‘രവിയും’ ‘രവിയേട്ടനുമായി’ മാറുന്ന സ്വാരസ്യമാണ് പന്ന്യൻ രവീന്ദ്രൻ എന്ന രാഷ്ട്രീയ നേതാവിനെ വ്യത്യസ്തനാക്കുന്നത്. നീണ്ടു മെലിഞ്ഞ ആ രൂപവും നീട്ടി വളർത്തിയ മുടിയും ഈ നാട്ടുകാർക്കും പരിചിതം. 2005ലെ ഉപതിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് ഏറ്റവുമൊടുവിൽ ചെങ്കൊടി പാറിക്കാൻ കഴിഞ്ഞതും പന്ന്യനു തന്നെ.

ഒരു വർഷമായി തലസ്ഥാനത്തെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നതു കൊണ്ടുതന്നെ ബിജെപി അഭ്യൂഹപ്പട്ടികയിലെ ആദ്യപേരുകാരിൽ ഒരാളായിരുന്നു രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനത്തെത്തുക വഴി മണ്ഡലത്തിൽ ബിജെപി ഉറപ്പിച്ചു കഴിഞ്ഞ സ്വാധീനവും ടെക്നോപാർക്കും മറ്റും സൃഷ്ടിക്കുന്ന പുതിയ വോട്ടർമാരുടെ സമൂഹവും അദ്ദേഹത്തിനു കരുത്തു പകരുമെന്നാണു പാർട്ടി കേന്ദ്രങ്ങളുടെ വിശ്വാസം.

മുന്നണികൾ എന്ന നിലയിൽ മത്സരിച്ചു തുടങ്ങിയ 1980 മുതലുള്ള ചരിത്രം എടുത്താൽ 9 തവണ തലസ്ഥാനം യുഡിഎഫിനെ വരിച്ചു; ഇടതിനെ മൂന്നു വട്ടം സ്നേഹിച്ചു. കഴിഞ്ഞ തവണ ഏഴിൽ ആറു നിയമസഭാ മണ്ഡലത്തിലും യുഡിഎഫ് വൻമാർജിൻ നേടിയെങ്കിലും നേമത്ത് ബിജെപിക്കായിരുന്നു ലീഡ്. നിയമസഭാ തിരഞ്ഞെടുപ്പായപ്പോൾ നേമം അടക്കം ആറുമണ്ഡലം എൽഡിഎഫ് പിടിച്ചു; കോവളം യുഡിഎഫിനൊപ്പവും. മൂന്നു മുന്നണികൾക്കും ഇവിടെ ശക്തിയും പ്രതീക്ഷയും ഉള്ളതു കൊണ്ടുതന്നെ കാണാൻ പോകുന്നത് തിരുവനന്ത‘പൂരം’.

English Summary:

Loksabha election 2024 Thiruvananthapuram constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com