ADVERTISEMENT

വയനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ മലയാളി ആണോ എന്നു സംശയം പ്രകടിപ്പിച്ചവരുണ്ട്. വയനാട് ജില്ലയോടു ചേർന്നുകിടക്കുന്ന കണ്ണൂർ ജില്ലയിലെ ആറളത്ത് ജനിച്ചുവളർന്ന ശുദ്ധമലയാളിയാണ് ആനി രാജ എന്ന് അടുത്ത ദിവസങ്ങളിൽ ആളുകൾ മനസ്സിലാക്കിത്തുടങ്ങി. വയനാട്ടിലെ കുന്നും മലയും താഴ്‌വാരങ്ങളും ആനി രാജയ്ക്ക് അപരിചിതമല്ല. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സമയത്ത് ആനി വയനാട്ടിലൂടെ നിരന്തരം സഞ്ചരിച്ചിട്ടുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയെ വിവാഹം ചെയ്തശേഷമാണ് തമിഴ്നാട്ടിലേക്കും പിന്നീട് ഉത്തരേന്ത്യയിലേക്കും പ്രവർത്തനം മാറിയത്. എന്നിരുന്നാലും ആനിയുടെ വേരുകൾ ഇപ്പോളും വയനാടിനോട് ചേർന്നുള്ള ആറളത്താണ്. 

യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുമ്പേ ആനി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കുട്ടികളെയും സ്ത്രീകളെയും ചേർത്തു നിർത്തിയാണു പ്രചാരണം. എഐഎസ്എഫ് നേതാവും ജെഎൻയു വിദ്യാർഥിയുമായ മകൾ അപരാജിതയും ഒപ്പമുണ്ട്. സ്ത്രീപക്ഷ പോരാട്ടങ്ങൾക്ക് എന്നും മുൻപന്തിയിൽ നിൽക്കുന്ന ആനി രാജ മനോരമ ഓൺലൈനിനോടു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നു.  

∙ ഇത്രയും കാലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങാൻ കാരണം

സിപിഐ കേഡർ പാർട്ടിയാണ്. മെമ്പർമാർ വിചാരിക്കുമ്പോൾ മത്സരിക്കാനോ മത്സരിക്കാതിരിക്കാനോ സാധിക്കില്ല. ഈ പാർട്ടിക്ക് ഒരു ചട്ടവും ഘടനയുമുണ്ട്. ഇതുവരെ പാർട്ടി എന്നെ ഏൽപ്പിച്ചത് സംഘടനാ പ്രവർത്തനമാണ്. അത് ഒരു വിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തനമാണ്. ജമ്മു കശ്മീർ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നുണ്ട്. അതോടൊപ്പം ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി കൂടിയാണ്. ഇതോടൊപ്പമാണ് മറ്റൊരു ഉത്തരവാദിത്തവും ഏൽപ്പിച്ചത്. പാർട്ടി അംഗം എന്ന നിലയിൽ അത് അംഗീകരിക്കുകയാണ് ചെയ്തത്.

വയനാട് ലോകസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ കൽപറ്റയിൽ നടത്തിയ റോഡ് ഷോ. ചിത്രം : ജിതിൻ ജോയൽ ഹാരിം ∙ മനോരമ
വയനാട് ലോകസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ കൽപറ്റയിൽ നടത്തിയ റോഡ് ഷോ. ചിത്രം : ജിതിൻ ജോയൽ ഹാരിം ∙ മനോരമ

Read More: വിദേശത്ത് കുറ്റവാളികൾ പുറത്തിറങ്ങിയാലും ഇലക്ട്രോണിക് ‘കാൽത്തളകൾ’; ഇവിടെ വീണ്ടും കുരുന്നുകളെ റാഞ്ചും!

∙ വയനാട് തിരഞ്ഞെടുക്കാൻ കാരണം.

പാർട്ടിയാണ് അക്കാര്യം തീരുമാനിച്ചത്. പാർട്ടിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാറില്ല. 

∙ ഇന്ത്യാ സഖ്യത്തോടുള്ള നിലപാട്.

ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള നിലപാടാണ് സിപിഐ എക്കാലവും എടുത്തിട്ടുള്ളത്. പല പാർട്ടികളെയും സഖ്യത്തിലേക്ക് കൊണ്ടുവന്നത് സിപിഐ ആണ്. അത്തരമൊരു നിലപാടെടുക്കാൻ കാരണം ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സ്ഥിതി എന്ന് പറയുന്നത് ഭയാനകമായതുകൊണ്ടാണ്. ഫാഷിസ്റ്റ് ഭരണകൂടം ആ മേഖലയെയെല്ലാം കയ്യടക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയടക്കം വരുതിയിലാക്കി. ഇന്ത്യ ജനാധിപത്യ മതേരത രാജ്യമാണ്.  നഷ്ടമായ ജനാധിപത്യത്തേയും മതേതരത്വത്തെയും വീണ്ടെടുക്കുന്നതിന് ഇന്ത്യാ മുന്നണി ആവശ്യമാണ്. അതിന് വേണ്ടിയുള്ള പ്രവർത്തനമാണ് നടത്തുന്നത്. 

ഡി.രാജയും ആനി രാജയും.(ചിത്രം:ജോസുകുട്ടി പനയ്‌ക്കൽ∙മനോരമ)
ഡി.രാജയും ആനി രാജയും.(ചിത്രം:ജോസുകുട്ടി പനയ്‌ക്കൽ∙മനോരമ)

∙ കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കരുതെന്ന് എൽഡിഎഫ് ആവശ്യപ്പെടുന്നുണ്ടല്ലോ

കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കരുതെന്ന് ആരെങ്കിലും പറഞ്ഞതായി അറിവില്ല. രാഹുൽ ഗാന്ധി വേറെ പാർട്ടിയുടെ ആളാണ്. ആരു മത്സരിക്കണമെന്നത് അവരുടെ തീരുമാനമാണ്. നിലവിലെ വിഷയം ഏതാണ് വലിയ വെല്ലുവിളി എന്നതാണ്. ഈ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ആർഎസ്എസ്, ബിജെപി വർഗീയ ഫാഷിസവും കോർപറേറ്റുകളുമായി ഇവർക്കുള്ള ബന്ധവുമാണ് ഇന്ന് രാജ്യത്തെ സാധാരണക്കാരന്റെ ജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുന്നത്. അതിനെ പാർലമെന്റിനകത്തും പുറത്തും  പ്രതിരോധിക്കേണ്ടതുണ്ട്. ഈ വിഷയങ്ങൾ കാര്യക്ഷമമായി സംസാരിക്കാനും രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ഇടതുപക്ഷത്തിന്റെ പ്രതിനിധികൾ അവിടെ ഉണ്ടാകണമെന്നതാണ് തീരുമാനം. ആ തീരുമാനവുമായിട്ടാണ് മുന്നോട്ടു പോകുന്നത്.

∙ കോൺഗ്രസും സിപിഐയും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് കേൾക്കുന്നു. അങ്ങനെയാണെങ്കിൽ ദേശീയതലത്തിൽ വളരെ സജീവമായി ഒന്നിച്ചു പ്രവർത്തിക്കുന്ന സഖ്യത്തിലെ രണ്ടു നേതാക്കൾ ഇവിടെ ഏറ്റമുട്ടുന്നതിൽ പ്രശ്നമില്ലേ

ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണ സമയത്ത് തന്നെ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്തതാണ്. കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് കാലങ്ങളായി ഏറ്റുമുട്ടുന്നത്. ആ സംവിധാനത്തിന് മാറ്റമുണ്ടാകില്ലെന്ന് തുടക്കത്തിൽ തന്നെ തീരുമാനിച്ചതാണ്. ഓരോ സംസ്ഥാനത്തും അവിടെ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചായിരിക്കും തീരുമാനം. എൽഡിഎഫും യുഡിഎഫും തമ്മിൽ മത്സരിക്കുന്നത് പെട്ടന്നുണ്ടായതല്ല. ഇതേ രീതിയാണ് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ. അതുകൊണ്ട് അതിൽ പുതുമയില്ല. സിപിഐ മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളിൽ ഇത്തരം ചർച്ച ഉയരുന്നില്ല. ഇവിടെ അത്തരം ഒരു ചർച്ചയുണ്ടാകാനുള്ള ശ്രമം നടക്കുന്നുണ്ട്. 

ആനി രാജയും മകൾ അപരാജിതയും.(ചിത്രം:റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ)
ആനി രാജയും മകൾ അപരാജിതയും.(ചിത്രം:റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ)

∙ ഡൽഹിയിൽ ഒരുമിച്ച് നിൽക്കുകയും ഇവിടെ ഏറ്റുമുട്ടുകയും ചെയ്യുന്നത് ബിജെപി ആയുധമാക്കില്ലെ.

ബിജെപി–ആർഎസ്എസ് കോർപറേറ്റ് ബന്ധത്തിനെതിരെയാണ് പോരാട്ടം. ഇതൊരു ജനാധിപത്യരാജ്യമാണ്. ഇവിെട എല്ലാ പാർട്ടികൾക്കും പ്രവർത്തിക്കാൻ സാധിക്കും. ജനാധിപത്യ പ്രക്രിയ പൂർത്തിയാകണമെന്നതാണ് ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താനുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്. അങ്ങനെ പോകുമ്പോൾ ഞങ്ങളെ സഹായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മറ്റു പാർട്ടികളാണ്. 

∙ എം.ഐ.ഷാനവാസ് എംപിയായിരുന്നപ്പോൾ മണ്ഡലത്തിലില്ല എന്ന് ആരോപണമുയർന്നിരുന്നു. രാഹുൽ ഗാന്ധി വന്നപ്പോൾ ആ ആരോപണം വർധിച്ചു. ദേശീയ നേതാവെന്ന നിലയ്ക്ക് താങ്കൾ എംപിയായാലും ഇതേ അവസ്ഥയുണ്ടാകുമെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ടാകില്ലേ

ഇതേവരെ ‍ജനങ്ങൾക്ക് അത്തരമൊരു ആശങ്കയില്ല. ഇനി അത്തരമൊരു ആശങ്ക ജനങ്ങളിൽ കുത്തിവയ്ക്കേണ്ട. സിപിഐ ഒരാളെ ജനപ്രതിനിധിയായി തിര‍ഞ്ഞെടുക്കാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ ഈ കാര്യങ്ങളെല്ലാം ആലോചിച്ച ശേഷമാണ്. ജനപ്രതിനിധി എന്നാൽ ജനങ്ങൾക്ക് ആവശ്യമുള്ളപ്പോളെല്ലാം ജനങ്ങൾക്കൊപ്പമുണ്ടാകണം. ‍‍ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്ന പാർട്ടിയായതിനാൽ അവർക്കൊപ്പം നിൽക്കും. ജനം അവസരം തന്നാൽ അവരോടൊപ്പം ഈ മണ്ഡലത്തിൽ തന്നെയുണ്ടാകും. 

വയനാട് ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ മുക്കത്ത് പര്യടനത്തിന് എത്തിയപ്പോൾ.
വയനാട് ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജ മുക്കത്ത് പര്യടനത്തിന് എത്തിയപ്പോൾ.

∙ വയനാട് നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന് വന്യമൃഗ ശല്യമാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പരാജയമാണെന്ന് ആരോപണമുണ്ട്.

സംസ്ഥാന സർക്കാർ ഈ വിഷയം വളരെ ഗൗരവത്തിലെടുത്തതിന്റെ ഭാഗമായാണ് മൂന്നു മന്ത്രിമാരെ ഇങ്ങോട്ട് അയച്ചത്. എന്തെങ്കിലും കുറവുണ്ടെങ്കിൽ ജനങ്ങൾക്ക് അത് ചൂണ്ടിക്കാണിക്കാം. അതിനനുസരിച്ച് നടപടിയെടുക്കും. ഇന്ന് നിലവിലുള്ള നിയമം കൊണ്ടുവന്നതാര്. എന്തിന് കൊണ്ടുവന്നു തുടങ്ങിയ ചോദ്യം ഉയരുന്നുണ്ട്. വനാവകാശ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാരണം അതിന് പിന്നിലുള്ള അജൻഡ എന്താണെന്ന് അറിയാം. എന്നാൽ പിൻവലിക്കാൻ തയാറാകുന്നില്ല. മനുഷ്യ–വന്യമൃഗ സംഘർഷം പരിഹരിക്കുന്നതിനും മറ്റുമായി കേന്ദ്ര നിയമത്തിന്റെ ആവശ്യമുണ്ട്. അങ്ങനെയുണ്ടായാലേ അതു പരിഹരിക്കപ്പെടൂ. ഇതേ വിഷയം ഉയർത്തി ബിഷപ്പുമാരും വൈദികരും ജനപ്രതിനിധികളും ഉൾപ്പെടുന്ന സംഘം സിപിഐ സെക്രട്ടറി ഡി.രാജയുടെ നേതൃത്വത്തിൽ രണ്ടു വർഷം മുമ്പ് പ്രധാനമന്ത്രിയെ കണ്ടതാണ്. സിപിഐയെ വിശ്വാസമുള്ളതുകൊണ്ടാണ് അവർ ഞങ്ങളെ സമീപിച്ചത്. വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെയുള്ള ചർച്ചകൾ അന്ന് നടന്നു. ആ സംഘത്തിൽ ഞാനുമുണ്ടായിരുന്നു. എന്റെ ജൻമനാട്ടിലും ഇതേ പ്രശ്നമുണ്ട്. എന്റെ പഞ്ചായത്തിലെ ഒരു വാർഡിലെ 12 പേരെ ആന ചവിട്ടിക്കൊന്നതാണ്. ഒന്നും കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ട്. അവിടെയും ഇവിടെയും തമ്മിൽ വലിയ വ്യത്യാസമില്ല. ആറളം സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്താണ് ഞങ്ങൾ കൃഷി ചെയ്തിരുന്നത്. വിളവെടുക്കുന്നതിന് കുറച്ച് ദിവസം മുമ്പ് പന്നിയും മറ്റും നശിപ്പിക്കും. 

∙ ഉത്തരേന്ത്യയിലെ സ്ത്രീകളും കേരളത്തിലെ സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങൾ താരതമ്യം ചെയ്യാൻ സാധിക്കുമോ

താരതമ്യം സാധിക്കുമോ എന്നറിയില്ല. എന്നാൽ ലിംഗനീതിയിൽ എല്ലായിടത്തും പ്രശ്നം നേരിടുന്നുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവനോക്കിയാൽ കേരളം വേറെ ഒരു രാജ്യമാണെന്ന് തോന്നും. സിഎഎ സമരം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് ഡൽഹിയിൽ മാത്രം 28 കേന്ദ്രങ്ങളിൽ സമരം നടന്നു. ദേശീയ മഹിളാ ഫെഡറേഷൻ എല്ലാ സമര കേന്ദ്രങ്ങളും സന്ദർശിക്കാൻ തീരുമാനിച്ചു. ഒരു ധർണ സ്ഥലത്തെത്തി അവിടെയുണ്ടായിരുന്നവരോട് ഞാൻ കേരളത്തിൽനിന്നാണ് വരുന്നതെന്ന് പറ‍ഞ്ഞു. ഞാൻ അവരോട് ചോദിച്ചു നിങ്ങൾക്ക് കേരളത്തെക്കുറിച്ച് അറിയാമോ എന്ന്. അവിടെ ഉണ്ടായിരുന്നവരിൽ കൂടുതൽ മുസ്‌ലിം സ്ത്രീകളായിരുന്നു. അതിൽ ഒരു സ്ത്രീ പറഞ്ഞത് ബിജെപിയെ അധികാരത്തിൽ വരാൻ അനുവദിക്കാത്ത ഇന്ത്യയിലെ ഒരു സംസ്ഥാനം എന്നാണ്. ഇവിടെ എല്ലാം  ഭദ്രമാണെന്നു പറയുന്നില്ല. എന്നാൽ കേരളത്തെയും രാജ്യത്തെ മറ്റു സ്ഥലങ്ങളെയും താരതമ്യം ചെയ്യുമ്പോൾ ഇവിടം മറ്റൊരു ലോകമാണ്. 

∙ പ്രധാന പ്രചാരണ വിഷയങ്ങൾ എന്തൊക്കെയാണ്

ജനാധിപത്യ–മതേതരത്വത്തിന് വെല്ലുവിളിയായി വന്നിരിക്കുന്ന ബിജെപി,ആർഎസ്എസ്–കോർപറേറ്റ് ബന്ധം ചർച്ച ചെയ്യും. ഒപ്പം ഈ മണ്ഡലത്തിലെ ഓരോ പ്രശ്നങ്ങളും ചർച്ച ചെയ്യും. 

∙ സിപിഐക്ക് കേരളത്തിൽ എത്ര സീറ്റും കിട്ടും

നാലു സീറ്റും കിട്ടും

∙ ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമോ

ഇന്ത്യാ സഖ്യം വരണമെന്നാണ് ‍രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ ആഗ്രഹിക്കുന്നത്. ഒപ്പം ഞങ്ങളും. ജനങ്ങളോട് നിങ്ങൾ ഭയപ്പെടേണ്ടെന്ന് പറഞ്ഞ് ആത്മവിശ്വാസം നൽകാൻ സഖ്യത്തിന് സാധിക്കും. ആർഎസ്എസും ബിജെപിയും വീടുവീടാന്തരം കയറി പറയുന്നത് നിങ്ങളുടെ ദൈവം അപകടത്തിലാണ് എന്നാണ്. ഈ രാജ്യത്തെ മുസ്‌ലിംകളും ക്രിസ്ത്യാനികളും നിങ്ങളുടെ ദൈവത്തെ ആക്രമിക്കുകയും എല്ലാം കയ്യടക്കുകയുമാണ് എന്നാണ് പറയുന്നത്. പാവപ്പെട്ട കുടുംബങ്ങളിൽ പോയി പറയുന്നത് റേഷൻ റദ്ദാക്കുമെന്നാണ്. ആകെ അവർക്ക് കിട്ടുന്നത് ഈ റേഷനാണ്. വിവാഹം കഴിക്കാത്ത പെൺകുട്ടികൾ ഉള്ള വീട്ടിൽ പെൺകുട്ടികളുടെ കാര്യം പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ദേശീയ മഹിളാ ഫെഡറേഷൻ സമ്മേളനത്തിന് വരാൻ ത്രിപുരയിൽ നിന്ന് രണ്ടു പെൺകുട്ടികൾ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഇവരുടെ വീട്ടിൽ ബിജെപി പ്രവർത്തകരെത്തി ഭീഷണിപ്പെടുത്തി. ഒടുവിൽ അവർ ടിക്കറ്റ് റദ്ദ് ചെയ്തു. ഇത്തരമൊരു സാഹചര്യമാണ് നിലനിൽക്കുന്നത്. അപ്പോൾ ജനങ്ങൾക്ക് ധൈര്യം കൊടുക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. 

∙ പൂക്കോട് സർവകലാശാല ക്യാംപസിലുണ്ടായ സംഭവത്തിന്റെ വെളിച്ചത്തിൽ എസ്എഫ്ഐ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്ന് തോന്നിയിട്ടുണ്ടോ.

എസ്എഫ്ഐ ഏകാധിപത്യം ഉണ്ടോ എന്നുള്ളതിനെക്കുറിച്ച് അറിയില്ല. എന്നാൽ അവിടെ നടന്നത് നടക്കാൻ പാടില്ലാത്തതായിരുന്നു. കലാലയത്തിൽ കലയും വിദ്യാഭ്യാസവുമാണ് ഉണ്ടാകേണ്ടത്. ഏതു മനുഷ്യന്റെയും ഏറ്റവും നല്ല കാലം കലാലയ ജീവിതമായിരിക്കും. അങ്ങനെയുള്ള സ്ഥലം ഇത്ര ഭയാനകവും കലുഷിതവുമാക്കുന്നത് ആരായാലും അംഗീകരിക്കാൻ സാധിക്കില്ല. ശക്തമായി അപലപിക്കുന്നു. കുറ്റക്കാരെ മുഴുവനും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നാണ് കരുതുന്നത്. 

English Summary:

Loksabha Election 2024: Annie Raja about Wayanad Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com