ADVERTISEMENT

തിരുവനന്തപുരം ∙ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലം. സിദ്ധാർഥന്റെ കുടുംബവും പ്രതിപക്ഷവും ഇതിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു രംഗത്തെത്തിയതോടെ തിരക്കിട്ടു നടത്തിയ അന്വേഷണത്തിനൊടുവിൽ ആഭ്യന്തര വകുപ്പിലെ 3 വനിതാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി വി.കെ.പ്രശാന്ത, സെക്‌ഷൻ ഓഫിസർ വി.കെ.ബിന്ദു, അസിസ്റ്റന്റ് എസ്.എൽ.അഞ്ജു എന്നിവർക്കാണു  സസ്പെൻഷൻ. 

∙ വിഴ്ചകൾ ഇങ്ങനെ: സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള വിജ്ഞാപനം ഈ മാസം 9ന് സർക്കാർ പുറപ്പെടുവിച്ചു. 16ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നൽകി. കത്ത് അയയ്ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിനായിരുന്നു. എന്നാൽ, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിനാണു കത്തു പോയത്. തെറ്റി അയച്ച കത്തിനൊപ്പമാകട്ടെ, നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോർട്ട് നൽകിയില്ല. എഫ്ഐആറിന്റെ ഇംഗ്ലിഷ് പകർപ്പ്, അന്വേഷണ നാൾവഴി, മൊഴികൾ, മഹസർ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ എന്നിവയടക്കം 8 വിവരങ്ങൾ അടങ്ങിയതാണു പ്രൊഫോമ. 

വീഴ്ച പുറത്തുവന്നു വിവാദമായതോടെ, ഇന്നലെ വൈകിട്ട് രേഖകൾ ഇമെയിൽ വഴി സിബിഐയക്കു കൈമാറി. രാത്രി, പൊലീസിന്റെ പ്രത്യേക സെൽ ഡിവൈഎസ്പി എസ്.ശ്രീകാന്ത് മുദ്രവച്ച കവറിൽ രേഖകളുമായി ഡൽഹിക്കു പോവുകയും ചെയ്തു. 

വിജ്ഞാപനം വന്നു 17–ാം ദിവസമാണു നടപടികൾ, സിബിഐ അന്വേഷണം വൈകിപ്പിക്കുന്നുവെന്നു സിദ്ധാർഥന്റെ കുടുംബം ആരോപിച്ചതിനു ശേഷം മാത്രം. അന്വേഷണം വൈകുന്നതു തെളിവു നശിപ്പിക്കലിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇടയാക്കുമെന്നും ആക്ഷേപമുയർന്നിരുന്നു. 

കേസ് അന്വേഷിക്കണോ എന്നു സിബിഐ ഡയറക്ടറാണ് തീരുമാനിക്കേണ്ടത്. അതിനു മുൻപു ബന്ധപ്പെട്ട യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന മേധാവി വഴി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഈ കേസിൽ സിബിഐ പ്രാഥമിക വിവരശേഖരണം നടത്തിക്കഴിഞ്ഞു.

English Summary:

Siddharthan case: Letter seeking CBI inquiry sent to wrong office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com