കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ
Mail This Article
കൊച്ചി ∙ തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് 5 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവയ്ക്ക് റിപ്പോർട്ട് നൽകിയതായി വിവരം. സംസ്ഥാനത്തു സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ പാർട്ടിക്കുള്ള രഹസ്യ നിക്ഷേപം സംബന്ധിച്ചു റിസർവ് ബാങ്ക് വിശദമായ അന്വേഷണം നടത്തണമെന്നും ഇ.ഡി ശുപാർശ ചെയ്തുവെന്നാണു സൂചന.
കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം.എം.വർഗീസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നാളെ കൊച്ചി ഓഫിസിൽ നേരിട്ടു ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എം.എം.വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കുകളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് ഇ.ഡി ആവശ്യപ്പെട്ടിട്ടും നൽകാൻ ഭരണസമിതികൾ തയാറായിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടു പാർട്ടിയുടെ രഹസ്യ അക്കൗണ്ടുകളുടെ ആദ്യ വിവരങ്ങൾ കഴിഞ്ഞ ജനുവരിയിൽ കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും തിരഞ്ഞെടുപ്പു കമ്മിഷനും നൽകിയിരുന്നുവെന്ന് ഇ.ഡി കേന്ദ്രങ്ങൾ വ്യക്തമാക്കി. ചോദ്യം ചെയ്യലിനു വീണ്ടും ഹാജരാവാനുള്ള ഇ.ഡിയുടെ നോട്ടിസ് കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ചു മറുപടി നൽകുമെന്നും എം.എം.വർഗീസ് പ്രതികരിച്ചു.
∙ ‘ഇ.ഡി നോട്ടിസിന്റെ പേരിൽ സിപിഎമ്മിനെ വിരട്ടാമെന്ന് കരുതേണ്ട.’ – എം.വി.ഗോവിന്ദൻ (സിപിഎം സംസ്ഥാന സെക്രട്ടറി)