ADVERTISEMENT

ചൈനയുടെ അധീനതയിലാക്കപ്പെട്ട ഹോങ്കോങിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഒരിക്കൽ സ്വാതന്ത്ര്യത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അറിഞ്ഞ ഹോങ്കോങ് ജനത ഇന്ന് ചൈനീസ് ഉരുക്കുമുഷ്ടിക്കു കീഴിൽ സ്വതന്ത്ര്യമില്ലാതെ വീർപ്പുമുട്ടുന്ന സ്ഥിതിയാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പറുദീസയായിരുന്നു മുൻപ് ഹോങ്കോങ്. സാമ്പത്തിക സുരക്ഷിതത്വവും സ്വതന്ത്ര ജീവിതവും ആസ്വദിച്ചു കഴിഞ്ഞിരുന്ന ഹോങ്കോങ് ജനത ഇന്ന് പ്രക്ഷോഭത്തിന്റെ പാതയിൽ എത്തിനിൽക്കുന്നു. നഷ്ടപ്പെടുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും ചൈനയിൽനിന്നും തിരിച്ചുപിടിക്കുവാനുള്ള പോരാട്ടത്തിലാണ് ഇവിടുത്തെ ജനത.

‘ഒരു രാജ്യം രണ്ട് ഭരണസംവിധാനം’, വഞ്ചനയുടെ തത്വശാസ്ത്രം

1997-ൽ ഹോങ്കോങ്ങിനെ ബ്രിട്ടൻ ചൈനയ്ക്കു കൈമാറിയതോടെയാണ് ആ രാജ്യത്തിന്റെ ദുർവിധി ആരംഭിക്കുന്നത്. 1839 മുതൽ 1842 വരെ നടന്ന ഒന്നാം കറുപ്പു യുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ചൈന തോറ്റതിനെ തുടർന്നാണ് ഹോങ്കോങ് ബ്രിട്ടന്റെ അധീനതയിലായത്. 1942-ൽ ജപ്പാൻ ഹോങ്കോങ് പിടിച്ചെടുത്തു. 1946-ൽ ഈ രാജ്യം വീണ്ടും ബിട്ടന്റെ കൈകളിലായി. സ്വതന്ത്ര സമ്പദ് വ്യവസ്ഥിതിയിൽ അധിഷ്ഠിതമായ വികസന പ്രവർത്തനങ്ങളിലൂടെ ഹോങ്കോങ് ക്രമേണ വ്യാപാര വ്യവസായ ശക്തിയായി മാറി.

ചൈന ബ്രിട്ടനുമായി നിരന്തരമായി നടത്തിയ ചർച്ചകളെയും സമ്മർദ്ദങ്ങളെയും തുടർന്നാണ് ഹോങ്കോങ്ങിന്റെ അവകാശം ചൈനയ്ക്ക് വിട്ടുകൊടുക്കാൻ ബ്രിട്ടൻ നിർബന്ധിതമായത്. സാമ്പത്തിക മുന്നേറ്റമാണ് ഹോങ്കോങിനു ശാപമായി മാറിയതെന്നും വിലയിരുത്തലുണ്ട്. സമ്പന്നമായ ഹോങ്കോങ്ങിനെ സ്വന്തമാക്കുവാൻ ചൈന ആഗ്രഹിച്ചു. ചൈനയുടെ കൈവശമെത്തുമ്പോൾ ലോകത്തിലെ പതിനാലാമത്തെ വലിയ വ്യാപാരകേന്ദ്രവും പതിമൂന്നാമത്തെ വലിയ ബാങ്കിങ് കേന്ദ്രവുമായിരുന്നു ഹോങ്കോങ്.

സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജൻ എന്ന നിയമപ്രകാരമാണ് ബ്രിട്ടൻ ഈ രാജ്യത്തെ ചൈനയ്ക്ക് കൈമാറിയത്.

ചൈനയുടെ അന്നത്തെ പരമോന്നത നേതാവിന്റെ ആശയമായ 'ഒരു രാജ്യവും രണ്ട് സംവിധാനങ്ങളും' എന്ന തത്വം അനുസരിച്ചായിരുന്നു ഈ കൈമാറ്റം. ‘ഒരു രാജ്യം, രണ്ട് ഭരണ സംവിധാനങ്ങൾ’ എന്ന തത്വത്തിലൂടെ ചൈനയുടെ അധികാര പരിധി പരമാവധി വ്യാപിപ്പിക്കുക എന്ന ഭരണഘടനാ തത്വമായിരുന്നു ഈ സംവിധാനത്തിന് പിന്നിൽ. ഈ തത്വപ്രകാരം ഹോങ്കോങിന് നിലവിലുള്ള മുതലാളിത്ത സാമ്പത്തിക നയങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും തുടരാം. എന്നാൽ ചൈനയുടെ പരമാധികാര പരിധിക്കുള്ളിലായിരിക്കും ഈ രാജ്യം.

ചൈനയുടെ തനതായ സോഷ്യലിസ്റ്റ് സംവിധാനം ഹോങ്കോങ്ങിൽ നടപ്പിൽ വരുത്തില്ല. എന്നാൽ അധികാരം ഭാഗികമായി കൈകളിലെത്തിയതോടെ ചൈന യഥാർത്ഥ സ്വഭാവം പുറത്തെടുത്തു. ഹോങ്കോങ്ങിലെ ജനതയെ പ്രത്യക്ഷമായും പരോക്ഷമായും പൂർണ്ണമായ അധീനതയിലാക്കുവാനുള്ള ശ്രമങ്ങൾ ചൈന ഒളിഞ്ഞും തെളിഞ്ഞും ആരംഭിച്ചു. ഇതിന്റെ ഭാഗമായിരുന്നു നാഷനൽ പീപ്പിൾസ് കോൺഗ്രസ് നടപ്പിലാക്കിയ ദേശീയ സുരക്ഷാ നിയമം.

ഹോങ്കോങ്ങിലെ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറുന്ന നിയമമാണിത്. ഹോങ്കോങ് ഭരണകൂടത്തിന്റെ എതിർപ്പിനെ അവഗണിച്ചു നടപ്പാക്കിയ ഈ നിയമം ദുരുപയോഗം ചെയ്ത് ഏതൊരു ഹോങ്കോങ്ങ് നിവാസിയേയും ചൈനയ്ക്ക് തടവിലിടുവാൻ കഴിയുമെന്നു ഹോങ്കോങ് ജനത ഭയക്കുന്നു. ഹോങ്കോങ്ങിലെ ജനപ്രതിനിധിയായ ഡെന്നിസ് ക്വോക്കിന്റെ അഭിപ്രായത്തിൽ ‘ഒരു രാജ്യം രണ്ട് ഭരണസംവിധാനം’ എന്ന തത്വത്തെ പൂർണ്ണമായും അട്ടിമറിക്കുന്ന നിയമമാണിത്.

ഹോങ്കോങ് വിടാനൊരുങ്ങി കമ്പനികൾ

ഹോങ്കോങ്ങിൽ ചൈന നടത്തുന്ന അട്ടിമറിയെ വിമർശിച്ച് അമേരിക്ക ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളും പൗരാവകാശ സംഘടനകളും രംഗത്തുവന്നിരുന്നു. ചൈനീസ് നീക്കം നാശത്തിലേക്കുള്ള പാതയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി, മൈക്ക് പോംപെയോ മുന്നറിയിപ്പും നൽകി. ഹോങ്കോങ്ങിന്റെ വളർച്ചയുടെ പ്രധാന കാരണം സ്വതന്ത്ര വിപണിയും സ്വതന്ത്ര രാഷ്ട്രീയ സംവിധാനവും പൗരാവകാശ സ്വാതന്ത്ര്യങ്ങളുമായിരുന്നു. ഭരണസ്വാതന്ത്ര്യം പൂർണ്ണമായും നഷ്ടമാകുന്നതോടെ പല കമ്പനികളും ഹോങ്കോങ് വിടാനാണു സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

യുഎസിന്റെ കണക്കിൽ മാത്രം 1200-ൽ പരം കമ്പനികൾ ഹോങ്കോങ്ങിൽ ഉള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രീയ സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ചൈനയുടെ പൂർണ്ണ പ്രവിശ്യയായി മാറിയാൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയ്ക്ക് നേരെ ഉപയോഗിക്കുന്ന ഉപരോധങ്ങൾ ഹോങ്കോങിനെയും ബാധിക്കും. ഹോങ്കോങ് ഇതുവരെ ആർജിച്ചെടുത്ത സമ്പദ് വ്യവസ്ഥ പൂർണ്ണമായും തകരും. വ്യക്തിസ്വാതന്ത്ര്യവും സമ്പത്തും നഷ്ടപ്പെട്ട ഒരു ദരിദ്രജനതയായി ചൈനയുടെ കീഴിൽ അടിമകളെപ്പോലെ കഴിയേണ്ടിവരുമെന്ന് സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ ഹോങ്കോങ്ങുകാർ ഭയപ്പെടുന്നു. ആ ഭയം തന്നെയാണ് ഇന്ന് ഹോങ്കോങ്ങിനെ നിരന്തരമായ പ്രക്ഷോഭങ്ങളുടെ നാടാക്കി മാറ്റിയത്. ചൈനയുടെ ഏകാധിപത്യ സാമ്രാജ്യത്വ മോഹത്തിന്റെ ഏറ്റവും വലിയ ഇരയായാണ് ഇന്ന് ലോകം ഹോങ്കോങ്ങിനെ കാണുന്നതും.

ഇന്ത്യയെ ‘വളഞ്ഞിട്ടു വീഴ്ത്താൻ’ ചൈന

ചൈനയുടെ അധിനിവേശ ആഗ്രഹങ്ങൾ പരിധികളില്ലാത്തതാണ്. 14 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ചൈന. പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളെ അനുനയത്തിൽ കൂടെ നിർത്തി അധിനിവേശപ്രക്രിയ സുഗമമാക്കുന്ന തന്ത്രമാണ് ചൈന പിന്തുടരുന്നത്. പാക് അധിനിവേശ കാശ്മീരിന്റെ പല ഭാഗങ്ങളും ഇന്ന് ചൈനയുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. അതേസമയം ഇന്ത്യയെ എതിർക്കാൻ ചൈന എന്ന രാജ്യത്തെ എന്ത് വിട്ടുവീഴ്ചകളിലൂടെയും മിത്രമാക്കി നിലനിർത്തുന്ന സമീപനമാണ് പാക്കിസ്ഥാന്റേത്.

നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചൈന പുലർത്തുന്ന ഊഷ്മള ബന്ധത്തിന്റെ മറവിൽ ആ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പല അതിർത്തി പ്രദേശങ്ങളും ചൈന അധീനതയിലാക്കിക്കഴിഞ്ഞു. ഈ അധിനിവേശത്തിലൂടെയും ഇന്ത്യയെ സൈനികപരമായി ഭീഷണിപ്പെടുത്തുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഒറ്റപ്പെട്ട എതിർപ്പുകൾ മാത്രമേ നേപ്പാളിൽ നിന്നും ചൈനയ്ക്കെതിരെ ഉയരുന്നുള്ളൂ.

ചൈനയുടെ സാമ്പത്തിക സഹായകെണിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയിൽ യുദ്ധതന്ത്ര സാധ്യതകളോടെ ചൈന നടത്തിയ വൻനിക്ഷേപം. ഹമ്പന്തോഡ തുറമുഖം എന്ന തുറമുഖ പദ്ധതിയുടെ പൂർണ്ണ നിയന്ത്രണമാണ് നിർമ്മാണ സഹായത്തിന്റെ മറവിൽ ചൈന സ്വന്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ശ്രീലങ്ക ഈ പദ്ധതിയുടെ പൂർണ്ണ നിയന്ത്രണം 99 വർഷത്തേയ്ക്ക് ചൈനീസ് കമ്പനിക്കു നൽകിക്കഴിഞ്ഞു. തുറമുഖ നിയന്ത്രണം കൈവശപ്പെടുത്തിയതോടെ തെക്കൻ മുനമ്പിൽ നിന്നും ഇന്ത്യയെ അക്രമിക്കാനുള്ള അവസരമാണ് ചൈന നേടിയെടുത്തത്.

കോവിഡിലും അതിർത്തിപ്പിണക്കങ്ങളിൽ ചൈന

വിയറ്റ്നാം, തായ്‌വാൻ, ജപ്പാൻ തുടങ്ങിയ അയൽരാജ്യങ്ങളുമായി ചൈന കടുത്ത അതിർത്തി തർക്കങ്ങളിലാണ്. ചൈനയുടെ മേഖലയിലെ മേൽക്കോയ്മയെ അംഗീകരിക്കാത്ത രാജ്യങ്ങളാണിവ. കോവിഡ് വ്യാപനത്തിനുമുൻപും വ്യാപനക്കാലത്തും ഇന്ത്യയോടെന്നപോലെ ഈ രാജ്യങ്ങളുമായും ചൈന സംഘർഷങ്ങളിലേർപ്പെട്ടത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി.

ചൈനീസ് തീരസംരക്ഷണ സേന ജപ്പാനുമായി സമുദ്രത്തിൽ വെച്ച് കൊമ്പുകോർത്തതും വിയറ്റ്നാമിന്റെ സമുദ്രാതിർത്തി ചൈന ലംഘിച്ചതും തായ്‌വാന്റെ വ്യോമമേഖലയിലേയ്ക്കു ചൈനീസ് വിമാനം നുഴഞ്ഞുകയറിയതും ഇന്ത്യയുമായി സംഘർഷങ്ങളിലേർപ്പെട്ട ഈ കാലപരിധിക്കുള്ളിലാണ്.

അയൽരാജ്യങ്ങൾ കോവിഡ് പ്രതിസന്ധിയെ മറികടക്കുവാനായി പ്രയത്നിക്കുന്നതിനിെട ചൈന സൃഷ്ടിച്ച സംഘർഷങ്ങൾ യാദൃച്ഛികമായിരുന്നില്ല. ആരോഗ്യപ്രതിസന്ധി തരണം ചെയ്യുവാനായി ഈ രാജ്യങ്ങൾ വീർപ്പുമുട്ടുമ്പോൾ പിരിമുറുക്കം സൃഷ്ടിച്ചു സാമ്രാജിത്വ മേൽക്കോയ്മ അടിച്ചേൽപ്പിക്കാനുള്ള തികച്ചും ഹീനമായ തന്ത്രങ്ങളുടെ ഭാഗമായിരുന്നു അയൽരാജ്യങ്ങളുമായി ചൈന നടത്തിയ സംഘർഷങ്ങൾ എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

അഭിനവ മാവോ ആകാൻ ഷി ചിൻപിൻ

ഹ്യൂ ജിന്റാവോയ്ക്ക് ശേഷം 2012 മുതൽ അധികാരമേറ്റ ഷി ചിൻപിൻ ആണ് ചൈനയിലെ നിലവിലെ പരമാധികാരി. മാവോയ്ക്ക് ശേഷം മാവോയ്ക്ക് തുല്യനായ ഭരണാധികാരിയായാണ് ചിൻപിന്നിനെ ലോകം വിലയിരുത്തുന്നത്. ഒരു സർവാധിപതിയുടെ എല്ലാ ലക്ഷണങ്ങളുമൊത്ത ചിൻപിൻ ആഭ്യന്തര രംഗത്തും രാജ്യാന്തരരംഗത്തും മേൽക്കോയ്മ സ്ഥാപിക്കാൻ ശ്രമിക്കുന്ന തികഞ്ഞ സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരിയായാണ് അറിയപ്പെടുന്നത്.

രണ്ട് തവണ മാത്രം ഭരണാധികാരിയാകാൻ അനുവദിക്കുന്ന നിയമത്തെ ഭേദഗതി ചെയ്ത് ആയുഷ്കാല പ്രസിഡന്റ് പദവി സ്വന്തമാക്കിയ ചൈനീസ് നേതാവാണദ്ദേഹം. മാവോയ്ക്കു ശേഷം പാർട്ടിയെ വീണ്ടും ഒരിക്കൽക്കൂടി നോക്കുകുത്തിയാക്കിയാക്കിയും എല്ലാ അധികാരവും തന്നിലേക്ക് സ്വാംശീകരിച്ചുകൊണ്ടും അധികാരത്തിൽ തുടരുന്ന ചിൻപിന്റെ അടങ്ങാത്ത സാമ്രാജിത്വമോഹമാണ് ഓസ്ട്രേലിയ, ഇന്ത്യ, യുഎസ് തുടങ്ങിയ ലോകത്തിലെ സുശക്തമായ ജനാധിപത്യ രാജ്യങ്ങളെ തന്റെ ശത്രുവായി കാണുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്നാണ് രാജ്യാന്തര നിരീക്ഷകരുടെ പക്ഷം.

ചൈനയുടെ സർവാധിപനായ ചിൻപിൻ ലോകത്തെ കാൽക്കീഴിലാക്കാൻ ശ്രമിക്കുന്നത് അനുനയം, ആക്രമണം എന്നീ രണ്ട് പാതകളിലൂടെയാണ്. മൂന്നാം ലോകരാജ്യങ്ങൾക്ക് വായ്പകൾ നൽകിയും അടിസ്ഥാന വികസന പദ്ധതികളിൽ യുദ്ധതന്ത്രപരമായ ഗൂഢലക്ഷ്യത്തോടെ പങ്കാളികളാക്കിയും അഫ്ഗാൻ മുതൽ ആഫ്രിക്ക വരെയുള്ള പല രാജ്യങ്ങളെയും തന്റെ ചൊൽപ്പടിയിൽ നിൽക്കുന്ന ആശ്രിത രാജ്യമാക്കുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

മുൻഗാമികൾ തുടർന്നുവന്ന നയത്തെ ചിൻപിൻ കൂടുതൽ വേഗത്തിലാക്കുകയായിരുന്നു. തന്ത്രപ്രധാനമായ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ തുടങ്ങിയവയിൽ നിക്ഷേപങ്ങളിറക്കി നടത്തുന്ന ഈ നീക്കത്തിലൂടെ പല രാജ്യങ്ങളും ചൈനയുടെ വിധേയ രാജ്യങ്ങളായി മാറിക്കഴിഞ്ഞു. ദരിദ്രരാജ്യങ്ങളെ ചൊൽപ്പടിയിലാക്കിയ ഈ നയം അടിച്ചമർത്തലുകളിലൂടെ സ്വന്തം നാട്ടിൽ വികസനം സാധ്യമാക്കിയ ചൈനയുടെ ഭരണാധികാരിയുടെ ആത്മവീര്യം കൂട്ടുന്നുവെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ഭയപ്പെടാൻ ലോകജനതയ്ക്ക് ഏറെയുണ്ട് താനും. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിലും ജനമുണ്ടെങ്കിലും ജനങ്ങളും അവകാശം അടിച്ചമർത്തുന്ന നിലപാടാണ് ചൈനീസ് ഭരണകൂടത്തിന്റേത്. ബിബിസി പുറത്തുവിട്ട ഒരു കണക്കു പ്രകാരം ഒന്നര കോടിയിലധികം പൗരന്മാർ ഇവിടെ തടങ്കലിലാണ്. അതേക്കുറിച്ച് തുടരും.

(പരമ്പരയിൽ ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)

ചതിക്കുന്ന ചൈന, ഭയക്കുന്ന ലോകം: പരമ്പര 1 - വിരട്ടി വരുതിയിൽ, അല്ലെങ്കിൽ നാശം; കോവിഡിലും തീതുപ്പി ചൈനീസ് വ്യാളി

ചതിക്കുന്ന ചൈന, ഭയക്കുന്ന ലോകം: പരമ്പര 2 - മഹത്തായ കുതിപ്പി’ന്റെ മാവോയുഗം; കുരുവികളെ നിലം തൊടീക്കാത്ത ജനം

ചതിക്കുന്ന ചൈന, ഭയക്കുന്ന ലോകം: പരമ്പര 3 - ഇന്ത്യയെ പിന്നിൽനിന്ന് കുത്തി, സ്വാതന്ത്ര്യം തേടിയാൽ രാജ്യദ്രോഹി; മാറ്റമില്ലാതെ ഡെങ്ങും

English Sumamry: China political analysis series part-4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com