ADVERTISEMENT

കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനും തനതു കൃഷി സംരക്ഷണത്തിനും ആയോധനകലയായ കളരിപ്പയറ്റിനും ചരിത്ര പഠനങ്ങൾക്കും ഇത്തവണത്തെ പത്മ അവാർഡ്. ഇത്തവണ വി.പി.അപ്പുക്കുട്ട പൊതുവാളും ചെറുവയൽ രാമനും എസ്ആർഡി പ്രസാദം സി.ഐ.ഐസകും പുരസ്കാരം നേടിയതിലൂടെ േകരളത്തിനും അഭിമാന നേട്ടം. കേരളത്തിന്റെ പൈതൃകവും സംസ്കാരവും തനിമയും ഉയർത്തിപ്പിടിച്ചവരിലേക്കാണ് അവാർഡ് വന്നു ചേർന്നത്. മലയാളക്കരയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് ഈ നാലു പേരും.

∙ വി.പി. അപ്പുക്കുട്ട പൊതുവാൾ

പത്മശ്രീ ജേതാവായ അപ്പുക്കുട്ട പൊതുവാളിന്റെ ജീവിതം മാറിമറിഞ്ഞത് ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനത്തോടെയാണ്. തൊട്ടുകൂടായ്മയ്ക്കെതിരെ ശക്തമായി പോരാടിയ സ്വാമി ആനന്ദ തീർഥയുടെ ക്ഷണത്തെത്തുടർന്നായിരുന്നു ഗാന്ധിജി പയ്യന്നൂരിലെത്തിയത്. ആനന്ദതീർഥയുട‌െയും മറ്റും സ്വാധീനത്തിൽ സ്വാതന്ത്ര്യ സമരത്തിലേക്ക് അപ്പുക്കുട്ടയും എത്തിച്ചേർന്നു. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വയലിൽ പൊതുയോഗത്തിനു ഗാന്ധിജിയെത്തിയിരുന്നു. അന്ന് സഹോദരനൊപ്പം പ്രസംഗം കേൾക്കാൻ പോയ അപ്പുക്കുട്ടയ്ക്ക് 11 വയസ്സുമാത്രം പ്രായം. അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.പി.ശ്രീകണ്ഠ പൊതുവാളാണ് കുട്ടിയായ അപ്പുക്കുട്ടയെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്. 1930ന് ഉപ്പുസത്യാഗ്രഹജാഥ നേരിട്ടുകണ്ട ആവേശം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് അപ്പുക്കുട്ടപൊതുവാളിനെ നയിച്ചു. 1942ൽ വി.പി.ശ്രീകണ്ഠപൊതുവാളെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി.

Read also: ‘കിഴക്കൻ ലഡാക്കിലെ 26 പട്രോള്‍ പോയിന്റുകളിലെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു’

1957ൽ കെ.കേളപ്പൻ സജീവരാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ട പൊതുവാളും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദിപ്രവർത്തനങ്ങളിലും സജീവമായി. 1947 മുതൽ മദിരാശി സർക്കാരിനു കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദികേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചു. തുടർന്ന് വിനോഭഭാവെ, ജയപ്രകാശ് നാരായണൻ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിൽ പങ്കാളിയായി. ‌‌
ഗാന്ധിസ്മാരകനിധി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഓഫിസറായും ഭാരതീയ സംസ്‌കൃത പ്രചാരസഭയുടെ അധ്യക്ഷനായും സംസ്‌കൃത മഹാവിദ്യാലയം പ്രിൻസിപ്പലായും പ്രവർത്തിച്ചു. പൊളിറ്റിക്കൽ സയൻസിൽ എം.എ. ബിരുദം നേടിയ ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആധ്യാത്മികത, ഭഗവദ്ഗീത- ആത്മവികാസത്തിന്റെ ശാസ്ത്രം എന്നിവ രചിച്ചു.

∙ ചെറുവയൽ രാമൻ

വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണു തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ. നെല്ലച്ഛന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം, 45 ഓളം ഇനം നെല്ല് കൃഷി ചെയ്ത് സംരക്ഷിക്കുന്നു. പത്താം വയസ്സിൽ പാടത്തിറങ്ങിത്തുടങ്ങിയ ഇദ്ദേഹമാണ് 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത്.

Read also: ‘ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തി’; ജയിലിലെത്തി 85–ാം ദിവസം ഗ്രീഷ്മയ്‌ക്കെതിരെ കുറ്റപത്രം

പൈതൃകവിത്തുകളുടെ സംരക്ഷകനായാണു കുറിച്യ സമുദായത്തിൽപെട്ട രാമനെ കാണുന്നത്. 2016ലെ ജനിതക സംരക്ഷണ പുരസ്‌കാരം, 2016ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചെളിയും മണ്ണും കൊണ്ട് നിര്‍മിച്ച, 150 വർഷം പഴക്കമുള്ള ചരിത്രമേറെയുള്ള വീട്ടിലാണു രാമന്റെ താമസം. മണ്ണിനോടും പ്രകൃതിയോടും പടപൊരുതി പൊന്നുവിളയിച്ച കുറേ തലമുറകള്‍ ഈ വീടിന്റെ പൈതൃകം വിളിച്ചു പറയുന്നുണ്ട്.

പത്താം വയസ്സ് മുതല്‍ മണ്ണില്‍ പണിയെടുക്കാന്‍ തുടങ്ങിയതാണ്‌. അദ്ദേഹത്തിന്റെ അമ്മാവന്‍ നല്‍കിയ 40 ഏക്കര്‍ ഭൂമിയിലാണു രാമൻ കൃഷി ആരംഭിക്കുന്നത്. 1969ലാണ് കൃഷി കൂടുതല്‍ ഗൗരവമായി ചെയ്യാന്‍ തുടങ്ങിയത്. കാലം പുരോഗമിച്ചപ്പോള്‍ കൃഷിയിലും ഹൈബ്രിഡ് വെറൈറ്റികളും ജനതികവിത്തുകളും വന്നെത്തിയെങ്കിലും രാമന്‍ ആ വഴിക്കൊന്നും പോയതേയില്ല. പൈതൃകമായി താന്‍ ചെയ്തു വന്ന കൃഷി രീതികളും വിത്തിനങ്ങള്‍ സൂക്ഷിച്ചുവച്ചുമാണ് രാമേട്ടന്റെ കൃഷി. ഓരോ വിളവെടുപ്പിനു ശേഷവും വിത്തുകള്‍ സൂക്ഷിച്ചു വച്ചാണ് അദ്ദേഹം അടുത്ത കൃഷി നടത്തുക. ജൈവകൃഷി എന്നൊക്കെ നമ്മള്‍ കേള്‍ക്കുന്നത് എത്രയോ മുന്‍പുതന്നെ പൂര്‍ണ ജൈവകര്‍ഷകനാണ് അദ്ദേഹം.

Read also: മുസ്‍ലിംകളെയും ക്രൈസ്തവരെയും ഒപ്പം വേണം; 10 മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടിയുമായി ബിജെപി

∙ എസ്.ആർ.ഡി. പ്രസാദ്

ഇംഗ്ലിഷിനും മലയാളത്തിലും പ്രാവീണ്യമുള്ള കളരിഗുരുക്കളാണ് എസ്.ആർ.ഡി. പ്രസാദ്. അതുകൊണ്ടു തന്നെ ദേശീയ രാജ്യാന്തര വേദികളിൽ കളരിപ്പയറ്റിനെപ്പറ്റി ആധികാരികമായി സംസാരിക്കുന്നതിനു പ്രസാദ് ഗുരുക്കൾ എത്താറുണ്ട്. യുദ്ധമുറ എന്നതിനപ്പുറം കളരിപ്പയറ്റിന്റെ നീതിശാസ്ത്രത്തെക്കുറിച്ചും ഗുരുക്കൾക്കു വ്യക്തമായ പരിജ്ഞാനമുണ്ട്.

അച്ഛൻ ചിറക്കൽ ശ്രീധരൻ നായരായിരുന്നു പ്രസാദിന്റെ ഗുരു. 1935ൽ ശ്രീധരൻ നായർ കണ്ണൂർ വളപട്ടണത്ത് രാജ്കുമാർ കളരി ആരംഭിച്ചു. ഈ കളരിയിലായിരുന്നു പ്രസാദിന്റെ തുടക്കം. പിന്നീടു നിരവധി വിദ്യാർഥികളുടെ ഗുരുവായി മാറി. ചെറുപ്പം മുതൽ ആരോഗ്യകരമായ ജീവിതത്തിനു കളരി വളരെ പ്രയോജനകരമാണെന്നു പ്രസാദ് പറയുന്നു. മാനസിക ശാരീരിക ബലത്തിനും സ്വയം പ്രതിരോധത്തിനും കളരിപ്പയറ്റ് അറിഞ്ഞിരിക്കണം. മാത്രമല്ല കഥകളി ഉൾപ്പെടെ മുപ്പതിലധികം കലാരൂപങ്ങളിലും കളരിയുെട സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

Read also: ‘കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറി; നേതാക്കൾ അധഃപതിച്ചു’

∙ സി.ഐ.ഐസക്

ഇന്ത്യൻ ചരിത്രകാരൻമാരിൽ പ്രമുഖനാണ് സി.ഐ.ഐസക്. ചരിത്ര അധ്യാപകനായിരുന്നു ‌അദ്ദേഹം. ഭാരതീയ വിചാര കേന്ദ്ര തിരുവനന്തപുരം വൈസ് പ്രസിഡന്റ്, ഐസിഎച്ച്ആർ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഇവല്യൂഷൻ ഓഫ് ക്രിസ്ത്യൻ ചർച്ച് ഇൻ ഇന്ത്യ ഉൾപ്പെടെ 10 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

English Summary: Padma award winners from Kerala 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com