നടന്നെത്തിയത് ഹൃദയങ്ങളിൽ; വെറുപ്പിന്റെ കമ്പോളത്തിൽ തുറന്നത് സ്നേഹക്കട: ഇത് രാഹുലിന്റെയും വിജയം
Mail This Article
തുറന്നുപിടിച്ച കൈകളുമായി, ലാളിത്യത്തോടെ, ഒരു മനുഷ്യൻ പുഞ്ചിരിച്ച് നടന്നു വന്നപ്പോൾ കന്നഡിഗർ സന്തോഷത്തോടെ ഹൃദയവാതിൽ തുറന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത സാഹസിക നടത്തത്തിനുള്ള സ്നേഹസമ്മാനം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ആ സ്നേഹതരംഗം അലയടിച്ചപ്പോൾ കോൺഗ്രസിനു ലഭിച്ചതു മിന്നുന്ന ജയം; ഒറ്റയ്ക്കു കേവല ഭൂരിപക്ഷവും കടന്നുള്ള സഞ്ചാരം. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ഏക കവാടം താഴിട്ടുപൂട്ടിയാണു കോൺഗ്രസിനോടുള്ള കൂറ് വോട്ടർമാർ അടയാളപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവംപോലും മറികടന്നുള്ള വിജയത്തിനു കോൺഗ്രസിനു കരുത്തായത് ആ നടത്തമാണ്– രാഹുൽ ഗാന്ധി മുന്നിൽനിന്നു നയിച്ച ഭാരത് ജോഡോ യാത്ര.
കർണാടകയിലെ 51 മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. ഇതിൽ 36 സീറ്റിലും കോൺഗ്രസ് തിളക്കമേറിയ മുന്നേറ്റം കാഴ്ചവച്ചെന്നതു ശ്രദ്ധേയം. പാർട്ടിയുടെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയുടെ നാളുകളിലാണ് ഭാരത യാത്രയ്ക്കു രാഹുൽ മുന്നിട്ടിറങ്ങിയത്. 2022 സെപ്റ്റംബർ ഏഴിനു കന്യാകുമാരിയിൽ നിന്നാരംഭിച്ച പദയാത്ര 12 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും കടന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലാണു സമാപിച്ചത്.
136 ദിവസം കൊണ്ട് പിന്നിട്ടത് നാലായിരത്തിലേറെ കിലോമീറ്റർ ദൂരം. ഡൽഹിയിലിരുന്നല്ല, ജനങ്ങളിലേക്കും പ്രവർത്തകരിലേക്കും ഇറങ്ങിച്ചെന്നാണു കോൺഗ്രസ് നഷ്ടപ്രതാപം തിരിച്ചുപിടിക്കേണ്ടതെന്ന നിലപാടായിരുന്നു യാത്രയുടെ ഇന്ധനം. ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട’ തുറക്കുമെന്ന രാഹുലിന്റെ പ്രഖ്യാപനത്തിനോടു കന്നഡ മക്കളുടെ സ്നേഹവായ്പാണ് ഈ വിജയമെന്നു കോൺഗ്രസ് കരുതുന്നു.
കുടുംബാധിപത്യത്തിലൂടെ നേതാവായെന്നും രാഷ്ട്രീയ സ്ഥിരതയില്ലെന്നും അവധി ആഘോഷിക്കാൻ വിദേശത്തേക്കു പോകുന്നുവെന്നും ബിജെപി നിരന്തരം ഉയർത്തിയ ആക്ഷേപങ്ങൾക്കുള്ള മറുപടിയായിരുന്നു രാഹുലിന്റെ യാത്ര. ജോഡോ യാത്രയിലുടനീളം ജനപിന്തുണ ഉറപ്പാക്കുന്നതിൽ പാർട്ടി വിജയിച്ചു. പ്രതിപക്ഷത്തെ ഡിഎംകെ, എൻസിപി, ശിവസേന, നാഷനൽ കോൺഫറൻസ്, പിഡിപി എന്നിവയുടെ മുൻനിര നേതാക്കൾ യാത്രയിൽ അണിചേർന്നു.
അഖിലേഷ് യാദവ് (എസ്പി), മായാവതി (ബിഎസ്പി) എന്നിവർ ആശംസകൾ അർപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി, മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, ചലച്ചിത്രതാരം കമൽഹാസൻ, സാമൂഹിക പ്രവർത്തക മേധാ പട്കർ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തവും ശ്രദ്ധേയമായി.
ജോഡോ യാത്രയുടെ ആദ്യ രാഷ്ട്രീയ വിജയമാണ് കർണാടകയിലേതെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ‘‘രാഹുലിന്റെ ജോഡോ യാത്രയിൽ അനുഭവപ്പെട്ട അന്തരീക്ഷത്തിനു സമാനമാണ് കർണാടക തിരഞ്ഞെടുപ്പിൽ സംഭവിച്ചിരിക്കുന്നത്. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിൽ മികച്ച പ്രചാരണം കോൺഗ്രസ് കാഴ്ചവച്ചു. വർഗീയ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ കർണാടക, വികസന രാഷ്ട്രീയം തിരഞ്ഞെടുത്തു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലും ഇതു തുടരും’’– രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ട് വ്യക്തമാക്കി.
നാടിളക്കിയുള്ള പ്രചാരണ പരിപാടികളുമായി ബിജെപി കർണാടകയെ പ്രകമ്പനം കൊള്ളിച്ചപ്പോഴും കോൺഗ്രസ് ഇളകിയില്ല. ബജ്റങ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തിന്റെ ചുവടുപിടിച്ച് തീപ്പൊരി ചിതറിക്കാനുള്ള ബിജെപിയുടെ നീക്കത്തിൽ മാത്രമാണു ചെറുതായി പകച്ചത്. ഹിന്ദുത്വ അജൻഡയിലേക്കു ബിജെപി ഗിയർ മാറ്റിയപ്പോൾ കുറച്ചുദൂരം അതേവഴിയിലൂടെ നടക്കാനും കോൺഗ്രസ് നിർബന്ധിതരായി.
മോദിയുടെ നേതൃത്വത്തിൽ ദേശീയ വിഷയങ്ങളുയർത്തിയപ്പോൾ കെണിയിൽ വീഴാതെ നോക്കി. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത ഉന്നയിച്ചും പ്രാദേശിക വികസന, ജനക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്തും ‘മണ്ണിൽ ചവിട്ടിനിന്നാ’യിരുന്നു കോൺഗ്രസ് പ്രചാരണം.
ഭാരത് ജോഡോ യാത്ര കർണാടകയിലെ 7 ജില്ലകളിലൂടെയാണു കടന്നുപോയത്– ചാമരാജ്നഗർ, മൈസൂരു, മാണ്ഡ്യ, തുംകൂർ, ചിത്രദുർഗ, ബെല്ലാരി, റായ്‌ചുർ. ഈ ജില്ലകളിൽ ആകെ 51 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഒടുവിൽ ലഭ്യമായ ഫലമനുസരിച്ച് ഇതിൽ 36 എണ്ണത്തിലും കോൺഗ്രസിനാണു മുന്നേറ്റം. ചാമരാജ് നഗർ ജില്ലയിലെ 4 മണ്ഡലങ്ങളിൽ മൂന്നിടത്താണ് കോൺഗ്രസിനു ജയം. മൈസൂരുവിലെ 11 മണ്ഡലങ്ങളിൽ 8, മാണ്ഡ്യയിലെ 7 മണ്ഡലങ്ങളിൽ 5, തുംകൂറിലെ 11 മണ്ഡലങ്ങളിൽ 6, ചിത്രദുർഗയിലെ 6 മണ്ഡലങ്ങളിൽ 5, ബെല്ലാരിയിലെ 5 മണ്ഡലങ്ങളിലും, റായ്ചുറിലെ 7 മണ്ഡലങ്ങളിൽ നാലിടത്തും കോൺഗ്രസ് മികച്ച പ്രകടനം പുറത്തെടുത്തു.
കോൺഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ഇന്ത്യ മുഴുവൻ നടക്കുക എന്ന ആശയം 2019 അവസാനമാണ് രാഹുൽ പാർട്ടിയിൽ അവതരിപ്പിച്ചത്. നടന്നാൽ ആളെ കിട്ടില്ലെന്നായിരുന്നു ആദ്യ പ്രതികരണം. യാത്രികരുടെ താമസം ഹോട്ടലുകളിൽ വേണ്ടെന്നു തീരുമാനിച്ചു. ലോറിയിൽ സഞ്ചരിക്കുന്ന കണ്ടെയ്നറുകൾ സജ്ജമാക്കി. അസഹ്യമായ മുട്ടുവേദനയെ കൂസാതെ രാഹുൽ നടന്നു. 22 ദിവസങ്ങളിലായി 500–ലേറെ കിലോമീറ്റർ ദൂരമാണു കർണാടകയിലൂടെ ജോഡോയാത്ര സഞ്ചരിച്ചത്.
രാഹുലിനെതിരായ സ്ഥിരം പരിഹാസത്തിലൂന്നിയായിരുന്നു യാത്രയെ ബിജെപി കൈകാര്യം ചെയ്തത്. യാത്രയെ അവഗണിക്കുക എന്നതായി പിന്നീട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ യാത്ര റദ്ദാക്കുന്നത് പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാഹുലിനു കേന്ദ്ര ആരോഗ്യ മന്ത്രി കത്തയച്ചു. യാത്രയുടെ സുരക്ഷാകാര്യങ്ങളെച്ചൊല്ലിയും ഇരുകക്ഷികളും ഏറ്റുമുട്ടി.
കർണാടക വിജയത്തിന്റെ ക്രെഡിറ്റ് ഭാരത് ജോഡോ യാത്രയ്ക്കും നൽകാൻ കോൺഗ്രസ് ശ്രദ്ധിച്ചു. ‘‘രാഷ്ട്രീയത്തിൽ ഇന്ത്യ കാത്തിരുന്നതരം ആഖ്യാനത്തിനാണു ജോഡോ യാത്ര തുടക്കമിട്ടത്. മഴയത്ത് നനഞ്ഞൊട്ടിയിട്ടും പ്രസംഗം തുടർന്ന രാഹുലിന്റെ ദൃശ്യം ജനങ്ങളുടെ മനസ്സിലുണ്ട്. മോദിയുടെയും ജോഡോ യാത്രയുടെയും ആഖ്യാനങ്ങളുടെ ഏറ്റുമുട്ടലായിരുന്നു കർണാടകയിൽ. മോദിയുടെ വെറുപ്പിന്റെ രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞു. രാജ്യത്തെ വിഭജിക്കുന്നവർക്ക് എതിരെ, ഐക്യസന്ദേശം പകരുന്ന വിജയമാണിത്’’– കോൺഗ്രസ് വക്താവ് പവൻ േഖര അഭിപ്രായപ്പെട്ടു.
ശനിയാഴ്ച കർണാടകയിൽ വോട്ടെണ്ണിത്തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഭാരത് ജോഡോ യാത്രയിലെ രാഹുലിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ചെറുവിഡിയോ പ്രത്യക്ഷപ്പെട്ടു. അതിനൊപ്പം കുറിച്ച മൂന്നുവരി തീയായി ആളിപ്പടർന്നു: ‘‘ഞാൻ അപരാജിതനാണ്, ഞാൻ വളരെ ആത്മവിശ്വാസമുള്ളവനാണ്, അതെ ഇന്ന് എന്നെ തടയാനാകില്ല’’.
English Summary: Rahul Gandhi’s Bharat Jodo Yatra Covered 51 Seats, Congress Winning 36 of These; Congress's Yatra wins the Acid Test- Political Analysis