140 കോടി ആളുകളിൽ 3000 പേരെ വിളിച്ചാണ് ലോക പട്ടിണി സൂചിക തയാറാക്കുന്നതെന്ന് സ്മൃതി ഇറാനി; രൂക്ഷവിമർശനം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ വെറും 3000 പേരെ മാത്രം വിളിച്ച് നിങ്ങൾ പട്ടിണിയിലാണോ എന്ന് അന്വേഷിച്ചാണ് ലോക പട്ടിണി സൂചിക (ജിഎച്ച്ഐ) തയാറാക്കുന്നതെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. വിവേചനമില്ലായ്മയും അറിവില്ലായ്മയും സമ്മേളിക്കുന്നതാണ് ഇറാനിയുടെ പ്രസ്താവനയെന്ന കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ പരിഹസിച്ചു. പട്ടിണിയെ പരിഹാസവിഷയമാക്കരുതെന്നും സുപ്രിയ അഭ്യർഥിച്ചു. ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദിയും സ്മൃതി ഇറാനിയുടെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തി.
ഏറ്റവും പുതിയ ആഗോള പട്ടിണി സൂചികയിൽ (ജിഎച്ച്ഐ) 125 രാജ്യങ്ങളിൽ ഇന്ത്യ 111–ാം സ്ഥാനത്താണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൂചിക പ്രകാരം പാക്കിസ്ഥാനും ബംഗ്ലദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ. കഴിഞ്ഞ വർഷം 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 107–ാം സ്ഥാനമായിരുന്നു. പാക്കിസ്ഥാൻ (102), ബംഗ്ലദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം.
ദുഷ്ടലാക്കോടെ തയാറാക്കിയ പട്ടികയാണിതെന്നും തള്ളിക്കളയുന്നതായും കേന്ദ്ര സർക്കാർ ആദ്യം തന്നെ പ്രതികരിച്ചിരുന്നു. കണക്കെടുപ്പിന്റെ മാനദണ്ഡത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഹൈദരാബാദിൽ നടന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ) കോൺഫറൻസിലാണ് സ്മൃതി ഇറാനി ലോക പട്ടിണി സൂചികയെ വിമർശിച്ചത്.
‘ഇന്ത്യയുടെ യഥാർഥ ചിത്രം എന്താണെന്ന് വ്യക്തമാക്കാത്ത ധാരാളം സൂചികകളുണ്ട്. അത് മനഃപൂർവം ചെയ്യുന്നതാണ്. ഉദാഹരണത്തിന് ലോക പട്ടfണി സൂചിക (ജിഎച്ച്ഐ). ഇതു വെറും അസംബന്ധമാണെന്ന് വിശ്വസിക്കുന്ന ഒട്ടേറെപ്പേരുണ്ട്. 140 കോടി ജനങ്ങളുള്ള ഇന്ത്യയിലെ 3000 പേരെ മാത്രം വിളിച്ച് അവർ പട്ടിണിയിലാണോ എന്ന് ചോദിച്ചറിഞ്ഞാണ് ഈ സൂചിക തയാറാക്കുന്നത്. ഈ സൂചിക പ്രകാരം പാക്കിസ്ഥാൻ ഇന്ത്യയേക്കാൾ മികച്ച നിലയിലാണ്. ഇത് ആരെങ്കിലും വിശ്വസിക്കുമോ?’ – ഇതായിരുന്നു ഇറാനിയുടെ ചോദ്യം.
‘താങ്കളുടെ അജ്ഞതയോ അതോ വിവേകമില്ലായ്മയോ; ഏതാണു കൂടുതൽ മോശമെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഓരോ ആളുകളെയും വിളിച്ച് അവർ വിശപ്പ് അനുഭവിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചാണ് ലോക പട്ടിണി സൂചിക തയാറാക്കുന്നതെന്നാണോ താങ്കൾ ശരിക്കും വിശ്വസിക്കുന്നത്?’ – സുപ്രിയ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘കേന്ദ്രസർക്കാരിൽ വനിതാ, ശിശുക്ഷേമ മന്ത്രിയാണ് താങ്കൾ. ആ താങ്കളിൽനിന്ന് ഇതു കേൾക്കുന്നതിൽ നിരാശയുണ്ട്. താങ്കൾ ശരിക്കും ഒരു നാണക്കേടു തന്നെയാണ്. മാഡം മിനിസ്റ്റർ, ഒരു രാജ്യത്തിന്റെ ആഗോള പട്ടിണി സൂചികയിലെ സ്ഥാനം നാലു കാര്യങ്ങളെ ആധാരമാക്കിയാണ്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ച മുരടിപ്പ്, ശിശുക്ഷയം, ശിശുമരണം എന്നിവയാണത്.’ സുപ്രിയ കുറിച്ചു.
‘ഭക്ഷണം കഴിക്കാൻ സമയമില്ല = കഴിക്കാൻ ഭക്ഷണമില്ല. അഹങ്കാരത്തിന് ഒരു മുഖമുണ്ടെങ്കിൽ അത് ഈ മന്ത്രി ആയിരിക്കും’ എന്നായിരുന്നു പ്രിയങ്ക ചതുർവേദിയുടെ വിമർശനം.