കടലാമകളോടു കരുതൽ: ഒഡീഷയിൽ നടത്താനിരുന്ന മിസൈൽ പരീക്ഷണം മാറ്റിവച്ചു
Mail This Article
ഭുവനേശ്വർ∙ ഒഡീഷയിലെ വീലർ ദ്വീപില്‍ ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) നടത്താനിരുന്ന മിസൈൽ പരീക്ഷണം മാറ്റിവച്ചു. ജനുവരി മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണു മിസൈൽ പരീക്ഷണം നടത്താനിരുന്നത്. ഒലിവ് റിഡ്‌ലി കടലാമകളുടെ പ്രജനനകാലമായതിനാൽ ദ്വീപിൽ മുട്ടയിടാനെത്തുന്ന ആമകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു നടപടി.
മിസൈൽ പരീക്ഷണം മാറ്റിവച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി പി.കെ.ജെന അറിയിച്ചു. മിസൈൽ പരീക്ഷണം നടക്കുമ്പോൾ ഉണ്ടാകുന്ന വലിയ ശബ്ദവും വെളിച്ചവും ആമകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നു പി.കെ ജെന പറഞ്ഞു. അഞ്ചുലക്ഷത്തിനടത്തു ഒലിവ് റിഡ്‌ലി കടലാമകളാണ് ഈ വർഷം മുട്ടയിട്ടത്.
ഇതുകൂടാതെ സംസ്ഥാന സർക്കാർ ദ്വീപിന് സമീപം മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. നവംബർ ഒന്നിന് ആരംഭിച്ച നിരോധനം മേയ് 31 വരെ നീളും. ആമകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഡിആർഡിഒ ഒരു നോഡൽ ഓഫിസറെയും നിയമിച്ചിട്ടുണ്ട്.