എറണാകുളത്ത് വനിതാ സ്ഥാനാർഥിയെ തേടി ബിജെപി; പത്തനംതിട്ടയിലും ചാലക്കുടിയിലും അനിൽ ആന്റണി പരിഗണനയിൽ
Mail This Article
കൊച്ചി∙ പാർട്ടി ദേശീയ കൗൺസിൽ യോഗം സമാപിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥികൾ സംബന്ധിച്ച ഊഹാപോഹങ്ങൾക്കു ശക്തിയേറി. എറണാകുളം മണ്ഡലത്തിൽ ബിജെപി വനിതാ സ്ഥാനാർഥിയെ പരിഗണിക്കുന്നുവെന്നാണ് വിവരം. ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ.ആന്റണിയുടെ പേര് എറണാകുളത്തിനു പുറമേ പത്തനംതിട്ടയിലും ചാലക്കുടിയിലും പരിഗണിക്കുന്നു.
Read also: ഇടത്തേക്ക് ചായാറുള്ള കോൺഗ്രസ് മണ്ഡലം, മെച്ചപ്പെട്ട് ബിജെപി: ചാലക്കുടിയുടെ ചങ്കിലെന്ത്?
ചാലക്കുടി എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുന്നതിന്റെ ആനുകൂല്യം ചാലക്കുടിയിലും ബിജെപിക്കു ലഭിക്കുമെന്ന പ്രതീക്ഷ പാർട്ടിയുടെ പല നേതാക്കൾക്കുമുണ്ട്. കത്തോലിക്കാ വിഭാഗത്തിൽപെട്ട ആളെ ചാലക്കുടിയിൽ നിർത്തുന്നതിന്റെ ആനുകൂല്യം തൃശൂരിൽ സുരേഷ് ഗോപിക്കും ലഭിക്കുമെന്നാണ് അനിലിനെ പരിഗണിക്കണമെന്നു വാദിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന കാര്യം.
എറണാകുളത്തു വനിതാ സ്ഥാനാർഥിയുടെ പേര് സജീവമായ പരിഗണനയിലുണ്ടെന്നാണു ബിജെപി വൃത്തങ്ങൾ നൽകുന്ന വിവരം. എറണാകുളത്തു കാര്യമായ സ്വാധീനമുള്ള മുതിർന്ന സംസ്ഥാന ഭാരവാഹിയുടെ പേരു പരിഗണിച്ചെങ്കിലും അദ്ദേഹം താൽപര്യമില്ലെന്നറിയിച്ചത്രെ. മണ്ഡലത്തിൽ പാർട്ടി അണികൾക്കിടയിൽ സമ്മതിയുള്ള വനിതയെയാണു പരിഗണിക്കുന്നത്.
മഹിളാ മോർച്ച സംസ്ഥാന ഭാരവാഹി വിനീത ഹരിഹരൻ, ബിജെപി സംസ്ഥാന വക്താവ് ടി.പി.സിന്ധുമോൾ, സംസ്ഥാന സമിതി അംഗം സി.വി.സജനി, പത്മജ എസ്.മേനോൻ, യുവമോർച്ച നേതാവ് സ്മിത മേനോൻ തുടങ്ങി എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വനിതാ നേതാക്കൾ ബിജെപിയിൽ ഏറെയുണ്ട്. ഇവരിൽ ആരാണു പാർട്ടി നേതൃത്വത്തിന്റെ മനസ്സിലെന്ന കാര്യത്തിൽ ഇന്നോ നാളെയോ അന്തിമ തീരുമാനമുണ്ടാകുമെന്നാണു ജില്ലാ നേതൃത്വം നൽകുന്ന സൂചന.