ADVERTISEMENT

കൊച്ചി∙ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ആചാരത്തിന്റെ ഭാഗമായി കതിന പൊട്ടിക്കാൻ അനുമതി വേണമെന്ന ആവശ്യത്തിൽ സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാനും ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.  

Read Also: ‘ഷമീറയ്ക്ക് ഇതിനു മുൻപ് 3 സിസേറിയൻ; യുട്യൂബ് നോക്കി സാധാരണ പ്രസവം നടക്കുമെന്ന് ഭർത്താവ് പറഞ്ഞു’

വെടിക്കെട്ടിന് ജില്ലാ കലക്ടർ അനുമതി നിഷേധിച്ചതിനെതിരെ ദേവസ്വം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി ഇന്നു മുതൽ 3 ദിവസത്തേക്കാണ് വെടിക്കെട്ട് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതേ ക്ഷേത്രത്തിൽ മുൻ വർഷങ്ങളിൽ ഉണ്ടായ വെടിക്കെട്ട് അപകടകങ്ങളും നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെ ദേവസ്വം ഭാരവാഹികൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് മാറ്റുന്ന കാര്യത്തിൽ ഇടപെടാൻ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു. 

തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതിനു പിന്നാലെയായിരുന്നു മരടിലെ വെടിക്കെട്ടിന് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്. പൊലീസ്, റവന്യൂ, അഗ്‌നിരക്ഷാസേന എന്നിവ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ഥലപരിമിതി അടക്കമുള്ള വിഷയങ്ങള്‍ ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടര്‍ അനുമതി നിഷേധിക്കുകയായിരുന്നു. മുൻവർഷങ്ങളിൽ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് തെക്കേ ചേരുവാരം, വടക്കേ ചേരുവാരം വിഭാഗങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മുൻവർഷങ്ങളിൽ ഹൈക്കോടതി വിധിയുടെ ലംഘനം നടന്നിട്ടുണ്ടെന്ന് നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ച് അനുമതി നിഷേധിച്ചത്. കർശന ഉപാധികളോടെയാണ് വെടിക്കെട്ടിന് ഹൈക്കോടതി 2019ൽ അനുമതി നൽകിയിരുന്നത്. അപകടകരമായ അമിട്ടുകളും വെടിമരുന്നും സൂക്ഷിച്ചതിന് ആ വർഷം പൊലീസ് കേസെടുത്തിരുന്നു. ഈ മാസം രണ്ടിനും ഒൻപതിനും അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ മരട് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, 2008ൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ 3 പേർ മരിക്കുകയും ചെയ്തിരുന്നു.

ഇരു ചേരുവാരങ്ങളും മത്സര സ്വഭാവമില്ലാതെ പരസ്പരധാരണയിലാണ് പ്ര‍വർത്തിക്കുന്നതെന്നായിരുന്നു സിംഗിൾ ബെഞ്ച് മുൻപാകെ ഹര്‍ജിക്കാരുടെ വാദം. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നിലനിർത്തുന്നതിന്റെ ഭാഗമായാണ് വെടിക്കെട്ടിന് അനുമതി തേടിയതെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞിരുന്നു. ആചാരത്തിന്റെ ഭാഗമായി കതിന പൊട്ടിക്കാനാണെങ്കിൽ ഇക്കാര്യം സിംഗിൾ ബെഞ്ചിനെ സമീപിച്ച് വ്യക്തത വരുത്താനാണ് ഡിവിഷൻ െബഞ്ച് നിർദേശിച്ചിരിക്കുന്നത്. 

വെടിക്കെട്ട് നടത്താൻ പറ്റിയ ഭൗതികസാഹചര്യമല്ല എന്നു ചൂണ്ടിക്കാട്ടിയാണ് നേരത്തെ കലക്ടർ അനുമതി നിഷേധിച്ചത്. ക്ഷേത്ര മൈതാനത്തിന്റെ കിഴക്കുവശം റോഡും റോഡിന്റെ കിഴക്ക് വശത്ത് ഇരുനില വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉണ്ട്. മൈതാനത്തിന്റെ തെക്കുവശം മാങ്കായിൽ സ്കൂളും ഐടിഐയുടെ പുതിയ കെട്ടിടവും ഉണ്ട്. മൈതാനത്ത് നിയമങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്തുന്നതിനുള്ള സൗകര്യമില്ല. മൈതാനത്തോട് ചേർന്ന് താമസ കെട്ടിടങ്ങളും മറ്റു വ്യാപാരസ്ഥാപനങ്ങളുമുണ്ട്. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി വെടിക്കെട്ട് കാണുന്നതിനുള്ള സ്ഥലം പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്കൂൾ പരിസരവുമാണ്. ഇവയ്ക്ക് വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്ന് 50-60 മീറ്റർ അകലമേ ഉള്ളൂ തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കലക്ടര്‍ അനുമതി നിഷേധിച്ചത്.

English Summary:

High Court Division Bench to not interfere in the order denying permission to Maradu fireworks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com