ADVERTISEMENT

കൊതുകുജന്യ രോഗമായ ഡെങ്കിക്ക് ഫലപ്രദമായ വാക്സീൻ വികസിപ്പിക്കുന്നതിനു സഹായകരമായ പഠനവുമായി ഗവേഷകർ. ന്യൂഡൽഹി ആസ്ഥാനമായ ഇന്റർനാഷനൽ സെന്റർ ഫോർ ജെനറ്റിക് എൻജിനീയറിങിലെ ശാസ്ത്രജ്ഞ ഡോ. ആൻമോൾ ചാന്ദ്‌ലെ ഉൾപ്പെടെ ഒരു സംഘം യുവ ഗവേഷകരാണു പഠനത്തിനു പിന്നിൽ. ലോകോത്തര ശാസ്ത്ര മാസികയായ നേച്ചർ മെഡിസിന്റെ പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചു.

ആദ്യതവണ വരുന്നതിനെക്കാൾ കുട്ടികളിൽ ഡെങ്കി മാരകമാകുന്നത് രണ്ടാംതവണ വരുമ്പോഴാണെന്നാണ് ഇതുവരെയുള്ള ധാരണ. ഇതിനനുസരിച്ചാണ് ഡെങ്കിക്ക് എതിരായ പ്രതിരോധ വാക്സീൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. 

Read More:‘നിരപരാധി, കുറ്റകൃത്യം ചെയ്തിട്ടില്ല, ആരോഗ്യപ്രശ്നങ്ങളുണ്ട്’: ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് മനു

എന്നാൽ ആദ്യമായി പിടിപെടുന്ന കുട്ടികളിലും ഡെങ്കി മാരകമാണെന്നും ഇതിനനുസരിച്ചു വാക്സീൻ ഘടന മാറ്റണമെന്നുമാണ് കണ്ടെത്തലെന്ന് ഡോ. ആൻമോൾ പറഞ്ഞു. പലരിലും ഡെങ്കി ലക്ഷണമില്ലാതെ വന്നുപോകുന്നുണ്ട്. കാലാവസ്ഥാ മാറ്റം കൊതുകുകളിലെ വൈറസുകളുടെ രീതി തന്നെ മാറ്റുന്നു. ഈ കണ്ടെത്തൽ കൂടി  ഉൾപ്പെടുത്തിയാവും പുതിയ വാക്സീൻ വൈകാതെ രംഗത്ത് എത്തുക. 

നിലവിൽ ഡെങ്കിയെ നേരിടാൻ ഫലപ്രദമായ വാക്സീൻ ഇല്ല. 2015ൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരെണ്ണം ഇറക്കിയെങ്കിലും വിജയിച്ചില്ല. ഫലപ്രദമായ വാക്സീൻ വികസിപ്പിക്കാൻ ഈ പഠനം സഹായകമാകുമെന്നാണു കേരളത്തി‍ൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.

നാലു തരത്തിലുള്ള കൊതുകുജന്യ വൈറസുകളാണ് ഡെങ്കിയുടെ വാഹകർ. വെല്ലൂർ ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ച കുട്ടികളായ ഡെങ്കി രോഗികളിലായിരുന്നു പഠനം. 

കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യ ലോകത്തെ ഡെങ്കിപ്പനിയുടെ തലസ്ഥാനമായി മാറിയെന്ന് നേച്ചർ മാസിക പറയുന്നു. ലോകമെങ്ങും ഡെങ്കി പരക്കുന്ന സാഹചര്യത്തിൽ ആഗോള സമൂഹവും ഇത് പരിഗണിക്കണം. യുഎസിലെ എമറി സ്കൂൾ ഓഫ് മെഡിസിൻ, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബെംഗളൂരു സെന്റ് ജോൺസ് നാഷനൽ അക്കാദമി ഓഫ് സയൻസസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പഠനം. മലയാളികൾ ഉൾപ്പെടെ ഇരുപതോളം ഗവേഷകർ പഠനത്തിൽ പങ്കാളികളായി.

ഒരു വർഷം 10 കോടി ആളുകളെയാണ് ഡെങ്കി ലോകമെങ്ങും ബാധിക്കുന്നത്. കടുത്ത പനിയും തളർച്ചയോടു കൂടിയ ആന്തരിക രക്തസ്രാവവും മറ്റുമാണ് ലക്ഷണം. ഒരിക്കൽ വന്നവർക്ക് പിന്നീട് വരുമ്പോൾ ശരീരത്തിൽ നിലനിൽക്കുന്ന ആന്റിബോഡി പുതിയ രോഗവാഹക കൊതുകു വൈറസുമായി ചേർന്ന് ഭിന്നിച്ച് കൂടുതൽ മാരകമാകുന്ന സ്ഥിതിയാണ്. 2004നു ശേഷമാണ് കേരളത്തിൽ ഡെങ്കി വ്യാപകമാകുന്നത്. കൊതുകു നിർമാർജനമാണ് ഏക മോചന മാർഗം. 

English Summary:

Studies in progress for Vaccine against Dengue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com