‘കോൺഗ്രസ് എംപിമാർ പാർലമെന്റിൽ കേരളത്തിനായി മിണ്ടിയില്ല; വടകരയിൽ എൽഡിഎഫിന് അനുകൂലവിധി’
Mail This Article
കോഴിക്കോട് ∙ കോൺഗ്രസ് എംപിമാർ പാർലമെന്റിൽ കേരളത്തിനു വേണ്ടി പ്രതികരിച്ചില്ലെന്നും അവിടെയും അവർ എൽഡിഎഫിനോട് പ്രതിപക്ഷ മനോഭാവമാണ് സ്വീകരിക്കുന്നതെന്നും വടകരയിലെ സിപിഎം സ്ഥാനാർഥി കെ.കെ.ശൈലജ. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയത്തിനും ഇടതുപക്ഷ അംഗങ്ങളുടെ പാർലമെന്റിലെ പങ്കാളിത്തം അനിവാര്യമാണ്. വടകര മണ്ഡലം ഇത്തവണ എൽഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നും ശൈലജ പറഞ്ഞു.
Read Also: സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; സ്വതന്ത്രരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും
‘‘ഇത്തവണ കേരളത്തിലെ 20 പാർലമെന്റ് മണ്ഡലത്തിൽനിന്നും ഇടതുപക്ഷ സ്ഥാനാർഥികള്‍ വിജയിക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയത്തിന് ഇടതുപക്ഷ അംഗങ്ങളുടെ പാർലമെന്റിലെ പങ്കാളിത്തം അനിവാര്യമായി മാറുന്നു എന്നതാണ് വസ്തുത. സിപിഎം ഇന്ത്യയിലാകെ നിറഞ്ഞു നിൽക്കുന്ന പാർട്ടിയല്ലെങ്കിലും രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിൽ ഏറ്റവും വലിയ സംഭാവന ആശയങ്ങളിലൂടെ നൽകാനാവുന്ന പാർട്ടിയാണ്. സിപിഐയും എൽഡിഎഫിലെ മറ്റു കക്ഷികളും അങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്.
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ പാർലമെന്റിൽ നടത്തേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലുള്ള പ്രശ്നങ്ങൾ ഇതിനോടകം ജനങ്ങള്‍ക്കറിയാം. കേരളത്തിന് അവകാശപ്പെട്ട നികുതിവിഹിതവും പദ്ധതികളും നമുക്ക് നേടിയെടുക്കേണ്ടതുണ്ട്. പാർലമെന്റിൽ ശബ്ദമുയർത്താന്‍ നമുക്കാവണം. കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപിമാർ കേരളത്തിനു വേണ്ടി പ്രതികരിച്ചില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. എത്രയോ തവണ സംസ്ഥാനം ആവശ്യപ്പെട്ട എയിംസിനു വേണ്ടി വാദിക്കാൻ കോൺഗ്രസ് എംപിമാർ തയാറായില്ല. പാര്‍ലമെന്റിലും എൽഡിഎഫിനോട് പ്രതിപക്ഷ മനോഭാവമാണ് കോൺഗ്രസ് കാണിക്കുന്നത്. കേരളത്തിനു വേണ്ടി സംസാരിക്കാൻ ഇടത് എംപിമാർ പാർലമെന്റിൽ എത്തേണ്ടത് അനിവാര്യമാണ്.
വടകരയിൽ പാർട്ടി അനുഭാവികൾക്കു പുറമെ നിഷ്പക്ഷരായി നിൽക്കുന്നവരും ചേർന്ന് എൽഡിഎഫിന് അനുകൂല വിധിയെഴുതും. പ്രധാന ചുമതലകൾ വഹിക്കുന്നവരെ ഉൾപ്പെടെ സ്ഥാനാർഥികളാക്കി നിശ്ചയിച്ചിട്ടുണ്ട്. അത്രയും ഗൗരവത്തിലാണ് പാർട്ടി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇടത് എംപിമാർക്കു മാത്രമേ മണ്ഡലത്തിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളൂ. കാർഷിക, വ്യാവസായിക മേഖലകളിലെ നിരവധി പ്രശ്നങ്ങളിൽ ഇനിയും പരിഹാരം കാണേണ്ടതായിട്ടുണ്ട്’’– ശൈലജ വ്യക്തമാക്കി.