സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; സ്വതന്ത്രരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ സിപിഎം സ്ഥാനാർഥിയായി മത്സരിക്കും. ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജും മലപ്പുറത്ത് ഡിവൈഎഫ്ഐ നേതാവ് വി.വസീഫും എറണാകുളത്ത് അധ്യാപികയും കെഎസ്ടിഎ നേതാവുമായ കെ.ജെ.ഷൈനും മത്സരിക്കും. വടകരയിൽ കെ.െക.ശൈലജയും പാലക്കാട് പിബി അംഗം എ.വിജയരാഘവനും മത്സരിക്കും. ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനും കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മത്സരിക്കും. 20 ലോക്സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രിയും പിബി അംഗവും 3 ജില്ലാ സെക്രട്ടറിമാരും 3 എംഎൽഎമാരും 4 കേന്ദ്ര കമ്മിറ്റി അംഗങ്ങളും പട്ടികയിലുണ്ട്. പൊന്നാനിയിലും ഇടുക്കിയിലും സ്ഥാനാർഥികൾ പാർട്ടി ചിഹ്നത്തിൽ മത്സരിക്കും.
∙ സിപിഎം സ്ഥാനാര്‍ഥികൾ ഇവർ:
ആറ്റിങ്ങൽ–വി.ജോയ്
പത്തനംതിട്ട–ടി.എം.തോമസ് ഐസക്
കൊല്ലം– എം.മുകേഷ്
ആലപ്പുഴ–എ.എം.ആരിഫ്
എറണാകുളം–കെ.ജെ.ഷൈൻ
ഇടുക്കി–ജോയ്സ് ജോർജ്
ചാലക്കുടി–സി.രവീന്ദ്രനാഥ്
പാലക്കാട്–എ.വിജയരാഘവൻ
ആലത്തൂർ–കെ.രാധാകൃഷ്ണൻ
പൊന്നാനി–കെ.എസ്.ഹംസ
മലപ്പുറം–വി.വസീഫ്
കോഴിക്കോട്–ഇളമരംകരീം
കണ്ണൂർ–എം.വി.ജയരാജൻ
വടകര–കെ.കെ.ശൈലജ
കാസർകോട്–എം.വി.ബാലകൃഷ്ണൻ
ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്ന് മുദ്രാവാക്യമാണ് ഇടതുമുന്നണി ഉയര്‍ത്തുന്നതെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. അതിനായി ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിക്കാൻ സാധിക്കുക എന്ന സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ എന്ന പൊതുവേദി പരസ്പരം സഹകരിച്ചുകൊണ്ട് ഈ ഒരു ലക്ഷ്യമാണ് നേടിയെടുക്കുന്നത്. അത്തരത്തിലുള്ള കൂട്ടുകെട്ടുകൾ രാജ്യത്തുടനീളം വളർന്നു വരുന്നു എന്നതാണ് ആശ്വാസകരമായ കാര്യം
ബിഹാറിൽ നിതീഷ് കുമാർ കാലുമാറിയെങ്കിലും ഒരു ബിജെപി വിരുദ്ധ പൊതുമുന്നണി രൂപപ്പെട്ടുകഴിഞ്ഞു. യുപിയിലും ചർച്ചകൾ നടന്നുവരികയാണ്. എഎപിയുമായി ചേർന്നുള്ള കൂട്ടുകെട്ട് നല്ല രീതിയിൽ പുരോഗമിക്കുന്നു. പല സംസ്ഥാനങ്ങളിലും യോജിച്ചു നിൽക്കുമ്പോൾ തന്നെ എഎപിയും കോൺഗ്രസും നിലപാട് സ്വീകരിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലും വിശാലമായ ഐക്യം രൂപപ്പെട്ടുവരുന്നു. ഒരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപു തന്നെ ഐക്യം രൂപപ്പെട്ടുവരികയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ബിജെപി വിജയം കാണിച്ചുകൊണ്ടാണ് ബിജെപി മുന്നേറി എന്ന് കോർപറേറ്റീവ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ യോജിപ്പിക്കുന്നത് ഒരോ പാർലമെന്റ് മണ്ഡലവും എടുത്ത് പരിശോധിച്ചാൽ നല്ല സാധ്യത ഇന്ത്യ മുന്നണിക്ക് ഉണ്ടെന്നാണ് കാണാൻ കഴിയുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തോട് അനുബന്ധിച്ച് രാവിലെ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേർന്നിരുന്നു. സ്ഥാനാർഥികളുടെ പേരുകൾ അന്തിമമായി അംഗീകരിച്ചു.
Read more: ‘കല’ക്കാൻ കൊല്ലം: പ്രേമചന്ദ്രനെതിരെ മുകേഷ്; കുമ്മനം വന്നേക്കും
കഴിഞ്ഞ ദിവസം സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി.എ. അരുൺ കുമാർ, തൃശൂരിൽ വി.എസ്. സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നിവരാണ് സിപിഐ സ്ഥാനാർഥികൾ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോട്ടയത്ത് എല്‍ഡിഎഫിനു വേണ്ടി കേരളാ കോണ്‍ഗ്രസ് (എം) നേതാവ് തോമസ് ചാഴികാടനാണ് മത്സരിക്കുന്നത്.